ചോദ്യപ്പെട്ടി
◼ ആത്മീയ പക്വതയിലേക്കു വളരാൻ കുട്ടികൾ എന്തു പഠിച്ചിരിക്കണം?
“യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും” കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ക്രിസ്തീയ മാതാപിതാക്കൾ കഠിനശ്രമം ചെയ്യുന്നു. (എഫെ. 6:4) ഉദാഹരണത്തിന്, ഓരോ പ്രഭാതത്തിലും തങ്ങളുടെ കുട്ടികളോടൊപ്പം ദിനവാക്യം പരിചിന്തിക്കുന്നത് പ്രയോജനകരമാണെന്ന് മാതാപിതാക്കൾ കണ്ടെത്തിയിരിക്കുന്നു. കുടുംബാരാധനയിലും മറ്റവസരങ്ങളിലും ഒരു വീഡിയോ ഒരുമിച്ചിരുന്നു കണ്ട് ചർച്ച ചെയ്യാനോ, യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിലെ ചില പ്രത്യേക വിവരങ്ങൾ സംബന്ധിച്ച് സംസാരിക്കാനോ, ഒരു ബൈബിൾ വിവരണം അഭിനയിച്ചു കാണിക്കാനോ അല്ലെങ്കിൽ പരിശീലന സെഷനുകൾ നടത്താനോ കുടുംബങ്ങൾക്കാകും. എന്നിരുന്നാലും, കുട്ടികൾ “പക്വതയിലേക്കു വളരാൻ” ആഴമായ ബൈബിൾ സത്യങ്ങളും അവരെ പഠിപ്പിക്കണം.—എബ്രാ. 6:2
പ്രദേശത്തു കണ്ടുമുട്ടുന്നവരെ പഠിപ്പിക്കുന്നതു സംബന്ധിച്ച് ചിന്തിക്കുക. പ്രഥമസന്ദർശനത്തിലോ തുടർന്നുള്ള സന്ദർശനത്തിലോ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം ഉപയോഗിച്ച് ഒരു ബൈബിളധ്യയനം ആരംഭിക്കാൻ നാം പൊതുവെ ശ്രമിക്കുന്നു. ആ പുസ്തകം പഠിച്ചതിനുശേഷം “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകം ഉപയോഗിക്കുന്നു. എന്തുകൊണ്ട്? ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം തിരുവെഴുത്തുകളെ സംബന്ധിച്ച് അടിസ്ഥാന ഗ്രാഹ്യം തരുന്നു. ‘ദൈവസ്നേഹം’ പുസ്തകം ബൈബിൾ തത്ത്വങ്ങൾ അനുദിനജീവിതത്തിൽ എങ്ങനെ ബാധകമാക്കാം എന്നു പഠിപ്പിക്കുന്നു. രണ്ടു പ്രസിദ്ധീകരണങ്ങളും ക്രിസ്തുവിൽ “വേരൂന്നി”യവരും “വിശ്വാസത്തിൽ സ്ഥിരചിത്ത”രും ആയിരിക്കാൻ പുതിയവരെ സഹായിക്കുന്നു. (കൊലോ. 2:6, 7) ഈ പ്രസിദ്ധീകരണങ്ങൾ നമ്മുടെ കുട്ടികൾക്കും പ്രയോജനപ്പെടില്ലേ? മറുവില, രാജ്യം, മരിച്ചവരുടെ അവസ്ഥ എന്നിവയെക്കുറിച്ച് അവരെയും പഠിപ്പിക്കേണ്ടതുണ്ട്. ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്, ഈ വ്യവസ്ഥിതിയുടെ സമാപനനാളുകൾ തിരിച്ചറിയുന്നത് എങ്ങനെ, എന്നിവ കുട്ടികളും അറിയേണ്ടതുണ്ട്. യഹോവയുടെ സാക്ഷികളുടെ പക്കലാണ് സത്യമുള്ളതെന്നും അവർക്കു ബോധ്യമാകണം. കുട്ടികൾ ബൈബിൾ തത്ത്വങ്ങൾ മനസ്സിലാക്കണം, “തങ്ങളുടെ വിവേചനാപ്രാപ്തിയെ” പരിശീലിപ്പിക്കേണ്ടത് എങ്ങനെയെന്നും അറിഞ്ഞിരിക്കണം. (എബ്രാ. 5:14) മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പ്രായവും ഗ്രഹണപ്രാപ്തിയുടെ അളവും പരിഗണിക്കണം. എന്നിരുന്നാലും, പല കുട്ടികൾക്കും ആഴമേറിയ ബൈബിൾ സത്യങ്ങൾ നന്നേ ചെറുപ്പത്തിൽതന്നെ പഠിച്ചു തുടങ്ങാനുള്ള കഴിവുണ്ട്.—ലൂക്കോ. 2:42, 46, 47.
മാതാപിതാക്കളെ സഹായിക്കാനായി നമ്മുടെ വെബ്സൈറ്റിൽ (jw.org) ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം അടിസ്ഥാനമാക്കിയുള്ള പഠനസഹായികൾ ഉൾപ്പെടുത്തുന്നതായിരിക്കും. കുടുംബങ്ങൾക്ക് നമ്മുടെ വെബ്സൈറ്റിൽ ബൈബിൾ പഠിപ്പിക്കലുകൾ > കൗമാരക്കാർ (BIBLE TEACHINGS > TEENAGERS) എന്നതിന്റെ കീഴിൽ ഇവ കണ്ടെത്താനാകും. ഭാവിയിൽ ‘ദൈവസ്നേഹം’ പുസ്തകം അടിസ്ഥാനമാക്കി കൂടുതലായ പഠനസഹായികൾ തയ്യാറാക്കുന്നതായിരിക്കും. ഈ പുസ്തകങ്ങളുടെ അച്ചടിച്ച പ്രതികളും ഉപയോഗിക്കാനാകും. കുടുംബാരാധനയ്ക്കായുള്ള സായാഹ്നത്തിന്റെ ഒരു ഭാഗത്തോ കുട്ടികളിൽ ഒരാളുമായി പ്രത്യേകം അധ്യയനം നടത്തുമ്പോഴോ അല്ലെങ്കിൽ ഒരു കുട്ടിയെ വ്യക്തിപരമായ പഠനത്തിനു പരിശീലിപ്പിക്കുമ്പോഴോ മാതാപിതാക്കൾക്ക് ഇവ ഉപയോഗിക്കാവുന്നതാണ്.