മാതൃകാവതരണങ്ങൾ എങ്ങനെ ഉപയോഗിക്കണം?
1. മാതൃകാവതരണങ്ങളുടെ ഉദ്ദേശ്യം എന്താണ്?
1 മാസികകളും പ്രസിദ്ധീകരണങ്ങളും സമർപ്പിക്കുന്നതിനുള്ള മാതൃകാവതരണങ്ങൾ കൂടെക്കൂടെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ വരാറുണ്ട്. അത്തരം അവതരണങ്ങൾ നാം ശുശ്രൂഷയിൽ അതേപടി ഉപയോഗിക്കേണ്ടതില്ല. എന്തുപറയണം എന്നതിന്റെ ഒരു രൂപരേഖയാണ് അത്. സ്വന്തം വാക്കുകളിൽ പറയുകയാണെങ്കിൽ അവതരണങ്ങൾ കൂടുതൽ ഫലപ്രദമായിരിക്കും. സ്വാഭാവിക ശൈലിയിൽ സംസാരിക്കുമ്പോൾ വീട്ടുകാരന് പിരിമുറുക്കം കൂടാതെ ശ്രദ്ധിക്കാനാകും; നമ്മുടെ ആത്മാർഥതയും ബോധ്യവും അതിൽ നിഴലിക്കുകയും ചെയ്യും.—2 കൊരി. 2:17; 1 തെസ്സ. 1:5.
2. അവതരണങ്ങൾ തയ്യാറാകുമ്പോൾ നാം പ്രാദേശിക സാഹചര്യം കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്?
2 അവതരണം പൊരുത്തപ്പെടുത്തുക: നാം സുവാർത്ത അവതരിപ്പിക്കുന്ന വിധം പ്രാദേശിക സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കുശലാന്വേഷണങ്ങൾക്കുശേഷം സംഭാഷണത്തിലേക്കു കടക്കുന്നതാണോ അതോ നേരിട്ടു വിഷയത്തിലേക്കു പ്രവേശിക്കുന്നതാണോ നിങ്ങളുടെ പ്രദേശത്തെ രീതി? അത് പ്രദേശത്തെയും ആളുകളെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചോദ്യങ്ങളുടെ ഉപയോഗത്തിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സ്ഥലത്ത് ഫലകരമായി ഉപയോഗിക്കാൻ കഴിയുന്ന ചില ചോദ്യങ്ങൾ മറ്റു സ്ഥലങ്ങളിൽ ആളുകളെ അസ്വസ്ഥരാക്കിയേക്കാം. അതുകൊണ്ടുതന്നെ, അവതരണങ്ങൾ ഉപയോഗിക്കുമ്പോൾ നാം നല്ല ന്യായബോധം പ്രകടമാക്കണം; നമ്മുടെ പ്രദേശത്തിനു ചേരുന്ന രീതിയിൽ അവ പൊരുത്തപ്പെടുത്തുകയും വേണം.
3. ആളുകളുടെ പശ്ചാത്തലവും ചിന്താഗതിയും നാം കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്?
3 കൂടാതെ, വയൽസേവനത്തിനു തയ്യാറാകുമ്പോൾ നമ്മുടെ പ്രദേശത്തുള്ള ആളുകളുടെ പശ്ചാത്തലവും ചിന്താഗതിയും നാം കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, മത്തായി 6:9, 10-ലെ “സ്വർഗസ്ഥനായ പിതാവേ” എന്ന പ്രാർഥന അറിയില്ലാത്ത ഒരാളോടും കടുത്ത ഒരു കത്തോലിക്കാ വിശ്വാസിയോടും നാം സംസാരിക്കുന്നത് ഒരുപോലെയായിരിക്കില്ല. അൽപം ദീർഘദൃഷ്ടിയുണ്ടെങ്കിൽ ആളുകൾക്ക് കൂടുതൽ ആകർഷകമായ വിധത്തിൽ അവതരണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നമുക്കാകും.—1 കൊരി. 9:20-23.
4. നന്നായി തയ്യാറാകേണ്ടത് എന്തുകൊണ്ട്?
4 മാതൃകാവതരണം എങ്ങനെ ഉപയോഗിച്ചാലുംശരി നന്നായി തയ്യാറാകുന്നതാണ് പ്രധാനം. നാം വിശേഷവത്കരിക്കാൻ ആഗ്രഹിക്കുന്ന ലേഖനമോ അധ്യായമോ ശ്രദ്ധാപൂർവം വായിച്ച് താത്പര്യമുണർത്തിയേക്കാവുന്ന ആശയങ്ങൾ കണ്ടെത്തുക. അവ അവതരണത്തിൽ ഉൾപ്പെടുത്താനാകും. നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങളുമായി നന്നായി പരിചിതരായിരുന്നാൽ മാത്രമേ അവ ഉത്സാഹത്തോടെ ആളുകൾക്ക് നൽകാൻ നമുക്കാകൂ.
5. വ്യത്യസ്തമായ അവതരണങ്ങൾ തയ്യാറാകാവുന്നത് എന്തുകൊണ്ട്, അത് എങ്ങനെ ചെയ്യാനാകും?
5 മറ്റു സമീപനങ്ങൾ: നൽകിയിരിക്കുന്ന മാതൃകാവതരണങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നുണ്ടോ? ഇല്ല. നിങ്ങൾക്ക് കൂടുതൽ എളുപ്പമെന്നു തോന്നുന്ന മറ്റൊരു അവതരണമോ തിരുവെഴുത്തോ ഉപയോഗിക്കാവുന്നതാണ്. വിശേഷിച്ചും മാസികകളുടെ കാര്യത്തിൽ ആമുഖ ലേഖനങ്ങൾ അല്ലാത്ത ലേഖനങ്ങൾ വിശേഷവത്കരിക്കാൻ കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കുക; ഒരുപക്ഷേ, ആ ലേഖനങ്ങളായിരിക്കാം നിങ്ങളുടെ പ്രദേശത്ത് കൂടുതൽ ആകർഷകം. സേവനയോഗത്തിൽ വയൽസേവന അവതരണങ്ങൾ നടത്തേണ്ടതുള്ളപ്പോൾ പ്രദേശത്തിന് അനുയോജ്യമായ അവതരണങ്ങൾ നടത്താൻ ക്രമീകരണം ചെയ്യാവുന്നതാണ്. അങ്ങനെയാകുമ്പോൾ സുവാർത്ത ഫലപ്രദമായി അവതരിപ്പിക്കാൻ എല്ലാവർക്കും സഹായം ലഭിക്കും.