‘കാറ്റ് നമുക്കു പ്രതികൂലം ആയിരിക്കുമ്പോൾ’
ഒരു പടകിൽ ഗലീലാ കടൽ കുറുകെ കടക്കാൻ പണിപ്പെടവെ യേശുവിന്റെ ശിഷ്യന്മാർക്ക് ഉണ്ടായ ഒരു അനുഭവം സുവിശേഷ എഴുത്തുകാരനായ മർക്കൊസ് വിവരിക്കുന്നു. ‘കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലഞ്ഞു’ എന്ന് അവൻ പറയുന്നു. കടൽത്തീരത്തുനിന്നു നോക്കിയപ്പോൾ അവരുടെ ദുരവസ്ഥ കണ്ട യേശു കടലിന്മീതേകൂടി അത്ഭുതകരമായി നടന്ന് അവരുടെ അടുത്തു ചെന്നു. ‘അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു’ എന്ന് മർക്കൊസ് പറയുന്നു.—മർക്കൊസ് 6:48-51.
മുമ്പ് ഒരു അവസരത്തിൽ ‘വലിയ ചുഴലിക്കാറ്റ് ഉണ്ടായ’പ്പോൾ യേശു ‘കാറ്റിനെ ശാസിച്ചതിന്റെ’ ഫലമായി ‘കാറ്റ് അമർന്ന് വലിയ ശാന്തത ഉണ്ടായതായി’ അതേ ബൈബിൾ എഴുത്തുകാരൻതന്നെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.—മർക്കൊസ് 4:37-39.
അത്തരം അത്ഭുതകരമായ സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കാനുള്ള അവസരം ഇല്ലെങ്കിലും, നമുക്ക് ഇന്ന് അവയിൽനിന്നു ധാരാളം കാര്യങ്ങൾ പഠിക്കാനാകും. ഈ അപകടകരമായ നാളുകളിൽ ജീവിച്ചിരിക്കുന്ന അപൂർണരായ നമുക്കു പ്രാതികൂല്യങ്ങളുടെ കാറ്റിൽനിന്ന് ഒഴിവുള്ളവരായിരിക്കാൻ കഴിയില്ല. (2 തിമൊഥെയൊസ് 3:1-5) വാസ്തവത്തിൽ, വ്യക്തിപരമായ പരിശോധനകളോടു ബന്ധപ്പെട്ട കഷ്ടപ്പാടുകൾ ചില അവസരങ്ങളിൽ കൊടുങ്കാറ്റു പോലെ രൂക്ഷമായിത്തീരുന്നു എന്ന് നമുക്കു തോന്നിയേക്കാം. എന്നാൽ ആശ്വാസം ലഭ്യമാണ്! യേശു ഈ ക്ഷണം വെച്ചുനീട്ടുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.”—മത്തായി 11:28.
‘കാറ്റു നമുക്കു പ്രതികൂലം’ ആണെന്നു തോന്നുമ്പോൾപ്പോലും നമുക്കു മാനസികമായി “വലിയ ശാന്തത” അനുഭവിക്കാൻ കഴിയും. എങ്ങനെ? യഹോവയാം ദൈവത്തിന്റെ പരാജയമടയാത്ത വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നതിനാൽ.—യെശയ്യാവു 55:9-11; ഫിലിപ്പിയർ 4:5-7 എന്നിവ താരതമ്യം ചെയ്യുക.