ഭാവി നിങ്ങൾക്ക് അത് അറിയാൻ കഴിയും!
മിക്കവരും ഭാവിയെ കുറിച്ചു ഗൗരവമായി ചിന്തിക്കുന്നവരാണ്. ആസൂത്രണങ്ങൾ ചെയ്യാനും ജ്ഞാനപൂർവം പണം നിക്ഷേപിക്കാനും അങ്ങനെ സുരക്ഷിതത്വം നേടാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ ഒരു നാളെ ഉറപ്പു വരുത്താൻ എന്തെങ്കിലും മാർഗമുണ്ടോ?
ഭാവി എന്തു കൈവരുത്തുമെന്ന് അറിയാനുള്ള ശ്രമത്തിൽ മനുഷ്യർ പലതും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഫ്യൂച്ചറോളജിസ്റ്റുകൾ എന്നു വിളിക്കപ്പെടുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടെ കാര്യമെടുക്കാം. അവർ ആനുകാലിക പ്രവണതകളെ വിശകലനം ചെയ്ത് അവയുടെ അടിസ്ഥാനത്തിൽ ഭാവി പ്രവചിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞരും തങ്ങളുടെ രംഗത്ത് സമാനമായ അപഗ്രഥനം നടത്തുന്നു. ജ്യോത്സ്യന്മാരും ഭാവികഥനക്കാരും ഭാവി അറിയാനായി രാശിചക്രവും മാന്ത്രിക സ്ഫടികഗോളങ്ങളും ഭൂതവിദ്യയും മറ്റും ഉപയോഗിക്കുന്നു. അത്തരക്കാർ പറയുന്നതു വിശ്വസിക്കാനും നിരവധി പേരുണ്ട്. ഉദാഹരണത്തിന്, മരിച്ചിട്ട് നൂറ്റാണ്ടുകൾക്കു ശേഷവും വളരെ പ്രസിദ്ധനായി തുടരുന്ന ഫ്രഞ്ചുകാരനായ ഒരു ജ്യോത്സ്യനാണ് നോസ്ട്രഡാമസ്.
പ്രവാചകന്മാർ എന്ന് അവകാശപ്പെട്ട ഇവരുടെയെല്ലാം പ്രവചനങ്ങൾ ആശ്രയിക്കാൻ കൊള്ളാത്തതും നിരാശാജനകവും ആണെന്നു തെളിഞ്ഞിരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ യഹോവയാം ദൈവത്തെയും അവന്റെ വചനമായ ബൈബിളിനെയും അവഗണിക്കുന്നു. അക്കാരണത്താൽ, പിൻവരുന്നതു പോലുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ പരാജയപ്പെടുന്നു: ‘ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? മനുഷ്യരെ സംബന്ധിച്ച ദൈവോദ്ദേശ്യവുമായി അവ ഒത്തുപോകുന്നത് എങ്ങനെ? അതിലെ പ്രവചനങ്ങളിൽനിന്ന് എനിക്കും എന്റെ കുടുംബത്തിനും എങ്ങനെ പ്രയോജനം നേടാനാകും?’ എന്നാൽ ഈ ചോദ്യങ്ങൾക്കു ബൈബിളിൽ ഉത്തരമുണ്ട്.
മറ്റു പല വിധങ്ങളിലും ശ്രേഷ്ഠമാണു ബൈബിളിലെ പ്രവചനം. ജ്യോതിഷ പ്രവചനങ്ങളിൽനിന്നു വ്യത്യസ്തമായി, വ്യക്തികൾക്കു സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടെന്ന് അതു പ്രസ്താവിക്കുന്നു. അത് അനുസരിച്ച്, ആരും വിധിയുടെ കളിപ്പാവകളല്ല. (ആവർത്തനപുസ്തകം 30:19, 20) നോസ്ട്രഡാമസിനെ പോലുള്ളവരുടെ എഴുത്തുകൾ ജീവിതത്തിൽ യഥാർഥ മാർഗദർശനം നൽകുന്നവയല്ല. അവർ ഈ ബലഹീനവശം മറയ്ക്കുന്നത് നിഗൂഢത കൊണ്ടും ആളുകളെ ജിജ്ഞാസാഭരിതരാക്കുന്ന കാര്യങ്ങൾ കൊണ്ടുമാണ്. എന്നാൽ ബൈബിൾ പ്രവചനം ജീവിതത്തിന് അർഥവും മാർഗദർശനവും പകരുന്നു. ദൈവം തന്റെ ഉദ്ദേശ്യാനുസൃതം പ്രവർത്തിക്കാനിരിക്കുന്നതിന്റെ കാരണം അതു വിശദീകരിക്കുന്നു. (2 ദിനവൃത്താന്തം 36:15) മാത്രമല്ല, യഹോവയുടെ പ്രവചനങ്ങൾ ഒരിക്കലും നിവൃത്തിയേറാതെ പോകുന്നില്ല. കാരണം, അവൻ ‘ഭോഷ്കില്ലാത്ത ദൈവം’ ആണ്. (തീത്തൊസ് 1:2) അക്കാരണത്താൽ, ദൈവവചന പ്രകാരം പ്രവർത്തിക്കുന്നവരുടെ ജീവിതം പ്രബുദ്ധമാണ്, ഉദ്ദേശ്യപൂർണമാണ്, സന്തുഷ്ടമാണ്. വ്യർഥ കാര്യങ്ങൾക്കായി അവർ തങ്ങളുടെ വിലപ്പെട്ട സമയമോ വിഭവങ്ങളോ പാഴാക്കുന്നില്ല.—സങ്കീർത്തനം 25:12, 13.
ഇവയും മറ്റു പല ആശയങ്ങളും, യഹോവയുടെ സാക്ഷികൾ 1999/2000-ൽ ലോകമെമ്പാടും നടത്തിയ “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. അതിലെ പ്രസംഗങ്ങളും അഭിമുഖങ്ങളും പ്രകടനങ്ങളും ബൈബിൾ നാടകവുമൊക്കെ, ദൈവത്തിന്റെ പ്രാവചനിക വചനം പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നവരുടെ അത്ഭുതകരമായ ആത്മീയ പൈതൃകത്തിലേക്കു സദസ്യരുടെ ശ്രദ്ധ ക്ഷണിച്ചു. ആ കൺവെൻഷൻ പരിപാടിയിലെ ചില പ്രസക്ത ആശയങ്ങൾ പിൻവരുന്ന ലേഖനത്തിൽ അവലോകനം ചെയ്യുന്നതാണ്.