cako74/DigitalVision Vectors via Getty Images
ഉണർന്നിരിക്കുക!
രാഷ്ട്രീയ അക്രമങ്ങൾ—ബൈബിളിനു പറയാനുള്ളത്
ഗവൺമെന്റ് അധികാരികൾക്കെതിരെയുള്ള ആക്രമണം സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഇത്രയേറെ രാഷ്ട്രീയ അക്രമങ്ങൾ? അത് എന്നെങ്കിലും അവസാനിക്കുമോ? ബൈബിളിന് എന്താണു പറയാനുള്ളത്?
രാഷ്ട്രീയ ഭിന്നത മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു
അക്രമത്തിനും ഭിന്നതയ്ക്കും തിരികൊളുത്തുന്ന തരം സ്വഭാവമുള്ള അനേകം ആളുകൾ “അവസാനകാലത്ത്,” അതായത് നമ്മുടെ ഈ കാലത്ത് ഉണ്ടായിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറയുന്നു.
“അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ . . . നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും . . . ഒരു കാര്യത്തോടും യോജിക്കാത്തവരും . . . ക്രൂരന്മാരും . . . ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും . . . ആയിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
രാഷ്ട്രീയ കലാപങ്ങളും ആളുകൾ ഗവൺമെന്റിന് എതിരെ മത്സരിക്കുന്നതും പോലുള്ള പ്രക്ഷോഭങ്ങൾ ഈ കാലത്തിന്റെ പ്രത്യേകതയാണെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. (ലൂക്കോസ് 21:9; അടിക്കുറിപ്പ്) എന്നാൽ, രാഷ്ട്രീയ അക്രമങ്ങളും ഭിന്നതയും എന്നും ഇങ്ങനെ തുടരില്ല.
രാഷ്ട്രീയ അക്രമങ്ങൾക്ക് ഒരു അവസാനം
മനുഷ്യരുടെ എല്ലാ ഗവൺമെന്റുകളും നീക്കിയിട്ട് ആ സ്ഥാനത്ത് ദൈവം തന്റെ സ്വർഗീയ ഗവൺമെന്റ് സ്ഥാപിക്കുമെന്നു ബൈബിൾ പറയുന്നു.
“സ്വർഗസ്ഥനായ ദൈവം . . . ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം (മറ്റ്) രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.”—ദാനിയേൽ 2:44.
ദൈവരാജ്യം ആളുകൾക്കിടയിൽ യഥാർഥ ഐക്യം കൊണ്ടുവരും. അന്ന് നമുക്കു മുന്നിലുള്ളത് സമാധാനം കളിയാടുന്ന ഒരു ലോകമായിരിക്കും.
ആ രാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുവിനെ “സമാധാനപ്രഭു” എന്നാണു വിളിച്ചിരിക്കുന്നത്. അന്ന് ‘സമാധാനത്തിന് അവസാനമുണ്ടാകില്ല’ എന്നു യേശു ഉറപ്പുവരുത്തും.—യശയ്യ 9:6, 7.
ഇപ്പോൾത്തന്നെ സമാധാനത്തിൽ ജീവിക്കാൻ ആ രാജ്യത്തിന്റെ പ്രജകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലം എന്താണെന്നു ബൈബിൾ പറയുന്നു: “അവർ അവരുടെ വാളുകൾ കലപ്പകളായും കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും. ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.”—യശയ്യ 2:3, 4.
കൂടുതൽ അറിയാൻ “ദൈവരാജ്യം എന്തെല്ലാം ചെയ്യും?” എന്ന ലേഖനം വായിക്കുകയും എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുകയും ചെയ്യുക.