ചില മാതൃകാ അവതരണങ്ങൾ
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
ഒരു ദുരന്തവാർത്ത പരാമർശിച്ചശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
“ദൈവം മനുഷ്യരെ സംബന്ധിച്ചു കരുതലുള്ളവനാണെങ്കിൽ നാം കഷ്ടപ്പെടാൻ അവൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ലഘുപത്രിക, ഞാൻ ചോദിച്ച ചോദ്യത്തിനുള്ള തൃപ്‌തികരമായ ഉത്തരം നൽകുന്നു, കൂടാതെ ദൈവം സമീപ ഭാവിയിൽ എന്തു ചെയ്യുമെന്നും അതു കാണിച്ചുതരുന്നു. [27-ാം പേജിലെ ചിത്രം കാണിക്കുക, 22-ാം ഖണ്ഡികയിൽനിന്നു സങ്കീർത്തനം 145:16 വായിക്കുക.] മനുഷ്യവർഗത്തിന്റെ കഷ്ടപ്പാടുകൾക്കു ദൈവം എങ്ങനെയായിരിക്കും അറുതിവരുത്തുക? അടുത്ത തവണ വരുമ്പോൾ അതേക്കുറിച്ചു ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” ലഘുപത്രിക നൽകുക, മടക്കസന്ദർശനം ക്രമീകരിക്കുക.
മടക്കസന്ദർശനത്തിൽ ഇങ്ങനെ പറയാവുന്നതാണ്:
“കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നപ്പോൾ നമ്മൾ ഈ തിരുവെഴുത്തു വായിച്ചിരുന്നു. [സങ്കീർത്തനം 145:16 വായിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യുക.] ഞാൻ ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നു: മനുഷ്യവർഗത്തിന്റെ കഷ്ടപ്പാടുകൾക്കു ദൈവം എങ്ങനെയായിരിക്കും അറുതിവരുത്തുക?” നൽകിയിരുന്ന പ്രതി എടുത്തുകൊണ്ടുവരാൻ വീട്ടുകാരനോട് അഭ്യർഥിക്കുക. തുടർന്ന്, ലഘുപത്രികയുടെ 27-8 പേജുകളിലെ 23-5 ഖണ്ഡികകൾ ചർച്ച ചെയ്യുക. ബൈബിളധ്യയനം ക്രമീകരിക്കുക, അല്ലെങ്കിൽ നിങ്ങൾ അടുത്ത പ്രാവശ്യം വരുമ്പോൾ 26-7 ഖണ്ഡികകൾ ചർച്ച ചെയ്യാമെന്നു പറയുക.
കൗമാരപ്രായത്തിലുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ പറയാവുന്നതാണ്:
“10-ഓ 15-ഓ വർഷം കൂടെ കഴിഞ്ഞാൽ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നതിനെപ്പറ്റി എന്റെ പ്രായത്തിലുള്ള പലർക്കും ഉത്‌കണ്‌ഠയുണ്ട്. അന്ന് ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്നു കാണുന്ന പ്രശ്‌നങ്ങൾ, നാം ജീവിക്കുന്നത് അന്ത്യനാളുകളിലാണെന്നു സൂചിപ്പിക്കുന്നു. [2 തിമൊഥെയൊസ് 3:1-3 വായിക്കുക.] ഈ ലഘുപത്രിക പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു. [പുറംചട്ടയിലെ ചോദ്യങ്ങൾ വായിച്ചശേഷം ലഘുപത്രിക നൽകുക.] അടുത്ത പ്രാവശ്യം ഞാൻ വരുമ്പോൾ ഏതാനും മിനിട്ട് താങ്കൾക്കു നീക്കിവെക്കാൻ കഴിയുമെങ്കിൽ, രോഗവും വാർധക്യവും നീങ്ങിപ്പോകുന്നതിനെക്കുറിച്ചുള്ള പ്രോത്സാഹജനകമായ ഒരു ആശയം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” മടക്കസന്ദർശനം ക്രമീകരിക്കുക.
മടക്കസന്ദർശനത്തിൽ ഇങ്ങനെ പറയാവുന്നതാണ്:
“കഴിഞ്ഞ തവണ സംസാരിച്ചപ്പോൾ, രോഗവും വാർധക്യവും നീങ്ങിപ്പോകുന്നതിനെക്കുറിച്ച് ഒരു ആശയം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നല്ലോ. ആ ആശയം ഇവിടെ കാണാൻ കഴിയും.” നൽകിയിരുന്ന പ്രതി എടുത്തുകൊണ്ടുവരാൻ വീട്ടുകാരനോട് അഭ്യർഥിക്കുക. ലഘുപത്രികയുടെ 23-4 പേജുകളിലെ 6-7 ഖണ്ഡികകൾ വായിച്ചു ചർച്ച ചെയ്യുക. 8-9 ഖണ്ഡികകൾ അടുത്ത സന്ദർശനത്തിൽ പരിചിന്തിക്കാൻ ക്രമീകരണം ചെയ്യുക.
ഒരു കുട്ടിയോടൊപ്പം സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന വ്യക്തിക്ക്, തങ്ങളെ ഇരുവരെയും പരിചയപ്പെടുത്തിയശേഷം ഇങ്ങനെ പറയാവുന്നതാണ്:
“താങ്കൾ അനുവദിക്കുകയാണെങ്കിൽ, ഒരു തിരുവെഴുത്ത് താങ്കളെ വായിച്ചുകേൾപ്പിക്കാൻ ________ ആഗ്രഹിക്കുന്നു. [കുട്ടി, സങ്കീർത്തനം 37:29 വായിച്ചശേഷം ഹ്രസ്വമായി അഭിപ്രായം പറയുന്നു.] മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യം ദൈവം എങ്ങനെ നിവർത്തിക്കുമെന്ന് ഈ ലഘുപത്രിക വിവരിക്കുന്നു. [24-7 പേജുകളിലെ ചിത്രങ്ങൾ കാണിക്കുക.] അടുത്ത തവണ ഞങ്ങൾ വരുമ്പോൾ പുനരുത്ഥാനത്തെക്കുറിച്ചു ബൈബിൾ നൽകുന്ന അത്ഭുതകരമായ വാഗ്‌ദാനം താങ്കൾക്കു കാണിച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു. ലഘുപത്രിക നൽകുക. മടക്കസന്ദർശനം ക്രമീകരിക്കുക.
മുതിർന്ന വ്യക്തിക്ക് മടക്കസന്ദർശനത്തിൽ ഇങ്ങനെ പറയാവുന്നതാണ്:
“ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ നമ്മൾ സങ്കീർത്തനം 37:29 വായിച്ചിരുന്നു. പുനരുത്ഥാനത്തെക്കുറിച്ചു ബൈബിൾ നൽകുന്ന വാഗ്‌ദാനം കാണിച്ചുതരാൻ ആഗ്രഹിക്കുന്നതായി അന്നു ഞാൻ പറഞ്ഞിരുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധിക്കുക.” നൽകിയിരുന്ന പ്രതി എടുത്തുകൊണ്ടുവരാൻ വീട്ടുകാരനോട് അഭ്യർഥിക്കുക. ലഘുപത്രികയിലെ 24-5 പേജുകളിലെ 12-14 ഖണ്ഡികകൾ പരിചിന്തിക്കുക. ബൈബിളധ്യയനം ക്രമീകരിക്കുക, അല്ലെങ്കിൽ അടുത്ത തവണ വരുമ്പോൾ 15-16 ഖണ്ഡികകൾ ചർച്ച ചെയ്യാമെന്നു പറയുക.