‘എങ്ങനെ ഉത്തരം പറയണമെന്ന് അറിയുക’
സ്വീകാര്യക്ഷമത കുറഞ്ഞ ഒരു പ്രദേശത്തു പ്രസംഗിക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് പൗലൊസ് അപ്പൊസ്തലനു നന്നായി അറിയാമായിരുന്നു. എ.ഡി. 56-നടുത്ത് യെരൂശലേമിൽ അവനു നേരിട്ട ഒരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കുക. (പ്രവൃ. 21:27, 28, 30, 39, 40) മുൻവിധികൾ തരണംചെയ്യാനും സുവാർത്തയോടുള്ള എതിർപ്പിന്റെ കാഠിന്യം കുറയ്ക്കാനും വാക്കുകൾ സശ്രദ്ധം തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം തദവസരത്തിൽ അവൻ തിരിച്ചറിഞ്ഞു. (പ്രവൃ. 22:1, 2) ശ്രോതാക്കളുടെ മനോഭാവത്തിനു മാറ്റംവന്നില്ലെങ്കിലും പൗലൊസിന്റെ സന്ദേശത്തിനു ശ്രദ്ധകൊടുക്കാൻ അവന്റെ വാക്കുകൾ ഇടയാക്കി. (പ്രവൃ. 22:22) വ്യക്തിപരമായ ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നതിനാൽ, പുറത്തുള്ളവരോടു ജ്ഞാനപൂർവം ഇടപെടാനും കൃപയോടുകൂടെ സംസാരിക്കാനും എതിർക്കുന്നവരോട് ഉത്തരം പറയേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കാനും കൊലൊസ്യയിലെ സഭയെ പ്രോത്സാഹിപ്പിക്കാൻ പൗലൊസിനു കഴിഞ്ഞു. (കൊലൊ. 4:5, 6) ശുശ്രൂഷയിലായിരിക്കെ നമുക്കും അപ്രകാരം ചെയ്യാം.
സമാധാനപരമായ ഒരു വിധത്തിൽ പ്രസംഗ-പഠിപ്പിക്കൽ വേല നിർവഹിക്കാൻ ശ്രമിക്കുമ്പോഴും നമ്മുടെ പ്രവർത്തനം ചോദ്യംചെയ്യപ്പെടുന്ന ഒരു സ്ഥിതിവിശേഷം സംജാതമായേക്കാം. നാം ‘മതപരിവർത്തനം’ നടത്തുകയാണെന്ന ആരോപണംപോലും ചിലപ്പോൾ ഉണ്ടായേക്കാം. ഈ പ്രശ്നം കൈകാര്യംചെയ്യാൻ നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്. മറുപടി നൽകേണ്ടത് ഓരാളോടോ ഒരു കൂട്ടത്തോടോ ആയാലും, യഹോവ തന്റെ പരിശുദ്ധാത്മാവിനാൽ നമ്മോടുകൂടെ ഉണ്ടായിരിക്കുമെന്ന ഉറപ്പോടെ ശാന്തരായി നിലകൊള്ളുക. (മത്താ. 10:19, 20) നിങ്ങൾ പറയുന്ന വാക്കുകൾ പ്രധാനമാണെന്ന് ഓർക്കുക. മറ്റുള്ളവർ തെറ്റിദ്ധരിച്ചേക്കാവുന്നതും അവരുടെ വീക്ഷണത്തിൽ നിഷേധാത്മക ധ്വനിയുള്ളതുമായ വാക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുക. സുവിശേഷം “പ്രസംഗിക്കുകയാണ്” എന്നു പറയുന്നതിനു പകരം, ദൈവവചനത്തിൽനിന്നുള്ള സുവാർത്ത “പങ്കുവെക്കുകയാണ്” എന്നും പ്രസിദ്ധീകരണങ്ങൾ “നൽകിവരികയാണ്” എന്നു പറയുന്നതിനു പകരം അവ വായിച്ചുനോക്കാൻ മറ്റുള്ളവരെ “ക്ഷണിക്കുകയാണ്” എന്നും ഒരുപക്ഷേ പറയാനാകും. ക്രിസ്തുയേശുവിനെ അനുഗമിക്കാനുള്ള നിയോഗത്തെപ്രതി നാം ലജ്ജിക്കുന്നില്ല, എങ്കിലും നാം നയമുള്ളവരായിരിക്കണം.
“നിങ്ങൾ മതപരിവർത്തനം നടത്തുകയാണ്” എന്ന് ആരെങ്കിലും പറഞ്ഞാലോ? “മതംമാറാൻ ആരോടും ഞങ്ങൾ ആവശ്യപ്പെടുന്നില്ല, അതിന് ആരെയും പ്രേരിപ്പിക്കുന്നുമില്ല” എന്ന് നിങ്ങൾക്കു പറയാം. അവരെപ്പോലെതന്നെ നിങ്ങളും ഒരു തൊഴിലാളിയോ വീട്ടമ്മയോ വിദ്യാർഥിയോ ആണെന്നു പറയാവുന്നതാണ്. “ഞാൻ ഇവിടെ അടുത്താണു താമസിക്കുന്നത്, ആശ്വാസവും പ്രോത്സാഹനവും നൽകുന്ന ചില ആശയങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. കേൾക്കണോ വേണ്ടയോ എന്നതു നിങ്ങളുടെ തീരുമാനമാണ്” എന്ന് ഒരുപക്ഷേ പറയാം. അല്ലെങ്കിൽ പിൻവരുന്നപോലെ പറയാവുന്നതാണ്: “റേഡിയോയിലോ ടിവിയിലോ വരുന്ന അറിയിപ്പുപോലുള്ള ഒരു കാര്യമാണ് എനിക്കു പറയാനുള്ളത്. ചിലർ ശ്രദ്ധിക്കും, മറ്റു ചിലർ ശ്രദ്ധിക്കില്ല; അതവരുടെ ഇഷ്ടം. എന്നാൽ ജീവന്മരണ പ്രാധാന്യമുള്ള ഒരു അറിയിപ്പാണ് അതെങ്കിലോ? അതു കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കില്ലേ? എല്ലാ മനുഷ്യരും ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്ന സമാധാനപൂർണമായ ഒരു പുതിയ ലോകത്തെക്കുറിച്ചു പറയാനാണു ഞാൻ വന്നത്. പക്ഷേ കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ ഞാൻ പോകുകയാണ്.”
“വിഗ്രഹങ്ങളെല്ലാം എറിഞ്ഞുകളയാനും ഞങ്ങളുടെ ദൈവങ്ങളെ ആരാധിക്കുന്നതു നിറുത്താനുമല്ലേ നിങ്ങൾ പറയുന്നത്” എന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചാലോ? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കുനേരെ അത്തരമൊരു ആരോപണമുണ്ടായി. (പ്രവൃ. 19:23–41) നിങ്ങൾക്ക് ഇങ്ങനെ പറയാം: “യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെ വിധിക്കുകയോ ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന് അവരോടു പറയുകയോ ചെയ്യുന്നില്ല. ഓരോ വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള ഒരു കാര്യമാണ് അത്. വ്യക്തികൾക്കും കുടുംബത്തിനും പ്രയോജനപ്രദമായ ചില കാര്യങ്ങൾ ദൈവവചനത്തിൽനിന്നു പങ്കുവെക്കുക മാത്രമാണു ഞാൻ ചെയ്യുന്നത്. കേൾക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. എപ്പോൾ വേണമെങ്കിലും സംഭാഷണം നിറുത്തുകയും ചെയ്യാം.” അങ്ങനെ നമ്മുടെ നിയോഗത്തിൽ വിട്ടുവീഴ്ച വരുത്താതെതന്നെ, സംഘർഷാത്മകമായ ഒരു സാഹചര്യം മയപ്പെടുത്താൻ നമുക്കു കഴിഞ്ഞേക്കും.
മറ്റുള്ളവർ നമ്മുടെ ആന്തരം തെറ്റിദ്ധരിക്കുകയോ എതിർക്കുകയോ ചെയ്തേക്കാമെങ്കിലും, യഹോവ പിന്തുണയ്ക്കുമെന്ന ഉറപ്പോടെ സന്തോഷമുള്ളവരായിരിക്കുക. (2 കൊരി. 2:15–17) എതിർപ്പുകൾ നമ്മുടെ സന്തോഷം കവർന്നുകളയാൻ അനുവദിക്കരുത്. (നെഹെ. 8:10) എങ്ങനെ ഉത്തരം പറയണമെന്ന് അറിയാൻ മുന്നമേ തയ്യാറാകവെ, സമാധാനം നിലനിറുത്തുകയും നയപൂർവം സംസാരിക്കുകയും ചെയ്യുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.