യുവജനങ്ങളേ, ദൈവവചനം വായിക്കുവിൻ!
1 യൗവനം വെല്ലുവിളികളുടെയും നിർണായക തീരുമാനങ്ങളുടെയും കാലഘട്ടമാണ്. ക്രിസ്തീയ യുവജനങ്ങളായ നിങ്ങളിൽ പലരും ദിവസവും ദൈവിക നിലവാരങ്ങളെ ലംഘിക്കാനുള്ള സമ്മർദത്തോടു പോരാടുന്നവരാണ്. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു മുമ്പുതന്നെ നിങ്ങൾക്കു വ്യക്തമായ ആത്മീയ ലാക്കുകൾ ഉണ്ടായിരിക്കണം. അപ്പോൾ മാത്രമേ ഭാവി ജീവിതത്തിൽ പ്രയോജനങ്ങൾ കൈവരുത്തുന്ന തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്കു സാധിക്കുകയുള്ളൂ. സുനിശ്ചിതമായ ആത്മീയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത് ജ്ഞാനത്തോടെ പ്രവർത്തിക്കാനും ജീവിതം വിജയകരമാക്കാനും നിങ്ങളെ സഹായിക്കും. ദൈവവചനം ക്രമമായി വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ അതിലെ നിശ്വസ്ത ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾ പ്രചോദിതരായിത്തീരുകയും അങ്ങനെ നിങ്ങളുടെ ജീവിതം വിജയകരമായി തീരുകയും ചെയ്യും.—യോശു. 1:8; സങ്കീ. 1:2, 3.
2 അത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും? ദുഷ്പ്രവൃത്തിയിൽ ഏർപ്പെടാനുള്ള പ്രലോഭനങ്ങൾ നിറഞ്ഞതാണ് സാത്താന്റെ ലോകം. (1 യോഹ. 2:15, 16) സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിനു വഴങ്ങിയതു നിമിത്തം വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടിട്ടുള്ള സഹപാഠികളെയോ മറ്റു യുവജനങ്ങളെയോ നിങ്ങൾക്ക് അറിയാമായിരിക്കും. ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കുന്നത് പാപപൂർണമായ ഒരു ഗതി നിരസിക്കാൻ വേണ്ട ധാർമികവും ആത്മീയവുമായ ബലം നിങ്ങൾക്കു നൽകും. മാത്രമല്ല, തിരുവെഴുത്തു ബുദ്ധിയുപദേശത്തിന് സാത്താന്റെ തന്ത്രപരമായ കെണികളെ ഒഴിവാക്കാനും നിങ്ങളെ സഹായിക്കാനാകും. (2 കൊരി. 2:11; എബ്രാ. 5:14) ദൈവത്തിന്റെ വഴികളിൽ നടക്കുന്നത് യഥാർഥ സന്തുഷ്ടി കൈവരുത്തും, സ്വന്തം ജീവിതത്തിൽ സംതൃപ്തി കണ്ടെത്താനും അതു സഹായിക്കും.—സങ്കീ. 119:1, 9, 11.
3 കാലത്തിനു മാറ്റാനാവാത്ത ദൈവിക തത്ത്വങ്ങൾ മാനുഷിക ജ്ഞാനത്തെ അപേക്ഷിച്ച് അത്യുത്കൃഷ്ടമാണ്. (സങ്കീ. 119:98-100) ബൈബിൾ തത്ത്വങ്ങൾ സംബന്ധിച്ച പരിജ്ഞാനവും യഹോവയുടെ വെളിപ്പെടുത്തപ്പെട്ട ഉദ്ദേശ്യങ്ങളെ കുറിച്ചുള്ള ധ്യാനവും ഒപ്പം ഹൃദയംഗമമായ പ്രാർഥനയും ബൈബിളിന്റെ സർവജ്ഞാനിയാം ഗ്രന്ഥകർത്താവായ യഹോവയാം ദൈവവുമായി അടുത്ത ബന്ധം കെട്ടുപണിചെയ്യാൻ നിങ്ങളെ സഹായിക്കും. അവൻ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, [“നിനക്ക് ഉൾക്കാഴ്ച പകർന്ന്,” NW] നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”—സങ്കീ. 32:8.
4 വായനയ്ക്കു സമയം കണ്ടെത്തുക: ഒരു ക്രിസ്തീയ പെൺകുട്ടി മുഴു ബൈബിളും വായിക്കുക എന്ന ലക്ഷ്യം വെച്ചു, ഒരു വർഷത്തിനുള്ളിൽ അവൾ അതു പൂർത്തീകരിക്കുകയും ചെയ്തു. അതിന്റെ പ്രയോജനമോ? അവൾ പറയുന്നു: “ഞാൻ യഹോവയെ കുറിച്ച് വളരെയധികം പഠിച്ചു, അത് എന്നെ അവനോടു കൂടുതൽ അടുപ്പിക്കുകയും എന്റെ ജീവിതകാലത്തെല്ലാം അവനെ ഭയപ്പെടാൻ എന്നെ പ്രചോദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (യാക്കോ. 4:8) നിങ്ങൾ മുഴു ബൈബിളും വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് അതു നിങ്ങളുടെ ലക്ഷ്യമാക്കിക്കൂടാ? യഹോവ തീർച്ചയായും നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും നിങ്ങൾ മഹത്തായ പ്രതിഫലം കൊയ്യുകയും ചെയ്യും.