യഹോവയെ അനുകരിക്കുക—ന്യായവും നീതിയും പ്രവർത്തിക്കുക
“യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു . . . ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു.”—യിരെമ്യാവു 9:24.
1. ഏത് അതിശയകരമായ പ്രത്യാശ യഹോവ വാഗ്ദാനം ചെയ്തു?
എല്ലാവരും തന്നെ അറിയുന്ന ഒരു ദിനം ആഗതമാകുമെന്ന് യഹോവ വാഗ്ദാനം ചെയ്തു. തന്റെ പ്രവാചകനായ യെശയ്യാവിലൂടെ അവൻ ഇപ്രകാരം പ്രസ്താവിച്ചു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശയ്യാവു 11:9) അത് എന്തൊരു അതിശയകരമായ പ്രത്യാശയാണ്!
2. യഹോവയെ അറിയുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? എന്തുകൊണ്ട്?
2 പക്ഷേ, യഹോവയെ അറിയുക എന്നാൽ അർഥം എന്താണ്? ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്നത് എന്താണെന്ന് യഹോവ യിരെമ്യാവിനു വെളിപ്പെടുത്തി: “യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു.” (യിരെമ്യാവു 9:24) അതുകൊണ്ട് യഹോവയെ അറിയുന്നതിൽ, അവൻ ന്യായവും നീതിയും പ്രവർത്തിക്കുന്ന വിധം മനസ്സിലാക്കുന്നത് ഉൾപ്പെടുന്നു. ആയതിനാൽ നാം ആ ഗുണങ്ങൾ പ്രാവർത്തികമാക്കിയാൽ അവൻ നമ്മിൽ പ്രസാദിക്കും. നമുക്ക് അത് എങ്ങനെ ചെയ്യാനാകും? അപൂർണ മനുഷ്യരുമായി യുഗങ്ങളോളമുള്ള തന്റെ ഇടപെടലുകളുടെ ഒരു രേഖ യഹോവ തന്റെ വചനമായ ബൈബിളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതു പഠിക്കുന്നതിനാൽ, ന്യായവും നീതിയും സംബന്ധിച്ച യഹോവയുടെ വഴി മനസ്സിലാക്കാനും അങ്ങനെ അവനെ അനുകരിക്കാനും നമുക്കു കഴിയും.—റോമർ 15:4.
നീതിനിഷ്ഠൻ എങ്കിലും അനുകമ്പയുള്ളവൻ
3, 4. സൊദോമിനെയും ഗൊമോറയെയും നശിപ്പിച്ചതിൽ യഹോവ നീതീകരിക്കപ്പെട്ടത് എങ്ങനെ?
3 സൊദോമിന്റെയും ഗൊമോറയുടെയും മേലുള്ള ദിവ്യ ന്യായവിധി യഹോവയുടെ നീതിയുടെ വിവിധ വശങ്ങളെ ചിത്രീകരിക്കുന്ന ഒരു ഉത്തമ ദൃഷ്ടാന്തമാണ്. അനിവാര്യമായിരുന്ന ശിക്ഷ മാത്രമല്ല, അർഹരായവർക്ക് രക്ഷയും യഹോവ നൽകി. ആ പട്ടണങ്ങളെ നശിപ്പിച്ചതു തികച്ചും നീതീകരിക്കത്തക്കത് ആയിരുന്നോ? സൊദോമിലെ ദുഷ്ടതയുടെ വ്യാപ്തി സംബന്ധിച്ച് പ്രത്യക്ഷത്തിൽ പരിമിതമായ അറിവു മാത്രം ഉണ്ടായിരുന്ന അബ്രാഹാമിന് ആദ്യം അങ്ങനെ തോന്നിയില്ല. ആ പട്ടണത്തിൽ പത്തു നീതിമാന്മാരെ എങ്കിലും കണ്ടാൽ അതിനെ താൻ നശിപ്പിക്കുകയില്ലെന്ന് യഹോവ അബ്രാഹാമിന് ഉറപ്പു നൽകി. വ്യക്തമായും, യഹോവയുടെ നീതി ഒരിക്കലും ധൃതിപിടിച്ചതോ കരുണാരഹിതമോ അല്ല.—ഉല്പത്തി 18:20-32.
4 രണ്ട് ദൂതന്മാർ നടത്തിയ പരിശോധന സൊദോമിന്റെ ധാർമിക അധഃപതനത്തിനു വ്യക്തമായ സാക്ഷ്യം നൽകി. രണ്ടു പുരുഷന്മാർ ലോത്തിന്റെ വീട്ടിൽ താമസിക്കാൻ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, സ്വവർഗസംഭോഗപരമായ കൂട്ട ബലാൽസംഗം നടത്താനുള്ള ഉദ്ദേശ്യത്തോടെ ആ പട്ടണത്തിലെ പുരുഷന്മാർ, “ആബാലവൃദ്ധം,” ലോത്തിന്റെ വീട് ആക്രമിച്ചു. അവരുടെ വഷളത്തം തികച്ചും അധഃപതിച്ച നിലയിലേക്കു മുങ്ങിത്താണിരുന്നു! ആ പട്ടണത്തിന്മേലുള്ള യഹോവയുടെ ന്യായവിധി നീതിനിഷ്ഠമായിരുന്നു എന്നതിൽ തെല്ലും സംശയമില്ല.—ഉല്പത്തി 19:1-5, 24, 25.
5. യഹോവ ലോത്തിനെയും കുടുംബത്തെയും സൊദോമിൽ നിന്നു വിടുവിച്ചത് എങ്ങനെ?
5 സൊദോമിന്റെയും ഗൊമോറയുടെയും നാശത്തെ ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം എന്ന നിലയിൽ ഉദ്ധരിച്ച ശേഷം പത്രൊസ് അപ്പൊസ്തലൻ എഴുതി: “ദൈവഭക്തരെ എങ്ങനെ പരീക്ഷയിൽനിന്നു രക്ഷിക്കണമെന്നു. . . കർത്താവ് അറിയുന്നു.” (2 പത്രൊസ് 2:6-10) സൊദോമിലെ അഭക്ത ജനങ്ങളോട് ഒപ്പം നീതിമാനായ ലോത്തും കുടുംബവും നശിപ്പിക്കപ്പെട്ടിരുന്നെങ്കിൽ നീതിക്കു തൃപ്തി വരുമായിരുന്നില്ല. അതുകൊണ്ട്, ആസന്നമായ നാശത്തെക്കുറിച്ച് യഹോവയുടെ ദൂതന്മാർ ലോത്തിനു മുന്നറിയിപ്പു നൽകി. ലോത്ത് കാലതാമസം വരുത്തിയപ്പോൾ, “യഹോവ അവനോടു കരുണ ചെയ്കയാൽ,” ദൂതന്മാർ അവനെയും ഭാര്യയെയും പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. (ഉല്പത്തി 19:12-16) ഈ ദുഷ്ട വ്യവസ്ഥിതിയുടെ ആസന്നമായിക്കൊണ്ടിരിക്കുന്ന നാശത്തിന്റെ സമയത്തു നീതിമാന്മാരോട് യഹോവ സമാനമായ താത്പര്യം കാണിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
6. ദുഷ്ടവ്യവസ്ഥിതിയുടെ ആസന്നമായ നാശത്തെക്കുറിച്ചു നാം അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
6 ഈ വ്യവസ്ഥിതിയുടെ അവസാനം ഒരു “പ്രതികാരകാലം” ആണെങ്കിലും അതെക്കുറിച്ചു നമുക്ക് അമിതമായി ഉത്കണ്ഠപ്പെടാൻ കാരണമൊന്നും ഇല്ല. (ലൂക്കൊസ് 21:22) അർമഗെദോനിൽ യഹോവ നടപ്പാക്കുന്ന ന്യായവിധി “ഒട്ടൊഴിയാതെ നീതിയുള്ളവയാ”ണെന്നു തെളിയും. (സങ്കീർത്തനം 19:9) നമ്മുടെ നീതിയെക്കാൾ വളരെ ഏറെ ഉന്നതമായ നിലയിലുള്ള യഹോവയുടെ നീതിയിൽ മനുഷ്യരായ നമുക്കു പൂർണ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അബ്രാഹാം അതു മനസ്സിലാക്കി. അവൻ ഇങ്ങനെ ചോദിച്ചു: “സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” (ഉല്പത്തി 18:25; ഇയ്യോബ് 34:10 താരതമ്യം ചെയ്യുക.) അഥവാ, യെശയ്യാവു സമുചിതമായി ചോദിച്ചതു പോലെ, “[യഹോവയെ] നീതിമാർഗം പഠിപ്പിക്കുന്നത് ആർ?”—യെശയ്യാവു 40:14, NW.
മനുഷ്യവർഗത്തെ രക്ഷിക്കാനുള്ള ഒരു നീതി പ്രവൃത്തി
7. ദൈവത്തിന്റെ നീതിയും കരുണയും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത്?
7 ദുഷ്പ്രവൃത്തിക്കാരെ ശിക്ഷിക്കുന്ന വിധത്തിൽ മാത്രമല്ല ദൈവത്തിന്റെ നീതി പ്രകടമാകുന്നത്? യഹോവ തന്നെത്തന്നെ “നീതിമാനായൊരു ദൈവവും രക്ഷിതാവും” എന്നു വർണിക്കുന്നു. (യെശയ്യാവു 45:21) ദൈവത്തിന്റെ ന്യായത്തിന് അഥവാ നീതിക്ക്, മനുഷ്യ വർഗത്തെ പാപത്തിന്റെ ഭവിഷ്യത്തുകളിൽ നിന്നു രക്ഷിക്കാനുള്ള അവന്റെ ആഗ്രഹവുമായി അടുത്ത ബന്ധം ഉണ്ടെന്നുള്ളതു വ്യക്തമാണ്. ഈ “ദൈവ നീതി, ദൈവത്തിന്റെ കരുണ പ്രകടമാക്കാനും അവനാലുള്ള രക്ഷ സാധ്യമാക്കാനുമുള്ള പ്രായോഗിക വഴികൾ തേടുന്നു” എന്ന് പ്രസ്തുത വാക്യത്തെ വ്യാഖ്യാനിച്ചുകൊണ്ട് ദി ഇന്റർനാഷ്നൽ സ്റ്റാൻഡേഡ് ബൈബിൾ എൻസൈക്ലോപീഡിയയുടെ 1982-ലെ പതിപ്പ് ചൂണ്ടിക്കാണിക്കുന്നു. അത്, ദൈവ നീതിയെ കരുണയുമായി സമനിലയിൽ ആക്കേണ്ടതുള്ളതിനാൽ അല്ല, മറിച്ച് കരുണ ദൈവ നീതിയുടെ ഒരു പ്രകടനം ആയതിനാലാണ്. ദിവ്യ നീതിയുടെ ഈ വശത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കായുള്ള മറുവില എന്ന ദൈവിക ക്രമീകരണം.
8, 9. (എ) “ഏക നീതി പ്രവൃത്തി” എന്ന വിവരണത്തിൽ എന്താണ് ഉൾപ്പെട്ടിരുന്നത്, എന്തുകൊണ്ട്? (ബി) യഹോവ നമ്മിൽനിന്ന് എന്താണ് തിരികെ ആവശ്യപ്പെടുന്നത്?
8 മറുവിലയുടെ മൂല്യംതന്നെ—ദൈവത്തിന്റെ ഏകജാത പുത്രനായ യേശുക്രിസ്തുവിന്റെ അമൂല്യ ജീവൻ—വളരെ ഉന്നതമായ ഒന്നായിരുന്നു. കാരണം യഹോവയുടെ നിലവാരങ്ങൾ സാർവലൗകികമാണ്, അവൻതന്നെ അത് അനുസരിക്കുന്നു. (മത്തായി 20:28) ഒരു പൂർണ ജീവൻ, അതായത് ആദാമിന്റെ ജീവൻ, നഷ്ടമായി. അതുകൊണ്ട് ആദാമിന്റെ സന്തതി പരമ്പരകൾക്കായി ജീവൻ വീണ്ടെടുക്കാൻ ഒരു പൂർണ ജീവൻ ആവശ്യമായിരുന്നു. (റോമർ 5:19-21) മറുവില നൽകൽ ഉൾപ്പെടെയുള്ള യേശുവിന്റെ നിർമലതാപാലന ഗതിയെ പൗലൊസ് അപ്പൊസ്തലൻ “ഏക നീതി പ്രവൃത്തി” എന്നു വിവരിക്കുന്നു. (റോമർ 5:18, NW അടിക്കുറിപ്പ്) അത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ യഹോവയുടെ വീക്ഷണത്തിൽ, മനുഷ്യവർഗത്തെ വീണ്ടെടുക്കുക എന്നത് ചെയ്യേണ്ട ഉചിതവും ന്യായവുമായ സംഗതിയായിരുന്നു, അതിനായി സ്വയം വലിയ വില ഒടുക്കേണ്ടി വരുമായിരുന്നെങ്കിലും. ആദാമിന്റെ സന്തതികൾ, ഒടിച്ചുകളയാൻ ദൈവം ഇഷ്ടപ്പെടാഞ്ഞ “ചതഞ്ഞ ഞാങ്ങണ” പോലെയോ കെടുത്തിക്കളയാൻ അവൻ ആഗ്രഹിക്കാഞ്ഞ “പുകഞ്ഞ തിരി” പോലെയോ ആയിരുന്നു. (മത്തായി 12:20, പി.ഒ.സി. ബൈ.) ആദാമിന്റെ സന്തതികളിൽ നിന്ന് അനേകം വിശ്വസ്ത സ്ത്രീപുരുഷന്മാർ ഉയർന്നു വരുമെന്നു ദൈവത്തിന് ഉറപ്പുണ്ടായിരുന്നു.—മത്തായി 25:34 താരതമ്യം ചെയ്യുക.
9 സ്നേഹത്തിന്റെയും നീതിയുടെയും ഈ മഹോന്നത പ്രകടനത്തോടു നാം എങ്ങനെ പ്രതികരിക്കണം? യഹോവ നമ്മിൽ നിന്നു തിരികെ ആവശ്യപ്പെടുന്ന ഒരു കാര്യം “ന്യായം പ്രവർത്തി”ക്കണം എന്നുള്ളതാണ്. (മീഖാ 6:8) നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
ന്യായം അന്വേഷിപ്പിൻ, നീതി പിന്തുടരുവിൻ
10. (എ) നാം നീതി പ്രവർത്തിക്കുന്ന ഒരു വിധം ഏത്? (ബി) നമുക്ക് ഒന്നാമതു ദൈവത്തിന്റെ നീതി അന്വേഷിക്കാൻ കഴിയുന്നത് എങ്ങനെ?
10 ഒന്നാമതായി, നാം ദൈവത്തിന്റെ ധാർമിക നിലവാരങ്ങളുമായി അനുരൂപപ്പെടണം. ദൈവത്തിന്റെ നിലവാരങ്ങൾ ന്യായവും നീതിനിഷ്ഠവും ആയതിനാൽ അവയോടുള്ള ചേർച്ചയിൽ ജീവിക്കുമ്പോൾ നാം നീതി പ്രവർത്തിക്കുന്നു. അതാണ് യഹോവ തന്റെ ജനത്തിൽനിന്നു പ്രതീക്ഷിക്കുന്നത്. “നന്മ ചെയ്വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ” എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞു. (യെശയ്യാവു 1:17) ‘മുമ്പെ [“ഒന്നാമതു,” NW] ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പാൻ’ ഗിരിപ്രഭാഷണത്തിൽ തന്റെ ശ്രോതാക്കളെ പ്രബോധിപ്പിച്ചുകൊണ്ട് യേശു സമാനമായ ബുദ്ധ്യുപദേശം നൽകി. (മത്തായി 6:33) ‘നീതി പിന്തുടരാൻ’ പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. (1 തിമൊഥെയൊസ് 6:11) പെരുമാറ്റം സംബന്ധിച്ച ദൈവിക നിലവാരങ്ങളോടു ചേർച്ചയിൽ നാം ജീവിക്കുകയും പുതിയ വ്യക്തിത്വം ധരിക്കുകയും ചെയ്യുമ്പോൾ നാം യഥാർഥ ന്യായവും നീതിയും പിന്തുടരുകയാണ്. (എഫെസ്യർ 4:23, 24) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിന്റെ വിധത്തിൽ കാര്യങ്ങൾ ചെയ്തുകൊണ്ടു നാം നീതി അന്വേഷിക്കുന്നു.
11. പാപത്തിന്റെ ആധിപത്യത്തിന് എതിരെ നാം പോരാടേണ്ടത് എന്തുകൊണ്ട്, എങ്ങനെ?
11 നമുക്കു നന്നായി അറിയാവുന്നതു പോലെ, ന്യായവും നീതിയും പ്രവർത്തിക്കുന്നത് അപൂർണ മനുഷ്യർക്ക് എല്ലായ്പോഴും എളുപ്പമല്ല. (റോമർ 7:14-20) തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ ദൈവത്തിന് ഉപയോഗപ്രദമായ “നീതിയുടെ ആയുധങ്ങളാ”യി തങ്ങളുടെ സമർപ്പിത ശരീരങ്ങളെ അവന് അർപ്പിക്കാൻ കഴിയേണ്ടതിന് പാപത്തിന്റെ ആധിപത്യത്തിന് എതിരെ പോരാടാൻ പൗലൊസ് റോമിലെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (റോമർ 6:12-14) അതുപോലെ, ദൈവവചനം ക്രമമായി പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിനാൽ ‘യഹോവയുടെ മാനസിക ക്രമവത്കരണം’ ഉൾക്കൊള്ളാനും ‘നീതി അഭ്യസി’ക്കാനും നമുക്കു സാധിക്കും.—എഫെസ്യർ 6:4, NW; 2 തിമൊഥെയൊസ് 3:16, 17.
12. യഹോവ നമ്മോട് ഇടപെടാൻ നാം ആഗ്രഹിക്കുന്ന വിധത്തിൽ നാം മറ്റുള്ളവരോട് ഇടപെടണമെങ്കിൽ നാം എന്ത് ഒഴിവാക്കണം?
12 രണ്ടാമതായി, യഹോവ നമ്മോട് ഇടപെടാൻ നാം ആഗ്രഹിക്കുന്ന വിധത്തിൽ നാം മറ്റുള്ളവരോട് ഇടപെടുമ്പോൾ നാം നീതി പ്രവർത്തിക്കുകയാണ്. ഒരു ഇരട്ടനിലവാരം, അതായത് നമുക്കുവേണ്ടി ഒരു മൃദുവായ നിലവാരവും മറ്റുള്ളർക്കുവേണ്ടി ഒരു കർശനമായ നിലവാരവും, സ്വീകരിക്കുക എളുപ്പമാണ്. നമ്മുടെ പിഴവുകൾക്കു നാം നിഷ്പ്രയാസം ന്യായീകരണങ്ങൾ കണ്ടെത്തുന്നു. എന്നാൽ നമ്മുടേതിനോടു താരതമ്യം ചെയ്യുമ്പോൾ തികച്ചും നിസ്സാരം ആയിരുന്നേക്കാവുന്ന മറ്റുള്ളവരുടെ പിഴവുകളെ വിമർശിക്കാൻ നാം തിടുക്കം കാട്ടുന്നു. യേശു കുറിക്കുകൊള്ളുന്ന ഈ ചോദ്യം ഉന്നയിച്ചു: “എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?” (മത്തായി 7:1-3) യഹോവ നമ്മുടെ തെറ്റുകൾ ചികഞ്ഞു നോക്കിയിരുന്നെങ്കിൽ നമ്മിൽ ആർക്കും നിലനിൽക്കാൻ കഴിയുമായിരുന്നില്ല എന്നുള്ളത് നാം ഒരിക്കലും മറക്കരുത്. (സങ്കീർത്തനം 130:3, 4) നമ്മുടെ സഹോദരങ്ങളുടെ ബലഹീനതകൾ ക്ഷമിക്കാൻ യഹോവയുടെ നീതി അവനെ അനുവദിക്കുന്നു എങ്കിൽ, അവരെ പ്രതികൂലമായി ന്യായം വിധിക്കാൻ നാം ആരാണ്?—റോമർ 14:4, 10.
13. രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാൻ നീതിമാനായ ഒരുവനു കടപ്പാടു തോന്നുന്നത് എന്തുകൊണ്ട്?
13 മൂന്നാമതായി, പ്രസംഗ പ്രവർത്തനത്തിൽ ഉത്സാഹപൂർവം ഏർപ്പെടുമ്പോൾ നാം ദൈവിക നീതി പ്രകടമാക്കുന്നു. “നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു” എന്ന് യഹോവ ഉപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 3:27) ദൈവം നമുക്കു വളരെ ഉദാരമായി നൽകിയ ജീവദായക പരിജ്ഞാനം നമുക്കായി മാത്രം പിടിച്ചു വെക്കുന്നതു ശരിയായിരിക്കില്ല. അനേകം ആളുകൾ നമ്മുടെ സന്ദേശം നിരസിച്ചേക്കാം എന്നതു സത്യമാണ്. എന്നാൽ ദൈവം അവരോടു കരുണ കാണിക്കുന്നതിൽ തുടരുന്നിടത്തോളം കാലം, “മാനസാന്തരപ്പെടുവാ”നുള്ള അവസരം അവർക്കു നൽകിക്കൊണ്ടിരിക്കാൻ നാം സന്നദ്ധർ ആയിരിക്കണം. (2 പത്രൊസ് 3:9) നീതിയും ന്യായവും പ്രവർത്തിക്കുന്നതിലേക്കു തിരിഞ്ഞു വരാൻ ഒരുവനെ സഹായിക്കാൻ സാധിക്കുമ്പോൾ യേശുവിനെപ്പോലെ നാമും സന്തോഷിക്കുന്നു. (ലൂക്കൊസ് 15:7) ‘നീതിയിൽ വിതെക്കാ’നുള്ള അനുകൂലമായ സമയം ഇപ്പോഴാണ്.—ഹോശേയ 10:12.
“പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും”
14. നീതിയുടെ കാര്യത്തിൽ മൂപ്പന്മാർ എന്തു പങ്കു വഹിക്കുന്നു?
14 നാം എല്ലാവരും നീതിയുടെ പാതയിൽ നടക്കണം. എന്നാൽ ഇക്കാര്യത്തിൽ ക്രിസ്തീയ സഭയിലെ മൂപ്പന്മാർക്ക് ഒരു പ്രത്യേക ഉത്തരവാദിത്വമുണ്ട്. യേശുവിന്റെ രാജകീയ ഭരണം ‘ന്യായത്താലും നീതിയാലുമാണ് നിലനിർത്ത’പ്പെടുന്നത്. ആയതിനാൽ, മൂപ്പന്മാർക്കുള്ള നിലവാരം ദിവ്യ നീതിയാണ്. (യെശയ്യാവു 9:7, NW) യെശയ്യാവു 32:1-ൽ പ്രാവചനികമായി വിവരിച്ചിരിക്കുന്നത് അവർ മനസ്സിൽ പിടിക്കുന്നു: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” ആത്മനിയമിത മേൽവിചാരകന്മാർ അഥവാ, “ദൈവത്തിന്റെ ഗൃഹവിചാരക”ന്മാർ എന്ന നിലയിൽ മൂപ്പന്മാർ കാര്യങ്ങൾ ദൈവത്തിന്റെ വിധത്തിൽ ചെയ്യണം.—തീത്തൊസ് 1:7.
15, 16. (എ) യേശുവിന്റെ ദൃഷ്ടാന്തത്തിലെ വിശ്വസ്തനായ ഇടയനെ മൂപ്പന്മാർ അനുകരിക്കുന്നത് എങ്ങനെ? (ബി) ആത്മീയമായി കാണാതെപോയവരെ കുറിച്ചുള്ള മൂപ്പന്മാരുടെ വികാരം എന്ത്?
15 യഹോവയുടെ നീതി അനുകമ്പയും കരുണയും ഉള്ളതും ന്യായയുക്തവും ആണെന്ന് യേശു പ്രകടമാക്കി. എല്ലാറ്റിലും ഉപരി, പ്രശ്നങ്ങൾ ഉള്ളവരെ സഹായിക്കാനും “കാണാതെ പോയതിനെ തിരഞ്ഞു രക്ഷി”ക്കാനും അവൻ ശ്രമിച്ചു. (ലൂക്കൊസ് 19:10) യേശുവിന്റെ ദൃഷ്ടാന്തത്തിലെ, കാണാതെപോയ ആടിനെ കണ്ടുകിട്ടുന്നതു വരെ മടുപ്പു കൂടാതെ അതിനെ അന്വേഷിച്ചു നടന്ന ഇടയനെപ്പോലെ, മൂപ്പന്മാർ ആത്മീയമായി കാണാതെപോയവരെ തേടിച്ചെന്ന് അവരെ ആട്ടിൻകൂട്ടത്തിലേക്കു തിരികെ നയിക്കാൻ ശ്രമിക്കുന്നു.—മത്തായി 18:12, 13.
16 ഗുരുതരമായ പാപങ്ങൾ ചെയ്തിരിക്കാവുന്നവരെ കുറ്റം വിധിക്കുന്നതിനു പകരം, സാധ്യമെങ്കിൽ അവരെ സൗഖ്യമാക്കാനും അനുതാപത്തിലേക്കു നയിക്കാനും മൂപ്പന്മാർ ശ്രമിക്കുന്നു. വഴിതെറ്റിപ്പോയ ഒരുവനെ സഹായിക്കാൻ സാധിക്കുമ്പോൾ അവർ സന്തോഷിക്കുന്നു. എന്നാൽ ഒരു ദുഷ്പ്രവൃത്തിക്കാരൻ അനുതപിക്കാൻ പരാജയപ്പെടുമ്പോൾ, അത് അവരെ ദുഃഖിപ്പിക്കുന്നു. അപ്പോൾ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ അനുതാപമില്ലാത്ത ആളിനെ പുറത്താക്കാൻ അവരോട് ആവശ്യപ്പെടുന്നു. അപ്പോൾ പോലും, ദുഷ്പ്രവൃത്തിക്കാരന് ഒരിക്കൽ ‘സുബോധം വരു’മെന്ന്, ധൂർത്തപുത്രന്റെ പിതാവിനെപ്പോലെ അവർ പ്രത്യാശിക്കുന്നു. (ലൂക്കൊസ് 15:17, 18) അതുകൊണ്ട്, യഹോവയുടെ സ്ഥാപനത്തിലേക്ക് എങ്ങനെ തിരിച്ചു വരാൻ കഴിയുമെന്നു പുറത്താക്കപ്പെട്ട ചിലരെ ഓർമിപ്പിക്കാനായി അവരെ സന്ദർശിക്കാൻ മൂപ്പന്മാർ മുൻകൈ എടുക്കുന്നു.a
17. ദുഷ്പ്രവൃത്തി ഉൾപ്പെടുന്ന ഒരു കേസു കൈകാര്യം ചെയ്യുമ്പോൾ മൂപ്പന്മാർക്ക് എന്ത് ലക്ഷ്യമാണ് ഉള്ളത്, ആ ലക്ഷ്യം നേടാൻ ഏതു ഗുണം അവരെ സഹായിക്കും?
17 ദുഷ്പ്രവൃത്തി ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുമ്പോൾ മൂപ്പന്മാർ വിശേഷാൽ യഹോവയുടെ നീതി അനുകരിക്കേണ്ടതാണ്. പാപികൾ യേശുവിന്റെ “അടുത്തു വന്നുകൊണ്ടിരുന്നു.” കാരണം അവൻ തങ്ങളെ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് അവർ തിരിച്ചറിഞ്ഞു. (ലൂക്കൊസ് 15:1, ഓശാന ബൈ.; മത്തായി 9:12, 13) യേശു തീർച്ചയായും ദുഷ്പ്രവൃത്തിയെ ഗൗനിക്കാതിരുന്നില്ല. യേശുവിനോട് ഒപ്പം ചെലവഴിച്ച ഒരു ഭക്ഷണവേള, സ്വത്തുക്കൾ അന്യായമായി കൈവശപ്പെടുത്തുന്നതിൽ കുപ്രസിദ്ധനായിരുന്ന സക്കായിയെ അനുതപിക്കാനും മറ്റുള്ളവരുടെ മേൽ താൻ വരുത്തിയ എല്ലാ കഷ്ടപ്പാടുകൾക്കും നഷ്ടപരിഹാരം നൽകാനും പ്രേരിപ്പിച്ചു. (ലൂക്കൊസ് 19:8-10) നീതിന്യായ വിചാരണ നടത്തുമ്പോൾ ഇന്നത്തെ മൂപ്പന്മാർക്കും അതേ ലക്ഷ്യംതന്നെയാണ് ഉള്ളത്, അതായത് പാപിയെ അനുതാപത്തിലേക്കു നയിക്കുക. യേശുവിനെപ്പോലെ തന്നെ അവരും ആളുകൾക്കു സമീപിക്കാവുന്നവർ ആണെങ്കിൽ, അവരുടെ സഹായം തേടുക എളുപ്പമാണെന്ന് അനേകം ദുഷ്പ്രവൃത്തിക്കാർ മനസ്സിലാക്കും.
18. ‘കാറ്റിൽനിന്ന് ഒളിക്കാനുള്ള ഒരു സങ്കേതം’ പോലെ ആയിരിക്കാൻ മൂപ്പന്മാരെ എന്തു പ്രാപ്തമാക്കും?
18 മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു ഹൃദയം, പരുഷമോ വികാര രഹിതമോ ആയി ദിവ്യ നീതി നടപ്പാക്കാതിരിക്കാൻ മൂപ്പന്മാരെ സഹായിക്കും. രസാവഹമായി, ഇസ്രായേല്യരെ നീതി പഠിപ്പിക്കാൻ, കേവലം തന്റെ മനസ്സിനെ അല്ല മറിച്ച് ഹൃദയത്തെ എസ്രാ സജ്ജമാക്കി. (എസ്രാ 7:10, NW) ഉചിതമായ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാനും ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ കണക്കിൽ എടുക്കാനും സഹാനുഭൂതിയുള്ള ഹൃദയം മൂപ്പന്മാരെ പ്രാപ്തരാക്കും. യഹോവയുടെ നീതിയുടെ സാരാംശം, നിയമത്തിന്റെ പൊതുവായ ലക്ഷ്യവും അക്ഷരാർഥവും ഗ്രഹിക്കുന്നതാണെന്നു രക്തസ്രാവമുള്ള സ്ത്രീയെ സൗഖ്യമാക്കിയപ്പോൾ യേശു പ്രകടമാക്കി. (ലൂക്കൊസ് 8:43-48) സ്വന്തം ബലഹീനതയാലോ നാം ജീവിക്കുന്ന ഈ ദുഷ്ട വ്യവസ്ഥിതിയാലോ ക്ലേശം അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അനുകമ്പാപൂർവം നീതി നടപ്പാക്കുന്ന മൂപ്പന്മാർ ‘കാറ്റിൽനിന്ന് ഒളിക്കാനുള്ള ഒരു സങ്കേതം’ പോലെയാണെന്ന് പറയാവുന്നതാണ്.—യെശയ്യാവു 32:2, പി.ഒ.സി. ബൈ.
19. ദിവ്യ നീതിയുടെ ബാധകമാക്കലിനോട് ഒരു സഹോദരി പ്രതികരിച്ചത് എങ്ങനെ?
19 ഗുരുതരമായ പാപം ചെയ്ത ഒരു സഹോദരി ദിവ്യ നീതി നേരിട്ടു മനസ്സിലാക്കാൻ ഇടയായി. “തുറന്നു പറഞ്ഞാൽ, മൂപ്പന്മാരെ സമീപിക്കാൻ എനിക്കു ഭയമായിരുന്നു,” അവർ സമ്മതിച്ചു പറയുന്നു. “എന്നാൽ, അവർ എന്നോട് അനുകമ്പയോടെയും മാന്യതയോടെയും പെരുമാറി. ആ മൂപ്പന്മാർ കർക്കശരായ ന്യായാധിപന്മാരെപ്പോലെ ആയിരുന്നില്ല, മറിച്ച് പിതാക്കന്മാരെപ്പോലെ ആയിരുന്നു. എന്റെ വഴികൾ തിരുത്താൻ ഞാൻ നിശ്ചയമുള്ളവൾ ആണെങ്കിൽ യഹോവ എന്നെ ഉപേക്ഷിക്കുകയില്ലെന്നു മനസ്സിലാക്കാൻ അവർ എന്നെ സഹായിച്ചു. ഒരു സ്നേഹവാനായ പിതാവിനെപ്പോലെ അവൻ നമുക്കു ശിക്ഷണം തരുന്നത് എങ്ങനെയെന്നു ഞാൻ നേരിട്ടു മനസ്സിലാക്കി. യഹോവ എന്റെ അപേക്ഷകൾ കേൾക്കുമെന്നുള്ള ഉറപ്പോടെ അവന്റെ മുമ്പാകെ ഹൃദയം തുറക്കാൻ എനിക്കു കഴിഞ്ഞു. പിന്തിരിഞ്ഞു നോക്കുമ്പോൾ, ഏഴു വർഷം മുമ്പ് മൂപ്പന്മാരോടൊപ്പം കൂടിവന്നത് യഹോവയിൽ നിന്നുള്ള ഒരു അനുഗ്രഹം ആയിരുന്നുവെന്ന് എനിക്കു സത്യസന്ധമായി പറയാൻ കഴിയും. അന്നുമുതൽ എന്നും അവനുമായുള്ള എന്റെ ബന്ധം വളരെയേറെ ശക്തമായിരുന്നിട്ടുണ്ട്.”
ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ
20. ന്യായവും നീതിയും ഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ ഏവ?
20 ഓരോ മനുഷ്യനും അയാൾ അർഹിക്കുന്നതു കൊടുക്കുന്നതിനെക്കാൾ അധികം കാര്യങ്ങൾ ദിവ്യ നീതിയിൽ ഉൾപ്പെടുന്നു എന്നതു സന്തോഷകരമാണ്. വിശ്വാസം അർപ്പിക്കുന്നവർക്കു നിത്യജീവൻ നൽകാൻ യഹോവയുടെ നീതി അവനെ പ്രേരിപ്പിച്ചിരിക്കുന്നു. (സങ്കീർത്തനം 103:10; റോമർ 5:15, 18) ദൈവ നീതി നമ്മുടെ സാഹചര്യങ്ങൾ കണക്കിൽ എടുക്കുന്നതുകൊണ്ടാണ് അവൻ നമ്മോട് ഈ വിധത്തിൽ ഇടപെടുന്നത്. അവന്റെ നീതി രക്ഷിക്കാനാണ് ശ്രമിക്കുന്നത്, കുറ്റം വിധിക്കാനല്ല. യഹോവയുടെ നീതിയുടെ വിശാലത സംബന്ധിച്ച മെച്ചപ്പെട്ട ഗ്രാഹ്യം സത്യമായും നമ്മെ അവനോട് അടുപ്പിക്കുന്നു. അവന്റെ വ്യക്തിത്വത്തിന്റെ ഈ വശം അനുകരിക്കാൻ നാം ശ്രമിക്കുമ്പോൾ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. നാം നീതി പിന്തുടരുന്നതു നമ്മുടെ സ്വർഗീയ പിതാവു ശ്രദ്ധിക്കാതിരിക്കില്ല. യഹോവ നമുക്ക് ഇങ്ങനെ ഉറപ്പു തരുന്നു: “എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ. . . . ഇതു ചെയ്യുന്ന മർത്യ[ൻ] . . . ഭാഗ്യവാൻ.”—യെശയ്യാവു 56:1, 2.
[അടിക്കുറിപ്പുകൾ]
നിങ്ങൾ ഓർമിക്കുന്നുവോ?
□ സൊദോമിന്റെയും ഗൊമോറയുടെയും നാശം യഹോവയുടെ നീതിയെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
□ മറുവില ദൈവത്തിന്റെ നീതിയുടെയും സ്നേഹത്തിന്റെയും ഒരു ശ്രദ്ധേയ പ്രകടനം ആയിരിക്കുന്നത് എന്തുകൊണ്ട്?
□ നമുക്കു നീതി പ്രവർത്തിക്കാൻ കഴിയുന്ന മൂന്നു വിധങ്ങൾ ഏവ?
□ ഏതു പ്രത്യേക വിധത്തിൽ മൂപ്പന്മാർക്കു ദിവ്യ നീതി അനുകരിക്കാൻ കഴിയും?
[15-ാം പേജിലെ ചിത്രങ്ങൾ]
നമ്മുടെ പ്രസംഗ പ്രവർത്തനത്താൽ നാം ദൈവിക നീതി പ്രകടമാക്കുന്നു
[16-ാം പേജിലെ ചിത്രങ്ങൾ]
മൂപ്പന്മാർ ദൈവിക നീതി പ്രകടമാക്കുമ്പോൾ, അവരുടെ സഹായം തേടുക എളുപ്പമാണെന്നു പ്രശ്നങ്ങൾ ഉള്ളവർ മനസ്സിലാക്കുന്നു