നവംബറിലേക്കുള്ള സേവന യോഗങ്ങൾ
നവംബർ 1-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. “ബൈബിളിന്റെ ശക്തി കാണുക!” പരിചിന്തിക്കുക.
15 മിനി:“സുവാർത്താ പ്രസംഗം നമ്മെ വ്യതിരിക്തരാക്കുന്നു.” പ്രാരംഭ പ്രസ്താവനകൾക്ക് ഒരു മിനിറ്റിൽ കുറഞ്ഞ സമയമെടുത്ത് ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. ശുശ്രൂഷയിൽ ഒരു പങ്കുണ്ടായിരിക്കുക എന്ന ലക്ഷ്യം എത്തിപ്പിടിക്കുന്നതിന് ഒരു ബൈബിൾ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കാനായി നമുക്ക് എന്തു പറയാൻ കഴിയുമെന്നു പരിജ്ഞാനം പുസ്തകത്തിന്റെ 173-ാം പേജിലെ 8-ാം ഖണ്ഡിക ഉപയോഗിച്ചുകൊണ്ട് ഹ്രസ്വമായി വിവരിക്കുക.
20 മിനി:“ഒരു ബൈബിളധ്യയനം സ്വീകരിച്ചേക്കാവുന്നത് ആരാണ്?” പ്രസംഗവും പ്രകടനങ്ങളും. 4-ാം ഖണ്ഡികയോടുള്ള ചേർച്ചയിൽ, നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ പഠിക്കുന്നതിനു താത്പര്യം ഉണർത്താനാവുന്ന വ്യത്യസ്ത വിധങ്ങൾ നിർദേശിക്കുക. അത് എങ്ങനെ ചെയ്യാനാകും എന്ന് ഹ്രസ്വമായ രണ്ടു പ്രകടനങ്ങളിലൂടെ കാണിക്കുക. ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ തങ്ങൾക്ക് എങ്ങനെ വിജയിക്കാൻ സാധിച്ചു എന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 198, സമാപന പ്രാർഥന.
നവംബർ 8-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. അടുത്ത വാരം ചർച്ച ചെയ്യാനായി അനുബന്ധത്തിന്റെ ആദ്യത്തെ 18 ഖണ്ഡികകൾ തയ്യാറായി വരാൻ സഹോദരങ്ങളെ ഓർമിപ്പിക്കുക.
15 മിനി:ചോദ്യപ്പെട്ടി. ഒരു പ്രസംഗം. രാജ്യഹാൾ ശുചിയായും നല്ല അവസ്ഥയിലും സൂക്ഷിക്കുന്നതിന് പ്രാദേശികമായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ ചുരുക്കിപ്പറയുക.
20 മിനി:“ഒരു യഹൂദനോടു നിങ്ങൾ എന്തു പറയും?” ചോദ്യോത്തരങ്ങൾ. യഹൂദമതത്തിനുള്ളിലെ ഓർത്തഡോക്സ് വിഭാഗം, പരിഷ്കൃത വിഭാഗം, യാഥാസ്ഥിതിക വിഭാഗം എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുക. (ദൈവത്തിനായുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം, പേജുകൾ 226-7 കാണുക.) ഒരു യഹൂദനുമായി നമുക്ക് ഒരു പൊതു അടിസ്ഥാനം ഇടാൻ കഴിഞ്ഞേക്കാവുന്ന മേഖലകൾ ചൂണ്ടിക്കാട്ടുക. നന്നായി തയ്യാർ ചെയ്ത ഒരു അവതരണം പ്രകടിപ്പിക്കുക. യഹൂദമതത്തെ സംബന്ധിച്ച കൂടുതലായ വിവരങ്ങൾക്ക് 1998 ഫെബ്രുവരി നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം, ന്യായവാദം പുസ്തകം പേജുകൾ 22-3, ദൈവത്തിനായുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം അധ്യായം 9 എന്നിവ കാണുക.
ഗീതം 208, സമാപന പ്രാർഥന.
നവംബർ 15-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ.
25 മിനി:“ഇന്റർനെറ്റിന്റെ ഉപയോഗം—അപകടങ്ങൾ സംബന്ധിച്ച് ജാഗ്രത പാലിക്കുക!” 1-18 ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച. 4-7, 12, 16, 17 ഖണ്ഡികകൾ വായിക്കുക. അടുത്ത വാരത്തെ ചർച്ചയ്ക്കായി 19-36 ഖണ്ഡികകൾ നന്നായി തയ്യാറാകാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
12 മിനി:മാതാപിതാക്കളേ—നിങ്ങൾ ക്രമമായ ഒരു കുടുംബാധ്യയനം നടത്തുന്നുവോ? പ്രസംഗവും സദസ്യ ചർച്ചയും. കുടുംബം ഒത്തൊരുമിച്ച് പഠിക്കേണ്ടതിന്റെ കാരണം വിശദീകരിക്കുക. (സ്കൂൾ ഗൈഡ് പുസ്തകം, പേജുകൾ 37-8 കാണുക) കുടുംബാധ്യയനത്തിനുള്ള പിൻവരുന്ന തടസ്സങ്ങളെ കുറിച്ചു ചർച്ച ചെയ്യുക: (1) പ്രയോജനം അനുഭവിക്കാൻ കുട്ടികൾക്കു പ്രായമായില്ല എന്ന തോന്നൽ, (2) സഭായോഗങ്ങൾക്കു ഹാജരായാൽ മതിയെന്ന വിചാരം, (3) തിരക്കു നിമിത്തം ക്ഷീണം അനുഭവപ്പെടൽ, (4) ടെലിവിഷൻ വീക്ഷിക്കുന്നതുമൂലം ശ്രദ്ധാശൈഥില്യം ഉണ്ടാകൽ. (1994 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 11-12 പേജുകൾ കാണുക.) കുടുംബാധ്യയനങ്ങളുടെ നല്ല ക്രമം നിലനിർത്താൻ തങ്ങൾ പ്രതിബന്ധങ്ങളെ എങ്ങനെ തരണം ചെയ്തുവെന്നു കുടുംബനാഥന്മാരോടു ചോദിക്കുക. സഹകരണവും നിശ്ചയദാർഢ്യവും ശ്രമവും ഇതിന് ആവശ്യമാണെന്ന് ഊന്നിപ്പറയുക.
ഗീതം 217, സമാപന പ്രാർഥന.
നവംബർ 22-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകളും വയൽസേവന അനുഭവങ്ങളും.
10 മിനി:നിയമനങ്ങളോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്? ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. സഭയുടെ സുഗമമായ പ്രവർത്തനത്തിനു ചെയ്തു തീർക്കേണ്ട ജോലികളുടെ നീണ്ട ഒരു പട്ടിക തന്നെയുണ്ട്: പരിപാടികൾക്കുള്ള നിയമനം തയ്യാറാകൽ; മറ്റുള്ളവരെ യോഗങ്ങൾക്ക് കൂട്ടിക്കൊണ്ടു വരികയോ സേവനത്തിനു കൊണ്ടുപോകുകയോ ചെയ്യൽ; പ്രായമായവരെ സഹായിക്കൽ; ശുചീകരണം; അറ്റകുറ്റപണികൾ; രാജ്യഹാൾ പരിപാലിക്കൽ എന്നിവ. സഹായം അഭ്യർഥിക്കുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? ചിലർ മടി കാണിച്ചേക്കാം, മറ്റു ചിലർ മനസ്സില്ലാമനസ്സോടെ സ്വീകരിച്ചേക്കാം, അല്ലെങ്കിൽ നിയമനം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയേക്കാം. നിയമനങ്ങൾ സ്വീകരിക്കുന്നതും നിറവേറ്റുന്നതും സന്തോഷകരമായ ഒരു പദവി ആയിരിക്കുന്നതിന്റെ കാരണം ചർച്ച ചെയ്യുക. സഭയിലെ എല്ലാവരെയും സ്വമേധയാസേവന മനസ്കത പ്രകടമാക്കാൻ പ്രോത്സാഹിപ്പിക്കുക.—സങ്കീ. 110:3, NW അടിക്കുറിപ്പ്; യെശ 6:8.
25 മിനി:“ഇന്റർനെറ്റിന്റെ ഉപയോഗം—അപകടങ്ങൾ സംബന്ധിച്ച് ജാഗ്രത പാലിക്കുക!” 19-36 ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച. 23-5; 34-6 ഖണ്ഡികകൾ വായിക്കുക.
ഗീതം 223, സമാപന പ്രാർഥന.
നവംബർ 29-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നവംബറിലെ വയൽസേവന റിപ്പോർട്ടിടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:യോഗങ്ങളിൽ സംബന്ധിക്കാൻ പുതിയവരെ പ്രോത്സാഹിപ്പിക്കുക. ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രികയുടെ 14-15 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പനും ഒന്നോ രണ്ടോ ശുശ്രൂഷാ ദാസന്മാരും നടത്തുന്ന ചർച്ച. പുതിയവർ യോഗങ്ങൾക്കു ഹാജരാകുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പുനരവലോകനം ചെയ്യുക. പ്രബോധനത്തിന്റെയും പ്രോത്സാഹനത്തിന്റെയും സഹായത്തിന്റെയും കാതലായ ഭാഗം അവർക്ക് അവിടെയാണ് ലഭ്യമാകുക. അഞ്ച് പ്രതിവാര യോഗങ്ങളെ കുറിച്ചും അവ ഓരോന്നിന്റെയും പ്രയോജനങ്ങളെ കുറിച്ചും ചർച്ച ചെയ്യുക. യോഗങ്ങൾ ദൈവിക നടത്ത ഉന്നമിപ്പിക്കുന്നതും ആത്മീയതയെ കെട്ടുപണി ചെയ്യുന്നതും സംഘടനയോടു നമ്മെ അടുപ്പിക്കുന്നതും മറ്റുള്ളവരുമായി അടുത്ത ബന്ധങ്ങൾ വളർത്തിക്കൊണ്ടുവരാൻ നമ്മെ സഹായിക്കുന്നതും ശുശ്രൂഷയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുന്നതും എങ്ങനെയെന്നു ചർച്ച ചെയ്യുക. യോഗങ്ങൾക്ക് ഹാജരാകാൻ പുതിയവരെ പ്രേരിപ്പിക്കുന്നതിന് ഈ ലഘുപത്രിക ഉപയോഗിക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക.
20 മിനി:നാം തിരഞ്ഞെടുക്കുന്നത്—പുതിയലോക ഭാഷാന്തരം. പ്രസംഗവും പ്രകടനങ്ങളും. യഹോവയുടെ അഭിഷിക്ത ആരാധകർ ഉത്പാദിപ്പിച്ച ഒരു ബൈബിൾ പരിഭാഷ പ്രസിദ്ധീകരിക്കുകയും ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മത സംഘടന എന്ന നിലയിൽ നമ്മുടെ സംഘടന അനുപമമാണ്. സാമ്പത്തിക ലാഭമുണ്ടാക്കാനോ വിഭാഗീയ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനോ നാം ആഗ്രഹിക്കുന്നു എന്ന് അതിന് അർഥമില്ല. പകരം, ദൈവനാമം മഹത്ത്വപ്പെടുത്താനും അവനെ മെച്ചമായി അറിയുന്നതിന് മറ്റുള്ളവരെ സഹായിക്കാനും ഉള്ള ആഗ്രഹമാണ് നമ്മെ അതിനു പ്രേരിപ്പിക്കുന്നത്. മറ്റു ഭാഷാന്തരങ്ങൾ ദൈവവചനത്തെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വിധത്തിലാണു മിക്കപ്പോഴും വിവർത്തനം ചെയ്യുന്നത്, അതിനാൽ പുതിയലോക ഭാഷാന്തരത്തിന്റെ വ്യതിരിക്തമായ പ്രയോജനങ്ങൾ അവലോകനം ചെയ്യുക. (“എല്ലാ തിരുവെഴുത്തും” പുസ്തകം, പേജ് 327-31 കാണുക. 3-ാം ഖണ്ഡികയിലെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക, 6-ാം ഖണ്ഡികയിലുള്ള മികച്ച പരിഭാഷകൾ സംബന്ധിച്ച ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുക, 22-3 പേജുകളിൽ കൊടുത്തിരിക്കുന്ന പ്രയോജനങ്ങൾ വിശേഷവത്കരിക്കുക.) “നിങ്ങൾക്കുള്ളത് നിങ്ങളുടെ സ്വന്തം ബൈബിളാണ്” എന്നു മറ്റുള്ളവർ പറയുമ്പോൾ നമുക്കു പ്രതികരിക്കാനാകുന്ന വിധം നിർദേശിക്കുന്ന രണ്ടു ഹ്രസ്വ പ്രകടനങ്ങൾ അവതരിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 279-80 പേജുകൾ കാണുക.
ഗീതം 205, സമാപന പ്രാർഥന.