നിങ്ങളുടെ ഭാവി—അതിനെക്കുറിച്ച് ഗ്രഹിക്കാനുള്ള ഒരു മെച്ചമായ വിധം
“മകരരാശിയിലെ എട്ടു ഗ്രഹങ്ങളുടെ അപൂർവ്വ സംയോഗം നിമിത്തം” ലോകവ്യാപകമായ ഒരു വിപത്തുണ്ടാവുമെന്ന് 1962-ൽ ഇൻഡ്യൻ ജ്യോൽസ്യൻമാർ മുൻകൂട്ടിപ്പറഞ്ഞു. പക്ഷെ, അതു നിമിത്തം ഒന്നും സംഭവിച്ചില്ല. ഏറെ അടുത്ത കാലത്ത്, അതായത് 1980 അവസാനത്തിങ്കൽ ഫ്രാൻസിന്റെ പ്രസിഡൻറായ ഗിസ്ക്കാർഡ് ഡി എററാംഗ് ഒരു രണ്ടാം പ്രാവശ്യത്തേക്കുകൂടെ വീണ്ടും തെരഞ്ഞെടുക്കപ്പെടും എന്ന് മിക്ക ഫ്രഞ്ച് ജ്യോൽസ്യൻമാരും അഭിപ്രായപ്പെട്ടു. പക്ഷേ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അദ്ദേഹത്തിന്റെ എതിരാളി ആയിരുന്ന ഫ്രാൻസോയിസ് മിറററാൻറായിരുന്നു. ഭാവിയെപ്പററി ഗ്രഹിക്കാൻ യാതൊരു സുനിശ്ചിതമായ മാർഗ്ഗവും ജ്യോതിഷം പ്രദാനം ചെയ്യുന്നില്ല എന്ന് ഇതുപോലുള്ള പരാജയങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു.
ആ സ്ഥിതിക്ക് മറേറതെങ്കിലും മാർഗ്ഗം ഉണ്ടോ? ദൃഷ്ടാന്തത്തിന് ഭാവി മുൻകൂട്ടിപ്പറയാനുള്ള ശാസ്ത്രജ്ഞൻമാരുടെ ശ്രമങ്ങൾ നിങ്ങളെ സഹായിക്കുമോ? കൊള്ളാം, 1980-ൽ എന്തുസംഭവിക്കാൻ പോകുന്നു എന്നത് സംബന്ധിച്ച് 1970 മാഗ്രോഹിൽ ഇൻസ്ററിററ്യൂട്ട് (ഐക്യനാടുകൾ) നടത്തിയ പ്രവചനം ഇതാ: “കാൻസറിനെ കീഴടക്കുന്ന മരുന്നുകൾ, ചൊവ്വയിലേക്കും ശുക്രനിലേക്കും മനുഷ്യരെക്കയററിയുള്ള ശൂന്യാകാശയാത്രകൾ, വിദ്യുച്ഛക്തികൊണ്ടോടുന്ന കാറുകൾ, സർവ്വസാധാരണമായ ഭവന കംപ്യൂട്ടറുകൾ, നിങ്ങളുടെ ശിശുവിന്റെ ലിംഗം തെരഞ്ഞെടുക്കാനുള്ള സാദ്ധ്യത, ത്രിമാന ടെലിവിഷനും സിനിമയും.”
അങ്ങ് 1970-ൽ ഈ ഇൻസ്ററിററ്യൂട്ടിലെ ശാസ്ത്രജ്ഞൻമാർ പിൻവരുന്ന പ്രകാരം പ്രസ്താവിച്ചു: “ഈ സമ്പ്രദായപ്രകാരമുള്ള [പ്രവചിക്കൽ] ഒരു സംഘം വിദഗ്ദ്ധരുടെ ഏകകണ്ഠമായ അഭിപ്രായത്തിലൂടെയുള്ള ആശ്രയയോഗ്യമായ ഒരു ഭാവി ചിത്രം ലഭിക്കുന്നതിന് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.” പക്ഷെ ഈ വിദഗ്ദ്ധരുടെ പ്രവചനങ്ങൾ ഈ മണ്ഡലങ്ങളിലും രാഷ്ട്രീയരംഗം, സാമ്പത്തിക രംഗം എന്നിങ്ങനെ ഒട്ടേറെ മററു മണ്ഡലങ്ങളിലും തെറെറന്ന് തെളിഞ്ഞിരിക്കുന്നു.
വിവരങ്ങളുടെ ഒരു സുനിശ്ചിത സരണി
ജ്യോൽസ്യൻമാർക്കും ശാസ്ത്രജ്ഞൻമാർക്കും സംഭവിക്കാനിരിക്കുന്നവയെക്കുറിച്ച് എന്തെങ്കിലും കൃത്യതയോടെ യാതൊന്നും പ്രവചിക്കാൻ കഴികയില്ല എങ്കിൽ ഭാവിയെ സംബന്ധിച്ച് ആശ്രയയോഗ്യമായ വിവരങ്ങൾ ലഭിക്കുക അസാദ്ധ്യമാണ് എന്ന് അത് അർത്ഥമാക്കുന്നുവോ? ആശ കൈവെടിയുന്നതിന് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ബൈബിൾ പറയുന്നതെന്ത് എന്ന് നമുക്ക് പരിശോധിക്കാം. ബൈബിളിന്റെ ഗ്രൻഥകർത്താവായ യഹോവയെപ്പററി “ആരംഭത്തിങ്കൽത്തന്നെ അവസാനവും ദീർഘകാലം മുമ്പേതന്നെ ചെയ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളും അരുളിച്ചെയ്യുന്നവൻ” എന്ന് പറയപ്പെട്ടിരിക്കുന്നു.—യെശയ്യാവ് 46:10.
ദൈവവചനത്തിൽ നിരവധി പ്രവചനങ്ങൾ അടങ്ങിയിരിക്കുന്നു. അവ ജ്യോൽസ്യൻമാരുടെ പ്രവചനങ്ങളിൽ നിന്ന് ഭിന്നമായിരിക്കുന്നതെങ്ങനെ? മഹത്തായ ആശയങ്ങൾ എന്ന ഒരു ഗ്രൻഥം നൽകുന്ന മറുപടി പിൻവരുന്ന പ്രകാരമാണ്: “മർത്ത്യ മമനുഷ്യന്റെ ഭാവിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം എബ്രായ പ്രവാചകൻമാർ അനന്യരായി കാണപ്പെടുന്നു. പുറജാതി ആഭിചാരക്കാരിൽ നിന്നും ലക്ഷണം പറച്ചിലുകാരിൽ നിന്നും ഭിന്നമായി, . . . അവർക്ക് കർമ്മങ്ങളോ മന്ത്രോപകരണങ്ങളോ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. . . . അവരുടെ പ്രാവചനിക ഭാഷണങ്ങളിൽ അധികപങ്കും വിജാതീയ ദിവ്യോച്ചാരണങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വളരെ വ്യക്തതയുള്ളതായി തോന്നുന്നു. കുറഞ്ഞപക്ഷം ദൈവനിശ്ചയത്തിന്റെ ഗതി മനുഷ്യർ മുൻകാണാൻ ദൈവം താൻ ആഗ്രഹിക്കുന്നതായ കാര്യങ്ങളെ സംബന്ധിച്ചുള്ള അവന്റെ നിർണ്ണയം മറച്ചുവയ്ക്കയല്ല വെളിപ്പെടുത്തിക്കൊടുക്കുകയാണ് അവയുടെ ഉദ്ദേശ്യം എന്ന് കാണപ്പെടുന്നു.”
ഇതിന്റെ ഒരു ദൃഷ്ടാന്തമെന്നനിലയിൽ, യേശുവിനെ സംബന്ധിച്ചുള്ള ധാരാളം വിവരങ്ങൾ അവന്റെ ജനനത്തിന് അനവധി നൂററാണ്ടുകൾ മുമ്പേ ബൈബിളിൽ രേഖപ്പെടുത്തിയിരുന്നു. അവൻ ബേത്ലഹേം പട്ടണത്തിൽ ദാവീദ് രാജാവിന്റെ പിതാവായ യിശ്ശായിയുടെ ഗോത്രപരമ്പരയിൽ ജനിക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. (മീഖാ 5:2; യെശയ്യാവ് 11:1, 10) അവൻ ഒരു സ്തംഭത്തിൽ തൂക്കപ്പെടുമെന്നും, എന്നാൽ അത്തരം വധനിർവ്വഹണങ്ങൾക്കുശേഷം സാധാരണ ചെയ്തു പോന്നിരുന്നതുപോലെ അവന്റെ അസ്ഥികളിലൊന്നും പക്ഷെ ഒടിക്കുകയില്ലെന്നും തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഈ വിശദാംശങ്ങളെല്ലാം സത്യമായി ഭവിച്ചു. ഒരു ബൈബിൾ പണ്ഡിതൻ നിർണ്ണയം ചെയ്തപ്രകാരം യേശുവിൽ നിറവേറിയ 120-ലധികം പ്രവചനങ്ങളിൽ ഇവ കേവലം ചുരുക്കം ചില ഉദാഹരണങ്ങളാണ്.—സങ്കീർത്തനം 22:16, 17; 34:20.
ഇന്ന് നിവൃത്തിയേറിയ ഒരു പ്രവചനം
കൂടുതലായി, നമ്മുടെ നാളുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവചനങ്ങൾ ബൈബിളിലടങ്ങിയിരിക്കുന്നു. ഇവയിലേററവും പ്രധാനമായ ഒന്നിനെക്കുറിച്ച് നമുക്ക് പരിചിന്തിക്കാം. ഭൗമിക കാര്യങ്ങളിൽ ദൈവരാജ്യം നാടകീയമായി ഇടപെടുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിനെ അടയാളപ്പെടുത്തുന്ന സംഭവങ്ങളുടെ ഒരു പരമ്പരയെ അത് വർണ്ണിക്കുന്നു. ഈ സംഭവങ്ങളിൽ ലോകമഹായുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ, ക്ഷാമങ്ങൾ, അധർമ്മത്തിന്റെ വർദ്ധനവ് എന്നിവയുൾപ്പെടുന്നു. നമ്മുടെ 20-ാം നൂററാണ്ടിൽ ഈ വക കാര്യങ്ങളുടെ രൂക്ഷഭാവം ലോക വാർത്തയിൽ പ്രാമുഖ്യത കൈവരിച്ചിട്ടില്ലേ?—മത്തായി 24:3, 7-14; ലൂക്കോസ് 21:7, 10, 11; 2 തിമൊഥെയോസ് 3:1-5.
വൃക്ഷങ്ങളുടെ തളിർപ്പ് വസന്തകാലാഗമനത്തെ പ്രഖ്യാപിക്കുന്നത്ര സുനിശ്ചിതത്വത്തോടെ ഈ പ്രവചനങ്ങളുടെ നിവൃത്തി തന്റെ രാജ്യത്തിന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്നു എന്ന് യേശു വിശദമാക്കി. അവയെല്ലാം ഒരൊററ തലമുറയിൽ തന്നെ നിറവേറേണ്ടിയിരിക്കുന്നുവെന്നും അവൻ വ്യക്തമാക്കി. മേൽവിവരിച്ച വിശദാംശങ്ങളുൾപ്പെടെ ആ അടയാളത്തിന്റെ സർവ്വ വശങ്ങളും 1914a മുതൽക്ക് നമ്മുടെ കൺമുമ്പാകെ നിറവേറിയിരിക്കുന്നു. അതുകൊണ്ട് രാജ്യം വളരെ വേഗം കർത്തവ്യനിർവ്വഹണം ആരംഭിക്കും എന്ന് നമുക്ക് തികഞ്ഞ ഉറപ്പുള്ളവരായിരിക്കാം.—ലൂക്കോസ് 21:29-33.
ഈ കാലത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്ന മറെറാരു സവിശേഷത “പോംവഴി അറിയാതെയുള്ള രാഷ്ട്രങ്ങളുടെ അതിവേദന“ ആയിരിക്കും.” (ലൂക്കോസ് 21:25) ജ്യോതിഷത്തിലും മററ് രൂപങ്ങളിലുള്ള ഗൂഢജ്ഞാനത്തിലും ഇന്ന് ഇത്രമാത്രം ഔൽസുക്യം ഉള്ളതെന്തുകൊണ്ട്? ഫ്രഞ്ച് വാർത്താപത്രമായ ലീ മോൺടെ ഡി മാൽചെ മറുപടി നൽകുന്നു: “പ്രതിസന്ധിയെ അഭിമുഖീകരിക്കവെ ജനങ്ങൾ, ശുഭപ്രതീക്ഷയുടെ ഉറപ്പിനുവേണ്ടിയുള്ള അവരുടെ അന്വേഷണം ഒന്നിലും ഒതുക്കി നിർത്തുന്നില്ല. അതീന്ദ്രിയ മനഃശാസ്ത്രം (Parapsychology) അൽപ്പ പ്രയത്നത്തിന് വലിയ ആശ്വാസം നൽകുന്നു. ന്യൂക്ലിയർ ശക്തികൊണ്ടുള്ള മഹാകൃത്യങ്ങൾ, ജീൻ സംയോജനം (Gene Splicing) എന്നിവപോലുള്ള ഭയാവഹമായ ശാസ്ത്രീയ നേട്ടങ്ങളുടെ ഈ യുഗത്തിൽ അജ്ഞാതവും സാമാന്യ ബോധത്തിനപ്പുറമുള്ളതുമായ ലോകത്തേക്ക്, ജീവിതത്തിന്റെ അർത്ഥം വീണ്ടെടുക്കാനുള്ള യത്നത്തിൽ ഒളിച്ചോടാൻ ആളുകൾ പ്രലോഭിപ്പിക്കപ്പെടുന്നു.” അതുകൊണ്ട്, ജ്യോതിഷം പോലുള്ള ഗൂഢജ്ഞാനവിദ്യകളിൽ ആളുകൾക്കുള്ള വ്യാപകമായ താത്പര്യത്തിൽ നാം ആശ്ചര്യപ്പെടുന്നില്ല. യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തി എന്ന നിലയിൽ ആളുകൾ അനുഭവിക്കുന്ന “അതിവേദന”യുടെ ലക്ഷണങ്ങളിലൊന്നാണത്.
‘നിങ്ങളുടെ ശിരസ്സുകളുയർത്തുവിൻ’
ഈ കാര്യങ്ങളെല്ലാം കാണുമ്പോൾ ക്രിസ്ത്യാനികൾ എന്താണ് ചെയ്യേണ്ടത്? അവർക്കു ചുററുമുള്ള ആളുകളെപ്പോലെ ഭയത്തിനടിപ്പെടുകയോ? യേശു പിൻവരുന്ന ബുദ്ധിയുപദേശം നൽകി: “പക്തെ, ഈ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങുമ്പോൾ, നിവർന്ന് നിങ്ങളുടെ ശിരസ്സുകളുയർത്തുവിൻ എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു.”—ലൂക്കോസ് 21:28.
നിങ്ങളുടെ ഭാവിയെക്കുറിച്ചു കൂടുതൽ വിശദമായി അറിയാൻ നിങ്ങളിഷ്ടപ്പെടുന്നുവോ? എങ്കിൽ, ബൈബിൾ ആഴത്തിൽ പരിശോധിക്കാൻ സമയം എടുക്കുകയും “നിശ്വസ്തവചനങ്ങൾ ദൈവത്തിൽ നിന്നുത്ഭവിക്കുന്നുവോ എന്ന് അറിയാൻ അവയെ പരിശോധിക്കുക”യും ചെയ്യുക. (1 യോഹന്നാൻ 4:1) ബൈബിൾ പ്രവചനങ്ങൾ ക്രമമായി ചർച്ചചെയ്യുകയും അവയ്ക്ക് നമ്മുടെ നാളിലുള്ള പ്രയുക്തത വിശദമാക്കുകയും ചെയ്യുന്ന വീക്ഷാഗോപുരം മാസികയുടെ സഹായത്താൽ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ഇപ്രകാരം കുഴപ്പം നിറഞ്ഞ ഇന്നത്തെ ലോകത്തിന്റെ അന്ത്യം സമീപസ്ഥമായിരിക്കുന്നുവെന്ന് അറിയുമ്പോൾ “നിങ്ങളുടെ ശിരസ്സുയർത്താൻ” നിങ്ങളും പ്രാപ്തനായിത്തീരും. ഹൃദയനീതിയുള്ള സകലരുടെയും പ്രയോജനാർത്ഥം ലോകകാര്യങ്ങളിൽ വേഗത്തിൽ ഇടപെടാനിരിക്കുന്ന മശിഹൈക രാജ്യത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ നിങ്ങൾ ചെയ്യേണ്ടതെന്ത് എന്നും നിങ്ങൾ ഗ്രഹിക്കാനിടയാകും. (w87 3/1)
[അടിക്കുറിപ്പുകൾ]
a ഈ പ്രവചനങ്ങളുടെ 1914 തുടങ്ങിയുള്ള നിവൃത്തി സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ള യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—അതെങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിന്റെ 7-ാം അദ്ധ്യായം കാണുക.
[5-ാം പേജിലെ ചതുരം]
“അടയാളം . . . സത്യമായി ഭവിച്ചു”
ഭാഗ്യം പറയുന്ന ഒരാളുടെ അടുക്കൽ പോകുന്നതിലോ വാർത്താപത്രങ്ങളിൽ നിങ്ങളുടെ നക്ഷത്ര വാരഫലം നോക്കുന്നതിലോ എന്താണ് തെററ്? ഇത് ഒരു നിരുപദ്രവമായ തമാശ അല്ലേ?
ബൈബിൾ ഈ കാര്യത്തെ അത്ര ലാഘവത്തോടെയല്ല കൈകാര്യം ചെയ്യുന്നത്. വാസ്തവത്തിൽ ആത്മമദ്ധ്യവർത്തികൾ, ആഭിചാരക്കാർ എന്നിവർക്കെതിരെ ബൈബിൾ നമ്മെ ജാഗരൂകരാക്കി നിർത്തുന്നു. ആവർത്തനപ്പുസ്തകത്തിൽ യഹോവ പിൻവരുന്ന താക്കീത് നൽകുന്നു: “ഒരു പ്രവാചകനോ ഒരു സ്വപ്നത്തിന്റെ ദർശകനോ നിങ്ങൾക്ക് ഒരു അടയാളമോ, ശകുനമോ നൽകുകയും ‘നമുക്ക് അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലാം’ എന്ന് പറഞ്ഞുകൊണ്ടു നൽകിയ ആ അടയാളമോ ശകുനമോ സത്യമായി ഭവിക്കുകയും ചെയ്താൽ, . . . ആ പ്രവാചകന്റെ, ആ സ്വപ്നത്തിന്റെ, ദർശകന്റെ വാക്കുകൾ നീ ശ്രദ്ധിക്കരുത്.”—ആവർത്തനം 13:1-3.
ആത്മമദ്ധ്യവർത്തികളുടെയും ജ്യോൽസ്യൻമാരുടെയും പ്രവചനങ്ങളിൽ ചിലവ സത്യമായി ഭവിച്ചേക്കാം എന്ന വസ്തുതയെ ബൈബിൾ ചോദ്യം ചെയ്യുന്നില്ല എന്നത് നിരീക്ഷിക്കുക. പ്രത്യുത, ഈ പ്രവചനങ്ങൾ ആകാശങ്ങളിലെ ലക്ഷണങ്ങളോ ആഭിചാരത്തിന്റെ മററ് വിധങ്ങളോ ആധാരമാക്കിയുള്ളതാണെങ്കിൽ അവ ഭൂതങ്ങളിൽ നിന്ന് വരുന്നവയും വഞ്ചിക്കുന്നവയും സത്യദൈവത്തിൽ നിന്ന് മനുഷ്യരെ അകററുന്നവയും ആണെന്ന് ബൈബിൾ നമുക്ക് മുന്നറിയിപ്പ് നൽകുന്നു.—പ്രവൃത്തികൾ 16:16-18 കാണുക.
ജ്യോൽസ്യൻമാർക്കോ ഭാവി മുൻകൂട്ടിപ്പറയുന്നവരെന്ന് അവകാശപ്പെടുന്ന മററുള്ളവർക്കോ ശ്രദ്ധ നൽകുകയെന്നാൽ ഗുരുതരമായ ആത്മീയ പ്രശ്നങ്ങൾക്കു വിധേയമാകുകയും ഒടുവിൽ “സ്വർലോകങ്ങളിലെ ദുഷ്ടാത്മ സേനകളുടെ” അടിമയായിത്തീരുകയും ചെയ്യുന്ന അപകടം വരുത്തിവയ്ക്കുകയായിരിക്കും ചെയ്യുക. (എഫേസ്യർ 6:12) അപ്രകാരം, അത്തരം വ്യക്തികളോട് ആലോചന ചോദിക്കുക എന്നതിനെ ദൈവം ഒരു ഗുരുതരമായ പാപമായി കാണുന്നു; അത്തരം കാര്യങ്ങൾ ആചരിക്കുന്ന ആളുകൾ അവന്റെ കണ്ണുകളിൽ നിന്ദ്യരാണ്, അവർ അവന്റെ രാജ്യം അവകാശമാക്കുകയില്ല.—വെളിപ്പാട് 22:15.
അതുകൊണ്ട്, ജ്യോതിഷത്തിനും മററു രൂപങ്ങളിലുള്ള ആഭിചാരങ്ങൾക്കും എതിരെ ബൈബിൾ നമ്മെ ജാഗ്രരായി നിർത്തുന്നത് നമ്മുടെ സ്വന്ത നൻമയെ പ്രതിയാണ്.
[6-ാം പേജിലെ ചതുരം]
ബൈബിൾ കാലത്തിന് മുമ്പേ ഇങ്ങനെ പ്രവചിച്ചിരുന്നു:
◆ യേശു ബേത്ലഹേമിൽ ജനിക്കും.—മീഖാ 5:2.
◆ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ ഭവനത്തിൽ അവൻ ജനിക്കും.—യെശയ്യാവ് 11:1, 10.
◆ അവൻ സ്തംഭത്തിൻമേൽ കൊല്ലപ്പെടും.—സങ്കീർത്തനം 22:16, 17.
◆ അവന്റെ അസ്ഥികളിലൊന്നും ഒടിക്കപ്പെടുകയില്ല.—സങ്കീർത്തനം 34:20.