താത്പര്യക്കാരെ താമസംവിനാ സന്ദർശിക്കുക
1 “ഇന്നത്തെ പണി നാളേക്കു വയ്ക്കരുത്.” അനേകർക്കും പരിചിതമായ ഈ പഴമൊഴി അവശ്യകാര്യങ്ങൾ സമയനിഷ്ഠയോടെ ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണ്. ഈ തത്ത്വം നമ്മുടെ ശുശ്രൂഷയിൽ എങ്ങനെ ബാധകമാക്കാമെന്ന് താഴെ പറയുന്ന അനുഭവം കാണിക്കുന്നു.
2 മടങ്ങിവരാമെന്ന വാഗ്ദാനത്തോടെ ഒരു സഹോദരി പുസ്തകം സമർപ്പിച്ചു. ഒരു മണിക്കൂറിനു ശേഷം മറ്റൊരു സഹോദരി അതേ വീട്ടിൽ അബദ്ധത്തിൽ ചെന്നു. വീട്ടുകാരൻ പുസ്തകവും കൈയിൽ പിടിച്ചുകൊണ്ടു വാതിൽക്കൽ വന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “മടങ്ങിവരാമെന്നു പറഞ്ഞപ്പോൾ ഇത്രവേഗമാകുമെന്നു ഞാൻ കരുതിയില്ല, എങ്കിലും അകത്തു വരാം, ഞാൻ ചർച്ചയ്ക്കു തയ്യാറാണ്.” ഇത്ര പെട്ടെന്നുള്ള മടക്കസന്ദർശനം സാധാരണമല്ലെങ്കിലും ഈ അനുഭവം കാണിക്കുന്നത് ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന താത്പര്യക്കാരെ ഉടനടി സന്ദർശിക്കുന്നതിൽ നാം ജാഗ്രതയുള്ളവരായിരിക്കണമെന്നാണ്.
3 ആളുകൾക്കു കൂടുതൽ സഹായം ആവശ്യമാണ്:
ആളുകളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന വിവരങ്ങളാണു നമ്മുടെ പ്രസിദ്ധീകരണങ്ങളിലുള്ളതെന്നു മനസ്സിലാക്കാനും വിലമതിക്കാനും കഴിയണമെങ്കിൽ ആദ്യ സന്ദർശനത്തിനുശേഷം, സാധിക്കുമെങ്കിൽ ഏതാനും ദിവസത്തിനകംതന്നെ, മടക്കസന്ദർശനം നടത്തണം. അത് എങ്ങനെ ചെയ്യാനാകും? മടങ്ങിവരാമെന്നു പറയുമ്പോഴുള്ള വ്യക്തിയുടെ പ്രതികരണത്തിൽനിന്നും അദ്ദേഹത്തിന്റെ താത്പര്യത്തിന്റെ തോത് വിലയിരുത്താനായേക്കും.
4 മടക്കസന്ദർശനത്തിനു കളമൊരുക്കുക: ഇന്നത്തെ തിരക്കുപിടിച്ച ലോകത്തിൽ ഒരു ക്ലിപ്തസമയത്തിനുവേണ്ടിയുള്ള സമ്മതം ലഭിക്കുക പലപ്പോഴും ബുദ്ധിമുട്ടാണ്. പറഞ്ഞൊത്ത സമയം വീട്ടുകാരൻ മറന്നും പോയേക്കാം. എന്നിരുന്നാലും മടക്കസന്ദർശനത്തിനുള്ള സമയം ശ്രദ്ധാപൂർവ്വം കുറിച്ചെടുക്കുകയും ഏതാനും ദിവസത്തിനുള്ളിൽ മടങ്ങിച്ചെല്ലുകയുമാണെങ്കിൽ ഈ ഉത്തരവാദിത്വം നിങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ടെന്നു തെളിയിക്കുകയാണ്. വ്യക്തി വീട്ടിലില്ലെങ്കിൽ അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം തുടരണം. വീട്ടുകാരനെ കണ്ടെത്താനുള്ള നിങ്ങളുടെ ദൃഢനിശ്ചയം, സന്ദർശനം ഗൗരവമായെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം.
5 പ്രഥമസന്ദർശനത്തിൽ ഒരു വ്യക്തിയുടെ താത്പര്യം മുഴുവനായി മനസ്സിലാക്കാനാകില്ല. അതുകൊണ്ട് അല്പമെങ്കിലും താൽപര്യം കാണിക്കുന്നിടത്ത് മടക്കസന്ദർശനം നടത്തണം. ഇത് താമസംവിനാ ചെയ്യുന്നത് പ്രയോജനപ്രദമാണ്. നിങ്ങൾ വ്യക്തിയുടെ താത്പര്യം ഉണർത്തിയിട്ടുണ്ടാകാം. മടങ്ങിച്ചെല്ലുമ്പോൾ ലഭിക്കുന്ന നല്ല സ്വീകരണത്തിൽ നിങ്ങൾ അതിശയിച്ചുപോയേക്കാം. അതിനാൽ താത്പര്യക്കാരെ താമസംവിനാ സന്ദർശിക്കുക.