നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുവോ? അങ്ങനെയെങ്കിൽ, പിൻവരുന്നവ അനുസ്മരിക്കുന്നതു രസകരമെന്നു നിങ്ങൾ കണ്ടെത്തും:
□ തന്റെ ജനത്തെ നയിക്കാൻ യഹോവ തിരഞ്ഞെടുക്കുന്ന വ്യക്തികളിൽ നമുക്കു വിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
ഒരു പ്രത്യേക സമയത്ത് തന്റെ ജനത്തെ താൻ ആഗ്രഹിക്കുന്ന വിധത്തിൽ നയിക്കാൻ ആവശ്യമായ പ്രത്യേക ഗുണങ്ങളുള്ള വ്യക്തികളെയാണ് യഹോവ തിരഞ്ഞെടുത്ത് ഉത്തരവാദിത്വ സ്ഥാനങ്ങളിലാക്കുന്നത്.—8/15, പേജ് 14.
□ യോനായുടെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
യോനാ തന്നെപ്പറ്റിത്തന്നെ അമിതമായി ചിന്തിച്ചു, മറ്റുള്ളവരെ കുറിച്ച് അത്യൽപ്പവും. നമുക്കും നമ്മുടെ വ്യക്തിപരമായ വികാരങ്ങൾക്കും രണ്ടാം സ്ഥാനം നൽകിക്കൊണ്ട് നമുക്കു യോനായിൽനിന്നു പഠിക്കാം.—8/15, പേജ് 19.
□ “യഹോവയുടെ നാമം ബലമുള്ള ഗോപുരം” എന്നു പറയാൻ കഴിയുന്നത് ഏതു വിധത്തിൽ? (സദൃശവാക്യങ്ങൾ 18:10)
ദൈവത്തിന്റെ നാമത്തിൽ അഭയം പ്രാപിക്കുന്നത് നാം യഹോവയെത്തന്നെ ആശ്രയിക്കുന്നു എന്ന് അർഥമാക്കുന്നു. (സങ്കീർത്തനം 20:1; 122:4) അതിന്റെ അർഥം അവന്റെ പരമാധികാരത്തെ പിന്തുണയ്ക്കുക, അവന്റെ നിയമങ്ങളും തത്ത്വങ്ങളും ഉയർത്തിപ്പിടിക്കുക, അവന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുക, യഹോവയ്ക്ക് അനന്യ ഭക്തി നൽകുക എന്നെല്ലാമാണ്. (യെശയ്യാവു 50:10; എബ്രായർ 11:6)—9/1, പേജ് 10.
□ പ്രമുഖരുടെ മുമ്പാകെ പൗലൊസ് സാക്ഷീകരിച്ച വിധം നമുക്ക് ഒരു മാതൃക പ്രദാനം ചെയ്യുന്നത് എങ്ങനെ?
അഗ്രിപ്പാ രാജാവിനോടുള്ള സംസാരത്തിൽ, തനിക്കും അഗ്രിപ്പാവിനും യോജിപ്പുള്ള ആശയങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് പൗലൊസ് വിവേകം പ്രകടമാക്കി. അതുപോലെ, പൊതുവായ പ്രത്യാശകൾക്കു പ്രാധാന്യം കൽപ്പിച്ചുകൊണ്ട് സുവാർത്തയുടെ ക്രിയാത്മക വശങ്ങൾക്ക് നാം ഊന്നൽ നൽകേണ്ടതുണ്ട്. (1 കൊരിന്ത്യർ 9:22)—9/1, പേജ് 31.
□ യഹോവയുടെ ക്ഷമയിൽനിന്ന് ആർ പ്രയോജനം അനുഭവിക്കുന്നു?
യഹോവയുടെ ക്ഷമ നിമിത്തം, ആസന്നമായ “കർത്താവിന്റെ ദിവസ”ത്തിൽ രക്ഷിക്കപ്പെടാൻ ഇന്നു ജനലക്ഷങ്ങൾക്ക് അവസരം ലഭിക്കുന്നു. (2 പത്രൊസ് 3:9-15) ‘ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷെക്കായി പ്രവർത്തി’ക്കാനും അവന്റെ ക്ഷമ നമ്മെ ഓരോരുത്തരെയും അനുവദിക്കുന്നു. (ഫിലിപ്പിയർ 2:12)—9/15, പേജ് 20.
□ ബൈബിളിന്റെ സെപ്റ്റുവജിന്റ് പരിഭാഷ എത്ര മൂല്യവത്തായിരുന്നു?
യഹോവയാം ദൈവത്തെയും യേശുക്രിസ്തു രാജാവായിട്ടുള്ള അവന്റെ രാജ്യത്തെയും കുറിച്ചുള്ള പരിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ ഈ പരിഭാഷ മുഖ്യ ഉപാധിയായി. ഒന്നാം നൂറ്റാണ്ടിൽ, ഗ്രീക്കു സംസാരിച്ചിരുന്ന യഹൂദർക്കും വിജാതീയർക്കും സെപ്റ്റുവജിന്റിലൂടെ സുവാർത്ത സ്വീകരിക്കുന്നതിനുള്ള പ്രധാനപ്പെട്ട അസ്തിവാരം ഇട്ടു.—9/15, പേജ് 30.
□ ധൂർത്ത പുത്രന്റെ ഉപമ ദൈവത്തെ കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
ഒന്നാമത്, യഹോവ ‘കരുണയും കൃപയുമുള്ള, കോപത്തിനു താമസമുള്ള, സ്നേഹദയയും സത്യവും നിറഞ്ഞ’ ഒരുവൻ ആണെന്ന്. (പുറപ്പാടു 34:6) രണ്ടാമത്, ഒരുവന്റെ ഹൃദയത്തിനു മാറ്റം വരുകയും അങ്ങനെ തനിക്കു കരുണ കാണിക്കാനാകുന്ന അടിസ്ഥാനം ലഭിക്കുകയും ചെയ്യുമ്പോൾ യഹോവ “ക്ഷമിക്കാൻ മനസ്സൊരുക്കമുള്ള”വനാണെന്ന്. (സങ്കീർത്തനം 86:5)—10/1, പേജുകൾ 12, 13.
□ യെശയ്യാവു 65:21-25-ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന സമാധാനപൂർണമായ അവസ്ഥകൾ എപ്പോൾ സാക്ഷാത്കരിക്കപ്പെടും?
ഇന്നത്തെ ആത്മീയ പറുദീസയിലെ യഹോവയുടെ ഏകീകൃത ആരാധകർ എന്ന നിലയിൽ അഭിഷിക്തരും “വേറെ ആടുക”ളിൽ പെട്ടവരും ദൈവദത്ത സമാധാനം ഇപ്പോൾ ആസ്വദിക്കുന്നു. (യോഹന്നാൻ 10:16) ‘ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകുമ്പോൾ’ അത്തരം സമാധാനം അക്ഷരീയ പറുദീസയിലേക്കു വ്യാപിക്കും. ആ സമയത്ത് യെശയ്യാ പ്രവാചകന്റെ വാക്കുകൾ പൂർണമായും സാക്ഷാത്കരിക്കപ്പെടും. (മത്തായി 6:10)—10/15, പേജ് 24.
□ ക്രിസ്ത്യാനികൾ വിവാഹ വാർഷികങ്ങൾ ആഘോഷിക്കുകയും ജന്മദിനങ്ങൾ ആഘോഷിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?
ബൈബിൾ വിവാഹത്തെ കുറിച്ചു മോശമായ അഭിപ്രായമല്ല പറയുന്നത്. ക്രിസ്ത്യാനികൾ തങ്ങളുടെ വിവാഹ സന്തോഷത്തെ കുറിച്ചു വിചിന്തനം ചെയ്യാനും ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ വിജയത്തിനായി പരിശ്രമിക്കാനുള്ള ദൃഢനിശ്ചയം പുതുക്കാനും വിവാഹ വാർഷികം ആഘോഷിക്കണമോ എന്നതു തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. എന്നിരുന്നാലും, ബൈബിൾ രേഖയിൽ കാണുന്നത് പുറജാതീയർ ആഘോഷിച്ചിരുന്നതും ക്രൂരതയോടു ബന്ധപ്പെട്ടിരുന്നതുമായ ജന്മദിന ആഘോഷങ്ങൾ മാത്രമാണ്.—10/15, പേജുകൾ 30, 31.
□ 1 കൊരിന്ത്യർ 3:12, 13-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ ദൃഷ്ടാന്തത്തിൽ, “അഗ്നി” എന്തിനെ പ്രതിനിധാനം ചെയ്യുന്നു, എല്ലാ ക്രിസ്ത്യാനികളും എന്തിനെ കുറിച്ചു ബോധമുള്ളവരാണ്?
നാമെല്ലാം ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഒരു അഗ്നി ഉണ്ട്—നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകൾ. (യോഹന്നാൻ 15:20; യാക്കോബ് 1:2, 3) നാം സത്യം പഠിപ്പിക്കുന്ന സകലർക്കും പരിശോധന നേരിടും. നാം ഗുണമേന്മയോടെ പഠിപ്പിക്കുന്നില്ലെങ്കിൽ, പൗലൊസ് മുന്നറിയിപ്പു നൽകിയതുപോലെ, പരിണതഫലം മോശമായിരുന്നേക്കാം. (1 കൊരിന്ത്യർ 3:15)—11/1, പേജ് 11.
□ നോഹ ‘സത്യദൈവത്തോടുകൂടെ നടന്ന’തെങ്ങനെ?” (ഉല്പത്തി 6:9) ദൈവം ആവശ്യപ്പെട്ടത് അവൻ ചെയ്തു എന്ന അർഥത്തിലാണ് നോഹ ദൈവത്തോടു കൂടെ നടന്നത്. നോഹ തന്റെ ജീവിതം ദൈവഹിതം ചെയ്യുന്നതിന് ഉഴിഞ്ഞുവെച്ചതിനാൽ ഊഷ്മളവും ഉറ്റതുമായ ഒരു ബന്ധം ദൈവവുമായി ആസ്വദിച്ചു.—11/15, പേജ് 10.
□ ഈ ദുഷ്ടന്മാരുടെ മേൽ ദൈവം പ്രതികാരം നടത്തുന്ന കൃത്യ സമയം അറിയാതിരിക്കുന്നതു നമുക്ക് എന്തിനെല്ലാമുള്ള അവസരങ്ങൾ തുറന്നുതരുന്നു?
ഇത് നാം യഹോവയെ യഥാർഥമായും സ്നേഹിക്കുന്നുവെന്നും അവന്റെ വഴികളിൽ എന്നെന്നും നടക്കാൻ ആഗ്രഹിക്കുന്നുവെന്നും തെളിയിക്കുന്നതിനു നമുക്ക് അവസരമേകുന്നു. നാം ദൈവത്തോടു വിശ്വസ്തരാണെന്നും അവൻ സംഗതികൾ കൈകാര്യം ചെയ്യുന്ന വിധത്തെ വിശ്വസിക്കുന്നുവെന്നും അതു പ്രകടമാക്കുന്നു. തന്നെയുമല്ല, നമ്മെ ജാഗരൂകരും ആത്മീയമായി ഉണർവുള്ളവരുമായി നിർത്താനും ഇതു സഹായിക്കുന്നു. (മത്തായി 24:42-44)—11/15, പേജ് 18.
□ “ദൈവപുത്രന്റെ നാമത്തിൽ” വിശ്വസിക്കുക എന്നതിന്റെ അർഥമെന്ത്? (1 യോഹന്നാൻ 5:13)
“തമ്മിൽ തമ്മിൽ സ്നേഹി”ക്കണം എന്ന കൽപ്പന ഉൾപ്പെടെ ക്രിസ്തുവിന്റെ എല്ലാ കൽപ്പനകളും അനുസരിക്കുന്നതിനെ അത് അർഥമാക്കുന്നു. (യോഹന്നാൻ 15:14, 17) സ്നേഹം മറ്റുള്ളവർക്കു നന്മ ചെയ്യാൻ ശ്രമിക്കുന്നു. അത് വർഗീയവും മതപരവും സാമൂഹികവുമായ എല്ലാ മുൻവിധികളെയും അകറ്റുന്നു.—12/1, പേജ് 7.
□ യഹോവയുടെ സാക്ഷികൾ “ദ്വേഷി”ക്കപ്പെടുന്നത് എന്തുകൊണ്ട്? (മത്തായി 10:22)
ആദിമ ക്രിസ്ത്യാനികൾ ഏതു കാരണത്താൽ പീഡിപ്പിക്കപ്പെട്ടുവോ അതേ കാരണത്താൽത്തന്നെയാണ് യഹോവയുടെ സാക്ഷികളും അന്യായമായി ദ്വേഷിക്കപ്പെട്ടിരിക്കുന്നത്. ഒന്ന്, യഹോവയുടെ സാക്ഷികൾ തങ്ങളുടെ മതവിശ്വാസങ്ങൾക്കനുസൃതം ജീവിക്കുന്ന വിധം എല്ലാവർക്കും രസിക്കുന്നില്ല. രണ്ട്, ചിലർ യഹോവയുടെ സാക്ഷികളെക്കുറിച്ചു കരുതിക്കൂട്ടി നുണകൾ പ്രചരിപ്പിക്കുന്നതിലൂടെയും അവരുടെ വിശ്വാസങ്ങൾ വളച്ചൊടിക്കുന്നതിലൂടെയും സാക്ഷികൾ വ്യാജ ആരോപണങ്ങൾക്കു പാത്രമായിരിക്കുന്നു.—12/1, പേജ് 14.