സ്മാരകത്തിനുവേണ്ടി നന്നായി തയ്യാറാകുക
യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി തയ്യാറെടുക്കുക—അവന്റെ അനുഗാമികളെ സംബന്ധിച്ചിടത്തോളം എത്ര ആഹ്ലാദകരമായ ഒരു പദവിയാണത്! (ലൂക്കൊ. 22:19) സ്മാരകത്തിനായി നാം എന്തെല്ലാം ഒരുക്കങ്ങളാണ് നടത്തേണ്ടത്?
◼ സ്ഥലവും സമയവും: സ്മാരകാചരണത്തിന്റെ കൃത്യ സമയവും സ്ഥലവും എല്ലാവർക്കും അറിയാമായിരിക്കണം. ഒന്നിലധികം സഭകൾ സ്മാരകത്തിനായി ഒരേ രാജ്യഹാൾ ഉപയോഗിക്കുമ്പോൾ സ്മാരകാചരണങ്ങൾക്കിടയിലുള്ള സമയം കുറവായിരിക്കും; അതുകൊണ്ട് കൂടിവരുന്നവർ സമയത്ത് ഹാളിൽ എത്തുകയും തിക്കും തിരക്കും കൂടാതെ ഹാൾവിട്ടുപോകുകയും ചെയ്യേണ്ടതാണ്. പ്രവേശന കവാടം, ഇടനാഴി, പാർക്കിങ് സ്ഥലം എന്നിവിടങ്ങളിൽ അനാവശ്യ തിരക്ക് ഒഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിരിക്കണം.
◼ ക്ഷണക്കത്ത്: എല്ലാ പ്രസാധകർക്കും ആവശ്യത്തിനുള്ള ക്ഷണക്കത്തുകൾ ലഭിച്ചിട്ടുണ്ടോ, അവർ അതിന്റെ ഉള്ളടക്കവുമായി പരിചിതരാണോ? ക്ഷണക്കത്തുകൾ നൽകേണ്ട വിധം നിങ്ങൾ പരിശീലിച്ചു നോക്കിയിട്ടുണ്ടോ? ആർക്കൊക്കെ ക്ഷണക്കത്തു നൽകാനാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്? എല്ലാ ക്ഷണക്കത്തുകളും കൊടുത്തുതീർക്കാൻ നല്ലൊരു ശ്രമംചെയ്യുക.
◼ യാത്രാസൗകര്യം: ചില താത്പര്യക്കാർക്കും സഹോദരങ്ങൾക്കും സ്മാരകാചരണത്തിനു ഹാജരാകാൻ യാത്രാസൗകര്യമോ മറ്റ് സഹായമോ ആവശ്യമായിരുന്നേക്കാം. അവരെ സഹായിക്കാൻ എന്തു ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്?
◼ സ്മാരകചിഹ്നങ്ങൾ: ചിഹ്നങ്ങളുടെ കൈമാറൽ സൂര്യാസ്തമയശേഷം മാത്രമേ നടക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുക. രോഗമോ മറ്റ് അവശതകളോ നിമിത്തം ഹാജരാകാൻ സാധിക്കാത്ത അഭിഷിക്തർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ചിഹ്നങ്ങളിൽ പങ്കുപറ്റാനുള്ള ക്രമീകരണം ചെയ്യുക. ഉചിതമായ തരത്തിലുള്ള അപ്പവും വീഞ്ഞും തയ്യാറാക്കി വെച്ചിരിക്കണം.—w03 2/15 പേ. 14-15 ¶14, 17 കാണുക.
◼ രാജ്യഹാൾ: മുന്നമേതന്നെ ഹാൾ നന്നായി വൃത്തിയാക്കിയിരിക്കണം. പ്ലെയിറ്റുകൾ, ഗ്ലാസ്സുകൾ, അനുയോജ്യമായ മേശ, മേശവിരി എന്നിവ നേരത്തേതന്നെ ഹാളിൽ എത്തിക്കുകയും പരിപാടി തുടങ്ങുന്നതിനുമുമ്പ് അവ ഉചിതമായ ഇടങ്ങളിൽ ക്രമീകരിക്കുകയും ചെയ്യുക. രാജ്യഹാളിനു പകരം മറ്റൊരിടമാണ് ഉപയോഗിക്കുന്നതെങ്കിൽ, ഹാജരാകുന്ന എല്ലാവർക്കും സുഖകരമായി കേൾക്കാൻ മതിയായ വിധത്തിലുള്ള ശബ്ദസംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തുമല്ലോ? സേവകന്മാരെയും സ്മാരകചിഹ്നങ്ങൾ വിതരണം ചെയ്യുന്നവരെയും നേരത്തേ തിരഞ്ഞെടുത്ത് അവർ എന്തൊക്കെ, എങ്ങനെയെല്ലാം ചെയ്യണമെന്ന നിർദേശങ്ങൾ നൽകണം. മാന്യമായ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അവരെ ഓർമിപ്പിക്കുക.
യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന ഈ സുപ്രധാന വേളയ്ക്കായി വ്യക്തിപരമായും സഭയെന്ന നിലയിലും നന്നായി ഒരുങ്ങാൻ നാം ആഗ്രഹിക്കുന്നു. തന്റെ പ്രിയപുത്രന്റെ ബലിമരണത്തിലൂടെ യഹോവ മനുഷ്യവർഗത്തിനായി ചെയ്തിരിക്കുന്ന സകലതിനോടും ഹൃദയംനിറഞ്ഞ വിലമതിപ്പ് പ്രകടമാക്കുന്നവരുടെമേൽ അവൻ സമൃദ്ധമായ അനുഗ്രഹം വർഷിക്കുകതന്നെ ചെയ്യും.