Thai Liang Lim/E+ via Getty Images
ഉണർന്നിരിക്കുക!
സോഷ്യൽ മീഡിയയും ചെറുപ്പക്കാരും—ഒരു ആഗോളപ്രശ്നം
സോഷ്യൽ മീഡിയ ഇന്നു ചെറുപ്പക്കാരെ മോശമായി സ്വാധീനിക്കുന്നുണ്ടെന്ന് ലോകമെങ്ങുമുള്ള ഗവൺമെന്റുകൾ 2025-ൽ അഭിപ്രായപ്പെട്ടു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു രാജ്യം നിരോധിക്കുകപോലും ചെയ്തു. മറ്റു രാജ്യങ്ങളും അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ അപകടകരമായേക്കാമെന്നു ചില കൗമാരക്കാർപോലും തിരിച്ചറിഞ്ഞിരിക്കുന്നു. ഐക്യനാടുകളിലെ പ്യൂ ഗവേഷണകേന്ദ്രം ഇതെക്കുറിച്ച് ഒരു സർവേ നടത്തി. 2025 ഏപ്രിലിൽ പുറത്തിറക്കിയ അതിന്റെ റിപ്പോർട്ട് കാണിക്കുന്നതനുസരിച്ച് “കൗമാരക്കാരിൽ ഏതാണ്ട് പകുതിയോളം പേരും (48%) പറയുന്നതു [സോഷ്യൽ മീഡിയ] സൈറ്റുകൾക്ക് അവരുടെ പ്രായത്തിലുള്ളവരുടെ മേൽ മോശമായ സ്വാധീനമാണു കൂടുതലായുമുള്ളത്” എന്നാണ്.
ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തെ സോഷ്യൽ മീഡിയ മോശമായി ബാധിക്കുന്നെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു തന്നിട്ടുണ്ട്. കഴിഞ്ഞവർഷം, അന്നത്തെ യു.എസ്. സർജൻ ജനറൽ ആയിരുന്ന, ഡോ. വിവേക് മൂർത്തി ഇങ്ങനെ പറഞ്ഞു: “ചെറുപ്പക്കാർ നേരിടുന്ന മാനസികാരോഗ്യപ്രശ്നം അടിയന്തിരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ആ പ്രശ്നത്തിനുള്ള പ്രധാന കാരണം സോഷ്യൽ മീഡിയയാണ്.”
സോഷ്യൽ മീഡിയയുടെ അപകടത്തിൽനിന്ന് മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സംരക്ഷിക്കാം? പ്രയോജനം ചെയ്യുന്ന ഉപദേശങ്ങൾ ബൈബിൾ തരുന്നുണ്ട്.
മാതാപിതാക്കൾക്കു ചെയ്യാനാകുന്നത്
ഈ ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുക.
“വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാഷിതങ്ങൾ 14:15.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ഒരുപാട് അപകടങ്ങളുണ്ട്. അതുകൊണ്ട് ‘ഇക്കാലത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മക്കളെ അനുവദിക്കാതെ വഴിയില്ല’ എന്നൊന്നും നിങ്ങൾ ചിന്തിക്കരുത്. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കുട്ടിയെ അനുവദിക്കുന്നതിന് മുമ്പ് അവന്/അവൾക്ക് അതിനുള്ള പക്വതയുണ്ടെന്ന് ഉറപ്പുവരുത്തണം. അതായത്, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഒരു സമയപരിധി വെച്ചാൽ അത് അവൻ പാലിക്കുമെന്നും തെറ്റായ കൂട്ടുകെട്ടിലേക്കു പോകില്ലെന്നും മോശമായ കാര്യങ്ങൾ ഒഴിവാക്കാൻ അവന് അറിയാമെന്നും നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം.
കൂടുതൽ അറിയാൻ, “എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കണോ?” എന്ന ലേഖനവും “സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാൻ കൗമാരപ്രായത്തിലുള്ള മക്കളെ സഹായിക്കുക” എന്ന ലേഖനവും വായിക്കുക.
“സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:16.
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മക്കളെ അനുവദിക്കുമ്പോൾ, അത് എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ചില നിയമങ്ങൾ വെക്കണം. ആ നിയമങ്ങൾ അവരെ എങ്ങനെയാണ് സംരക്ഷിക്കുന്നത് എന്ന് അവർക്കു പറഞ്ഞ് കൊടുക്കുകയും വേണം. ഇനി, കുട്ടിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നു നിങ്ങൾ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കണം എന്നതിന്റെ സൂചനയായിരിക്കാം അത്.
നിയന്ത്രണങ്ങൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുന്നതിന് സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്ന ബോർഡിലെ രേഖാചിത്രീകരണം ഉപയോഗിക്കുക.
മാതാപിതാക്കൾക്ക് എന്തു ചെയ്യാം എന്നതിനെക്കുറിച്ച് ബൈബിൾ നൽകുന്ന കൂടുതലായ നിർദേശങ്ങൾക്ക് “സോഷ്യൽ മീഡിയ ചെറുപ്പക്കാർക്ക് അപകടമെന്ന മുന്നറിയിപ്പ്—ബൈബിളിനു പറയാനുള്ളത്” എന്ന ലേഖനം കാണുക.
കൂടുതൽ മനസ്സിലാക്കാൻ
‘ബുദ്ധിമുട്ടു നിറഞ്ഞ സമയത്താണ്’ നമ്മൾ ജീവിക്കുന്നതെന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:1-5) എന്നാൽ മുന്നോട്ടുപോകാൻ നമ്മളെ സഹായിക്കുന്ന ഉപദേശങ്ങളും ബൈബിളിലുണ്ട്. അവ എല്ലാ കാലത്തും പ്രയോജനം ചെയ്യുന്നതാണ്. അത്തരം നിർദേശങ്ങൾ അടങ്ങിയ 20-ലധികം ലേഖനങ്ങളുടെ ഒരു ലിസ്റ്റ്, “താളംതെറ്റുന്ന കൗമാരമനസ്സുകൾ—ബൈബിളിനു പറയാനുള്ളത്” എന്ന ലേഖനത്തിൽ കാണാം. അവ മാതാപിതാക്കൾക്കും മക്കൾക്കും ഒരുപാടു പ്രയോജനം ചെയ്യും.