2026 ജൂലൈ 6-12
ഗീതം 98 തിരുവെഴുത്തുകൾ ദൈവപ്രചോദിതം
ബൈബിൾതത്ത്വങ്ങൾ—എന്തുകൊണ്ട് പ്രധാനം?
“ചിന്താപ്രാപ്തി ഉപയോഗിച്ചുള്ള വിശുദ്ധസേവനം ചെയ്യുക.”—റോമ. 12:1.
ഉദ്ദേശ്യം
തത്ത്വങ്ങൾ എന്നാൽ എന്താണെന്നും ബൈബിൾ വായിക്കുമ്പോൾ നമുക്ക് അവ എങ്ങനെ കണ്ടെത്താമെന്നും നോക്കും.
1-2. (എ) ബൈബിൾ ഒരു പഴയ പുസ്തകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ബൈബിൾ ഇന്നും പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ട്?
ബൈബിൾ പണ്ടുകാലത്ത് എഴുതിയ ഒരു പുസ്തകമാണ്. ഏകദേശം 3,500 വർഷങ്ങൾക്ക് മുമ്പാണ് അതിന്റെ എഴുത്ത് തുടങ്ങിയത്; പൂർത്തിയായത് ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പും. എങ്കിലും ബൈബിൾത്താളുകളിലെ “ദൈവത്തിന്റെ വാക്കുകൾ” ഇന്നും ജീവനുള്ളതും വളരെ ശക്തിയുള്ളതും ആണ്. (എബ്രാ. 4:12; 2 തിമൊ. 3:16, 17) ഈ അത്യാധുനിക ലോകത്തും നല്ല തീരുമാനങ്ങളെടുക്കാനും സന്തോഷത്തോടെയിരിക്കാനും ബൈബിൾ സഹായിച്ചിട്ടുള്ളതായി ലക്ഷക്കണക്കിന് ആളുകൾ സമ്മതിക്കുന്നു.
2 ബൈബിൾ ഇത്രയൊരു പഴയ പുസ്തകമായിട്ടും ഇന്നും അത് പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ടാണ്? പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, ബൈബിളിലെ സന്ദേശം വന്നിരിക്കുന്നത് സർവജ്ഞാനിയായ, ‘ജീവനുള്ള ദൈവത്തിൽനിന്നാണ്.’ (1 തിമൊ. 4:10; റോമ. 16:26, 27) രണ്ടാമതായി, ഒരിക്കലും കാലഹരണപ്പെടാത്ത തത്ത്വങ്ങളാണ് ബൈബിളിലുള്ളത്. ഒരു വ്യക്തി ജീവിക്കുന്ന കാലഘട്ടം ഏതായാലും, ആ വ്യക്തിക്ക് എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടാലും ബൈബിൾതത്ത്വങ്ങൾക്ക് ആ വ്യക്തിയെ സഹായിക്കാനാകും.
3. ഈ ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും?
3 എന്താണ് ബൈബിൾതത്ത്വങ്ങൾ? അത് ഇന്ന് നമുക്ക് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ബൈബിൾ വായിക്കുമ്പോൾ അവ നമുക്ക് എങ്ങനെ കണ്ടുപിടിക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. യേശുവിന്റെ പഠിപ്പിക്കൽ രീതി എങ്ങനെയാണ് തത്ത്വങ്ങളുടെ മൂല്യം എടുത്തുകാണിച്ചത് എന്നും നമ്മൾ നോക്കും.
എന്താണ് ബൈബിൾതത്ത്വങ്ങൾ?
4. ബൈബിൾതത്ത്വങ്ങൾ എന്താണ്?
4 ദൈവനിയമങ്ങൾക്കു പിന്നിലുള്ള അടിസ്ഥാനസത്യങ്ങളാണ് ബൈബിൾതത്ത്വങ്ങൾ. ചില സാഹചര്യങ്ങളിൽ ഒരു നിയമത്തിൽത്തന്നെ തത്ത്വം വ്യക്തമായിരിക്കും. (മത്താ. 22:37) എന്നാൽ നിയമങ്ങളെക്കാൾ ഉയർന്നതാണ് അതിനു പിന്നിലെ തത്ത്വങ്ങൾ. കാരണം നിയമങ്ങൾ മിക്കപ്പോഴും ഒരു പ്രത്യേക സമയത്തോ സാഹചര്യത്തിലോ മാത്രം ഉപകാരപ്പെടുന്നതായിരിക്കും. എന്നാൽ ബൈബിൾതത്ത്വങ്ങൾ യഹോവയുടെ ചിന്ത കുറച്ചുകൂടി വിശാലമായ അർഥത്തിൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. യഹോവയുടെ എല്ലാ നിയമങ്ങൾക്കു പിന്നിലും വ്യക്തമായ ഒരു കാരണമുണ്ട്. ആ കാരണങ്ങളാണ് ബൈബിൾതത്ത്വങ്ങൾ. ആ തത്ത്വങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഏത് കാലഘട്ടത്തിലും ഉപകാരപ്പെടുന്നതുമാണ്. (സങ്കീ. 119:111) നിയമങ്ങൾക്കു മാറ്റം വന്നേക്കാം. പക്ഷേ തത്ത്വങ്ങൾ ഒരിക്കലും കാലഹരണപ്പെടാത്തതും മാറാത്തതും ആണ്.—യശ. 40:8.
5. നിയമവും തത്ത്വവും തമ്മിലുള്ള വ്യത്യാസം ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് വിശദീകരിക്കുക. (ചിത്രങ്ങളും കാണുക.)
5 നിയമങ്ങളും തത്ത്വങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. അടുക്കളയിൽ തന്റെ അടുത്ത് നിൽക്കുന്ന ചെറിയ കുട്ടിയോട് അമ്മ പറയും: ‘സ്റ്റൗവിൽ തൊടരുത്!’ അത് ഒരു നിയമം ആണ്. എന്നാൽ അതിനു പിന്നിലെ തത്ത്വം ചൂടുള്ള എന്തിലെങ്കിലും തൊട്ടാൽ കൈ പൊള്ളും എന്നതാണ്. സ്റ്റൗവിന്റെ കാര്യത്തിൽ മാത്രമല്ല, തേപ്പുപെട്ടിയിലോ ചൂടുള്ള പാത്രത്തിലോ ഒക്കെ തൊട്ടാലും കൈ പൊള്ളും. ഈ തത്ത്വം വീടിനകത്തു മാത്രമല്ല പുറത്തായിരിക്കുമ്പോഴും സത്യമാണ്. കുട്ടി വലുതാകുമ്പോൾ സ്റ്റൗവ് ഉപയോഗിക്കേണ്ടതായി വന്നേക്കാം. സ്റ്റൗവിൽ തൊടരുത് എന്നുള്ള നിയമം അപ്പോൾ മാറും. എന്നാൽ കൈ പൊള്ളാതെ സൂക്ഷിക്കണം എന്ന തത്ത്വത്തിനു മാറ്റമില്ല.
ഒരു നിയമം മാറിയേക്കാം; പക്ഷേ അതിനു പിന്നിലെ തത്ത്വത്തിന് മാറ്റം വരില്ല (5-ാം ഖണ്ഡിക കാണുക)
ബൈബിൾതത്ത്വങ്ങൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6. (എ) യഹോവ തന്റെ വചനത്തിലൂടെ എന്തു തന്നിരിക്കുന്നു? (ബി) യഹോവ നമ്മളെ ആദരിക്കുന്നെന്നു കാണിച്ചിരിക്കുന്നത് എങ്ങനെ?
6 യഹോവ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് അപകടങ്ങളിൽ ചെന്നുചാടാതിരിക്കാൻ സഹായിക്കുന്ന നേരിട്ടുള്ള ചില നിയമങ്ങൾ നമുക്കു തന്നിരിക്കുന്നത്. (യാക്കോ. 2:11) അതുകൂടാതെ ആ നിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ, അതായത് തന്റെ ചിന്ത എന്താണെന്ന് മനസ്സിലാക്കാനും യഹോവ സഹായിക്കുന്നു. നേരിട്ടുള്ള നിയമങ്ങളില്ലാത്ത സാഹചര്യങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ ദൈവം ബൈബിളിലൂടെ തന്നിട്ടുണ്ട്. എല്ലാ സാഹചര്യത്തിലും നിയമം വെക്കാതെ തത്ത്വങ്ങൾ തന്നുകൊണ്ട് യഹോവ നമ്മളെ ആദരിച്ചിരിക്കുന്നു. മനുഷ്യർക്കു തന്നോടും തന്റെ നിലവാരങ്ങളോടും ഉള്ള സ്നേഹംകൊണ്ട് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ കൊടുത്തിരിക്കുന്നു.—ഗലാ. 5:13.
7. ബൈബിൾതത്ത്വങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം പറയുക. (ചിത്രവും കാണുക.)
7 ബൈബിൾതത്ത്വങ്ങൾ എങ്ങനെയാണ് സഹായിക്കുന്നതെന്ന് മനസ്സിലാക്കാൻ നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. വണ്ടി ഓടിക്കുന്ന ഒരു ഡ്രൈവർ റോഡിനരികിൽ പല തരത്തിലുള്ള സൈൻ ബോർഡുകൾ കാണും. അതിൽ ചിലതു കൃത്യമായ നിയമങ്ങൾ കാണിക്കുന്ന ബോർഡുകളാണ്. ഉദാഹരണത്തിന്, വേഗപരിധി എത്രയാണ്, വണ്ടി എപ്പോൾ നിറുത്തണം എന്നതുപോലുള്ളവ. ഡ്രൈവർ ആ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ശിക്ഷ കിട്ടും. എന്നാൽ മറ്റു ചില സൈൻ ബോർഡുകൾ, ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തരുന്നവയായിരിക്കും. ഉദാഹരണത്തിന്, റോഡിൽ തെന്നലുണ്ട്, മൃഗങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുണ്ട് എന്നതുപോലുള്ളവ. ഇങ്ങനെയുള്ള മുന്നറിയിപ്പുകൾ കാണുമ്പോൾ ഒരു നല്ല ഡ്രൈവർ, എങ്ങനെ വണ്ടി ഓടിക്കണം എന്നു നന്നായി ചിന്തിക്കും. ഇനി, ശക്തമായ മഴയോ മഞ്ഞോ ഉണ്ടെങ്കിൽ അദ്ദേഹം സൂക്ഷിച്ചേ വണ്ടി ഓടിക്കൂ. ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇതു സത്യമാണ്. ദൈവവചനം നേരിട്ട് കുറ്റം വിധിക്കുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. എന്നാൽ അതോടൊപ്പം ദൈവനിയമങ്ങൾ ലംഘിക്കുന്നതിലേക്കു നയിച്ചേക്കാവുന്ന ചിന്തകളും പ്രവൃത്തികളും അവർ ഒഴിവാക്കും. അതിന് ഒരു വ്യക്തി ദൈവത്തിന്റെ ചിന്ത നന്നായി മനസ്സിലാക്കേണ്ടതുണ്ട്.
പല സൈൻ ബോർഡുകളും, ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ഡ്രൈവറിന് മുന്നറിയിപ്പ് കൊടുക്കുന്നവയാണ്; അതുപോലെയാണ് ബൈബിൾതത്ത്വങ്ങളും (7-ാം ഖണ്ഡിക കാണുക))
8. റോമർ 12:1, 2 അനുസരിച്ച് ബൈബിൾതത്ത്വങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ ഒരു പ്രയോജനം എന്താണ്?
8 ബൈബിൾതത്ത്വങ്ങൾ കണ്ടെത്തുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് വേറെയും പ്രയോജനങ്ങളുണ്ട്. ഉദാഹരണത്തിന്, കാര്യങ്ങളെക്കുറിച്ചുള്ള യഹോവയുടെ ചിന്ത മനസ്സിലാക്കാൻ നമ്മൾ കൂടുതൽക്കൂടുതൽ പഠിക്കും. ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ അതിൽനിന്നുള്ള പാഠങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. യഹോവ എന്തുകൊണ്ടാണ് ഈ പാഠങ്ങൾ തന്റെ വചനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നും ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ “ചിന്താപ്രാപ്തി” ഉപയോഗിച്ചുകൊണ്ട് യഹോവയെ സേവിക്കാൻ നമുക്കു പരിശീലനം കിട്ടും. അപ്പോൾ “നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ” നമുക്കു കഴിയും.—റോമർ 12:1, 2 വായിക്കുക.a
9. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുമ്പോൾ മറ്റെന്തു പ്രയോജനം കൂടിയുണ്ട്? (എബ്രായർ 5:13, 14)
9 ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാൻ പഠിക്കുമ്പോൾ നമ്മൾ പക്വതയുള്ള ക്രിസ്ത്യാനികൾ ആയിത്തീരും. യഹോവ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ആയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് യഹോവയോട് കൂടുതൽ അടുക്കാനാകും. (എബ്രായർ 5:13, 14 വായിക്കുക.) കൊച്ചുകുട്ടികൾക്ക് ഓരോ സാഹചര്യത്തിലും എന്തു ചെയ്യണം എന്നു മനസ്സിലാക്കാൻ ഒരുപാട് നിയമങ്ങൾ വേണ്ടിവന്നേക്കാം. അവർ ആ നിയമങ്ങൾ അനുസരിക്കുന്നത് ശിക്ഷ കിട്ടുമെന്ന പേടികൊണ്ടുമായിരിക്കാം. പക്ഷേ, യഹോവ നമ്മളെ കാണുന്നതു കുട്ടികളായിട്ടല്ല, പക്വതയുള്ള മുതിർന്നവരായിട്ടാണ്. തന്റെ ഇഷ്ടത്തിനു ചേർച്ചയിൽ നമ്മൾ ശരിയായ തീരുമാനമെടുക്കുമെന്ന് യഹോവയ്ക്ക് ഉറപ്പുണ്ട്. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ അത് യഹോവയുടെ ഹൃദയത്തെ ഒരുപാട് സന്തോഷിപ്പിക്കും.—സങ്കീ. 147:11; സുഭാ. 23:15, 26; 27:11.
ബൈബിൾതത്ത്വങ്ങൾ എങ്ങനെ കണ്ടെത്താം?
10. ബൈബിൾതത്ത്വങ്ങൾ നമുക്ക് എങ്ങനെ കണ്ടെത്താം?
10 ബൈബിൾ വിവരണങ്ങളിൽനിന്ന് പാഠങ്ങൾ മനസ്സിലാക്കിയെടുക്കുമ്പോൾ, യഹോവയുടെ ചിന്ത തിരിച്ചറിയാൻ സഹായിക്കുന്ന തത്ത്വങ്ങൾ നമ്മൾ കണ്ടെത്തുകയാണ്. ഇനി, നിയമങ്ങൾക്കു പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുമ്പോഴും നമുക്കു തത്ത്വങ്ങൾ കണ്ടെത്താനാകും. ഈ കാരണങ്ങൾ എത്ര കൂടുതൽ മനസ്സിലാക്കുന്നോ അത്രയധികം നമുക്ക് യഹോവയെ അടുത്തറിയാനാകും. പക്ഷേ യഹോവയുടെ ചിന്തകൾ നമുക്കു മനസ്സിലാകണമെങ്കിൽ നമ്മൾ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുകയും ചിന്താശേഷി വളർത്തിയെടുക്കുകയും വേണം. (സുഭാ. 2:10-12) അതുകൊണ്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ദൈവം ഈ നിയമം തന്നത് എന്തുകൊണ്ടാണ്? ഈ പ്രവൃത്തി യഹോവയ്ക്ക് ഇഷ്ടമല്ലെങ്കിൽ ഇതിനോട് സമാനമായ മറ്റൊരു പ്രവൃത്തിയെക്കുറിച്ച് യഹോവയ്ക്ക് എന്തായിരിക്കും തോന്നുന്നത്? ഈ ബൈബിൾ വിവരണത്തിൽനിന്ന് എന്തു പാഠമാണ് ഞാൻ പഠിച്ചത്? അത് എനിക്ക് എങ്ങനെ എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാം?’ ഇങ്ങനെ ബൈബിൾ വിവരണങ്ങളിലെ പാഠങ്ങളും നിയമങ്ങൾക്കു പിന്നിലെ കാരണങ്ങളും മനസ്സിലാക്കിയാൽ, ജീവിതത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയും; യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലുള്ള തീരുമാനങ്ങൾ!
11. യേശു എങ്ങനെയാണ് മലയിലെ പ്രസംഗത്തിൽ ബൈബിൾതത്ത്വങ്ങൾ കണ്ടെത്താൻ പഠിപ്പിച്ചത്? (ചിത്രവും കാണുക.)
11 മലയിലെ പ്രസംഗത്തിൽ ബൈബിൾതത്ത്വങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് യേശു കാണിച്ചുതന്നു. നമുക്ക് ഇപ്പോൾ മൂന്ന് ഉദാഹരണങ്ങൾ നോക്കാം. ഓരോ പ്രാവശ്യവും, യേശു ആദ്യം നിയമം എന്താണെന്ന് പറഞ്ഞു. അതിനു ശേഷം യഹോവ ആ നിയമം തന്നതിന്റെ പിന്നിലെ കാരണം, അതായത് തത്ത്വം എന്താണെന്നു വ്യക്തമാക്കി. യേശു പഠിപ്പിച്ച ഈ കാര്യങ്ങളിൽനിന്നുള്ള പാഠങ്ങളും, അത് ഇക്കാലത്ത് ശരിയായ തീരുമാനങ്ങളെടുക്കാൻ നമ്മളെ എങ്ങനെ സഹായിക്കുമെന്നും നോക്കും.
മലയിലെ പ്രസംഗത്തിൽ ദൈവനിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ എങ്ങനെ കണ്ടെത്താമെന്നു യേശു കാണിച്ചുതന്നു (11-ാം ഖണ്ഡിക കാണുക)
12. മത്തായി 5:21, 22-ൽ കാണുന്ന നിയമത്തിനു പിന്നിലെ ഒരു തത്ത്വം എന്താണ്? (ചിത്രവും കാണുക.)
12 മത്തായി 5:21, 22 വായിക്കുക. “കൊല ചെയ്യരുത്.” ഈ നിയമത്തിനു പിന്നിലെ കാരണം അല്ലെങ്കിൽ തത്ത്വം എന്താണ്? നമ്മൾ മറ്റുള്ളവരെ വാക്കുകളിലോ പ്രവൃത്തികളിലോ ചിന്തയിലോപോലും വെറുക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. ഒരു വ്യക്തി കൊല ചെയ്യുന്നില്ലെങ്കിലും അദ്ദേഹം സഹോദരനെ വെറുക്കുകയാണെങ്കിൽ കൊല ചെയ്യരുത് എന്ന നിയമത്തിനു പിന്നിലെ തത്ത്വം അദ്ദേഹം ലംഘിക്കുകയാണെന്ന് യേശു സൂചിപ്പിച്ചു. ഒരാൾ ‘സഹോദരനോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുകയോ’ അദ്ദേഹത്തോട് ക്രൂരമായി സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ അപ്പോഴും ആ വ്യക്തി “കണക്കു ബോധിപ്പിക്കേണ്ടിവരും.” ശരിക്കും പറഞ്ഞാൽ ഇത്തരം മനോഭാവങ്ങളും പ്രവൃത്തികളും ആണ് കൊല ചെയ്യുന്നതിലേക്ക് ഒരാളെ നയിക്കുന്നത്.—1 യോഹ. 3:15.
13. നമുക്ക് എങ്ങനെ മത്തായി 5:21, 22-ലെ തത്ത്വം പ്രാവർത്തികമാക്കാം? (ചിത്രവും കാണുക.)
13 മത്തായി 5:21, 22-ലെ തത്ത്വം ഇന്ന് നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം? മറ്റുള്ളവരോടു പകയോ നീരസമോ നമ്മൾ വെച്ചുകൊണ്ടിരിക്കരുത്. (ലേവ്യ 19:18; ഇയ്യോ. 36:13) കാരണം നമ്മുടെ ഉള്ളിൽ വെറുപ്പ് വളരാനും അങ്ങനെ നമ്മൾ ക്രൂരമായ രീതിയിൽ സംസാരിക്കാനും പ്രവർത്തിക്കാനും അത് ഇടയാക്കിയേക്കാം. (സുഭാ. 10:12) അതുപോലെ മറ്റുള്ളവരുടെ സത്പേര് കളഞ്ഞുകുളിക്കുന്ന രീതിയിൽ അവരുടെ കുറ്റവും കുറവും പറഞ്ഞുനടക്കാനോ പരദൂഷണം പറയാനോ ഒക്കെ സാധ്യതയുണ്ട്. (സുഭാ. 20:19; 25:23) സാങ്കേതികവിദ്യ ഇത്രയും പുരോഗമിക്കുന്നതിന് വളരെക്കാലം മുമ്പ് യേശു പറഞ്ഞ ഈ തത്ത്വം ഇന്നും നമുക്കു പ്രയോജനം ചെയ്യുന്നതാണ്. അതുകൊണ്ട് സോഷ്യൽ മീഡിയയോ ഇന്റർനെറ്റോ മെസ്സേജിങ് ആപ്പുകളോ ഒക്കെ ഉപയോഗിക്കുമ്പോൾ യേശു പറഞ്ഞ ഈ തത്ത്വം പക്വതയുള്ള ക്രിസ്ത്യാനികൾ ഓർക്കും. മറ്റുള്ളവരുടെ സത്പേര് കളഞ്ഞുകുളിക്കുന്ന, അവരെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള സംസാരം നമ്മൾ ഏതു സാഹചര്യത്തിലും ഒഴിവാക്കണം.
(12-13 ഖണ്ഡികകൾ കാണുക)
14. മത്തായി 5:27, 28-ൽ കാണുന്ന നിയമത്തിനു പിന്നിലെ തത്ത്വം എന്താണ്? (ചിത്രവും കാണുക.)
14 മത്തായി 5:27, 28 വായിക്കുക. “വ്യഭിചാരം ചെയ്യരുത്.” ഈ നിയമത്തിനു പിന്നിലെ തത്ത്വം എന്താണ്? അധാർമിക പ്രവൃത്തികൾ മാത്രമല്ല, അതിലേക്കു നയിച്ചേക്കാവുന്ന ചിന്തകൾപോലും യഹോവ വെറുക്കുന്നു. വിവാഹിതനായ ഒരു വ്യക്തി മറ്റൊരു സ്ത്രീയെ മോശമായ ആഗ്രഹത്തോടെ നോക്കുകയാണെങ്കിൽ അദ്ദേഹം പാപം ചെയ്തു എന്നാണ് യേശു പറഞ്ഞത്. അതുകൊണ്ട് അധാർമിക ചിന്തകൾ നമ്മൾ പൂർണമായും ഒഴിവാക്കണം; അതിന് നമ്മുടെ ഭാഗത്ത് എത്ര ശ്രമം ആവശ്യമാണെങ്കിലും. (മത്താ. 5:29, 30) ഈ തത്ത്വം ഏകാകികളായ ക്രിസ്ത്യാനികളുടെ കാര്യത്തിലും സത്യമാണ്.
15. നമുക്ക് മത്തായി 5:27, 28-ലെ തത്ത്വം എങ്ങനെ പ്രാവർത്തികമാക്കാം? (ചിത്രവും കാണുക.)
15 മത്തായി 5:27, 28-ലെ തത്ത്വം ഇന്ന് നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം? നമ്മൾ ഒരിക്കലും അധാർമിക ചിന്തകളിൽ മുഴുകിയിരിക്കരുത്. (2 ശമു. 11:2-4; ഇയ്യോ. 31:1-3) അതുപോലെ പക്വതയുള്ള ഒരു ക്രിസ്ത്യാനി എല്ലാ തരത്തിലുള്ള അശ്ലീലവും ഒഴിവാക്കണം. താൻ അധാർമിക പ്രവൃത്തികളിൽ ഉൾപ്പെടുന്നൊന്നും ഇല്ല, അത് വെറുതെ കാണുന്നേയുള്ളൂ എന്ന് അദ്ദേഹം ഒരിക്കലും ന്യായീകരിക്കില്ല. ഇനി ലൈംഗികത പച്ചയായി ചിത്രീകരിക്കാത്തിടത്തോളം, അങ്ങനെയുള്ള ചില ചിത്രങ്ങളോ വീഡിയോകളോ കാണുന്നതിൽ തെറ്റില്ല എന്നും ആ വ്യക്തി ചിന്തിക്കില്ല. യേശുവിന്റെ കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളോ സിനിമകളോ ഫോട്ടോകളോ ഒന്നും ഇല്ലായിരുന്നു. എന്നിട്ടും യേശു പഠിപ്പിച്ച ആ തത്ത്വം, ഇന്ന് ഇത്തരം ഉപകരണങ്ങളിൽ വന്നേക്കാവുന്ന മോശം കാര്യങ്ങളെ യഹോവ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് നമുക്കു വ്യക്തമാക്കി തരുന്നു. ഫോണിലൂടെ ലൈംഗികച്ചുവയുള്ള മെസ്സേജുകളോ ചിത്രങ്ങളോ വീഡിയോകളോ അയയ്ക്കുന്നതും (സെക്സ്റ്റിങ്), നേരിട്ടല്ലാതെ ഇന്റർനെറ്റിലെ സാങ്കൽപ്പികലോകത്ത് ഇത്തരം അധാർമിക കാര്യങ്ങളിൽ ഉൾപ്പെടുന്നതും യഹോവ വളരെയേറെ വെറുക്കുന്നെന്നു മനസ്സിലാക്കാൻ ഈ തത്ത്വം നമ്മളെ സഹായിക്കുന്നു. യേശു പഠിപ്പിച്ച ഈ തത്ത്വം മനസ്സിൽപ്പിടിക്കുന്നത് തന്റെ വിവാഹ ഇണയോട് വഞ്ചന കാണിക്കാതിരിക്കാൻ ഒരു വ്യക്തിയെ സഹായിക്കും. (മലാ. 2:15) അതുപോലെ വിവാഹിതരാണെങ്കിലും ഏകാകികളാണെങ്കിലും ലൈംഗിക അധാർമികതയിലേക്കു നയിച്ചേക്കാവുന്ന ഏതൊരു പ്രവൃത്തിയും ഒഴിവാക്കാൻ അത് എല്ലാ ക്രിസ്ത്യാനികളെയും സഹായിക്കും.—സുഭാ. 5:3-14.
(14-15 ഖണ്ഡികകൾ കാണുക)
16. മത്തായി 5:43, 44-ലെ നിയമത്തിനു പിന്നിലെ തത്ത്വം എന്താണ്? (ചിത്രവും കാണുക.)
16 മത്തായി 5:43, 44 വായിക്കുക. “നീ അയൽക്കാരനെ സ്നേഹിക്കുക.” ഈ നിയമത്തിനു പിന്നിലെ തത്ത്വം എന്താണ്? നമ്മൾ എല്ലാവരെയും അയൽക്കാരായി കാണാനും അവരെ സ്നേഹിക്കാനും യഹോവ ആഗ്രഹിക്കുന്നു. എന്നാൽ യേശുവിന്റെ നാളിലെ ജൂതന്മാർ ഈ നിയമത്തെ തെറ്റായാണ് മനസ്സിലാക്കിയിരുന്നത്. തങ്ങൾക്കിടയിലെ ജൂതന്മാരെ സ്നേഹിച്ചാൽ മതി, ശത്രുക്കളെ വെറുക്കാം എന്ന് അവർ ചിന്തിച്ചു. പക്ഷേ, ഈ നിയമത്തിനു പിന്നിലെ ഉദ്ദേശ്യം അതല്ലെന്ന് യേശുവിന് അറിയാമായിരുന്നു. തന്റെ സ്നേഹവാനായ സ്വർഗീയപിതാവ് പ്രതീക്ഷിക്കുന്നത്, ആളുകളുടെ ദേശവും വംശവും ഒന്നും നോക്കാതെ എല്ലാവരെയും നമ്മൾ അയൽക്കാരായി കാണാനാണെന്ന് യേശു മനസ്സിലാക്കിയിരുന്നു.—മത്താ. 5:45-48.
17. മത്തായി 5:43, 44-ലെ തത്ത്വം അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (ചിത്രവും കാണുക.)
17 മത്തായി 5:43, 44-ലെ തത്ത്വം ഇന്ന് നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം? അയൽക്കാരോടുള്ള സ്നേഹം ഇന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളിലും പോരാട്ടങ്ങളിലും ഉൾപ്പെടാതിരിക്കാൻ നമ്മളെ പ്രേരിപ്പിക്കും. (യശ. 2:4; മീഖ 4:3) മറ്റൊരു രാജ്യത്തുനിന്നോ വംശത്തിൽനിന്നോ മത പശ്ചാത്തലത്തിൽനിന്നോ ഉള്ള ഒരാളാണെങ്കിലും അവരോടു നമ്മൾ ദയയോടെ ഇടപെടും. (പ്രവൃ. 10:34, 35) ഇനി, നമ്മളെയോ നമ്മൾ സ്നേഹിക്കുന്നവരെയോ ആരെങ്കിലും വേദനിപ്പിച്ചാൽ അവരോടു ക്ഷമിക്കാനും ഈ സ്നേഹം നമ്മളെ പ്രേരിപ്പിക്കും.—മത്താ. 18:21, 22; മർക്കോ. 11:25; ലൂക്കോ. 17:3, 4.
(16-17 ഖണ്ഡികകൾ കാണുക)
ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ തീരുമാനിച്ചുറയ്ക്കുക
18. (എ) നമ്മൾ തുടർന്നും എന്തു ചെയ്യണം? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
18 യഹോവ നമ്മളെ കുട്ടികളെപ്പോലെ കാണാതെ മുതിർന്നവരെപ്പോലെ കാണുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണല്ലേ! നമ്മൾ ജീവിതത്തിൽ ഓരോ തീരുമാനമെടുക്കുമ്പോഴും ബൈബിൾതത്ത്വങ്ങൾ പ്രയോജനപ്പെടുത്താൻ യഹോവ ആഗ്രഹിക്കുന്നു. (1 കൊരി. 14:20) അതുകൊണ്ട് ഓരോ കാര്യത്തിലും “യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ” നമുക്കു തുടർന്നും ശ്രമിക്കാം. (എഫെ. 5:17) യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ നമ്മൾ തീരുമാനങ്ങളെടുക്കുന്നത് യഹോവയോടുള്ള സ്നേഹംകൊണ്ടാണ്, അല്ലാതെ ശിക്ഷ കിട്ടുമെന്ന പേടികൊണ്ടല്ല. ഇനി, തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കുന്ന മറ്റൊരു സമ്മാനവുംകൂടിയുണ്ട്. അതാണ് നമ്മുടെ മനസ്സാക്ഷി. അതെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
a ബൈബിൾതത്ത്വങ്ങൾ ശ്രദ്ധാപൂർവം ചിന്തിക്കേണ്ട പല സാഹചര്യങ്ങളും ക്രിസ്ത്യാനികളുടെ ജീവിതത്തിലുണ്ട്. ബൈബിൾതത്ത്വങ്ങൾ തമ്മിലുള്ള ബന്ധവും നമ്മൾ എടുക്കാൻപോകുന്ന തീരുമാനവുമായി അവയ്ക്കുള്ള ബന്ധവും നമ്മൾ നന്നായി മനസ്സിലാക്കണം. യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉള്ള അത്തരം തീരുമാനങ്ങളെടുക്കാൻ ദൈവം തന്നിരിക്കുന്ന ചിന്താപ്രാപ്തി നമ്മൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ ക്രിസ്ത്യാനികളായിത്തീർന്ന ഒന്നാം നൂറ്റാണ്ടിലെ പല ജൂതന്മാർക്കും ഇതു തികച്ചും പുതിയ ഒരു ആരാധനാരീതിയായിരുന്നു. കാരണം മുമ്പത്തെ അവരുടെ ജീവിതം മതനേതാക്കന്മാർ വെച്ചിരുന്ന കുറെ നിയമങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു.