സുരക്ഷിത ഭാവിയുള്ള യുവജനങ്ങൾ
“ഏതൊരു [ബലാൽസംഗവും] പോലെ ഭീതിദവും ബീഭത്സവുമായ ഒന്ന്”—സമീപകാലത്തു നടന്ന ഒരു വിചാരണയ്ക്ക് അധ്യക്ഷത വഹിച്ച ന്യായാധിപൻ ആ കുറ്റകൃത്യത്തെ വർണിച്ചത് അങ്ങനെയാണ്. 14-നും 18-നുമിടയ്ക്കു പ്രായമുള്ള എട്ടു പേരടങ്ങുന്ന കൗമാരപ്രായക്കാരുടെ ഒരു സംഘം, വിനോദസഞ്ചാരിയായ ഒരു സ്ത്രീയെ ലണ്ടനിലെ ഒരു ഉൾനഗര പ്രദേശത്തു പതിയിരുന്ന് ആക്രമിച്ചു. പലയാവർത്തി ലൈംഗികമായി പീഡിപ്പിച്ചശേഷം, നീന്തലറിയാഞ്ഞ അവളെ സമീപത്തുള്ള ഒരു തോട്ടിലെറിഞ്ഞു. മകൻ ചെയ്തതിനെക്കുറിച്ചുള്ള ടിവി റിപ്പോർട്ടു കണ്ടപ്പോൾ താനാകെ തളർന്നുപോയെന്ന് ആ കൗമാരപ്രായക്കാരിലൊരാളുടെ അമ്മ പറഞ്ഞതെന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
ദുഃഖകരമെന്നു പറയട്ടെ, അത് ഇന്നു സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളുടെ പ്രതിഫലനമാണ്. കുറ്റകൃത്യങ്ങളിലോ ഭവനത്തിലെ അക്രമത്തിലോ, ബാൾക്കൻസിലും മധ്യാഫ്രിക്കയിലും പശ്ചിമാഫ്രിക്കയിലും മറ്റെവിടെയും നടക്കുന്ന വംശീയ കലാപങ്ങളിലോ ആയാലും മൃഗീയത ഇന്നു സർവസാധാരണമാണ്. യുവജനങ്ങൾ അത്തരം അവസ്ഥകളിന്മധ്യേയാണു വളർന്നു വരുന്നത്. അല്ലെങ്കിൽ, മിക്കപ്പോഴും അവർ അതേക്കുറിച്ചു കേൾക്കുന്നുണ്ട്. ആ സ്ഥിതിക്ക്, അനേകരും “സ്വാഭാവിക പ്രിയമില്ലാത്ത” കഠിനഹൃദയരും “ആത്മനിയന്ത്രണമില്ലാത്ത”വരും ആയിത്തീരുന്നതിൽ തെല്ലും അതിശയിക്കാനില്ല.—2 തിമൊഥെയൊസ് 3:3, NW.
‘ഉഗ്രന്മാർ’
ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് സഹമൂപ്പനായിരുന്ന തിമൊഥെയൊസിന് തന്റെ രണ്ടാമത്തെ ലേഖനമെഴുതിയപ്പോൾ റോം ആയിരുന്നു പ്രമുഖ ലോകശക്തി. റോമൻ പോർക്കളങ്ങളിൽ ക്രൂരതയും മ്ലേച്ഛതയും നടമാടിയിരുന്നു. എന്നിട്ടും, ഭാവിയിൽ “ഇടപെടാൻ പ്രയാസമായ” സമയങ്ങൾ ഉണ്ടാകുമെന്നു പൗലൊസ് മുന്നറിയിപ്പു നൽകി. (2 തിമൊഥെയൊസ് 3:1, NW) രസകരമെന്നു പറയട്ടെ, ഈ സമയങ്ങളെ “ഇടപെടാൻ പ്രയാസമായ”തെന്നു വർണിക്കുന്ന ഗ്രീക്കു പദത്തിൽ അവ “ഉഗ്ര”മായിരിക്കുമെന്ന ആശയവും ഉൾക്കൊള്ളുന്നു. അതിനു 30-ലധികം വർഷം മുമ്പ്, യേശുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്തു നടന്ന ഒരു സംഭവം അവന്റെ നാളിലെ ചില ക്രൂരകൃത്യങ്ങൾക്കു പിന്നിലുണ്ടായിരുന്നതെന്താണെന്നു സൂചിപ്പിക്കുന്നു.
യേശു ഗലീലാക്കടലിന്റെ പൂർവ തീരത്തു പടകിൽ വന്നിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അവൻ തീരത്തിറങ്ങിയ ഉടനെ രണ്ടു പുരുഷന്മാർ അവനെതിരെവന്നു. അവരുടെ വന്യമായ ആകാരവും ആക്രോശവും അവർക്കു കാര്യമായ എന്തോ കുഴപ്പമുണ്ടെന്നു വ്യക്തമാക്കി. അവർ “അത്യുഗ്രന്മാർ,” വാസ്തവത്തിൽ ഭൂതഗ്രസ്തർ, ആയിരുന്നു.a അവരുടെ ആക്രോശം അവരുടെ അക്രമ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന ദുഷ്ടാത്മാക്കളിൽനിന്നു വന്നതായിരുന്നു. “ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു?” എന്നവർ ആക്രോശിച്ചു. “സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ”? ഭൂതങ്ങളെ ന്യായംവിധിക്കുന്നതിന് ദൈവം നേരത്തേതന്നെ ഒരു നിശ്ചിത സമയം കൽപ്പിച്ചിരിക്കുന്നകാര്യം ആ മനുഷ്യരെ ബാധിച്ചിരുന്ന ദുഷ്ടാത്മാക്കൾക്കു നന്നായി അറിയാമായിരുന്നു. അത് അവരുടെ നിത്യനാശത്തെ അർഥമാക്കും. എന്നാൽ അതുവരെ ഉഗ്രമായ അക്രമങ്ങൾ ഇളക്കിവിടുന്നതിന് അവർ തങ്ങളുടെ അമാനുഷ കഴിവുകൾ ഉപയോഗിക്കാനിരിക്കുകയായിരുന്നു. ഭൂതങ്ങളെ പുറത്താക്കാനുള്ള യേശുവിന്റെ അത്ഭുതകരമായ നടപടി മാത്രമാണ് ആ പുരുഷന്മാർക്ക് ആശ്വാസമേകിയത്.—മത്തായി 8:28-32; യൂദാ 6.
ഇന്ന്, യുവജനങ്ങളുൾപ്പെടെയുള്ള ആളുകൾ ഭ്രാന്തമായ വിധത്തിൽ പെരുമാറുമ്പോൾ നാം ആ സംഭവം അനുസ്മരിക്കുന്നതു നന്നായിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടു വിശദീകരിക്കുന്നതുപോലെ, നാം ഈ 20-ാം നൂറ്റാണ്ടിൽ അതുമായി ബന്ധപ്പെട്ട ഒരപകടത്തെ നേരിടുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) ഇനി അൽപ്പകാലമേയുള്ളുവെന്നു സാത്താനറിയാം. തനിക്കു സംഭവിച്ച അപമാനം നിമിത്തം അവൻ “മഹാക്രോധത്തോടെ”യാണു വരുന്നതെന്നു ശ്രദ്ധിക്കുക.
ആക്രമണത്തിൽ
ഈ പത്രികയിൽ പലതവണ സൂചിപ്പിച്ചിട്ടുള്ളതുപോലെ, 1914-ൽ ക്രിസ്തുയേശു സ്വർഗത്തിൽ ദൈവരാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥനായി. യേശു ഉടനടി ദൈവത്തിന്റെ മുഖ്യ ശത്രുവായ സാത്താനെതിരെ നടപടി സ്വീകരിച്ചു. അങ്ങനെ, പിശാചും അവന്റെ ഭൂതങ്ങളും സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ടിരിക്കയാണ്. ഇപ്പോൾ അവരുടെ ശ്രദ്ധാകേന്ദ്രം ഭൂമിയാണ്. (വെളിപ്പാടു 12:7-9) തന്റെ സ്വാധീന മണ്ഡലം കാര്യമായി പരിമിതമാക്കപ്പെട്ടിരിക്കുന്നതിനാൽ സാത്താൻ “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു.” (1 പത്രൊസ് 5:8) അവന് എളുപ്പത്തിൽ ഇരയാകുന്നത് ആരാണ്? അതു ജീവിതത്തിലും മനുഷ്യബന്ധങ്ങളിലും അനുഭവപരിചയം കുറഞ്ഞവരായിരിക്കുമെന്നതു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ? അങ്ങനെ, യുവജനങ്ങൾ ഇന്നു പിശാചിന്റെ ലക്ഷ്യമായിത്തീർന്നിരിക്കുന്നു. തങ്ങളുടെ മിക്ക സംഗീതങ്ങളിലൂടെയും ഒഴിവുസമയ പ്രവർത്തനങ്ങളിലൂടെയും അവർ ചതിയനായ ഈ അദൃശ്യ സൂത്രധാരന്റെ കൈകളിൽ വീഴുന്നു.—എഫെസ്യർ 6:11, 12.
എങ്ങനെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴും യുവജനങ്ങൾക്കു നിരവധി പ്രതിബന്ധങ്ങളെ നേരിടേണ്ടതായിവരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ, യുദ്ധത്തിലായിരുന്ന അനേകം രാജ്യങ്ങളിലെയും ജനങ്ങൾ, സമ്പദ്സമൃദ്ധമായ ജീവിതരീതി തങ്ങളുടെ കുടുംബാംഗങ്ങൾക്കു സമ്മാനിച്ചുകൊണ്ടു യുദ്ധകാലത്തെ കുറവു നികത്താൻ ശ്രമിച്ചിരിക്കുന്നു. ഭൗതിക സ്വത്തുക്കൾ, കടിഞ്ഞാണില്ലാത്ത ഒഴിവുസമയ പ്രവർത്തനങ്ങൾ, വിനോദങ്ങൾ എന്നിവയാണു മുഖ്യ ലാക്കുകൾ. തത്ഫലമായി, അനേകർ കുഴപ്പങ്ങളിലകപ്പെട്ടിട്ടുണ്ട്. “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും . . . മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്നു പൗലൊസ്, തിമൊഥെയൊസിനു മുന്നറിയിപ്പുനൽകി. (1 തിമൊഥെയൊസ് 6:9, 10) പൊതുവേ പറഞ്ഞാൽ, ഇന്നത്തെ ഭൗതികത്വ സമൂഹത്തിൽ ആളുകൾ സാമ്പത്തികവും പണപരവും വൈകാരികവുമായി തങ്ങളെത്തന്നെ കുത്തിനോവിക്കുന്നതു നാം കാണുന്നു. ദൈവത്തിന്റെ മുഖ്യ ശത്രുവിന്റെ കെണിയിൽ അകപ്പെട്ടിരിക്കുന്നവരിൽ അനേകം യുവജനങ്ങളുമുൾപ്പെടുന്നു.
എങ്കിലും സന്തോഷകരമെന്നു പറയട്ടെ, ഒരു സദ്വാർത്തയുണ്ട്. അത് സുരക്ഷിതഭാവിയുള്ള യുവജനങ്ങളെക്കുറിച്ചുള്ളതാണ്. അതെങ്ങനെ സാധ്യമാകും?
അന്വേഷിപ്പിൻ കണ്ടെത്തും
ഉയർന്ന ആദർശങ്ങളുള്ള അനേകം യുവജനങ്ങളുണ്ട്. മുതിർന്നവർക്കിടയിൽ സാധാരണമായിരിക്കുന്ന അധമമായ നിലവാരങ്ങളെ അവർ ത്യജിക്കുന്നു. അധികാരക്കൊതി മൂത്ത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും അനീതിയിലും തഴമ്പിച്ച മനോഭാവത്തിലും അവർക്കു വിരക്തിതോന്നുന്നു. നിങ്ങളൊരു യുവവ്യക്തിയാണെങ്കിൽ നിങ്ങൾക്കും അങ്ങനെയായിരിക്കാം തോന്നുന്നത്.
കൗമാരം വിടപറയാറായ സെഡ്രിക്കിന്റെ അനുഭവം പരിചിന്തിക്കുക. അത് ഒറ്റപ്പെട്ട ഒന്നല്ല.b ഒരു കുട്ടിയായിരുന്നപ്പോൾ അവൻ മരണമുൾപ്പെടെ അനേകം സംഗതികളെ ഭയപ്പെട്ടിരുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് അവൻ ചിന്തിച്ചു. 15 വയസ്സെത്തിയപ്പോൾ, തന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനാകാതെ അവൻ ആദർശവാദികളായ മറ്റു യുവാക്കളോടൊപ്പം ജീവിതത്തിന്റെ അർഥമെന്തെന്നു വിചിന്തനംചെയ്യാൻ ഇറങ്ങിത്തിരിച്ചു. “ഞങ്ങൾ മയക്കുമരുന്നു കഴിച്ച്, മണിക്കൂറുകളോളമിരുന്നു സംസാരിക്കുമായിരുന്നു. എല്ലാവർക്കും ഒരേ ചിന്താഗതിയായിരുന്നു, എന്നാൽ ആരുടെയും പക്കൽ ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല,” അവൻ അനുസ്മരിക്കുന്നു.
മിക്ക യുവജനങ്ങളെയുംപോലെ സെഡ്രിക്കിനും ആവേശം പകരുന്ന പ്രവൃത്തികൾ ഒരു ഹരമായിരുന്നു. കേവലം മയക്കുമരുന്നുപയോഗിക്കുന്നത് അവനെ തൃപ്തനാക്കിയില്ല. താമസിയാതെ അവൻ മോഷണത്തിലും മയക്കുമരുന്നു വിൽപ്പനയിലുമേർപ്പെട്ടു. അതുകൊണ്ടും തൃപ്തിവരാഞ്ഞ്, ആളുകൾ ആവശ്യപ്പെട്ടതനുസരിച്ചു സാധനങ്ങൾ മോഷ്ടിച്ചു കൊടുക്കാൻ തുടങ്ങി. “എനിക്കത് ആവേശം പകർന്നു” എന്ന് അവൻ സമ്മതിക്കുന്നു. “എന്നാൽ ഞാൻ ഒരിക്കലും സാധാരണക്കാരന്റെ മുതൽ മോഷ്ടിച്ചിരുന്നില്ല. ഒരു കാർ മോഷ്ടിക്കുന്നെങ്കിൽ അതിന്റെ ഉപയോഗത്തിനുശേഷം ഒരു കേടുംവരുത്താതെ ഞാനത് ഉപേക്ഷിക്കുമായിരുന്നു. ഒരു കട കുത്തിത്തുറക്കുന്നെങ്കിൽ അതിന് ഇൻഷ്വറൻസുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടേ അങ്ങനെ ചെയ്യുമായിരുന്നുള്ളൂ. എന്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ അതെന്നെ സഹായിച്ചു.” നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ, സെഡ്രിക്ക് ജയിലിലായി.
“എന്നോടൊപ്പം തടവിലായിരുന്ന മാർക്ക് എന്നോടു സംസാരിച്ചു. എന്റെ ഭുജത്തിൽ ഒരു വലിയ കുരിശ് പച്ചകുത്തിയിരിക്കുന്നതു കണ്ട് അതെന്തിനാണെന്ന് അയാൾ എന്നോടു ചോദിച്ചു. എനിക്കത് മതപരമായി വളരെയധികം പ്രാധാന്യമുള്ള ഒന്നാണെന്ന് അയാൾ കരുതി.” ഏതാനും വാരങ്ങൾക്കുശേഷം മാർക്ക്, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം സെഡ്രിക്കിനു നൽകി.c “‘നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ കഴിയും’—ആ വാക്കുകൾ ഉടനടി എന്റെ ഉള്ളിൽ തട്ടി. അതേക്കുറിച്ചാണു ഞങ്ങൾ എല്ലായ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ സത്യം കണ്ടെത്താൻ ഞങ്ങൾക്കായില്ല.” ജയിൽ സന്ദർശിച്ച ഒരു യഹോവയുടെ സാക്ഷിയുമായി പലവട്ടം ചർച്ചകൾ നടത്തിയശേഷം, തന്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടാവുന്ന ഒന്നാണെന്നു സെഡ്രിക്ക് തിരിച്ചറിഞ്ഞു—എന്നാൽ, ദൈവിക മാർഗത്തിലൂടെ മാത്രം.
“മുൻ സുഹൃത്തുക്കളുമായുള്ള സഹവാസം ഉപേക്ഷിച്ചതോടെ എന്റെ പുരോഗതി ത്വരിതഗതിയിലായി,” സെഡ്രിക് പറയുന്നു. അവനെ സംബന്ധിച്ചിടത്തോളം, കാര്യങ്ങൾ ഗ്രഹിക്കുന്നതിലും യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നതിലുമുള്ള പുരോഗതി അത്ര എളുപ്പമായിരുന്നില്ല. “ഞാനിപ്പോഴും ശ്രമം തുടരുകയാണ്,” അവൻ പറയുന്നു. “എന്റെ ചിന്താരീതിയിൽ ജാഗ്രതപുലർത്തേണ്ടതുണ്ട്.” അതേ, ആവേശം പകരുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടാൽ മാത്രമേ തന്റെ ലാക്കുകളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളുവെന്നു ചിന്തിച്ചുകൊണ്ട് ആദർശവാദിയായിരുന്നത് തന്നെ പിശാചിന്റെ കെണിയിലകപ്പെടുത്തിയെന്നു സെഡ്രിക്ക് മനസ്സിലാക്കുന്നു.
സന്തോഷകരമെന്നു പറയട്ടെ, സെഡ്രിക്ക് ജയിൽമോചിതനായിട്ടു വളരെക്കാലമായി. തേടിക്കൊണ്ടിരുന്നതു കണ്ടെത്തിയ അനേകരുമായി അവനിപ്പോൾ ക്രമമായ സഹവാസം ആസ്വദിക്കുന്നു. ഇപ്പോൾ അവനൊരു യഹോവയുടെ സാക്ഷിയാണ്. ഇവിടെ ഭൂമിയിലെ പറുദീസയിൽ ജീവിക്കാനുള്ള സാക്ഷികളുടെ പ്രത്യാശയിൽ അവൻ പങ്കുചേരുന്നു. ഏതു കപടരൂപത്തിലുമുള്ള സാത്താന്യസ്വാധീനം തരിമ്പും ശേഷിക്കാതെ അവസാനിക്കുന്ന സമയത്തിനായി അവൻ നോക്കിപ്പാർത്തുമിരിക്കുന്നു.
തീർച്ചയായും, സെഡ്രിക്കിനെപ്പോലെയുള്ള യുവജനങ്ങൾക്കു മാത്രമല്ല സുരക്ഷിത ഭാവി ഉള്ളത്; ദൈവഭക്തിയുള്ള മാതാപിതാക്കൾ ബൈബിൾ സത്യത്തോടുള്ള സ്നേഹം അങ്കുരിപ്പിച്ചു വളർത്തിക്കൊണ്ടുവന്ന വേറെയും യുവജനങ്ങളുണ്ട്.
ദൈവഭക്തിയോടെയുള്ള പരിശീലനം പ്രതിഫലം കൈവരുത്തുന്നു
“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല,” പുരാതന നാളിലെ ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി. (സദൃശവാക്യങ്ങൾ 22:6) ബൈബിളിന്റെ നിലവാരം പിൻപറ്റാൻ തീരുമാനിച്ചിരിക്കുന്ന ഏകാഗ്രമനസ്സുള്ള അനേകം യുവജനങ്ങളുടെ കാര്യത്തിൽ ഇതു വാസ്തവമെന്നു തെളിഞ്ഞിരിക്കുന്നു.
ഷീല, ഗോർഡൻ, സേറ എന്നിവർ അതാണു ചെയ്തത്. അവരുടെ മാതാപിതാക്കൾ, രാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് ആളുകളെ ‘ശിഷ്യരാക്കുവിൻ’ എന്ന ക്രിസ്തുവിന്റെ കൽപ്പന അനുസരിക്കുന്നതിനു വളരെയേറെ പ്രാധാന്യം കൽപ്പിച്ചിരുന്നതായി അവർ അനുസ്മരിക്കുന്നു. (മത്തായി 24:14; 28:19, 20) “ഏതു തീരുമാനം എടുക്കുമ്പോഴും ‘ഇതു പ്രസംഗവേലയെ എങ്ങനെ ബാധിക്കും?’ എന്നു ഞാനും അമ്മയും പരസ്പരം ചോദിക്കുമായിരുന്നു,” ഷീല അനുസ്മരിക്കുന്നു. അവൾ ഇങ്ങനെ സമ്മതിക്കുന്നു: “അത്തരം യുക്തിവിചാരം നിമിത്തം പല കാര്യങ്ങളും ഞങ്ങൾ ഉപേക്ഷിച്ചു. എന്നാൽ അതുകൊണ്ടു ഞങ്ങൾക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് ഉണ്ടായതെന്നോ!” സുവാർത്തയുമായി ആളുകളുടെ ഭവനങ്ങൾ സന്ദർശിച്ച് പകൽ ദീർഘനേരം ചെലവിട്ടശേഷവും ഗീതങ്ങൾ പാടിക്കൊണ്ടായിരുന്നു ഷീലയും അമ്മയും വീട്ടിലേക്കു മടങ്ങുക. “ഞാൻ തികച്ചും സന്തുഷ്ടയായിരുന്നു, ഇപ്പോഴും എനിക്കങ്ങനെ അനുഭവപ്പെടുന്നുണ്ട്,” അവൾ പറയുന്നു.
ആനന്ദദായകമായിരുന്ന ഒട്ടനവധി ശനിയാഴ്ച സായാഹ്നങ്ങളെക്കുറിച്ചു ഗോർഡൻ ഓർക്കുന്നു. “സഭയിലെ മൂപ്പന്മാരുടെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുമായിരുന്നു. അവിടെ ഞങ്ങൾ പ്രയോജനപ്രദമായ ക്വിസ്സുകളും ചർച്ചകളും നടത്തുമായിരുന്നു. ബൈബിളിലെ വാക്യങ്ങൾ മനപ്പാഠമാക്കാനും തിരുവെഴുത്തു വിഷയങ്ങളെക്കുറിച്ചു യഥേഷ്ടം സംസാരിക്കാനും പ്രസംഗവേലയിലെ അനുഭവം വിവരിക്കാനും രാജ്യവേല പുരോഗമിക്കുന്നതെങ്ങനെയെന്നു പഠിക്കാനും ഞങ്ങൾക്കു പ്രോത്സാഹനം ലഭിച്ചിരുന്നു,” ഗോർഡൻ അനുസ്മരിക്കുന്നു. “അവയെല്ലാം നല്ല അസ്തിവാരമിടാനും യഹോവയാം ദൈവത്തോടു സ്നേഹം നട്ടുവളർത്താനും എന്നെ സഹായിച്ചു.”
സന്ദർശകരായ സാക്ഷികളുമൊത്തു പങ്കിട്ട സായാഹ്നങ്ങളെക്കുറിച്ചു സേറ മധുരസ്മരണകൾ അയവിറക്കുന്നു. “ഞങ്ങളൊരുമിച്ച് ആഹാരം കഴിക്കും. ഒടുവിൽ പിയാനോ വായിച്ചുകൊണ്ടു ദൈവരാജ്യത്തെക്കുറിച്ചുള്ള ഗീതങ്ങൾ പാടും. വാസ്തവത്തിൽ, സംഗീതം ഞങ്ങളെ വളരെയധികം സഹായിച്ചു. പ്രത്യേകിച്ചും സ്കൂൾ വർഷങ്ങളിൽ. കാരണം, കുടുംബമൊത്തൊരുമിച്ചു കാര്യങ്ങൾ ചെയ്യാൻ അതു ഞങ്ങൾക്ക് അവസരമേകി.”
തീർച്ചയായും, യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കെല്ലാമൊന്നും ഉത്തമ കുടുംബചുറ്റുപാടുകൾ ഇല്ല. എന്നിരുന്നാലും, സഭയിലെ മറ്റു സാക്ഷികളുടെ കുടുംബാംഗങ്ങളുമായുള്ള അടുത്ത സഹവാസം അവർക്കു സുരക്ഷിതത്വവും വേണ്ടപ്പെട്ടവരാണെന്ന തോന്നലും പ്രദാനം ചെയ്യുന്നു.
ഭാവിയിലേക്ക് സുരക്ഷിതമായൊരു അടിസ്ഥാനമിടുക
യുവജനങ്ങൾക്കിന്ന് ഒരു തിരഞ്ഞെടുപ്പുണ്ട്. ഒന്നുകിൽ അവർക്ക് യേശു മുൻകൂട്ടിപ്പറഞ്ഞ വരാനിരിക്കുന്ന “മഹോപദ്രവ”ത്തിൽ ഈ ദുഷ്ടലോകത്തോടൊപ്പം നാശത്തിലേക്കു കൂപ്പുകുത്തിവീഴാം. അല്ലെങ്കിൽ നിശ്വസ്ത സങ്കീർത്തനക്കാരനായ ആസാഫ് പാടിയതുപോലെ, അവർക്കു “തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും . . . അവന്റെ കല്പനകളെ പ്രമാണിച്ചു നടക്കയും” ചെയ്യാം. ദൈവത്തോടുള്ള അനുസരണം “തങ്ങളുടെ പിതാക്കന്മാരേപ്പോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി” തീരുന്നതിൽനിന്ന് അവരെ തടയും.—മത്തായി 24:21, NW; സങ്കീർത്തനം 78:6-8.
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായ 80,000-ത്തിലധികം സഭകളിൽ ആദരണീയരായ നിരവധി യുവജനങ്ങളെ നിങ്ങൾക്കു കാണാനാകും. “നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി . . . വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപി”ക്കാനും യുവ തിമൊഥെയൊസിനുള്ള പൗലൊസിന്റെ ബുദ്ധ്യുപദേശം അവർ പിൻപറ്റിയിരിക്കുന്നു. തത്ഫലമായി, അവർക്കു “സാക്ഷാലുള്ള ജീവനെ [മുറുകെ] പിടി”ക്കുവാൻ കഴിഞ്ഞിരിക്കുന്നു. (1 തിമൊഥെയൊസ് 6:18, 19) ഈ വിശ്വസ്ത ക്രിസ്ത്യാനികളെക്കുറിച്ച്, അവരുടെ യോഗങ്ങളിൽ ഹാജരായിക്കൊണ്ടു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുക. അങ്ങനെയെങ്കിൽ നിങ്ങൾക്കും ഒരു സുരക്ഷിത ഭാവി പ്രത്യാശിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
a മത്തായി 8:28-ലും 2 തിമൊഥെയൊസ് 3:1-ലും ‘ഉഗ്രന്മാർ’ എന്നു തർജമ ചെയ്തിരിക്കുന്ന ഗ്രീക്കു പദം ഒന്നുതന്നെയാണ്.
b പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
c വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[7-ാം പേജിലെ ചിത്രം]
യേശു സൗഖ്യമാക്കിയ “അത്യുഗ്രന്മാ”രായിരുന്ന പുരുഷന്മാരെ ബാധിച്ചിരുന്നതു ദുഷ്ടാത്മാക്കളായിരുന്നു
[8-ാം പേജിലെ ചിത്രം]
“വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം” പണിയുന്നു