ശുശ്രൂഷയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം?
1. ക്രിസ്തീയ ശുശ്രൂഷകർ എന്തു പ്രതീക്ഷിക്കണം? അത് എന്തു ചോദ്യങ്ങൾ ഉയർത്തുന്നു?
1 തന്റെ അനുഗാമികൾ പീഡിപ്പിക്കപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറയുകയുണ്ടായി. (യോഹ. 15:20) അന്ത്യം അടുത്തുവരവെ സാത്താന്റെ ക്രോധം വർധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എതിർപ്പുകൾ കൂടുതൽ രൂക്ഷമാകുമെന്ന് നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. (വെളി. 12:12) ശുശ്രൂഷയിൽ ആയിരിക്കെ ആത്മരക്ഷയ്ക്കായി നമുക്ക് എന്തു ചെയ്യാനാകും? ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാമോ? നമ്മെ ഉപദ്രവിക്കുന്നവർക്കെതിരെ നാം കേസ് ചാർജ് ചെയ്യേണ്ടതുണ്ടോ?
2. ശാരീരിക ഉപദ്രവത്തിൽനിന്നു രക്ഷനേടാൻ ക്രിസ്ത്യാനികൾ ന്യായമായ നടപടികൾ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
2 ജീവൻ വിലപ്പെട്ടതാണ്: യഹോവ ജീവനെ വളരെ വിലപ്പെട്ടതായി കാണുന്നു. അതുകൊണ്ട് ഇസ്രായേൽ ജനതയ്ക്ക് ന്യായപ്രമാണം നൽകിയപ്പോൾ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ ഉതകുന്ന നിയമങ്ങളും അവൻ അതിൽ ഉൾപ്പെടുത്തിയിരുന്നു. (ആവ. 22:8) ഇന്നു ദൈവദാസന്മാർ ന്യായപ്രമാണം അനുസരിക്കാൻ ബാധ്യസ്ഥരല്ലെങ്കിലും ജീവനെ അവർ വിലയേറിയതായിത്തന്നെ കരുതുന്നു. അതുകൊണ്ട് എതിരാളികളിൽനിന്ന് ആക്രമണ ഭീഷണി ഉണ്ടാകുമ്പോൾ ക്രിസ്ത്യാനികൾ ആത്മരക്ഷയ്ക്കുള്ള നടപടികൾ സ്വീകരിക്കും.
3. ആക്രമണ ഭീഷണി ഉണ്ടാകുന്നപക്ഷം നാം എന്തു ചെയ്യണം?
3 ആത്മരക്ഷയ്ക്കായി എന്തുചെയ്യാം? കോപാകുലരായ ജനക്കൂട്ടത്തിൽനിന്നു രക്ഷപ്പെടാൻ യേശു അവിടം വിട്ട് പോയ ഒന്നിലേറെ സന്ദർഭങ്ങളെക്കുറിച്ച് തിരുവെഴുത്തു പറയുന്നു. (ലൂക്കോ. 4:28-30; യോഹ. 8:59) നമ്മുടെ കാര്യത്തിലും, ഒരു ആക്രമണ ഭീഷണി ഉണ്ടാകുന്നപക്ഷം പ്രദേശം വിട്ട് പോകുന്നതായിരിക്കും ബുദ്ധി. എതിർപ്പുകൾ ശമിക്കുന്നതുവരെ മറ്റു പ്രദേശങ്ങളിൽ നമുക്ക് പ്രസംഗപ്രവർത്തനം തുടരാനാകും.—മത്താ. 10:23.
4. എതിരാളി നമ്മെ തടഞ്ഞുവെക്കാൻ ശ്രമിച്ചാൽ എന്തു ചെയ്യാവുന്നതാണ്?
4 നമ്മെ തടഞ്ഞുവെക്കാനോ വീടിനുള്ളിൽ പൂട്ടിയിടാനോ എതിരാളി ശ്രമിക്കുന്നെങ്കിലോ? സാഹചര്യം കണക്കിലെടുത്തിട്ട് എങ്ങനെ പ്രതികരിക്കണം എന്നു തീരുമാനിക്കാം. എന്തായാലും ഒരു ക്രിസ്ത്യാനി, അന്യായമായ അത്തരം ഉപദ്രവങ്ങൾ കൈയുംകെട്ടി നിന്ന് ഏറ്റുവാങ്ങേണ്ടതില്ല. എതിരാളിയെ തള്ളിമാറ്റിക്കൊണ്ടോ മറ്റോ നമുക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞേക്കും. ഇനി, തന്റെ ആരോഗ്യമോ ജീവനോ അപകടത്തിലാണെന്ന് തോന്നുന്നപക്ഷം, അടികൾ തടുക്കാനോ ഒരു നിമിഷത്തേക്ക് എതിരാളിയെ പരിഭ്രമിപ്പിക്കാനായി ഒന്നു തിരിച്ചടിക്കാനോ ഒരു ക്രിസ്ത്യാനി തീരുമാനിച്ചാൽ അത് തെറ്റാവില്ല.—2008 ജൂൺ ഇംഗ്ലീഷ് ലക്കം ഉണരുക!–യിലെ “ബൈബിളിന്റെ വീക്ഷണം: ആത്മരക്ഷയ്ക്കായി ശ്രമിക്കുന്നത് ഉചിതമായിരിക്കുന്നത് എപ്പോൾ?” എന്ന ലേഖനത്തിന്റെ 10, 11 പേജുകൾ കാണുക.
5. ശുശ്രൂഷ നിർവഹിക്കാൻ നിയമത്തിന്റെ സഹായം തേടാനാകുന്നത് എങ്ങനെ?
5 പോലീസിനെ വിളിക്കേണ്ടതുണ്ടോ? ശുശ്രൂഷയ്ക്കിടെ ഉണ്ടായ ചില പ്രശ്നങ്ങളെ നേരിടാൻ പൗലോസ് അപ്പൊസ്തലൻ റോമൻ നിയമത്തെ ആശ്രയിക്കുകയുണ്ടായി. ഉദാഹരണത്തിന്, എതിരാളികൾ അവനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, അവൻ കൈസറിനു മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിച്ചു. (പ്രവൃ. 25:11) അതിനുമുമ്പ് മറ്റൊരു സാഹചര്യത്തിൽ, ചാട്ടയടി ഒഴിവാക്കാനായി റോമാപൗരൻ എന്ന നിലയിലുള്ള തന്റെ അവകാശം അവൻ ഉപയോഗപ്പെടുത്തിയതായി വിവരണം പറയുന്നു. (പ്രവൃ. 22:25, 29) ‘നമ്മുടെ നന്മയ്ക്കായി ദൈവത്തിന്റെ ശുശ്രൂഷകനായി’ വർത്തിക്കുന്ന ലൗകിക അധികാരികളുടെ സംരക്ഷണം നേടുന്നത് ഉചിതമാണ് എന്നാണ് ഇതെല്ലാം കാണിക്കുന്നത്.—റോമ. 13:4.
6. ശുശ്രൂഷയിലായിരിക്കെ, രക്ഷപ്പെടാനാകാത്ത ഒരു സാഹചര്യത്തിൽ എത്തിപ്പെട്ടാൽ എന്തു ചെയ്യണം?
6 മേൽപ്പറഞ്ഞ വിവരങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നു: ശുശ്രൂഷയിലായിരിക്കെ അപകടകരമായ ഒരു സാഹചര്യം ഉണ്ടാകുകയും നമുക്ക് ഓടി രക്ഷപ്പെടാൻ പറ്റാതാകുകയും ചെയ്താൽ എത്രയും വേഗം പോലീസിനെ വിളിക്കേണ്ടതാണ്. അപകടം മണത്താൽ ഉടൻതന്നെ പോലീസിനെ വിളിക്കാനായി ചില സഹോദരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ഫോൺനമ്പർ മൊബൈലിൽ സൂക്ഷിക്കുന്നു. വയൽസേവനയോഗം നടത്തുന്ന സഹോദരന്മാർ തങ്ങളോടൊപ്പം വയൽസേവനത്തിൽ ഏർപ്പെടുന്ന സഹോദരങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.—1 പത്രോ. 5:2, 3.
7. ശുശ്രൂഷയ്ക്കിടെ ശാരീരിക ഉപദ്രവം നേരിടുന്നപക്ഷം കേസു കൊടുക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
7 കേസ് കൊടുക്കേണ്ടതുണ്ടോ? ശുശ്രൂഷയ്ക്കിടെ ആരെങ്കിലും ശാരീരിക ഉപദ്രവം ഏൽപ്പിക്കുന്നപക്ഷം നാം ആ വ്യക്തിക്കെതിരെ കേസു കൊടുക്കേണ്ടതുണ്ടോ? എതിരാളി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ഭയംകൊണ്ടോ അവിശ്വാസികളായ തന്റെ ബന്ധുക്കളുടെയോ സമൂഹത്തിന്റെയോ മുമ്പിൽ തനിക്കു മാനക്കേടാകുമെന്ന ചിന്തകൊണ്ടോ കേസു കൊടുക്കേണ്ടെന്ന് ചിലർ തീരുമാനിക്കുന്നു. പക്ഷേ, കേസു കൊടുത്തില്ലെങ്കിൽ യഹോവയുടെ സാക്ഷികളെ എന്തുചെയ്താലും ആരും ചോദിക്കാനില്ല എന്ന ധാരണയായിരിക്കും എതിരാളികൾക്ക് ലഭിക്കുന്നത്. മാത്രമല്ല, കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ അവർ ധൈര്യം കാണിച്ചെന്നുംവരാം. (സഭാ. 8:11) കേസു കൊടുക്കുന്നതുവഴി, “സുവിശേഷത്തിന്റെ പ്രതിവാദത്തിലും അതിന്റെ നിയമപരമായ സ്ഥിരീകരണത്തിലും” നമ്മളും ഒരു പങ്കുവഹിക്കുകയായിരിക്കും. ഭാവിയിൽ നമ്മുടെ സഹോദരങ്ങൾ ആ പ്രദേശത്തു പ്രവർത്തിക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും അത് ഉതകിയേക്കാം.—ഫിലി. 1:7.
8. ഉപദ്രവങ്ങൾ ഉണ്ടെങ്കിലും നിർഭയരായി പ്രസംഗവേല തുടരാൻ നമുക്ക് കഴിയുന്നത് എന്തുകൊണ്ട്?
8 എതിരാളികൾ വിജയിക്കില്ല: നാം എതിർപ്പ് പ്രതീക്ഷിക്കണം എന്നുള്ളതു ശരിയാണ്. പക്ഷേ ഭയപ്പെടേണ്ട കാര്യമില്ല. കാരണം സർവശക്തനായ ദൈവത്തിന്റെ പിന്തുണ എല്ലായ്പോഴും നമ്മോടൊപ്പമുണ്ട്. (യെശ. 41:10; എബ്രാ. 13:6) സുവാർത്ത പ്രസംഗിക്കുന്നതിൽനിന്ന് നമ്മെ തടയാൻ എതിരാളികൾക്കാവില്ല; യഹോവ അതിന് അനുവദിക്കുകയില്ല. (യെശ. 54:17) എതിർപ്പുകൾ സഹിച്ചുകൊണ്ട് ശുശ്രൂഷയിൽ തുടരുന്നത് “ദൈവത്തിനു പ്രസാദകര”മായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ എതിരാളികൾ മൂലമുണ്ടാകുന്ന ഏതൊരു ഹാനിയുടെയും ദോഷഫലങ്ങൾ ഒടുവിൽ ദൈവം ഇല്ലായ്മ ചെയ്യും. (1 പത്രോ. 2:19, 20) പിന്തുണയും സഹായവുമായി യഹോവയുടെ സംഘടനയും നമ്മുടെ കൂടെയുണ്ട്. ശുശ്രൂഷയിലായിരിക്കെ ആരെങ്കിലും നമ്മെ ഉപദ്രവിക്കുകയോ അധികാരികൾതന്നെ നമ്മുടെ വേല നിയമവിരുദ്ധമാണ് എന്ന നിലപാടു സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഉടൻതന്നെ മൂപ്പന്മാരെ വിവരം അറിയിക്കേണ്ടതാണ്. അവർ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുന്നതായിരിക്കും. ദുഷ്കരമായ ഈ അന്ത്യനാളുകളിൽ ശുശ്രൂഷ നിർവഹിക്കവെ നമുക്ക് തുടർന്നും ജാഗ്രതയും ന്യായബോധവും പ്രകടമാക്കാം!—പ്രവൃ. 5:41, 42.