ഫലകരമായ ആദ്യ സന്ദർശനങ്ങൾ
1 ശുശ്രൂഷയിൽ സംഭാഷണങ്ങൾ തുടങ്ങുന്നത് തികച്ചും വെല്ലുവിളിപരമാണ്, എന്തുകൊണ്ടെന്നാൽ ആളുകൾ സ്വന്തം കാര്യാദികളിൽ മുഴുകിയിരിക്കുന്നവരോ മതം സംബന്ധിച്ച് സുനിശ്ചിത അഭിപ്രായങ്ങൾ ഉളളവരോ ആണ്. നമ്മുടെ ആദ്യസന്ദർശനം ഫലകരമാക്കിത്തീർക്കുന്നതിൽ നമ്മെ സഹായിക്കുന്ന എന്ത് നമുക്ക് മനസ്സിൽപിടിക്കാൻ കഴിയും?
2 “യഥാർത്ഥ സ്വാതന്ത്ര്യം—ഏതുറവിൽനിന്ന്?” എന്ന ലേഖനത്തോടുകൂടിയ ഏപ്രിൽ 1 ലക്കം സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാൻ കഴിഞ്ഞേക്കും:
▪ “ലോകത്തെവിടെയുമുളള ആളുകൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയാണ്. എന്നാൽ മാനുഷഗവൺമെൻറുകളുടെ സ്വാതന്ത്ര്യവാഗ്ദാനങ്ങൾ പൂർത്തീകരണത്തിൽ വരാതെ പരാജയപ്പെട്ടിരിക്കുന്നു. സത്യദൈവമായ യഹോവയുടെ ആരാധന നിലനിൽക്കുന്ന സ്വാതന്ത്ര്യം കൈവരുത്തുന്നു.” 2 കൊരിന്ത്യർ 3:17 വായിക്കുകയും വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ദൈവത്തിന്റെ വാഗ്ദത്തം വിശേഷവൽക്കരിക്കുകയും നമ്മുടെ വിടുതൽ ആസന്നമാണെന്ന് ലോകസംഭവങ്ങൾ എന്തുകൊണ്ട് സ്ഥിരീകരിക്കുന്നു എന്നു പ്രകടമാക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാണിക്കുക.
3 പ്രാർത്ഥനയുടെ വിഷയം വിശേഷവൽക്കരിച്ചുകൊണ്ട് നിങ്ങൾക്ക് 1992 ഏപ്രിൽ 15-ലെ “വാച്ച്ററവർ” പരിചയപ്പെടുത്താവുന്നതാണ്, ഇപ്രകാരം പറഞ്ഞുകൊണ്ടുതന്നെ:
▪ “യുദ്ധസമയങ്ങളിൽ വിജയത്തിനുവേണ്ടി ആളുകൾ പൊതുവേ പ്രാർത്ഥിക്കുന്നു. ദൈവം ആ പ്രാർത്ഥനകൾ കേൾക്കുകയും പക്ഷം പിടിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾ കരുതുന്നുവോ? [പ്രതികരണത്തിന് അനുവദിക്കുക.] ബൈബിളിന്റെ ഉത്തരം പരിചിന്തിക്കുക.” തുടർന്ന് 1പത്രോസ് 3:12 വായിച്ച് അഭിപ്രായം പറയുക. ഒരു ചുരുങ്ങിയ വിശദീകരണത്തിനുശേഷം മാസിക വായിക്കുന്നതിന് വ്യക്തിയുടെ താൽപര്യം ഉണർത്തിയേക്കാവുന്ന എന്തെങ്കിലും വീക്ഷാഗോപുര ലേഖനത്തിൽനിന്ന് ചൂണ്ടിക്കാണിക്കുക. അതിനുശേഷം വരിസംഖ്യ സമർപ്പിക്കുക.
4 “നിങ്ങൾ വിചാരിച്ചതിനേക്കാൾ താമസിച്ചുപോയോ?” എന്ന ലേഖനത്തോടുകൂടിയ ഏപ്രിൽ 1-ലെ പ്രാദേശികഭാഷാപതിപ്പ് സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാൻ കഴിഞ്ഞേക്കും:
▪ “സമാധാനത്തിന്റെ ഒരു പുതിയ യുഗം ഉദിക്കുന്നതിനായി ലോകമെമ്പാടും ആളുകൾ പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാൽ മനുഷ്യ ഗവൺമെൻറുകളുടെ സമാധാന വാഗ്ദാനങ്ങൾ സാക്ഷാത്ക്കരിക്കപ്പെടാതെ പരാജയമടഞ്ഞിരിക്കുന്നു. നിലനിൽക്കുന്ന യഥാർത്ഥസമാധാനം ദൈവത്തിൽനിന്ന് മാത്രമേ വരികയുളളു.” സങ്കീർത്തനം 46:8,9 വായിക്കുകയും സമാധാനമുളള പുതിയ ലോകം അനേകർ വിചാരിക്കുന്നതിനേക്കാൾ വളരെ അടുത്താണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുക. “തെളിവ് ഈ മാസികയിൽ കാണാവുന്നതാണ്.”
5 നമ്മുടെ ലക്ഷ്യം ബൈബിളദ്ധ്യയനങ്ങൾ നടത്തുകയെന്നതാണെന്ന് മനസ്സിൽപിടിക്കുക. മെയ്യിൽ അനേകർ സഹായപയണിയറിംഗ് നടത്തുമെന്നിരിക്കെ ബൈബിൾ പഠിക്കാൻ താൽപര്യമുളള വ്യക്തികളെ കണ്ടെത്താൻ നമുക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടായിരിക്കും. എന്നാൽ മെയ്യിൽ സഹായപയനിയറിംഗ് നടത്താൻ നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിൽപോലും നമുക്കെല്ലാം ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്നതിനുളള ലാക്കുവെക്കാൻ കഴിയും.
6 ചില പ്രസാധകർ ആദ്യസന്ദർശനത്തിൽ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിച്ചിട്ടുണ്ട്.
“സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം” എന്ന ലഘുലേഖ സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാൻ കഴിഞ്ഞേക്കും:
▪ “നിങ്ങളുടെ പ്രദേശത്ത് ഞങ്ങൾ സ്വമേധയാസേവനം നടത്തുന്നവരാണ്. ഞങ്ങളുടെ വേലയുടെ സ്വഭാവം തിരിച്ചറിയിക്കുന്ന ഈ ലഘുലേഖ ഞാൻ താങ്കൾക്കു നൽകാം. എപ്പോഴെങ്കിലും ലോകം ആ വിധത്തിൽ ആയിത്തീരുമെന്ന് നിങ്ങൾ കരുതുന്നുവോ? പ്രതികരണം ലഭിച്ചശേഷം മത്തായി 6:9,10-ഉം സങ്കീർത്തനം 37:29-ഉം വിശേഷവൽക്കരിച്ചുകൊണ്ട് വ്യക്തിയുമായി ആദ്യത്തെ ഏതാനും ഖണ്ഡികകൾ നിങ്ങൾക്ക് ചർച്ചചെയ്യാൻ കഴിയും.
7 നിങ്ങൾ സ്വയം എങ്ങനെ പരിചയപ്പെടുത്തുമെന്നതിന് സൂക്ഷ്മചിന്ത നൽകുക. മികച്ച നിർദ്ദേശങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മുഖവുരകൾ വിദഗ്ദ്ധമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആദ്യസന്ദർശനങ്ങൾ ഫലകരമാക്കിത്തീർക്കാൻ നിങ്ങളെ സഹായിക്കും.