ചികിത്സാ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യത്തിന് അനുകൂല വിധി
കാര്യജ്ഞാനത്തോടെയുള്ള തിരഞ്ഞെടുപ്പ് അഖിലാണ്ഡത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തിയായ നമ്മുടെ സ്രഷ്ടാവു തന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഗതിയാണ്. മനുഷ്യന്റെ ആവശ്യങ്ങളെക്കുറിച്ച് അവന് അപരിമേയ ജ്ഞാനമുണ്ട്, അതുകൊണ്ട്, അവൻ ഔദാര്യപൂർവം പ്രബോധനവും മുന്നറിയിപ്പും, കൂടാതെ നാം തിരഞ്ഞെടുക്കേണ്ട ജ്ഞാനപൂർവകമായ ഗതി സംബന്ധിച്ചുള്ള മാർഗനിർദേശവും നൽകുന്നു. അതേസമയം ബുദ്ധിയുള്ള തന്റെ സൃഷ്ടികൾക്ക് താൻ നൽകിയിട്ടുള്ള ഇച്ഛാസ്വാതന്ത്ര്യത്തെ അവൻ കണക്കിലെടുക്കുന്നുമുണ്ട്. അവന്റെ പ്രവാചകനായ മോശ ദൈവത്തിന്റെ ഈ വീക്ഷണം പ്രതിഫലിപ്പിക്കുകയുണ്ടായി: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക.”—ആവർത്തനപുസ്തകം 30:19, 20.
ഈ തത്ത്വം വൈദ്യശാസ്ത്ര രംഗത്തും ബാധകമാണ്. കാര്യജ്ഞാനത്തോടെയുള്ള തിരഞ്ഞെടുപ്പ്, അഥവാ കാര്യജ്ഞാനത്തോടെയുള്ള സമ്മതം എന്ന ആശയത്തിനു മുമ്പ് വലിയ പ്രചാരമില്ലാതിരുന്ന ജപ്പാനിലും മറ്റു രാജ്യങ്ങളിലുമൊക്കെ അത് അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. ഡോ. മിച്ചിത്താരോ നാക്കാവുര പറയുന്നപ്രകാരം തിരഞ്ഞെടുപ്പ് കാര്യജ്ഞാനത്തോടെ ആയിരിക്കുക എന്നു പറയുമ്പോൾ “ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള രോഗിയുടെ അവകാശത്തെ മാനിച്ചുകൊണ്ട്, ഡോക്ടർ രോഗിയോട് രോഗത്തെയും ചികിത്സയുടെ ഭാവിഫലത്തെയും ചികിത്സാരീതിയെയും പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ അവയെയും കുറിച്ച് എളുപ്പം മനസ്സിലാക്കാവുന്ന ഭാഷയിൽ വിശദീകരിക്കുന്ന സംഗതി ആണ് അത്.”—ജപ്പാൻ മെഡിക്കൽ ജേർണൽ.
വർഷങ്ങളായി ജപ്പാനിലെ ഡോക്ടർമാർ ഈ വിധത്തിൽ രോഗികളെ ചികിത്സിക്കുന്നതിന് എതിരായിരുന്നു. അതിന് അവർ പല കാരണങ്ങളും പറഞ്ഞിരുന്നു. എന്നാൽ കോടതികൾ ഈ വൈദ്യശാസ്ത്ര നടപടിക്രമത്തോടു യോജിക്കുന്നതായി തോന്നി. അങ്ങനെ, 1998 ഫെബ്രുവരി 9-ന് ടോക്കിയോ ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപനായ താക്കെയോ ഇനാബ കാര്യജ്ഞാനത്തോടെയുള്ള തിരഞ്ഞെടുപ്പിന് അനുകൂലമായി വിധി പ്രഖ്യാപിച്ചത് ഒരു വഴിത്തിരിവായി. എന്തായിരുന്നു ആ വിധി, അതൊരു കോടതിക്കേസായി മാറിയ വിവാദവിഷയം എന്തായിരുന്നു?
1992 ജൂലൈയിൽ, ഒരു യഹോവയുടെ സാക്ഷിയായ 63 വയസ്സുകാരി മിസായെ താകേദാ ടോക്കിയോ യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിയിൽ പോയി. കരളിൽ മാരകമായ ഒരു മുഴയുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടു. രക്തം ദുരുപയോഗം ചെയ്യുന്നതിന് എതിരെയുള്ള ബൈബിൾ കൽപ്പന അനുസരിക്കാനുള്ള അതിയായ ആഗ്രഹത്താൽ, തനിക്ക് രക്തരഹിത ചികിത്സ മാത്രമേ നൽകാവൂ എന്ന് അവർ ഡോക്ടർമാരോടു വ്യക്തമായി ആവശ്യപ്പെട്ടു. (ഉല്പത്തി 9:3, 4; പ്രവൃത്തികൾ 15:29) ഈ തീരുമാനത്തിന്റെ മുഴു ഉത്തരവാദിത്വവും തനിക്കായിരിക്കുമെന്നും അനന്തരഫലം എന്തായാലും ആശുപത്രി അതിൽനിന്നു മുക്തമായിരിക്കുമെന്നും എഴുതി ഒപ്പിട്ട രേഖ ഡോക്ടർമാർ കൈപ്പറ്റി. തങ്ങൾ അതു പാലിക്കുമെന്ന് അവർ രോഗിക്ക് ഉറപ്പു കൊടുത്തു.
എന്നിരുന്നാലും, ശസ്ത്രക്രിയയ്ക്കു ശേഷം, മിസായെ അബോധാവസ്ഥയിൽ ആയിരിക്കെ അവർ രക്തം കുത്തിവെച്ചു—വ്യക്തമായും അവർ ആവശ്യപ്പെട്ടിരുന്നതിനു നേർവിപരീതമായിരുന്നു അത്. ഒരു ആശുപത്രി ജീവനക്കാരൻ സംഗതി പത്ര റിപ്പോർട്ടർക്കു ചോർത്തിക്കൊടുത്തതോടെ കള്ളി വെളിച്ചത്തായി. തന്റെ ശരീരത്തിൽ അനധികൃതമായി രക്തം കുത്തിവെച്ചു എന്നറിഞ്ഞപ്പോൾ ആത്മാർഥതയുള്ള ഈ ക്രിസ്തീയ സ്ത്രീ തകർന്നുപോയി. ആശുപത്രി അധികാരികൾ തങ്ങളുടെ വാക്കു പാലിച്ച് തന്റെ മതബോധ്യങ്ങളെ ആദരിക്കുമെന്നാണ് അവർ കരുതിയിരുന്നത്. രോഗി-ഡോക്ടർ ബന്ധത്തിന്റെ ഈ കടുത്ത ലംഘനത്താൽ താൻ അനുഭവിച്ച വൈകാരിക വ്യഥയാലും കൂടാതെ മറ്റാർക്കും വൈദ്യശാസ്ത്ര രംഗത്തുനിന്ന് ഇത്തരം ദുഷ്പെരുമാറ്റങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഒരു കീഴ്വഴക്കം സ്ഥാപിക്കാമെന്നുള്ള പ്രതീക്ഷയിലും അവർ ഇതിനെതിരെ കോടതിയെ സമീപിച്ചു.
സാമുദായിക നിലവാരങ്ങളും ധാർമികതയും
കേസിന്റെ വാദം കേട്ട ടോക്കിയോ ജില്ലാ കോടതിയിലെ മൂന്നു ന്യായാധിപന്മാർ ഡോക്ടർമാർക്ക് അനുകൂലമായാണ് വിധിച്ചത്. അങ്ങനെ അവരുടേത് കാര്യജ്ഞാനത്തോടെയുള്ള തിരഞ്ഞെടുപ്പ് അവകാശത്തിനെതിരായ വിധിയായി. സമ്പൂർണ രക്തരഹിത ചികിത്സയ്ക്ക് കരാറുണ്ടാക്കാനുള്ള ഏതൊരു ശ്രമവും അസാധുവാണെന്ന് 1997 മാർച്ച് 12-ന് നടത്തിയ വിധിയിൽ അവർ പ്രസ്താവിച്ചു. ഗുരുതരമായ സ്ഥിതിവിശേഷങ്ങൾ ഉടലെടുത്താൽപ്പോലും രക്തപ്പകർച്ച നൽകുകയില്ലെന്ന പ്രത്യേക കരാറിൽ ഡോക്ടർമാർ ഉൾപ്പെടുന്നത് കോജോ റിയോസോക്കുവിന്റെa അഥവാ സാമുദായിക നിലവാരങ്ങളുടെ ലംഘനമായിരിക്കും എന്നായിരുന്നു അവരുടെ വാദം. ഡോക്ടറുടെ മുഖ്യധർമം തന്നാലാകുന്ന ഏററവും മെച്ചമായ വിധത്തിൽ ജീവൻ രക്ഷിക്കുകയാണെന്നും അതുകൊണ്ടുതന്നെ രോഗിയുടെ മതബോധ്യങ്ങൾ എന്തുതന്നെ ആയാലും അത്തരം കരാർ തുടക്കം മുതലേ അസാധുവാണെന്നും ആയിരുന്നു അവരുടെ അഭിപ്രായം. ആത്യന്തിക വിശകലനത്തിൽ, ഒരു രോഗി മുൻകൂട്ടി നടത്തുന്ന ചികിത്സാ സംബന്ധമായ അഭ്യർഥനയെക്കാൾ മൂല്യം കൽപ്പിക്കേണ്ടത് ഡോക്ടർമാരുടെ അഭിപ്രായത്തിനാണെന്ന് അവർ വിധിച്ചു.
കൂടാതെ, അതേ കാരണങ്ങളാൽത്തന്നെ, ഉദ്ദേശിക്കുന്ന ശസ്ത്രക്രിയയുടെ അടിസ്ഥാന നടപടിക്രമത്തെയും ഫലങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് വിശദീകരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നെങ്കിലും, ഒരു ഡോക്ടർക്ക് “താൻ രക്തപ്പകർച്ച നൽകാൻ ഉദ്ദേശിക്കുന്നോ ഇല്ലയോ എന്ന് പറയാതിരിക്കാനും കഴിയും” എന്നു ന്യായാധിപന്മാർ പ്രസ്താവിച്ചു. അവരുടെ വിധി ഇതായിരുന്നു: “ഒരു സാഹചര്യത്തിലും രക്തം സ്വീകരിക്കുകയില്ലെന്ന വാദിയുടെ ആഗ്രഹം പ്രതികൾ എന്ന നിലയിൽ ഡോക്ടർമാർ മനസ്സിലാക്കുകയും പ്രസ്തുത ആഗ്രഹം ആദരിക്കുന്നുവെന്ന തോന്നലുളവാക്കുകയും പിന്നീട് രോഗിയുടെ ഇച്ഛയ്ക്കു വിരുദ്ധമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തത് നിയമപരമല്ലെന്നോ അനുചിതമാണെന്നോ പറയാനാവില്ല.” ഡോക്ടർമാർ മറിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ രോഗി ശസ്ത്രക്രിയ വേണ്ടന്നുവെച്ച് ആശുപത്രി വിട്ടുപോകുമായിരുന്നു എന്നാണ് അവർ ചിന്തിച്ചത്.
കാര്യജ്ഞാനത്തോടെയുള്ള സമ്മതത്തിന്റെ വക്താക്കളെ ആ കോടതി വിധി ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. താകേദാ കേസിന്റെ വിധിയും കാര്യജ്ഞാനത്തോടെയുള്ള സമ്മതത്തോടു ബന്ധപ്പെട്ട അതിന്റെ ദോഷഫല സാധ്യതകളും ചർച്ച ചെയ്യവേ പൗര നിയമപണ്ഡിതനായ പ്രൊഫസർ താക്കാവൊ യാമാദാ എഴുതി: “ഈ വിധിക്കു പിന്നിലെ യുക്തിവിചാരം അംഗീകരിക്കുന്നപക്ഷം, രക്തപ്പകർച്ചാ വിസമ്മതവും കാര്യജ്ഞാനത്തോടെയുള്ള സമ്മതത്തിന്റെ നിയമപരമായ തത്ത്വവും കാറ്റിൽ അണയാൻപോകുന്ന തിരിനാളമായിത്തീരും.” (നിയമ പത്രികയായ ഹൊഗാക്കു ക്യോഷിറ്റസൂ) നിർബന്ധിത രക്തപ്പകർച്ചയെ “കൊടിയ വിശ്വാസവഞ്ചന”യായി വിശേഷിപ്പിച്ച് രൂക്ഷമായി അപലപിച്ച അദ്ദേഹം അതിനെ “പതിയിരുന്നുള്ള ആക്രമണ”ത്തോടു താരതമ്യപ്പെടുത്തി. അത്തരം വിശ്വാസവഞ്ചനാ പ്രവൃത്തി “ഒരിക്കലും അനുവദിക്കാൻ പാടില്ല” എന്നും പ്രൊഫസർ യാമാദാ പറയുകയുണ്ടായി.
ഒതുങ്ങിക്കഴിയാൻ ഇഷ്ടപ്പെട്ടിരുന്ന മിസായെയ്ക്ക് പ്രസ്തുത നടപടിക്ക് എതിരെ മുന്നിട്ടിറങ്ങുക പ്രയാസമായിരുന്നു. എന്നാൽ യഹോവയുടെ നാമത്തിനും രക്തത്തിന്റെ വിശുദ്ധി സംബന്ധിച്ച നീതിനിഷ്ഠമായ നിലവാരങ്ങൾക്കും വേണ്ടി പ്രതിവാദം നടത്തുന്നതിൽ തനിക്ക് ഒരു പങ്കുണ്ടായിരിക്കാനാകുമെന്ന് തിരിച്ചറിഞ്ഞ് അവർ തന്റെ പങ്കു നിർവഹിക്കാൻ നിശ്ചയിച്ചുറച്ചു. അവർ തന്റെ നിയമോപദേഷ്ടാവിന് എഴുതി: “ഞാൻ പൊടിയാണ്, ചിലപ്പോൾ അതിനെക്കാൾ കുറഞ്ഞതും. യഹോവ എന്നെപ്പോലെയുള്ള ഒരു അപ്രാപ്തയെ ഉപയോഗിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കല്ലുകളെക്കൊണ്ട് ആർത്തുവിളിപ്പിക്കാൻ പ്രാപ്തനായ യഹോവ പറയുന്നതുതന്നെ ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ, അവൻ എനിക്കു ശക്തി നൽകും.” (മത്തായി 10:18; ലൂക്കൊസ് 19:40) വിചാരണ വേളയിൽ സാക്ഷിവിസ്താരക്കൂട്ടിൽ നിന്നുകൊണ്ട്, അവർ വിശ്വാസവഞ്ചനയുടെ ഫലമായി താൻ അനുഭവിച്ച വൈകാരിക വ്യഥയെക്കുറിച്ച് കണ്ഠമിടറി ഇങ്ങനെ വിവരിച്ചു: “ബലാൽസംഗത്തിന് ഇരയായ ഒരു സ്ത്രീയെപ്പോലെ ഞാൻ വഞ്ചിക്കപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി.” അവരുടെ വാക്കുകൾ കേട്ട് ആ ദിവസം കോടതിമുറിയിൽ ഉണ്ടായിരുന്നവരിൽ മിക്കവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
അത്ഭുതപ്പെടുത്തുന്ന പ്രോത്സാഹനം
ജില്ലാ കോടതി വിധിക്ക് എതിരെ ഉടനടി ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. 1997 ജൂലൈയിൽ പ്രസ്തുത മേൽക്കോടതിയിൽ പ്രാരംഭ വാദം നടന്നു. അവശയെങ്കിലും ദൃഢചിത്തയായി മിസായെ ഒരു ചക്രക്കസേരയിൽ അവിടെ സന്നിഹിതയായിരുന്നു. അർബുദം വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു, അവരുടെ അവസ്ഥ വഷളാകുകയായിരുന്നു. വിചിത്രമെന്നു പറയട്ടെ, കോടതി എത്തിച്ചേരാൻ ഉദ്ദേശിക്കുന്ന വിധിയുടെ ഒരു സൂചന മുഖ്യ ന്യായാധിപന്റെ വാക്കുകളിൽനിന്നു വീണുകിട്ടിയ മിസായെയ്ക്ക് അത്യധികം ഉത്സാഹം തോന്നി. ആദ്യം രോഗിയുടെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കാമെന്നു പറഞ്ഞിട്ട് പിന്നീട് മറിച്ചു പ്രവർത്തിക്കാൻ രഹസ്യത്തിൽ ദൃഢനിശ്ചയം ചെയ്തുകൊണ്ട് രോഗിയുടെ ഇഷ്ടം അവഗണിക്കാനുള്ള അവകാശം ഡോക്ടർക്കുണ്ട് എന്ന കീഴ്ക്കോടതിയുടെ കണ്ടെത്തലിനോട് അപ്പീൽ കോടതി യോജിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചികിത്സാ രംഗത്തെ വിദഗ്ധരോടുള്ള ബന്ധത്തിൽ “അവരെ അജ്ഞരും ആശ്രിതരുമായി നിർത്തുക” എന്നർഥമുള്ള ഷീരാഷിമു ബെകാരാസ്സു യോരാഷിമു ബെഷിb എന്ന സ്വേച്ഛാപരമായ സമ്പ്രദായത്തെ കോടതി പിന്തുണയ്ക്കുകയില്ലെന്ന് മുഖ്യ ന്യായാധിപൻ പറഞ്ഞു. മിസായെ പിന്നീട് ഇങ്ങനെ പറഞ്ഞു: “ന്യായാധിപന്റെ നിഷ്പക്ഷ അഭിപ്രായം കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഡിസ്ട്രിക്റ്റ് കോടതിവിധിയിൽനിന്നും തികച്ചും വ്യത്യസ്തമാണ്.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ ഇതിനുവേണ്ടി യഹോവയോടു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.”
തൊട്ടടുത്ത മാസം മറ്റൊരു ആശുപത്രിയിൽവെച്ച് മിസായെ മരിച്ചു. തന്റെ ആത്മാർഥമായ ബോധ്യങ്ങൾ മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്നേഹനിധികളായ കുടുംബാംഗങ്ങളും ആശുപത്രി ജീവനക്കാരും മരണസമയത്ത് അടുക്കൽ ഉണ്ടായിരുന്നു. അവരുടെ മരണത്തിൽ അത്യന്തം ദുഃഖിതരായിരുന്നെങ്കിലും, അവരുടെ പുത്രനും മറ്റു കുടുംബാംഗങ്ങളും മിസായെയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രസ്തുത കേസ് പൂർത്തിയാക്കാൻ ദൃഢനിശ്ചയം ചെയ്തു.
വിധി
അവസാനം, 1998 ഫെബ്രുവരി 9-ന് ഹൈക്കോടതിയിലെ മൂന്നു ന്യായാധിപന്മാർ കീഴ്ക്കോടതി വിധിയെ റദ്ദാക്കിക്കൊണ്ട് തങ്ങളുടെ വിധി പ്രഖ്യാപിച്ചു. റിപ്പോർട്ടർമാരെയും വിദ്യാർഥികളെയും കേസിലെ വിശ്വസ്ത കക്ഷികളെയും കൊണ്ട് ആ ചെറിയ കോടതിമുറി നിറഞ്ഞിരുന്നു. വൻ പത്രങ്ങളും ടെലിവിഷനുകളും വിധിയെക്കുറിച്ച് റിപ്പോർട്ടു ചെയ്തു. തലവാചകങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു: “രോഗികൾക്ക് ചികിത്സ നിരാകരിക്കാമെന്ന് കോടതി”; “രക്തപ്പകർച്ച അവകാശലംഘനമെന്ന് ഹൈക്കോടതി”; “നിർബന്ധിച്ച് രക്തപ്പകർച്ച നടത്തിയ ഡോക്ടർക്ക് കോടതിയിൽ പരാജയം”; “രക്തപ്പകർച്ചയുടെ പേരിൽ യഹോവയുടെ സാക്ഷികൾക്ക് നഷ്ടപരിഹാരം.”
വിധിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ കൃത്യതയുള്ളതും അങ്ങേയറ്റം അനുകൂലവും ആയിരുന്നു. ദ ഡെയ്ലി യൊമിയൂരി ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “രോഗിക്കു സമ്മതമില്ലാത്ത നടപടിക്രമങ്ങൾ ഡോക്ടർ പിൻപറ്റുന്നത് ഉചിതമല്ല എന്ന് ന്യായാധിപനായ താക്കെയോ ഇനാബ പറഞ്ഞു.” “[രക്തപ്പകർച്ച] നൽകിയ ഡോക്ടർമാർ ചികിത്സ തിരഞ്ഞെടുക്കാനുള്ള മിസായെയുടെ അവകാശത്തെ ലംഘിച്ചു” എന്നും അതു വ്യക്തമായി പ്രസ്താവിച്ചു.
ജീവൻമരണ സ്ഥിതിവിശേഷത്തിൽപ്പോലും രക്തം ഉപയോഗിക്കില്ലെന്ന ഒരു കരാർ രണ്ടു കൂട്ടർക്കുമിടയിൽ ഉണ്ടായിരുന്നു എന്നതിനു വേണ്ടത്ര തെളിവില്ലായിരുന്നു എന്നു കണ്ടെത്തിയ കോടതി അത്തരം കരാറിന്റെ നിയമസാധുത സംബന്ധിച്ച കീഴ്ക്കോടതിയുടെ അഭിപ്രായത്തോട് യോജിച്ചില്ല എന്ന് ആസാഹി ഷിംബുൻ ചൂണ്ടിക്കാട്ടി. തുടർന്ന് അത് ന്യായാധിപന്റെ പിൻവരുന്ന വാക്കുകളും ഉദ്ധരിച്ചു: “യാതൊരു സ്ഥിതിവിശേഷത്തിലും ഒരു രക്തപ്പകർച്ച നൽകരുതെന്ന് ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ ബോധ്യത്തോടെയുള്ള ഒരു സമ്മതം ഉണ്ടെങ്കിൽ, അത് പൊതുവായ നിലവാരങ്ങളുടെ ലംഘനം ആണെന്നോ, അതുകൊണ്ടുതന്നെ അസാധുവാണെന്നോ ഈ കോടതി കരുതുന്നില്ല.” മാത്രമല്ല, “ഏതു മനുഷ്യനും ഒരു ദിവസം മരിച്ചേ പറ്റൂ, തന്റെ മരണത്തിലേക്കു നയിക്കുന്ന സംഗതി ഓരോ വ്യക്തിക്കും തീരുമാനിക്കാവുന്നതാണ്” എന്നു ന്യായാധിപന്മാർ വീക്ഷിക്കുന്നു എന്നും ഈ പത്രം ചൂണ്ടിക്കാട്ടി.
വാസ്തവത്തിൽ, യഹോവയുടെ സാക്ഷികൾ ഈ സംഗതി സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്; ഏറ്റവും നല്ല ജീവിതമാർഗമാണ് തങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന ബോധ്യം അവർക്കുണ്ട്. അതിൽ രക്തപ്പകർച്ചയെ അതിന്റെ അറിയപ്പെടുന്ന സകല അപകടങ്ങളും സഹിതം നിരാകരിക്കുന്നതും പകരം അനേകം രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ദൈവനിയമങ്ങൾക്കു ചേർച്ചയിലുള്ളതുമായ രക്തരഹിത ചികിത്സാരീതികൾ സ്വീകരിക്കുന്നതും ഉൾപ്പെടുന്നു. (പ്രവൃത്തികൾ 21:25) ഭരണഘടനാ നിയമ വിഷയത്തിൽ പ്രൊഫസറായ ഒരു പ്രശസ്ത ജപ്പാൻകാരൻ ഇങ്ങനെ ചൂണ്ടിക്കാട്ടി: “വാസ്തവത്തിൽ, [രക്തപ്പകർച്ച] എന്ന ചികിത്സാരീതി നിരാകരിക്കുന്നത് ‘എങ്ങനെ മരിക്കണ’മെന്നു തീരുമാനിക്കലല്ല, മറിച്ച് എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കൽ ആണ്.”
ചിലർ വിചാരിക്കുന്നത്ര വിസ്തൃതമല്ല തങ്ങളുടെ വിവേചനാവകാശം എന്ന് ഡോക്ടർമാർ തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന് ഹൈക്കോടതി വിധി സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഇനിയും ഏറെ ആശുപത്രികൾ സദാചാര മാർഗനിർദേശങ്ങൾ നിശ്ചയിക്കണം. ഈ കോടതിവിധി പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയും ചികിത്സയുടെ കാര്യത്തിൽ കാര്യമായ തീരുമാന അവകാശം ഇല്ലാതിരുന്ന രോഗികൾക്ക് പ്രോത്സാഹജനകമായിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതിനെ മുഴുഹൃദയത്തോടെ സ്വീകരിക്കാത്തവരും ഉണ്ട്. പ്രസ്തുത ഗവൺമെന്റ് ആശുപത്രിയും ആ മൂന്നു ഡോക്ടർമാരും സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്. അതുകൊണ്ട് അഖിലാണ്ഡ പരമാധികാരിയെപ്പോലെ, ജപ്പാനിലെ പരമോന്നത നീതിപീഠവും രോഗികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുമോ എന്നറിയാൻ നമുക്കു കാത്തിരിക്കാം.
[അടിക്കുറിപ്പുകൾ]
a നിയമപരമായി നിർവചിക്കപ്പെട്ടിട്ടില്ലാത്തതും എന്നാൽ മജിസ്ട്രേറ്റിന് വ്യാഖ്യാനിച്ച് ബാധകമാക്കാൻ കഴിയുന്നതുമായ ഒരു ആശയം.
b തങ്ങളുടെ പ്രജകളെ ഭരിക്കേണ്ടിയിരുന്ന വിധം സംബന്ധിച്ച് തോക്കുഗാവ കാലഘട്ടത്തിലെ ഫ്യൂഡൽ പ്രഭുക്കൾക്ക് ഉണ്ടായിരുന്ന പ്രമാണം.