രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യഹോവയുടെ വഴിയോടു താഴ്മയോടെ അനുരൂപപ്പെടൽ
“ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ [യഹോവയെ] അന്വേഷിപ്പിൻ.” 26-ലധികം നൂറ്റാണ്ടുകൾക്കു മുമ്പ് എബ്രായ പ്രവാചകനായ സെഫന്യാവു ഘോഷിച്ച ഈ ക്ഷണം ഭൂമിയിലെമ്പാടുമുള്ള ആളുകൾക്ക് ഇപ്പോഴും നീട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. (സെഫന്യാവു 2:3) എന്നാൽ യഹോവയെ അന്വേഷിക്കുക എന്നതിന്റെ അർഥമെന്താണ്? ജീവനുള്ള ഏകസത്യദൈവമായ യഹോവയെ കുറിച്ചുള്ള പരിജ്ഞാനം നേടുന്നതാണ് അതിന്റെ പ്രാരംഭ പടി.—യിരെമ്യാവു 10:10; യോഹന്നാൻ 17:3.
എന്നുവരികിലും, കേവലം പരിജ്ഞാനം നേടുന്നതുകൊണ്ടു മാത്രം ദൈവ മുമ്പാകെ ഒരു അംഗീകൃത നില ലഭ്യമാകുന്നില്ല. ദൈവ പ്രീതിക്കു പാത്രമാകണമെങ്കിൽ ഒരു വ്യക്തി ഈ പരിജ്ഞാനം ബാധകമാക്കുക കൂടി ചെയ്യേണ്ടതുണ്ട്. എങ്ങനെ? അദ്ദേഹത്തിന്റെ ചിന്താരീതിയെയും നടത്തയെയും ദൈവത്തിന്റെ നിലവാരങ്ങളോട് താഴ്മയോടെ അനുരൂപപ്പെടുത്തുന്നതിനാൽ ഇതു സാധ്യമാകും. സുരിനാമിൽ നിന്നുള്ള പിൻവരുന്ന അനുഭവം ഇതു ദൃഷ്ടാന്തീകരിക്കുന്നു.—എഫെസ്യർ 4:22-24.
30-കളുടെ മധ്യേ പ്രായമുള്ള ഒരു സ്കൂൾ അധ്യാപകനാണ് എഡി. ‘ഏതൽക്കാല സമൂഹത്തിൽ മതത്തിന്റെ പങ്കെന്ത്?,’ ‘പുരാതന ഗ്രന്ഥമായ ബൈബിൾ ആധുനിക ശാസ്ത്രവുമായി യോജിപ്പിലാണോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം ലഭിക്കാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ സന്ദർശിച്ച് ഈ ചോദ്യങ്ങൾക്കുള്ള ബൈബിൾ അധിഷ്ഠിത ഉത്തരങ്ങൾ പ്രദാനം ചെയ്തപ്പോൾ അദ്ദേഹം അവധാനപൂർവം ശ്രദ്ധിച്ചു. സാക്ഷികളുടെ വിശദീകരണം ഒത്തുനോക്കാനായി അദ്ദേഹം കുറിപ്പുകൾ എടുക്കുക പോലും ചെയ്തു.
ദൈവം മനുഷ്യക്കുരങ്ങുകളിൽ വരുത്തിയ പരിഷ്കാരങ്ങളുടെ അന്തിമ ഫലമാണ് മനുഷ്യൻ എന്നു പഠിപ്പിച്ചിരുന്ന ഒരു മതത്തോടൊത്ത് ആയിരുന്നു എഡി നേരത്തെ സഹവസിച്ചിരുന്നത്. അതുകൊണ്ട്, സാക്ഷികൾ വാഗ്ദാനം ചെയ്ത ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം അദ്ദേഹം ഉടനടി സ്വീകരിച്ചു. ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണത്തെ കുറിച്ചുള്ള ആ പുസ്തകത്തിന്റെ വ്യക്തമായ വിശദീകരണം അദ്ദേഹത്തിൽ മതിപ്പുളവാക്കി. ബൈബിൾ പഠനത്തിലൂടെ, താൻ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു!
എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ഒരു പരിശോധന നേരിട്ടു. മോഷണവും സത്യസന്ധത ഇല്ലായ്മയും തൊഴിലാക്കിയ ചിലരോടൊത്ത് ആയിരുന്നു അദ്ദേഹത്തിന്റെ താമസം. അതുകൊണ്ട് അദ്ദേഹത്തിന് ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിവന്നു: ഒന്നുകിൽ തന്നോടൊപ്പം താമസിക്കുന്നവരുടെ ദുഷിച്ച ജീവിത രീതി പിന്തുടരുക, അല്ലെങ്കിൽ ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ഒരു ജീവിത രീതി തിരഞ്ഞെടുക്കാനായി അത് ഉപേക്ഷിക്കുക. ജ്ഞാനപൂർവം, എഡി രണ്ടാമത്തെ വഴിയാണു തിരഞ്ഞെടുത്തത്. മോശമായ സഹവാസം പാടേ ഉപേക്ഷിച്ച അദ്ദേഹം അവിടെ നിന്നു മാറിത്താമസിച്ചു.—1 കൊരിന്ത്യർ 15:33, 34.
രാജ്യഹാളിൽ യോഗങ്ങൾക്കു സംബന്ധിക്കാൻ തുടങ്ങിയതിൽ പിന്നെ എഡി സത്വര പുരോഗതി കൈവരിച്ചു. വേഷവിധാനത്തിന്റെ കാര്യത്തിൽ ചിട്ടപ്പെടുത്തലുകൾ വരുത്തിയ അദ്ദേഹം താൻ പഠിക്കുന്ന കാര്യങ്ങളെ കുറിച്ചു ബന്ധുമിത്രാദികളോടു സംസാരിക്കാനും തുടങ്ങി. പിന്നീട്, “സുവിശേഷ” പ്രസംഗത്തിൽ പരസ്യമായി ഏർപ്പെടാനുള്ള അംഗീകാരം ലഭിച്ചപ്പോൾ അദ്ദേഹത്തിനു വളരെ സന്തോഷമായി. (മത്തായി 24:14; പ്രവൃത്തികൾ 20:20) 1996 ഡിസംബറിൽ, ജല സ്നാപനത്താൽ യഹോവയ്ക്കുള്ള തന്റെ സമർപ്പണം പ്രതീകപ്പെടുത്തിയപ്പോൾ നാളുകളായി കാത്തിരുന്ന ആ ദിനം വന്നെത്തി.
“യഹോവയെ അന്വേഷി”ക്കാനുള്ള ക്ഷണത്തോട് ഓരോ വർഷവും ലക്ഷക്കണക്കിനു പരമാർഥ ഹൃദയികൾ പ്രതികരിക്കുന്നു. അങ്ങനെ ചെയ്യുകയിൽ, അവർ സദൃശവാക്യങ്ങൾ 22:4-ന്റെ സത്യത അനുഭവിച്ച് അറിയുന്നു. അവിടെ ഇങ്ങനെ പ്രസ്താവിക്കുന്നു: “താഴ്മെക്കും യഹോവഭക്ഷിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.” അതേ, യഹോവയുടെ വഴിയോടു താഴ്മയോടെ അനുരൂപപ്പെടുന്നതിനാൽ സത്യസ്നേഹികൾ ഇപ്പോൾ അത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. കൂടാതെ ഈ ഭൂമിയിൽ അനന്ത സൗഭാഗ്യങ്ങൾ അനുഭവിക്കാനായി അവർ ദൃഢവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കുന്നു.—സങ്കീർത്തനം 37:29.
[18-ാം പേജിലെ ഭൂപടങ്ങൾ]
(For fully formatted text, see publication.)
കരീബിയൻ കടൽ
സുരിനാം
ഗയാന
ഫ്രഞ്ച് ഗയാന
ബ്രസീൽ
[കടപ്പാട]
ഭൂഗോളം: Mountain High Maps ® Copyright © 1997 Digital Wisdom, Inc.