നമുക്കുള്ളതിൽ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കൽ
1 യഹോവയ്ക്കു യാഗം അർപ്പിക്കാനായി കൊണ്ടുവരുന്ന മൃഗങ്ങൾ ‘ഊനമില്ലാത്തവ’ ആയിരിക്കണമെന്ന് ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരുന്നു. ഊനമുള്ള മൃഗം സ്വീകാര്യമായിരുന്നില്ല. (ലേവ്യ. 22:18-20; മലാ. 1:6-9) മാത്രമല്ല യാഗത്തിനായി ഉപയോഗിക്കുന്ന മൃഗത്തിന്റെ ഏറ്റവും വിശിഷ്ട ഭാഗമായ മേദസ്സ് മുഴുവനായി യഹോവയ്ക്കു നൽകണമായിരുന്നു. (ലേവ്യ. 3:14-16) ഇസ്രായേലിന്റെ പിതാവും യജമാനനും എന്ന നിലയിൽ അവൻ ഏറ്റവും നല്ലതുതന്നെ ലഭിക്കാൻ അർഹനായിരുന്നു.
2 പുരാതന നാളുകളിലെന്നപോലെ ഇന്നും നമ്മുടെ യാഗങ്ങളുടെ ഗുണനിലവാരത്തിൽ ദൈവം അതീവ ശ്രദ്ധാലുവാണ്. യഹോവയോടുള്ള ഉചിതമായ ഭക്ത്യാദരവ് പ്രകടിപ്പിക്കുന്നതായിരിക്കണം നമ്മുടെ സേവനം. തീർച്ചയായും വ്യക്തികളുടെ സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, കൊടുക്കാൻ കഴിയുന്നതിൽ ഏറ്റവും നല്ലതാണോ നാം അവനു കൊടുക്കുന്നത് എന്നതു സംബന്ധിച്ച് ആത്മപരിശോധന നടത്തുന്നതിന് നമുക്കു നല്ല കാരണമുണ്ട്.—എഫെ. 5:9.
3 മുഴുഹൃദയത്തോടെയുള്ള സേവനം: യഹോവയെ ബഹുമാനിക്കാനും കേൾവിക്കാരുടെ ഹൃദയങ്ങളിൽ എത്തിച്ചേരാനും യാന്ത്രികമായ ശുശ്രൂഷ മതിയാവുകയില്ല. നമ്മുടെ ദൈവമായ യഹോവയെയും അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള വാക്കുകൾ നമ്മുടെ കൃതജ്ഞതാനിർഭരമായ ഹൃദയത്തിൽനിന്നു കവിഞ്ഞൊഴുകണം. (സങ്കീ. 145:7, NW) അതു വ്യക്തിപരമായി നല്ലൊരു ബൈബിൾ വായന, പഠന പരിപാടി നിലനിറുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു.—സദൃ. 15:28, NW.
4 യഹോവയ്ക്ക് നമ്മുടെ ഏറ്റവും നല്ലതു കൊടുക്കുന്നതിൽ അവന് ആളുകളോടുള്ള സ്നേഹം അനുകരിക്കുന്നതും ഉൾപ്പെടുന്നു. (എഫെ. 5:1, 2) സത്യത്തിന്റെ ജീവദായക സന്ദേശം കഴിയുന്നിടത്തോളം ആളുകളുമായി പങ്കുവെക്കാൻ അവരോടുള്ള സ്നേഹം നമ്മെ പ്രചോദിപ്പിക്കും. (മർക്കൊ. 6:34) നാം സംസാരിക്കുന്നവരോടു വ്യക്തിപരമായ താത്പര്യം പ്രകടമാക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. ആദ്യസന്ദർശനത്തിനുശേഷം അവരെ കുറിച്ചു ചിന്തിക്കാനും മടങ്ങിച്ചെല്ലാനും അതു നമ്മെ പ്രചോദിപ്പിക്കും. അവരുടെ ആത്മീയ വളർച്ചയ്ക്കു നമ്മാൽ കഴിയുന്നതെല്ലാം ചെയ്യാൻ അതു നമ്മെ ഉത്തേജിപ്പിക്കും.—പ്രവൃ. 20:24; 26:28, 29.
5 ഒരു “സ്തോത്രയാഗം”: നമ്മുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുന്നതിനുള്ള മറ്റൊരു മാർഗം ഉത്സാഹപൂർവം ശുശ്രൂഷയിൽ ഏർപ്പെടുക എന്നതാണ്. നല്ല ചിട്ടയുള്ളവരും വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ആയിരിക്കുമ്പോൾ ലഭ്യമായ സമയം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ നമുക്കു കഴിയും. (1 തിമൊ. 4:10) നല്ല തയ്യാറാകൽ വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിച്ചുകൊണ്ട് അനുകൂലമായ പ്രതികരണത്തിനുള്ള സാധ്യത വർധിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കും. (സദൃ. 16:21, NW) മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കവേ, നമ്മുടെ ഹൃദയംഗമമായ വാക്കുകളെ ഉചിതമായും “സ്തോത്രയാഗം” എന്നു വിളിക്കാൻ കഴിയും.—എബ്രാ. 13:15.