ദൈവത്തിന്റെ പ്രാവചനിക വചനങ്ങൾ എല്ലാം നിവൃത്തിയേറും!
1 യഹോവയുടെ സാക്ഷികൾ എല്ലായ്പോഴും ബൈബിൾ പ്രവചനങ്ങളിൽ തത്പരരായിരുന്നിട്ടുണ്ട്. അതുകൊണ്ട്, ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ വിഷയം “ദൈവത്തിന്റെ പ്രാവചനിക വചനം” എന്നായിരിക്കും എന്ന് കഴിഞ്ഞവർഷം അറിഞ്ഞപ്പോൾ നാം ആവേശഭരിതരായി. ‘തത്സസമയത്തെ ഭക്ഷണം’ എന്ന നിലയിൽ യഹോവ എന്താണു കരുതിവെച്ചിരിക്കുന്നത് എന്നറിയാൻ നാമേവരും ആകാംക്ഷയുള്ളവർ ആയിരുന്നു. (മത്താ. 24:45) അവൻ നമ്മെ നിരാശപ്പെടുത്തിയില്ല.
2 കൺവെൻഷന്റെ സവിശേഷ ആശയങ്ങൾ: “ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ നൽകുക” എന്ന വെള്ളിയാഴ്ചത്തെ മുഖ്യവിഷയ പ്രസംഗത്തിൽ രൂപാന്തരീകരണ വൃത്താന്തം സംബന്ധിച്ച പ്രബോധനാത്മകമായ ഒരു ചർച്ച ഉൾപ്പെട്ടിരുന്നു. (മത്താ. 17:1-9) പുതിയ വ്യവസ്ഥിതി തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്ന ഈ അന്ത്യനാളുകളുടെ പരമാന്ത്യത്തിൽ നാം എത്തിയിരിക്കുന്നതിനാൽ ഇപ്പോൾത്തന്നെ നാം ഏറ്റവും നല്ല നാളുകളുടെ കവാടത്തിലാണ് എന്ന വസ്തുതയ്ക്ക് അത് ഊന്നൽ നൽകി! ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുക്കാൻ കഴിയുന്ന ഒരു സുപ്രധാന വിധം അതു ക്രമമായി വായിക്കുക എന്നതാണ്. “ദൈവവചനം വായിക്കുന്നതിൽ ആനന്ദം കണ്ടെത്തുക” എന്ന സിമ്പോസിയം നമ്മുടെ ബൈബിൾ വായന കൂടുതൽ പ്രതിഫലദായകവും ആസ്വാദ്യവുമാക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകി.
3 ശനിയാഴ്ച ഉച്ചകഴിഞ്ഞ്, നാം അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്നു നമുക്കു ബോധ്യമായിരിക്കുന്നതിന്റെ കാരണങ്ങൾ പുനരവലോകനം ചെയ്തു. അവയെല്ലാം ഓർമിക്കാൻ നിങ്ങൾക്കു കഴിയുമോ? നമ്മുടെ നാളുകൾ ഹബക്കൂക്കിന്റെ നാളുകളോടു വളരെ സാദൃശ്യമുള്ളവയാണെന്നും യഹോവ ദുഷ്ടന്മാരെ നശിപ്പിച്ച് നീതിമാന്മാരെ രക്ഷിക്കവെ സുപ്രധാന സംഭവങ്ങൾ അരങ്ങേറുമെന്നും ഞായറാഴ്ച രാവിലെ നാം മനസ്സിലാക്കിയപ്പോൾ ഹബക്കൂക്കിന്റെ പ്രവചനം ജീവസ്സുറ്റതായിത്തീർന്നു. യാക്കോബിനെയും ഏശാവിനെയും കുറിച്ചുള്ള ബൈബിൾ നാടകത്തിലെ ആശയം നിങ്ങൾക്കു മനസ്സിലായോ? ഉദാസീനതയുടെയോ വിപ്രതിപത്തിയുടെയോ ആത്മാവിനെ ചെറുത്തുകൊണ്ട്, യഹോവയിൽ നിന്നുള്ള അനുഗ്രഹങ്ങൾ തേടുന്നതിനായി നാം സജീവമായി പ്രയത്നിക്കണം.
4 താത്പര്യജനകമായ ഒരു പുതിയ പുസ്തകം: “ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ” എന്ന പുതിയ പുസ്തകം ലഭിച്ചപ്പോൾ നാമേവരും എത്ര ആവേശഭരിതരായി! വായനക്കാരെ പിടിച്ചിരുത്താൻ പോന്ന ഈ പ്രസിദ്ധീകരണം നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുകയാണ് എന്നതിൽ സംശയമില്ല. ഇത് പ്രകാശനം ചെയ്ത പ്രസംഗകൻ ഇങ്ങനെ പ്രസ്താവിച്ചു: “ഏതാനും വിശദാംശങ്ങൾ ഒഴികെ ദാനീയേൽ പുസ്തകത്തിലെ എല്ലാ പ്രവചനങ്ങളും നിവൃത്തിയേറി കഴിഞ്ഞിരിക്കുന്നു.” നമ്മുടെ നാളുകളുടെ അടിയന്തിരതയ്ക്ക് ഇത് അടിവരയിടുന്നില്ലേ?
5 ഇനിയും നിവൃത്തിയേറാനുള്ള ദൈവിക വാഗ്ദാനങ്ങളും ഒന്നൊഴിയാതെ നിവൃത്തിയേറും എന്ന നമ്മുടെ ബോധ്യത്തെ കൺവെൻഷൻ പരിപാടികൾ വളരെയധികം ബലിഷ്ഠമാക്കി. ദൈവത്തിന്റെ പ്രാവചനിക വചനം മറ്റുള്ളവരോടു പ്രഖ്യാപിക്കുന്നതിൽ തുടരാൻ നാം പ്രചോദിപ്പിക്കപ്പെട്ടിരിക്കുന്നു!