ശുശ്രൂഷയിൽ ക്രിയാത്മക പങ്കാളിയായിരിക്കുക
1. മറ്റുള്ളവരുമായി ശുശ്രൂഷയിലായിരിക്കുമ്പോൾ അപ്പൊസ്തലനായ പൗലോസിന്റെ മനോഭാവം എങ്ങനെ അനുകരിക്കാം?
1 അപ്പൊസ്തലനായ പൗലോസ് സഹവിശ്വാസികളുമായി ചെലവഴിച്ച സമയം “പരസ്പരം പ്രോത്സാഹന”ത്തിനുള്ള അവസരമായി കണ്ടു. (റോമ. 1:12) നിങ്ങൾ ഒരു പ്രസാധകനുമായി ശുശ്രൂഷയിലായിരിക്കുമ്പോൾ, ആ സമയം അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി പ്രയോജനപ്പെടുത്തുമോ? നിശബ്ദനായ കൂട്ടാളിയായിരിക്കുന്നതിനു പകരം നിങ്ങൾ എങ്ങനെ ഫലപ്രദനായ ഒരു പ്രസാധകനായി എന്ന വിവരം പങ്കുവെച്ചുകൂടേ?
2. ശുശ്രൂഷയിലെ പങ്കാളിയുടെ ധൈര്യം വർധിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാനാകും, അത് എന്തുകൊണ്ട് പ്രധാനമാണ്?
2 ധൈര്യം ഉൾനടുക: ചില പ്രസാധകർക്ക് ധൈര്യക്കുറവുണ്ട്, അത് അവരുടെ മുഖഭാവത്തിലും ശബ്ദത്തിലും പ്രകടമായേക്കാം. ആത്മാർഥമായ അനുമോദനത്താൽ അവരെ ധൈര്യപ്പെടുത്താൻ കഴിയും. ധൈര്യം ഉൾനടാനുള്ള മറ്റു വഴികൾ ഏതൊക്കെയാണ്? ഒരു സഞ്ചാരമേൽവിചാരകൻ പങ്കാളിയോടു തനിക്കുണ്ടായിരുന്ന ഭയത്തെക്കുറിച്ചും അത്തരം വികാരങ്ങളെ മറികടക്കാനുള്ള സഹായത്തിനായി നിരന്തരപ്രാർഥന തന്നെ എങ്ങനെ സഹായിച്ചു എന്നും മടികൂടാതെ പറയുമായിരുന്നു. മറ്റൊരു സഹോദരൻ ധൈര്യം പ്രകടമാക്കുന്ന വിധത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “പുഞ്ചിരിയോടെ തുടങ്ങുക. ഇതിനുവേണ്ടി ചില സമയങ്ങളിൽ നമുക്കു പ്രാർഥിക്കാനുമാകും.” ശുശ്രൂഷയിൽ കൂടുതൽ ധൈര്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിച്ച എന്തെങ്കിലുമുണ്ടോ? അത് നിങ്ങളുടെ വയൽസേവനപങ്കാളിയുമായി സംസാരിക്കുക.
3. ശുശ്രൂഷയിൽ നിങ്ങളുടെ പങ്കാളി കൂടുതൽ ഫലപ്രദനാകാൻ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യാനാകും?
3 വിധങ്ങൾ പങ്കുവെക്കുക: ഫലപ്രദമായി സംഭാഷണം ആരംഭിക്കുന്നതിന് ഒരു ലളിതമായ പ്രാരംഭപ്രസ്താവനയോ ചോദ്യമോ ഏതെങ്കിലും പ്രാദേശികസംഭവമോ നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ? മാതൃകാവതരണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയതുമൂലം നല്ല ഫലം ലഭിച്ചിട്ടുണ്ടോ? വീട്ടുകാരന്റെ സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം അവതരണത്തിൽ എന്തു മാറ്റമാണു വരുത്തിയിരിക്കുന്നത്? അത് പങ്കാളിയോട് പറയുക. (സദൃ. 27:17) മടക്കസന്ദർശനത്തിനായി പോകുമ്പോൾ സന്ദർശനത്തിന്റെ ലക്ഷ്യവും അത് എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചും സംസാരിക്കുക. വിദ്യാർഥിയുടെ ആവശ്യം മനസ്സിലാക്കി നിങ്ങൾ എങ്ങനെയാണ് ഒരു പ്രത്യേക ആശയമോ തിരുവെഴുത്തോ പഠിപ്പിക്കൽരീതിയോ ഉപയോഗിച്ചതെന്ന് ഒരു ബൈബിളധ്യയനത്തിനു ശേഷം പങ്കാളിയോടു വിശദീകരിക്കുക.
4. സഹസുവിശേഷകരെ സഹായിക്കുന്നതിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
4 ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകർ അവിശ്വാസികളെ സഹായിക്കാൻ മാത്രമല്ല താൽപര്യം കാണിച്ചത്. പരസ്പരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ബലപ്പെടുത്തേണ്ടതിന്റെയും മൂല്യം അവർ തിരിച്ചറിഞ്ഞു. (പ്രവൃ. 11:23; 15:32) അപ്പൊസ്തലനായ പൗലോസ് തിമൊഥെയൊസിനെ പരിശീലിപ്പിക്കുകയും പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (2 തിമൊ. 2:2) ശുശ്രൂഷയിലായിരിക്കുമ്പോൾ സഹക്രിസ്ത്യാനികൾക്കു നന്മ ചെയ്യാൻ മറക്കാതിരിക്കുന്നത് അവരുടെ സന്തോഷവും ഫലപ്രദത്വവും വർധിപ്പിക്കുക മാത്രമല്ല നമ്മുടെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുകയും ചെയ്യും.—എബ്രാ. 13:15, 16.