ക്രിസ്തുമസ്സ്—എന്തുകൊണ്ട് പൗരസ്ത്യ ദേശങ്ങളിലും?
ക്രിസ്തുമസ്സിലെ സാന്താക്ലോസ്, ഒരു പൗരസ്ത്യ വിശ്വാസത്തെ അനുസ്മരിപ്പിക്കുന്നു—ചോവാൻഷിൻ എന്ന ഒരാളിലുള്ള കൊറിയക്കാരുടെ വിശ്വാസത്തെ. സമാനമായ വിശ്വാസം ചില ചൈനക്കാരുടെയും ജപ്പാൻകാരുടെയും ഇടയിലും നിലവിലുണ്ട്.
അടുക്കളയുടെ ചുമതലയുള്ള ദേവനാണ് ചോവാൻഷിൻ എന്നു കരുതപ്പെട്ടിരുന്നു. ഈ ദേവനുമായി ബന്ധപ്പെട്ടായിരുന്നു പുരാതന കൊറിയക്കാർ അഗ്നിയാരാധന നടത്തിയിരുന്നത്. (പണ്ടുകാലത്തു കൊറിയക്കാർ തീക്കനൽ കെട്ടുപോകാതെ വളരെ ശ്രദ്ധാപൂർവം ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോയിരുന്നു.) ഈ ദേവൻ ഒരു വർഷത്തോളം കുടുംബാംഗങ്ങളുടെ സ്വഭാവം അടുത്തു നിരീക്ഷിച്ച ശേഷം അടുക്കളയിലെ അടുപ്പിൽ കടന്ന് ചിമ്മിനിയിലൂടെ സ്വർഗാരോഹണം ചെയ്യുന്നതായി ആളുകൾ വിശ്വസിച്ചിരുന്നു.
ചാന്ദ്രിക മാസപ്രകാരമുള്ള ഡിസംബർ 23-നു ചോവാൻഷിൻ സ്വർലോക രാജാവിനെ വിവരം ധരിപ്പിക്കുമായിരുന്നത്രെ. ആ മാസാവസാനം അവൻ ഓരോ കുടുംബാംഗത്തിന്റെയും പ്രവൃത്തിക്കനുസൃതം പ്രതിഫലമോ ശിക്ഷയോ സഹിതം ചിമ്മിനിയിൽ കടന്ന് അടുപ്പിലൂടെ മടങ്ങിവരുമെന്നു കരുതപ്പെട്ടിരുന്നു. അവൻ മടങ്ങിയെത്തുന്ന ദിവസം കുടുംബാംഗങ്ങൾ അടുക്കളയിലും മറ്റും മെഴുകുതിരികൾ കത്തിച്ചു വെക്കണമായിരുന്നു. അടുക്കള ദേവന്റെ ചിത്രങ്ങൾക്ക് സാന്താക്ലോസ്സുമായി മറ്റൊരു സാമ്യം ഉണ്ട്—ചെമന്ന വസ്ത്രധാരിയായിട്ടാണ് അവൻ ചിത്രീകരിക്കപ്പെട്ടിരുന്നത്! പരമ്പരാഗത കൊറിയൻ കാലുറ നെയ്തെടുത്ത് മകര സംക്രാന്തി നാളിൽ മരുമകൾ അമ്മായിയമ്മയ്ക്കു നൽകുന്നത് അവിടത്തെ ഒരു ആചാരം ആയിരുന്നു. ആ ദിവസത്തെ തുടർന്നു പകൽസമയത്തിനു ദൈർഘ്യം കൂടുന്നതിനാൽ അമ്മായിയമ്മ ദീർഘകാലം ജീവിക്കണമെന്നുള്ള മരുമകളുടെ ആഗ്രഹത്തെ അതു പ്രതീകപ്പെടുത്തുമായിരുന്നു.
മേൽപ്പറഞ്ഞ വിവരങ്ങളും ക്രിസ്തുമസ്സും തമ്മിൽ ചില സാമ്യങ്ങൾ ഉള്ളതായി നിങ്ങൾക്കു തോന്നുന്നില്ലേ? ഈ രണ്ട് ആഘോഷങ്ങളുടെ കാര്യത്തിലും സമാനമായ കഥകളും ആചാരങ്ങളും നിലവിലുണ്ട്: ചിമ്മിനി, മെഴുകുതിരികൾ, സമ്മാനം നൽകൽ, ചെമന്ന വസ്ത്രം ധരിച്ച ഒരു വൃദ്ധൻ, ആഘോഷ തീയതി എന്നിവ. എന്നുവരികിലും, അത്തരം സമാനതകൾ കൊണ്ടു മാത്രമല്ല കൊറിയയിൽ ക്രിസ്തുമസ്സിനു പരക്കെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കൊറിയയിൽ ക്രിസ്തുമസ്സ് രംഗപ്രവേശം ചെയ്തപ്പോഴേക്കും ചോവാൻഷിനിൽ ഉള്ള വിശ്വാസത്തിനു കാര്യമായി മങ്ങലേറ്റിരുന്നു. അത്തരമൊരു വിശ്വാസം നിലവിലിരുന്നു എന്നു മിക്ക കൊറിയക്കാർക്കും ഇന്ന് അറിഞ്ഞുകൂടാ എന്നതാണു വാസ്തവം.
എന്നുവരികിലും, മകര സംക്രാന്തിയും വർഷാന്ത്യവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്ത വിധങ്ങളിൽ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത് എങ്ങനെയെന്ന് ഇതു വ്യക്തമാക്കുന്നു. പൊ.യു. നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിൽ നിലവിലിരുന്ന സഭ, സൂര്യദേവന്റെ ജന്മദിനമായ സാറ്റർനേലിയ എന്ന പുറജാതീയ റോമൻ ആഘോഷത്തിന്റെ പേരുമാറ്റി അതിനെ ക്രിസ്തുമസ്സിന്റെ ഭാഗമാക്കി. പ്രാദേശിക ആചാരങ്ങൾ ക്രിസ്തുമസ്സിന്റെ പേരിൽ വീണ്ടും രംഗപ്രവേശം ചെയ്തെന്നു മാത്രം. അതെങ്ങനെ സാധ്യമായി?
സമ്മാനം നൽകലിന്റെ പങ്ക്
ഒരിക്കലും തിരോധാനം ചെയ്യാഞ്ഞ ഒരു ആചാരമാണു സമ്മാനം നൽകൽ. സമ്മാനങ്ങൾ നൽകുന്നതിലും സ്വീകരിക്കുന്നതിലും കൊറിയക്കാർ പണ്ടുമുതൽക്കേ സന്തോഷം കണ്ടെത്തുന്നവരാണ്. കൊറിയയിൽ ക്രിസ്തുമസ്സിനു വലിയ പ്രചാരം സിദ്ധിക്കാൻ ഇത് ഒരു കാരണമായി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കൊറിയയിൽ താമസിച്ചിരുന്ന യു.എസ്. സൈനികർ ആളുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പള്ളികളിൽ കൂടിവന്ന് സമ്മാനങ്ങളും ദുരിതാശ്വാസ സഹായങ്ങളും നൽകിയിരുന്നു. പ്രത്യേകിച്ചും ക്രിസ്തുമസ്സ് നാളിലാണ് അവർ അങ്ങനെ ചെയ്തിരുന്നത്. ആകാംക്ഷാഭരിതരായ നിരവധി കുട്ടികളും പള്ളികളിൽ എത്തിയിരുന്നു. അവിടെവെച്ചാണ് അവർക്ക് ആദ്യമായി ചോക്കലേറ്റുകൾ സമ്മാനമായി ലഭിച്ചത്. അടുത്ത ക്രിസ്തുമസ്സിനായി അവരിൽ അനേകരും കാത്തിരുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
ആ കുട്ടികളെ സംബന്ധിച്ചിടത്തോളം, സാന്താക്ലോസ് ചെമന്ന, കൂർത്ത തൊപ്പി ധരിച്ച ഒരു അമേരിക്കൻ ഭടനായിരുന്നു. “സമ്മാനങ്ങൾ കൊടുക്കുന്നവന് എല്ലാവരും സ്നേഹിതരാണ്” എന്നു സദൃശവാക്യങ്ങൾ 19:6 (പി.ഒ.സി. ബൈബിൾ) പറയുന്നു. അതേ, സമ്മാനങ്ങൾ നൽകുന്നതു വളരെ ഫലപ്രദമെന്നു തെളിഞ്ഞു. എങ്കിലും, ആ വാക്യം വ്യക്തമാക്കുന്നതു പോലെ, അത്തരം സമ്മാനങ്ങൾ നിലനിൽക്കുന്ന സൗഹൃദം ഉറപ്പേകുന്നില്ല. കൊറിയയിൽ പോലും അനേകർക്കും പള്ളിയുമായുള്ള ബന്ധം കുട്ടിക്കാലത്തു ലഭിച്ചിരുന്ന സ്വാദേറിയ ചോക്കലേറ്റിൽ ഒതുങ്ങുന്നു. എങ്കിലും, ക്രിസ്തുമസ്സ് ആരും തന്നെ മറന്നുകളഞ്ഞില്ല. കൊറിയയിൽ ദ്രുതഗതിയിൽ ഉണ്ടായ സാമ്പത്തിക വളർച്ചയോടൊപ്പം വ്യാപാര രംഗവും വളർന്നു. ഉപഭോക്താക്കളെക്കൊണ്ടു പണം ചെലവഴിപ്പിക്കുന്നതിനുള്ള ഒരു ലളിത മാർഗമായിരുന്നു ക്രിസ്തുമസ്സ് സമ്മാനങ്ങൾ. ലാഭം കൊയ്യാൻ വ്യാപാരരംഗം ക്രിസ്തുമസ്സിനെ മുതലെടുത്തു.
ഇതെല്ലാം, പൗരസ്ത്യ ദേശത്തെ ഇന്നത്തെ ക്രിസ്തുമസ്സിനെ കുറിച്ചു നിങ്ങൾക്ക് ഒരു ഉൾക്കാഴ്ച പകരുന്നു. കടിഞ്ഞാണില്ലാത്ത ക്രിസ്തുമസ്സ് ഷോപ്പിങ്ങിനെ ലക്ഷ്യമാക്കി പുതിയ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. വേനൽക്കാലം പകുതി പിന്നിടുമ്പോഴേക്കും അവയുടെ പരസ്യങ്ങൾ രംഗപ്രവേശം ചെയ്യുകയായി. ക്രിസ്തുമസ്സ് സമ്മാനങ്ങളുടെയും കാർഡുകളുടെയും സംഗീത കാസറ്റുകളുടെയും വിൽപ്പന സഹിതം ഏറ്റവും അധികം കച്ചവടം നടക്കുന്നതു വർഷാന്ത്യത്തിലാണ്. ക്രിസ്തുമസ്സിന്റെ തലേന്നു വൈകുന്നേരം പുറത്തിറങ്ങാതിരിക്കുകയോ അന്നു സമ്മാനം ലഭിക്കാതെ പോകുകയോ ചെയ്യുന്നതു വളരെ ദയനീയമായ സംഗതിയാണെന്നു മിക്കവാറും എല്ലാ യുവജനങ്ങൾക്കും തോന്നുമാറ് പരസ്യങ്ങൾ അവരുടെ മേൽ അങ്ങേയറ്റം സ്വാധീനം ചെലുത്തുന്നു!
ക്രിസ്തുമസ്സ് അടുത്തു വരുന്തോറും സോളിലെ കടകളും കച്ചവട കേന്ദ്രങ്ങളും സമ്മാനങ്ങൾ വാങ്ങാനെത്തുന്നവരെ കൊണ്ടു നിറയുന്നു. പൗരസ്ത്യ ദേശത്തെ മറ്റു നഗരങ്ങളിലെ അവസ്ഥയും അതുതന്നെ. ഗതാഗതക്കുരുക്കുകൾ ഉണ്ടാകുന്നു. ഹോട്ടലുകളും ബിസിനസ്സ് കേന്ദ്രങ്ങളും റെസ്റ്ററന്റുകളും നിശാക്ലബ്ബുകളും ആളുകളെ കൊണ്ടു നിറയുന്നു. ആഘോഷത്തിമിർപ്പിൽ ആറാടുന്നതിന്റെ ശബ്ദം—ഉച്ചത്തിലുള്ള സംഗീതം—കേൾക്കാവുന്നതാണ്. ക്രിസ്തുമസ്സിന്റെ തലേന്നു വൈകുന്നേരം തെരുവുകൾ കുപ്പകൊണ്ടു നിറയുന്നു, കുടിച്ചു ലക്കുകെട്ട സ്ത്രീപുരുഷന്മാർ തെരുവിലൂടെ നടക്കുന്നതു കാണാം.
അതാണ് അവിടത്തെ ക്രിസ്തുമസ്സ്. പൗരസ്ത്യ ദേശങ്ങളിൽ ക്രിസ്തുമസ്സ് ഇപ്പോൾ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരുടെ ആഘോഷമല്ല. മറ്റെവിടെയും പോലെ കൊറിയയിലും ക്രൈസ്തവ വിശേഷദിവസമായ ക്രിസ്തുമസ്സിൽ പരമാവധി നേട്ടം കൊയ്യുന്നതു വ്യാപാര രംഗമാണ്. ക്രിസ്തുമസ്സ് ക്രിസ്തുവിന്റെ മനോഭാവത്തിന് ഒട്ടും നിരക്കാത്തത് ആയിരിക്കുന്നതിന് വ്യാപാര രംഗത്തെ മാത്രമാണോ പഴിക്കേണ്ടത്? ഉൾപ്പെട്ടിരിക്കുന്ന ഗൗരവതരമായ സംഗതികൾ സത്യക്രിസ്ത്യാനികൾ ആഴമായി ആരാഞ്ഞറിയേണ്ടതുണ്ട്.
ക്രിസ്തുമസ്സിന്റെ ഉത്ഭവം
മൃഗശാലയിലെ കൂട്ടിലേക്കു മാറ്റപ്പെടുന്ന ഒരു വന്യമൃഗം അപ്പോഴും ഒരു വന്യമൃഗം തന്നെയാണ്. അതു കുറെ കാലമായി കൂട്ടിലായിരിക്കുന്നതിനാലും അതിന്റെ കുഞ്ഞുങ്ങളോടൊപ്പം സന്തോഷപൂർവം കഴിയുന്നതായി കാണപ്പെടുന്നതിനാലും മാത്രം അതു വളർത്തുമൃഗമായി മാറിയെന്നു വിചാരിക്കുന്നതു ഹിമാലയൻ അബദ്ധമായിരിക്കും. മൃഗശാലയിലെ ജോലിക്കാരെ മൃഗങ്ങൾ ആക്രമിച്ചതിന്റെ റിപ്പോർട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും.
ക്രിസ്തുമസ്സ് ആഘോഷത്തെ കുറിച്ചും നമുക്ക് ഏതാണ്ട് അതുതന്നെ പറയാവുന്നതാണ്. ആദ്യമൊക്കെ അതു ക്രിസ്ത്യാനിത്വത്തിനു വെളിയിൽ കഴിഞ്ഞിരുന്ന ഒരു “വന്യമൃഗം” ആയിരുന്നു. “റോമൻ സാറ്റർനേലിയയുമായുള്ള ബന്ധം” എന്ന ഉപതലക്കെട്ടിൻ കീഴിൽ ദ ക്രിസ്റ്റ്യൻ എൻസൈക്ലോപീഡിയ (കൊറിയൻ)a ക്രിസ്തുമസ്സിനെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു:
“സാറ്റർനേലിയ, ബ്രൂമേലിയ എന്നീ പുറജാതീയ ആഘോഷങ്ങൾ ക്രിസ്തീയ സ്വാധീനത്തിനു തുടച്ചു നീക്കാനാകാത്ത വിധം ആഴത്തിൽ വേരൂന്നിയ ജനകീയ ആചാരങ്ങൾ ആയിരുന്നു. കോൺസ്റ്റന്റയ്ൻ ചക്രവർത്തി ഞായറാഴ്ചയെ (അപ്പോളോ-മിത്രോ ദേവന്മാരുടെയും കർത്താവിന്റെയും ദിനമായി) അംഗീകരിച്ചത് . . . സൂര്യന്റെ ജന്മദിനത്തെ ദൈവപുത്രന്റെ ജന്മദിനമാക്കുന്നത് ഉചിതമാണെന്നു നിഗമനം ചെയ്യുന്നതിലേക്കു നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ നയിച്ചിരിക്കാം. യാതൊരു കടിഞ്ഞാണുമില്ലാത്ത കുടിച്ചു കൂത്താട്ടങ്ങൾ ഉൾപ്പെടുന്ന പുറജാതീയ ആഘോഷങ്ങൾ പരക്കെ സ്വീകാര്യമായിരുന്നതിനാൽ മനോഭാവത്തിലോ രീതിയിലോ കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ ആ പുറജാതീയ ആഘോഷം തുടരാൻ ക്രിസ്ത്യാനികൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.”
ഇക്കാര്യത്തിൽ എതിർപ്പൊന്നും ഉണ്ടായില്ല എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? മേലുദ്ധരിച്ച അതേ എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്താവിക്കുന്നു: “പാശ്ചാത്യ-സമീപപൗരസ്ത്യ ദേശങ്ങളിലെ പ്രസംഗകർ, വേണ്ടത്ര കാര്യഗൗരവമില്ലാതെ ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് എതിരെ ശബ്ദമുയർത്തി. അതേസമയം, ഈ പുറജാതീയ ഉത്സവത്തെ ക്രിസ്തീയവത്കരിക്കുക വഴി പാശ്ചാത്യ ദേശത്തെ തങ്ങളുടെ സഹോദരങ്ങൾ വിഗ്രഹാരാധനയിലും സൂര്യാരാധനയിലും ഏർപ്പെട്ടതായി മെസൊപ്പൊത്താമ്യയിലെ ക്രിസ്ത്യാനികൾ കുറ്റപ്പെടുത്തി.” എന്നാൽ, തുടക്കം മുതലേ എന്തോ പിശകുണ്ടായിരുന്നു എന്നതാണു വസ്തുത. ആ എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്തുതന്നെയാണെങ്കിലും, പ്രസ്തുത ഉത്സവം ദ്രുതഗതിയിൽ അംഗീകാരം നേടിയെടുത്തു. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു പോലും അതിനെ പിഴുതുകളയാൻ സാധിക്കാത്തവിധം അത്ര ശക്തമായി അതു വേരുറച്ചു.”
അതേ, സത്യ ക്രിസ്ത്യാനിത്വവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന സൂര്യദേവന്റെ ഉത്സവം അന്നത്തെ സഭ കടമെടുത്തു. അതിന് ഒരു പുതിയ പേരു ലഭിച്ചെങ്കിലും അതിന്റെ പുറജാതീയ സ്വഭാവവിശേഷങ്ങൾ അതേപടി നിലകൊണ്ടു. നാമധേയ ക്രിസ്തീയ സഭകളിലേക്കു പുറജാതീയ വിശ്വാസങ്ങൾ കടന്നുവരാനും ആളുകളുടെ ആത്മീയത ദുഷിപ്പിക്കപ്പെടാനും അത് ഇടവരുത്തി. ക്രൈസ്തവലോകം വികാസം പ്രാപിച്ചതോടെ “ശത്രുക്കളെ സ്നേഹിക്കുക” എന്ന ആദിമ മനോഭാവം ധാർമിക അധഃപതനത്തിനും ക്രൂര യുദ്ധങ്ങൾക്കും വഴിമാറിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്തുമസ്സ് എന്ന വ്യാജനാമം ലഭിച്ചെങ്കിലും പ്രസ്തുത ആഘോഷം കുടിച്ചുകൂത്താടൽ, ആഹ്ലാദത്തിമിർപ്പ്, നൃത്തം, സമ്മാനം നൽകൽ, നിത്യഹരിത സസ്യങ്ങൾകൊണ്ടു വീടുകൾ അലങ്കരിക്കൽ എന്നിങ്ങനെയൊക്കെയുള്ള അതിന്റെ പുറജാതീയ സ്വഭാവ വിശേഷങ്ങൾ പ്രതിഫലിപ്പിച്ചു. കൂടുതൽ വിൽപ്പന എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിനായി സാധ്യമായ സകല വിധങ്ങളിലും വ്യാപാര മേഖല ക്രിസ്തുമസ്സിനെ ചൂഷണം ചെയ്തിരിക്കുന്നു. വാർത്താ മാധ്യമങ്ങൾ അതിനെ കൊട്ടിഘോഷിക്കുന്നു; പൊതുജനങ്ങൾക്ക് അതു ഹരം പകരുന്നു. സോളിലെ വാണിജ്യകേന്ദ്രത്തിൽ, അടിവസ്ത്രങ്ങൾ വിൽക്കുന്ന ഒരു കട അടിവസ്ത്രങ്ങൾ കൊണ്ടു മാത്രം അലങ്കരിച്ച ഒരു ക്രിസ്തുമസ്സ് മരം അതിന്റെ ജനാലയിൽ സ്ഥാപിച്ചത് ടെലിവിഷനിൽ വാർത്തയായി. ക്രിസ്തുമസ്സിന്റെതായ ഒരു അന്തരീക്ഷം നിലവിലുണ്ടായിരുന്നെങ്കിലും ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല.
ക്രിസ്തുമസ്സിനെ കുറിച്ചുള്ള തിരുവെഴുത്തു വീക്ഷണം
ഇത്തരം ചരിത്ര പശ്ചാത്തലങ്ങളിൽ നിന്നും സംഭവവികാസങ്ങളിൽ നിന്നും നാം എന്താണു മനസ്സിലാക്കുന്നത്? ഒരു ഷർട്ടിന്റെ ബട്ടണുകൾ തെറ്റിച്ചാണ് ഇട്ടിരിക്കുന്നത് എങ്കിൽ അവ ഊരിയിട്ടു വീണ്ടും ഇടുകയല്ലാതെ വേറെ നിർവാഹമില്ല, ഉണ്ടോ? എന്നാൽ ക്രിസ്തുമസ്സിന്റെ കാര്യത്തിൽ, അത് സൂര്യാരാധനയിൽ വേരൂന്നിയ പുറജാതീയ ആഘോഷമാണെങ്കിലും ക്രൈസ്തവലോകം അതിനെ സ്വീകരിച്ചിരിക്കുന്നതിനാൽ ആ വിശേഷദിവസം ക്രിസ്തുവിന്റെ ജന്മദിനമായി വിശുദ്ധീകരിക്കപ്പെടുകയും അതിനു പുതിയ അർഥം കൈവരുകയും ചെയ്തിരിക്കുന്നതായി ചിലർ ന്യായവാദം ചെയ്യുന്നു.
പുരാതന യഹൂദ്യയിൽ നടന്ന ചരിത്രപ്രധാനമായ ഒരു സംഭവത്തിൽ നിന്നു നമുക്കു വിലയേറിയ ഒരു പാഠം പഠിക്കാനാകും. പൊ.യു.മു. 612-ൽ യഹൂദ്യർ പുറജാതീയ സൂര്യാരാധനയെ യെരൂശലേമിലെ ആലയത്തിലേക്ക് ആനയിച്ചു. യഹോവയാം ദൈവത്തിന്റെ ശുദ്ധാരാധനയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു സ്ഥലത്തു നടത്തപ്പെട്ടു എന്നതിനാൽ ആ പുറജാതീയ ആരാധന വിശുദ്ധമായി കണക്കാക്കപ്പെട്ടോ? യെരൂശലേമിലെ ആലയത്തിൽ നടത്തപ്പെട്ട സൂര്യാരാധനയെ കുറിച്ച് ബൈബിൾ എഴുത്തുകാരനായ യെഹെസ്കേൽ എഴുതി: “യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ . . . മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു. അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു? . . . എന്ന് അരുളിച്ചെയ്തു.”—യെഹെസ്കേൽ 8:16, 17.
അതേ, വിശുദ്ധീകരിക്കപ്പെടുന്നതിനു പകരം, ആ പുറജാതീയ ആരാധന മുഴു ആലയത്തെയും അപകടത്തിലാക്കി. യഹൂദ്യയിൽ നടമാടിയ അത്തരം ആചാരങ്ങൾ അക്രമത്തിനും ധാർമിക അധഃപതനത്തിനും വഴിതെളിച്ചു. സൂര്യാരാധനയായ സാറ്റർനേലിയയിൽ വേരൂന്നിയ ആചാരങ്ങളെ ക്രിസ്തുമസ്സുമായി ബന്ധപ്പെടുത്തി പ്രാധാന്യം കൽപ്പിക്കുന്ന ക്രൈസ്തവലോകത്തിലെയും അവസ്ഥ വ്യത്യസ്തമല്ല. ശ്രദ്ധേയമെന്നു പറയട്ടെ, യെഹെസ്കേലിനു ദർശനം ലഭിച്ച് ഏതാനും വർഷങ്ങൾക്കു ശേഷം യെരൂശലേമിന്റെ മേൽ ദൈവത്തിന്റെ ന്യായവിധി ഉണ്ടായി, ബാബിലോന്യരാൽ അതു നശിപ്പിക്കപ്പെട്ടു.—2 ദിനവൃത്താന്തം 36:15-20.
മുൻ ലേഖനത്തിൽ പരാമർശിച്ച, ഉണ്ണിയേശുവിനെ കുറിച്ചുള്ള ഒരു കൊറിയൻ പണ്ഡിതന്റെ വിശദീകരണം രസകരമായി നിങ്ങൾക്കു തോന്നിയിരിക്കാം. ക്രിസ്തുവിനെ കുറിച്ച് സൂക്ഷ്മപരിജ്ഞാനം ഇല്ലാതിരുന്ന സ്ഥിതിക്ക് അദ്ദേഹം അത്തരം ഒരു അഭിപ്രായപ്രകടനം നടത്തിയതിൽ തെല്ലും അതിശയിക്കാനില്ല. എന്നാൽ ആ സംഗതി, ക്രിസ്തുമസ്സിനെ കുറിച്ചു സഗൗരവം ചിന്തിക്കാൻ അത് ആഘോഷിക്കുന്ന ആളുകളെ പ്രേരിപ്പിക്കേണ്ടതാണ്. എന്തുകൊണ്ട്? ക്രിസ്തുമസ്സ് ഒരുവിധത്തിലും ക്രിസ്തുവിനെ ശരിയായി പ്രതിനിധാനം ചെയ്യുന്നില്ല എന്നതുതന്നെ കാരണം. വാസ്തവത്തിൽ, അത് ഇപ്പോഴത്തെ അവന്റെ യഥാർഥ സ്ഥാനത്തെ വികലമാക്കുന്നു. അവൻ ഇപ്പോൾ പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശു അല്ല.
യേശു ഇപ്പോൾ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ശക്തനായ രാജാവായ മിശിഹാ ആണെന്നു ബൈബിൾ ആവർത്തിച്ച് എടുത്തുകാട്ടുന്നു. (വെളിപ്പാടു 11:15) ദാരിദ്ര്യവും ദുരിതവും സംബന്ധിച്ചു ചിന്തയുള്ള ചിലയാളുകൾ ക്രിസ്തുമസ്സ് കാലത്തു ധർമസ്ഥാപനങ്ങൾക്കു സംഭാവനകൾ നൽകുന്നു. എന്നാൽ, അതേ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ യേശു സജ്ജനാണ്.
തുറന്നുപറഞ്ഞാൽ, ക്രിസ്തുമസ്സ് കൊണ്ടു ക്രൈസ്തവ രാജ്യങ്ങൾക്കോ പൗരസ്ത്യദേശത്തെ രാജ്യങ്ങൾ ഉൾപ്പെടെ മറ്റ് ഏതെങ്കിലും രാജ്യങ്ങൾക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. പകരം, ദൈവരാജ്യത്തെയും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെയും കുറിച്ചുള്ള യഥാർഥ ക്രിസ്തീയ സന്ദേശത്തിൽ നിന്ന് അത് ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിച്ചിരിക്കുന്നു. (മത്തായി 24:14) ആ അന്ത്യം എങ്ങനെ സംഭവിക്കും എന്നറിയാൻ യഹോവയുടെ സാക്ഷികളോട് അന്വേഷിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. തുടർന്ന്, ദൈവരാജ്യത്തിന്റെയും വാഴ്ചനടത്തുന്ന രാജാവായ യേശുക്രിസ്തുവിന്റെയും മാർഗനിർദേശത്തിൻ കീഴിൽ ഭൂമിയിൽ ഉണ്ടാകാൻ പോകുന്ന നിത്യാനുഗ്രഹങ്ങളെ കുറിച്ചു നിങ്ങൾക്ക് അവരിൽ നിന്ന് അറിയാൻ സാധിക്കും.—വെളിപ്പാടു 21:3-5.
[അടിക്കുറിപ്പുകൾ]
a ദ ന്യൂ ഷാഫ്ഹെർട്ട്സോക് എൻസൈക്ലോപീഡിയ ഓഫ് റിലിജസ് നോളജിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്.
[6-ാം പേജിലെ ആകർഷകവാക്യം]
നാമധേയ ക്രിസ്തീയ സഭകളിലേക്കു പുറജാതീയ വിശ്വാസങ്ങൾ കടത്തിവിടാൻ ക്രിസ്തുമസ്സ് സഹായിച്ചു
[5-ാം പേജിലെ ചിത്രം]
ആകാംക്ഷാഭരിതരായ നിരവധി കുട്ടികൾ പള്ളികളിലെത്തി. അവർക്ക് ചോക്കലേറ്റുകൾ സമ്മാനമായി കിട്ടിയതിനാൽ അടുത്ത ക്രിസ്തുമസ്സിനായി അവർ ആകാംക്ഷാപൂർവം കാത്തിരുന്നു
[7-ാം പേജിലെ ചിത്രം]
കൊറിയയിലെ സോളിലുള്ള വ്യാപാരകേന്ദ്രം—ക്രിസ്തുമസ്സിന്റെ തലേന്നു വൈകുന്നേരം
[8-ാം പേജിലെ ചിത്രം]
ക്രിസ്തു ഇപ്പോൾ ഒരു ശിശുവല്ല, മറിച്ച് ദൈവരാജ്യത്തിന്റെ ശക്തനായ രാജാവാണ്