പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—യോനാ
1. സ്തുത്യർഹമായ ഏതൊക്കെ ഗുണങ്ങളാണ് യോനാ പ്രകടമാക്കിയത്?
1 പ്രവാചകനായ യോനായുടെ പേരു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? ചിലർ അവനെ ഭീരുവും കഠിനഹൃദയനും ആയിട്ടാണ് വീക്ഷിക്കുന്നത്. വാസ്തവത്തിൽ, അവൻ താഴ്മയും ധൈര്യവും ആത്മത്യാഗമനോഭാവവും പ്രകടമാക്കിയ ഒരാളായിരുന്നു. യോനായുടെ സ്തുത്യർഹമായ ഈ ഗുണങ്ങൾ നമുക്ക് എങ്ങനെ ‘മാതൃകയായി സ്വീകരിക്കാം?’—യാക്കോ. 5:10.
2. നമുക്ക് എങ്ങനെ യോനായുടെ താഴ്മ അനുകരിക്കാം?
2 താഴ്മ: നിനെവേയിലേക്കു പോകാനുള്ള നിയമനം ലഭിച്ചപ്പോൾ അവിടേക്കു പോകുന്നതിനു പകരം യോനാ എതിർദിശയിലേക്കു പോയി. അവൻ അങ്ങനെ ചെയ്തതിൽ അതിശയിക്കാനില്ല. കാരണം അസീറിയക്കാർ അത്രയേറെ നിഷ്ഠുരരായിരുന്നു. നിനെവേയെ ‘രക്തപാതകങ്ങളുടെ പട്ടണം’ എന്നുപോലും വിളിച്ചിരിക്കുന്നു. (നഹൂം 3:1-3) എന്നാൽ യഹോവയിൽനിന്നു തിരുത്തൽ ലഭിച്ചപ്പോൾ ആ നിയമനം സ്വീകരിക്കാൻ താഴ്മ അവനെ പ്രേരിപ്പിച്ചു. (സദൃ. 24:32; യോനാ 3:1-3) ആദ്യം വിമുഖത കാണിച്ചെങ്കിലും പിന്നീട് അവൻ യഹോവയുടെ ഹിതത്തിനു കീഴ്പെട്ടു. (മത്താ. 21:28-31) നിയമിതപ്രദേശത്തു പ്രവർത്തിക്കുന്നതു ബുദ്ധിമുട്ടായിരിക്കുമ്പോൾ നാം യോനായെപ്പോലെ താഴ്മയോടെ ശുശ്രൂഷയിൽ തുടരുമോ? ഏതെങ്കിലും കാരണത്താൽ തിരുത്തൽ ലഭിക്കുകയാണെങ്കിൽ അപ്പോഴും നാം സുവാർത്ത പ്രസംഗിക്കുന്നതിൽ ഉത്സുകരായിരിക്കുമോ?
3. ശുശ്രൂഷയിൽ ധൈര്യവും ആത്മത്യാഗമനോഭാവവും ആവശ്യമായി വരുന്നത് എപ്പോൾ?
3 ധൈര്യവും ആത്മത്യാഗമനോഭാവവും: തന്റെ തെറ്റായ തീരുമാനം കപ്പലിലെ ആളുകളുടെ ജീവനു ഭീഷണിയാകുമെന്ന് അറിഞ്ഞപ്പോൾ സ്വന്തം ജീവൻ ത്യജിക്കാൻപോലും യോനാ തയ്യാറായി. (യോനാ 1:3, 4, 12) കൂടാതെ നിനെവേയിൽ പ്രവേശിച്ച അവൻ ആ നഗരത്തിലൂടെ ഒരു ദിവസത്തെ വഴി സഞ്ചരിച്ചു. ഒരുപക്ഷേ, യഹോവയിൽനിന്നുള്ള ന്യായവിധിസന്ദേശം പ്രഖ്യാപിക്കാൻപറ്റിയ ഒരു സ്ഥലം അന്വേഷിച്ചായിരിക്കാം അത്. തീർച്ചയായും ഇതു ഒരു ഭീരുവിന്റെയല്ല, ധീരനായ പ്രവാചകന്റെ പ്രവൃത്തികളാണ്. (യോനാ 3:3, 4) നമ്മെ സംബന്ധിച്ചോ? എതിർപ്പുകൾ നേരിടുമ്പോൾ നിർഭയം സാക്ഷീകരിക്കാൻ നമുക്കും യഹോവയിൽനിന്നുള്ള ധൈര്യം ആവശ്യമാണ്. (പ്രവൃ. 4:29, 31) ശുശ്രൂഷയിൽ നമ്മുടെ സമയവും ആസ്തികളും വിനിയോഗിക്കുന്നതിനു ആത്മത്യാഗമനോഭാവം കൂടിയേ തീരൂ.—പ്രവൃ. 20:24.
4. വിശ്വസ്തപ്രവാചകരുടെ മാതൃക ധ്യാനിക്കേണ്ടത് എന്തുകൊണ്ട്?
4 യഹോവയുടെ പ്രവാചകന്മാരെക്കുറിച്ചുള്ള വിവരണങ്ങളിൽനിന്നു നമുക്ക് എങ്ങനെ പൂർണപ്രയോജനം നേടാം? ആ വിവരണങ്ങൾ വായിക്കുമ്പോൾ അവരുടെ സ്ഥാനത്ത് നിങ്ങളാണെന്നു വിചാരിക്കുക. എന്നിട്ട് സ്വയം ചോദിക്കുക: ‘ആ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? അദ്ദേഹത്തിന്റെ ഗുണങ്ങൾ എനിക്ക് എങ്ങനെ പകർത്താം?’ (എബ്രാ. 6:11, 12) വിശ്വസ്തരായ മറ്റു പ്രവാചകന്മാരിൽനിന്നു പഠിക്കാൻ കഴിയുന്ന വിലയേറിയ പാഠങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയുടെ തുടർന്നുള്ള ലക്കങ്ങളിൽ ഉൾപ്പെടുത്തുന്നതായിരിക്കും.