പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ
“യഹോവയുടെ അനുഗ്രഹം—സമ്പത്തുണ്ടാക്കുന്നത് അതാണ്, അവൻ അതിനോടു വേദന കൂട്ടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22, NW.
1, 2. (എ) ഒരു പയനിയർ മുഴുസമയ ശുശ്രൂഷയെക്കുറിച്ചുള്ള തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചതെങ്ങനെ? (ബി) പയനിയർമാർ ശിഷ്യരാക്കൽ വേലയുടെ ആഹ്ലാദങ്ങൾ കൂടുതൽ തികവിൽ അനുഭവിക്കാനുള്ള സ്ഥാനത്തായിരിക്കുന്നതെന്തുകൊണ്ട്?
“നിങ്ങൾ അധ്യയനമെടുത്ത ആരെങ്കിലും യഹോവയുടെ ഒരു സജീവ സ്തുതിപാഠകനായിത്തീരുന്നതു കാണുന്നതിനെക്കാൾ വലിയ സന്തോഷമുണ്ടോ? യഹോവയെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് ആളുകളെ പ്രചോദിപ്പിക്കുന്നതിൽ ദൈവവചനം എത്ര ശക്തമാണെന്നു കാണുന്നത് ആഹ്ലാദകരമാണ്, അതു വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യും.” 32 വർഷത്തിലധികമായി മുഴുസമയ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന കാനഡയിൽനിന്നുള്ള ഒരു പയനിയർ അപ്രകാരമെഴുതി. തന്റെ പയനിയർ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം പറയുന്നു: “മറ്റെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാനാകുന്നില്ല. ഇത്രയും സന്തുഷ്ടി കൈവരുത്തുന്ന മറ്റെന്തെങ്കിലുമുണ്ടായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല.”
2 ആരെയെങ്കിലും ജീവന്റെ വഴിയിലേക്കു വരാൻ സഹായിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നത് വളരെ സന്തോഷം കൈവരുത്തുമെന്നതിനോടു നിങ്ങൾ യോജിക്കുന്നുണ്ടോ? തീർച്ചയായും, അത്തരം സന്തുഷ്ടി ആസ്വദിക്കുന്നത് പയനിയർമാർ മാത്രമല്ല. “ആളുകളെ ശിഷ്യരാക്കുന്ന”തിനുള്ള നിയോഗം യഹോവയുടെ എല്ലാ ദാസന്മാർക്കുമുണ്ട്, അവർ അതു ചെയ്യാൻ കഠിനമായി ശ്രമിക്കുന്നു. (മത്തായി 28:19) എന്നിരുന്നാലും, പയനിയർമാർക്കു വയൽസേവനത്തിൽ അനേകം മണിക്കൂറുകൾ ചെലവഴിക്കാൻ സാധിക്കുന്നതുകൊണ്ട്, മിക്കപ്പോഴും അവർക്കാണു ശിഷ്യരാക്കൽവേലയുടെ ആഹ്ലാദങ്ങൾ കൂടുതൽ തികവിൽ അനുഭവിക്കാനാകുന്നത്. മാത്രവുമല്ല, പയനിയർ ശുശ്രൂഷയ്ക്കു മറ്റു പ്രതിഫലങ്ങളുമുണ്ട്. പയനിയർമാരോടൊന്നു സംസാരിച്ചുനോക്കുക, ‘സമ്പത്തുണ്ടാക്കുന്ന യഹോവയുടെ അനുഗ്രഹം’ അനുഭവിക്കുന്നതിനുള്ള അത്ഭുതകരമായ മാർഗമാണു പയനിയർ ശുശ്രൂഷയെന്ന് അവർ നിങ്ങളോടു പറയും.—സദൃശവാക്യങ്ങൾ 10:22.
3. നാം യഹോവയെ സേവിക്കുന്നതിൽ തുടരവേ നമ്മെ എന്തു പ്രചോദിപ്പിച്ചേക്കാം?
3 ഈയിടെ, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നുമുള്ള പയനിയർമാരോട് മുഴുസമയ ശുശ്രൂഷയിൽ അവർ അനുഭവിച്ച അനുഗ്രഹങ്ങൾ വർണിക്കാൻ ആവശ്യപ്പെടുകയുണ്ടായി. അവർക്കെന്തെല്ലാമാണു പറയാനുണ്ടായിരുന്നതെന്നു നമുക്കു പരിചിന്തിക്കാം. എന്നിരുന്നാലും, ആരോഗ്യക്കുറവോ വാർധക്യമോ അല്ലെങ്കിൽ മറ്റു സാഹചര്യങ്ങളോ നിമിത്തം നിങ്ങളുടെ സേവനം പരിമിതപ്പെട്ടിരിക്കുന്നെങ്കിൽ, നിരുത്സാഹിതരാകേണ്ടതില്ല. ഓർക്കുക, ഏതു നിലയിലായിരുന്നാലും, യഹോവയെ മുഴുദേഹിയോടെ സേവിക്കുന്നതാണ് പ്രധാനം. എങ്കിലും, ചില പയനിയർമാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത്, സാധിക്കുമെങ്കിൽ ഈ പ്രതിഫലദായക വേല ഏറ്റെടുക്കുന്നതിനുള്ള നിങ്ങളുടെ താത്പര്യത്തെ വർധിപ്പിച്ചേക്കാം.
ആഴമായ സംതൃപ്തിയും സന്തുഷ്ടിയും അനുഭവിക്കൽ
4, 5. (എ) മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതു വളരെ പ്രതിഫലദായകമായൊരു അനുഭവമായിരിക്കുന്നതെന്തുകൊണ്ട്? (ബി) മുഴുസമയ ശുശ്രൂഷയിൽ പങ്കുപറ്റുന്നതിനെക്കുറിച്ച് പയനിയർമാർക്ക് എന്തു തോന്നുന്നു?
4 “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന് യേശു പറഞ്ഞു. (പ്രവൃത്തികൾ 20:35, NW) അതേ, നിസ്വാർഥമായ കൊടുക്കലിന് അതിന്റേതായ പ്രതിഫലങ്ങളുണ്ട്. (സദൃശവാക്യങ്ങൾ 11:25) മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്ന കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. വാസ്തവത്തിൽ, നിത്യജീവനിലേക്കു നയിക്കുന്ന ദൈവപരിജ്ഞാനം സമ്പാദിക്കാൻ സഹായിക്കുന്നതിനെക്കാൾ വലിയ എന്തു സമ്മാനമാണു നമുക്ക് ഒരു സഹമനുഷ്യനു നൽകാനാകുക?—യോഹന്നാൻ 17:3.
5 മുഴുസമയ ശുശ്രൂഷയിലേർപ്പെടുന്നവർ തങ്ങൾക്കു ശുശ്രൂഷയിൽനിന്നു ലഭിക്കുന്ന സന്തുഷ്ടിയെയും ആഴമായ സംതൃപ്തിയെയും കുറിച്ചു കൂടെക്കൂടെ പറയുന്നതിൽ അതിശയിക്കാനില്ല. “മറ്റുള്ളവരുമായി സത്യം പങ്കുവെച്ചതിൽനിന്ന് എനിക്കു ലഭിച്ച സംതൃപ്തി മറ്റൊരു വേലയിൽനിന്നും ലഭിക്കുമായിരുന്നില്ലെന്ന് എനിക്കറിയാം,” ബ്രിട്ടനിൽനിന്നുള്ള 64 വയസ്സുകാരനായ ഒരു പയനിയർ പറയുന്നു. പയനിയറിങ്ങിനു തന്റെ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് സയറിൽനിന്നുള്ള ഒരു വിധവ ഇങ്ങനെ പറയുകയുണ്ടായി: “എന്റെ പ്രിയ ഭർത്താവിന്റെ വേർപാടിനുശേഷം പയനിയർ സേവനമായിരുന്നു എനിക്കു യഥാർഥത്തിൽ ആശ്വാസമരുളിയത്. മറ്റുള്ളവരെ സഹായിക്കാനായി ഞാനെത്രയധികം സേവനത്തിനു പോകുന്നുവോ അത്രയും കുറച്ചേ ആ ദാരുണമായ നഷ്ടം എനിക്കനുഭവപ്പെടുന്നുള്ളൂ. യഹോവയുടെ വാഗ്ദാനങ്ങളിൽ ഞാൻ വിശ്വാസമർപ്പിക്കുന്നു. കൂടാതെ, ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ അധ്യേതാക്കളെ എനിക്കെങ്ങനെ സഹായിക്കാനാകുമെന്നതാണ് മിക്കപ്പോഴും എന്റെ ചിന്ത. എന്നും രാത്രി എന്റെ ഉറക്കം സുഖകരമാണ്, കൂടാതെ ഹൃദയം നിറയെ സന്തുഷ്ടിയും.”
6. ചില പയനിയർമാർ ഏതു പ്രത്യേക സന്തോഷം അനുഭവിച്ചിരിക്കുന്നു?
6 പല പതിറ്റാണ്ടുകളായി പയനിയർ സേവനത്തിലുള്ളവർ വിദൂര ദേശങ്ങളിൽ സേവിക്കുന്നതിന്റെ പ്രത്യേക സന്തുഷ്ടി അനുഭവിച്ചിട്ടുണ്ട്. അവർ സ്ഥാപിച്ച സഭകൾ ക്രമേണ സർക്കിട്ടുകളായി വളർന്നു. ഉദാഹരണത്തിന്, ഹൊക്കൈഡോയിലെ (ജപ്പാന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ദ്വീപ്) ആബശിരിയിൽ കഴിഞ്ഞ 33 വർഷമായി പയനിയറായി സേവിച്ചുകൊണ്ടിരിക്കുന്ന ഒരു സഹോദരിയുണ്ട്. മുഴു ഹൊക്കൈഡോയ്ക്കുംവേണ്ടി നടത്തിയ സർക്കിട്ടു സമ്മേളനത്തിലായിരുന്നു അവർ ആദ്യമായി പങ്കെടുത്തത്, അതിൽ ആകെ സംബന്ധിച്ചത് 70 പേരായിരുന്നെന്ന് അവർ അനുസ്മരിക്കുന്നു. എന്നാൽ ഇപ്പോഴോ? ഇപ്പോൾ ആ ദ്വീപിൽ 12,000-ത്തിലധികം പ്രസാധകരടങ്ങുന്ന 12 സർക്കിട്ടുകളുണ്ട്. ദ്വീപിലെ സഹരാജ്യഘോഷകരുടെ അണികളുമൊത്ത് സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുമ്പോൾ അവരുടെ ഹൃദയം സന്തോഷത്താൽ എത്രമാത്രം നിറയുന്നുവെന്ന് വിഭാവന ചെയ്യുക!
7, 8. ദീർഘനാളായി പയനിയർ സേവനത്തിലുള്ള മിക്കവരും ഏതു സന്തോഷം അനുഭവിച്ചിരിക്കുന്നു?
7 ദീർഘനാളായി സേവനത്തിലേർപ്പെട്ടിരിക്കുന്ന മറ്റു പയനിയർമാർക്കും ബൈബിൾ വിദ്യാർഥികൾ സ്നാപനമേറ്റ് വലിയ സേവനപദവികൾ എത്തിപ്പിടിക്കുന്നതു കാണുന്നതിന്റെ സന്തോഷമുണ്ടായിട്ടുണ്ട്. 1957 മുതൽ ഒമ്പതു വ്യത്യസ്ത സ്ഥലങ്ങളിൽ പയനിയർ സേവനനിയമനം ലഭിച്ചിട്ടുള്ള ജപ്പാനിലെ ഒരു സഹോദരി ബാങ്ക് ഉദ്യോഗസ്ഥയായ ഒരു യുവതിക്ക് ഉണരുക! മാസിക സമർപ്പിച്ചത് അനുസ്മരിക്കുന്നു. ഒമ്പതു മാസത്തിനകം ആ യുവതി സ്നാപനമേറ്റു. പിന്നീട് അവൾ വിവാഹിതയായി, അവളും ഭർത്താവും പ്രത്യേക പയനിയർമാരായിത്തീർന്നു. തന്റെ മൂന്നാമത്തെ നിയമന സ്ഥലത്തായിരിക്കുമ്പോൾ സഭ സന്ദർശിക്കാനെത്തിയ പുതിയ സർക്കിട്ട് മേൽവിചാരകനെയും ഭാര്യയെയും കണ്ടപ്പോൾ ആ പയനിയർ സഹോദരിക്ക് എന്തൊരു സന്തോഷമായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യ ആരെന്നോ, അവരുടെ മുൻ ബൈബിൾ വിദ്യാർഥിനി!
8 പയനിയർ സേവനം ജീവിതവൃത്തിയാക്കിയിരിക്കുന്നവർ, 22 വർഷമായി പയനിയറായി സേവിക്കുന്ന ഒരാൾ പറഞ്ഞതുപോലെ, “മതിപ്പോടെ കാത്തുസൂക്ഷിക്കേണ്ട ഒരമൂല്യ പദവി”യായി അതിനെ വീക്ഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല!
യഹോവയുടെ പരിപാലനത്തിന്റെ തെളിവ്
9. മഹാ ദാതാവ് എന്നനിലയിൽ, യഹോവ തന്റെ ദാസന്മാർക്ക് എന്തു വാഗ്ദാനം ചെയ്യുന്നു, നമുക്കിത് എന്ത് അർഥമാക്കുന്നു?
9 മഹാ ദാതാവായ യഹോവ തന്റെ ദാസന്മാരെ ആത്മീയമായും ഭൗതികമായും പരിപാലിച്ചുകൊണ്ട് അവരെ പിന്താങ്ങുമെന്നു വാഗ്ദാനം ചെയ്യുന്നു. പുരാതന രാജാവായ ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) എങ്കിലും ഈ ദിവ്യ ഉറപ്പ് നമ്മെ കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതുന്നതിനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവുള്ളവരാക്കുന്നില്ല. നമ്മുടെ ക്രിസ്തീയ സഹോദരങ്ങളുടെ ഔദാര്യം പ്രതീക്ഷിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഇതു നമുക്കു നൽകുന്നില്ല. (1 തെസ്സലൊനീക്യർ 4:11, 12; 1 തിമൊഥെയൊസ് 5:8) കൂടുതൽ തികവിൽ യഹോവയെ സേവിക്കുന്നതിനായി നാം മനസ്സോടെ ജീവിതത്തിൽ ത്യാഗങ്ങൾ ചെയ്യുമ്പോൾ, അവൻ നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.—മത്തായി 6:33.
10, 11. യഹോവയുടെ കരുതൽ പ്രാപ്തിയെക്കുറിച്ച് അനേകം പയനിയർമാരും അനുഭവത്തിൽനിന്ന് എന്തു മനസ്സിലാക്കിയിരിക്കുന്നു?
10 യഹോവയുടെ പരിപാലനാ ഹസ്തങ്ങളിൽ ആശ്രയിക്കുന്നവർക്കായി അവൻ കരുതുന്നുവെന്ന് ലോകമെമ്പാടുമുള്ള പയനിയർമാർക്ക് അനുഭവത്തിൽനിന്ന് അറിയാം. രാജ്യപ്രസാധകരുടെ കൂടുതൽ ആവശ്യമുള്ള ഒരു കൊച്ചു പട്ടണത്തിലേക്ക് മാറിത്താമസിച്ച ഒരു പയനിയർ ദമ്പതിമാരുടെ കാര്യം പരിചിന്തിക്കുക. ഏതാനും മാസങ്ങൾക്കുശേഷം ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടായിത്തീർന്നു. ഉണ്ടായിരുന്ന പണവും തീർന്നു. അപ്പോൾ അവർക്ക് 81 ഡോളറിന്റെ കാർ-ഇൻഷ്വറൻസ് അടയ്ക്കണമെന്ന നോട്ടീസു കിട്ടി. സഹോദരൻ പറയുന്നു: “അതടയ്ക്കാൻ ഞങ്ങൾക്കു യാതൊരു നിർവാഹവുമില്ലായിരുന്നു. ആ രാത്രി ഞങ്ങൾ മുട്ടിപ്പായി പ്രാർഥിച്ചു.” പിറ്റേന്ന്, അവർക്കൊരു കത്തു കിട്ടി. സമാനമായി സാമ്പത്തിക ഞെരുക്കത്തിലായിരുന്ന മറ്റൊരു കുടുംബം അയച്ചതായിരുന്നു അത്. കൂടുതലായി അടച്ച നികുതി തിരിച്ചുകിട്ടിയിരിക്കുന്നെന്നും അതു പ്രതീക്ഷിച്ചതിലും കൂടുതലായതിനാൽ അതിൽ കുറച്ച് ഈ പയനിയർ ദമ്പതികളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നെന്നും കത്തിൽ എഴുതിയിരുന്നു. അതിൽ 81 ഡോളറിന്റെ ഒരു ചെക്കും വെച്ചിരുന്നു! ആ പയനിയർ സഹോദരൻ പറയുന്നു: “ആ ദിവസം ഞാനൊരിക്കലും മറക്കില്ല—എന്റെ കയ്യിലെ രോമങ്ങളെല്ലാം എഴുന്നുനിന്നു! ഈ കുടുംബം കാണിച്ച ഔദാര്യം ഞങ്ങൾ വളരെയധികം വിലമതിച്ചു.” യഹോവയും അത്തരം ദയാപ്രവൃത്തികൾ വിലമതിക്കുന്നു, അത്തരം ഔദാര്യമനോഭാവം ഉണ്ടായിരിക്കാൻതന്നെയാണ് അവൻ തന്റെ ദാസന്മാരെ പ്രോത്സാഹിപ്പിക്കുന്നതും.—സദൃശവാക്യങ്ങൾ 19:17; എബ്രായർ 13:16.
11 അനേകം പയനിയർമാർക്കും സമാനമായ അനുഭവങ്ങൾ പറയാനുണ്ടാകും. അവരോടു ചോദിക്കുക, തങ്ങൾ ഒരിക്കലും “പൂർണമായി പരിത്യജിക്ക”പ്പെട്ടിട്ടില്ലെന്ന് അവർ നിങ്ങളോടു പറയും. 72 വയസ്സുള്ള ഒരു പയനിയർ സഹോദരൻ കഴിഞ്ഞ 55 വർഷത്തെ മുഴുസമയ ശുശ്രൂഷയിലേക്കു നോക്കിക്കൊണ്ട് പറയുന്നു: “യഹോവ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.”—എബ്രായർ 13:5, 6.
“യഹോവയുമായി അധികമധികം അടുക്കുന്നതിനുള്ള ഒരു ഉത്കൃഷ്ട മാർഗം”
12. സുവാർത്ത ഘോഷിക്കുന്ന വേല ഇത്ര വിശിഷ്ടമായ പദവി ആയിരിക്കുന്നതെന്തുകൊണ്ട്?
12 തന്റെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കാൻ യഹോവ നമ്മോട് ആവശ്യപ്പെടുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു പദവിയാണ്. അപൂർണ മനുഷ്യരാണെങ്കിലും, അവൻ നമ്മെ ഈ ജീവരക്ഷാ പ്രവർത്തനത്തിൽ “കൂട്ടുവേലക്കാ”രായി വീക്ഷിക്കുന്നു. (1 കൊരിന്ത്യർ 3:9; 1 തിമൊഥെയൊസ് 4:16) നാം മറ്റുള്ളവരോടു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കവേ, ദുഷ്ടതയുടെ അന്ത്യത്തെക്കുറിച്ചു ഘോഷിക്കവേ, മറുവില പ്രദാനം ചെയ്തതിലെ യഹോവയുടെ അത്ഭുതകരമായ സ്നേഹത്തെക്കുറിച്ച് ആളുകളോടു വിശദീകരിക്കവേ, അവന്റെ ജീവനുള്ള വചനം തുറന്ന് അതിലടങ്ങിയിരിക്കുന്ന അമൂല്യവിവരങ്ങൾ പരമാർഥഹൃദയരെ പഠിപ്പിക്കവേ, നാം നമ്മുടെ സ്രഷ്ടാവായ യഹോവയോടു സ്വാഭാവികമായും അധികമധികം അടുക്കുകയായിരിക്കും.—സങ്കീർത്തനം 145:11; യോഹന്നാൻ 3:16; എബ്രായർ 4:12.
13. പയനിയർ ശുശ്രൂഷ യഹോവയുമായുള്ള ബന്ധത്തിന്മേൽ എന്തു ഫലമുണ്ടാക്കിയിരിക്കുന്നുവെന്നാണു ചിലർ പറയുന്നത്?
13 യഹോവയെക്കുറിച്ചു പഠിച്ചും പഠിപ്പിച്ചും പയനിയർമാർക്ക് മാസംതോറും ഏറെ സമയം ചെലവിടാൻ സാധിക്കുന്നു. ഇതു ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് അവർക്കു തോന്നുന്നത്? പത്തു വർഷത്തിലധികമായി പയനിയറായി സേവിക്കുന്ന ഫ്രാൻസിലെ ഒരു മൂപ്പൻ ഉത്തരം പറയുന്നു: “യഹോവയുമായി അധികമധികം അടുക്കുന്നതിനുള്ള ഒരു ഉത്കൃഷ്ട മാർഗമാണ് പയനിയറിങ്.” 18 വർഷം മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചിട്ടുള്ള ആ രാജ്യത്തെ മറ്റൊരു പയനിയർ പറയുന്നു: “നമ്മുടെ സ്രഷ്ടാവുമായി അനുദിനം ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു ബന്ധം പടുത്തുയർത്തി ‘യഹോവ നല്ലവൻ എന്നു രുചിച്ചറിയാൻ’ പയനിയർസേവനം നമുക്ക് അവസരമൊരുക്കുന്നു.” (സങ്കീർത്തനം 34:8) 30 വർഷമായി പയനിയറിങ് ചെയ്യുന്ന ബ്രിട്ടനിലെ ഒരു സഹോദരിക്കും സമാനമായി അനുഭവപ്പെടുന്നതായി പറയുന്നു: “എന്റെ ശുശ്രൂഷയിൽ മാർഗനിർദേശത്തിനായി യഹോവയുടെ ആത്മാവിന്റെ സഹായമുള്ളത് എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. അനേകം സന്ദർഭങ്ങളിൽ യഹോവയുടെ ആത്മാവ് എന്നെ കൃത്യസമയത്ത് ഒരു പ്രത്യേക ഭവനത്തിലേക്കു നയിച്ചതായി എനിക്കു തോന്നിയിട്ടുണ്ട്.”—പ്രവൃത്തികൾ 16:6-10 താരതമ്യം ചെയ്യുക.
14. മറ്റുള്ളവരെ പഠിപ്പിക്കാൻ ദിവസവും ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നതിൽനിന്നു പയനിയർമാർക്കു പ്രയോജനമുണ്ടാകുന്നതെങ്ങനെ?
14 തിരുവെഴുത്തു സത്യങ്ങൾ വിശദീകരിക്കാനും പഠിപ്പിക്കാനുമായി ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും അനുദിനം ഉപയോഗിക്കുന്നത് ദൈവവചനത്തിന്റെ പരിജ്ഞാനത്തിൽ വളരാൻ തങ്ങളെ സഹായിക്കുന്നെന്ന് അനേകം പയനിയർമാരും മനസ്സിലാക്കുന്നു. 31 വർഷമായി പയനിയറിങ് ചെയ്യുന്ന സ്പെയിനിലെ 85 വയസ്സുള്ള ഒരു സഹോദരൻ പറയുന്നു: “ബൈബിളിനെക്കുറിച്ച് ആഴമായ പരിജ്ഞാനം അതായത്, യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ അനേകരെ സഹായിക്കാൻ ഞാൻ ഉപയോഗിച്ചിട്ടുള്ള പരിജ്ഞാനം, സമ്പാദിക്കാൻ പയനിയറിങ് എന്നെ സഹായിച്ചിരിക്കുന്നു. 23 വർഷമായി പയനിയറിങ് ചെയ്യുന്ന ബ്രിട്ടനിൽനിന്നുള്ള ഒരു സഹോദരി പറയുന്നു: “ആത്മീയ ഭക്ഷണത്തിനായുള്ള ഹൃദയംഗമമായൊരു വിശപ്പു നട്ടുവളർത്തിയെടുക്കാൻ മുഴുസമയ ശുശ്രൂഷ എന്നെ സഹായിച്ചിരിക്കുന്നു.” “നിങ്ങളിലുള്ള പ്രത്യാശ”യെക്കുറിച്ചു മറ്റുള്ളവരോടു വിശദീകരിക്കുന്നത് നിങ്ങൾ വിലമതിക്കുന്ന വിശ്വാസങ്ങളെക്കുറിച്ചുള്ള നിങ്ങളുടെതന്നെ ബോധ്യത്തെ ബലിഷ്ഠമാക്കും. (1 പത്രൊസ് 3:15) ഓസ്ട്രേലിയയിൽനിന്നുള്ള ഒരു പയനിയർ പറയുന്നു: “ഞാൻ മറ്റുള്ളവരോടു വിശദീകരിക്കുന്നതിനാൽ പയനിയറിങ് എന്റെ വിശ്വാസത്തെ മെച്ചപ്പെടുത്തുന്നു.”
15. പയനിയർ ശുശ്രൂഷയിൽ പ്രവേശിച്ച് അതിൽ തുടരുന്നതിന് അനേകരും എന്തു ചെയ്യാൻ മനസ്സൊരുക്കം കാട്ടിയിരിക്കുന്നു, എന്തുകൊണ്ട്?
15 വ്യക്തമായും, യഹോവയിൽനിന്ന് എണ്ണമറ്റ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു സേവനമാണു തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഈ പയനിയർ ശുശ്രൂഷകർക്കു ബോധ്യമുണ്ട്. തങ്ങളുടെ ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ മനസ്സൊരുക്കം കാട്ടിയും ലൗകിക ജോലിയും ഭൗതിക സമ്പത്തുംപോലും ഉപേക്ഷിച്ചും അനേകർ പയനിയർ ശുശ്രൂഷയിൽ പ്രവേശിച്ച് അതിൽ തുടരുന്നതിൽ യാതൊരു അത്ഭുതവുമില്ല!—സദൃശവാക്യങ്ങൾ 28:20.
കൂടുതൽ പ്രവർത്തിക്കാൻ നിങ്ങളുടെ ഹൃദയം വാഞ്ഛിക്കുന്നുവോ?
16, 17. (എ) പയനിയറിങ് ചെയ്യാനാകുമോയെന്നു ചിന്തിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യേണ്ടതാണ്? (ബി) പയനിയറിങ് ചെയ്യാനാകാത്ത ചിലർക്ക് എങ്ങനെ അനുഭവപ്പെടുന്നു?
16 പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങളെക്കുറിച്ച് പയനിയർമാർ പറയുന്നതു പരിചിന്തിച്ചതിനുശേഷം, പയനിയറിങ് ചെയ്യാൻ നിങ്ങൾക്കു സാധിക്കുമോയെന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ, മുഴുസമയ ശുശ്രൂഷ വിജയമാക്കിയിട്ടുള്ള ഒരു പയനിയറോടു സംസാരിക്കരുതോ? നിങ്ങളുടെ ആരോഗ്യസ്ഥിതിയും പരിമിതികളും കുടുംബ ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് അറിയാവുന്ന ഒരു സഭാമൂപ്പനോടു സംസാരിക്കുന്നത് സഹായകമായിരിക്കുമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. (സദൃശവാക്യങ്ങൾ 15:22) നിങ്ങൾക്കു പയനിയറിങ് നടത്താൻ സാധിക്കുമോ എന്നു ശ്രദ്ധാപൂർവം നിർണയിക്കാൻ മറ്റുള്ളവരുടെ യാഥാർഥ്യബോധത്തോടെയുള്ള അഭിപ്രായങ്ങൾ നിങ്ങളെ സഹായിക്കും. (ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.) പയനിയറിങ് ചെയ്യാൻ സാധിക്കുമെങ്കിൽ, തീർച്ചയായും നിങ്ങൾക്കു വലിയ അനുഗ്രഹങ്ങൾ ലഭിക്കും.—മലാഖി 3:10.
17 എന്നാൽ ശുശ്രൂഷയിൽ അധികം പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും, പയനിയറിങ് ചെയ്യാൻ അനുകൂല സാഹചര്യമില്ലാത്ത വിശ്വസ്തരായ അനേകം രാജ്യഘോഷകരുടെ കാര്യമോ? ഉദാഹരണത്തിന്, നാലു കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ഒറ്റയ്ക്കു പാടുപെടുന്ന ഒരു ക്രിസ്തീയ സഹോദരിയുടെ വികാരങ്ങൾ പരിചിന്തിക്കുക. “ഞാനൊരു നിരന്തര പയനിയറായിരുന്നു, എന്നാൽ ഇപ്പോൾ അനുകൂല സാഹചര്യമല്ലാത്തതിനാൽ മുമ്പത്തെയത്രയും സമയം വയൽസേവനത്തിൽ ചെലവഴിക്കാൻ എനിക്കാകുന്നില്ല. ഇതിലെനിക്കു വിഷമമുണ്ട്,” അവർ പറയുന്നു. കുട്ടികളെ അതിയായി സ്നേഹിക്കുന്ന ഈ സഹോദരി അവർക്കായി കരുതാൻ ആഗ്രഹിക്കുന്നു. അതേസമയം പ്രസംഗവേലയിൽ കൂടുതൽ ചെയ്യാനും വാഞ്ഛിക്കുന്നു. അവർ പറയുന്നു: “എനിക്കു ശുശ്രൂഷ വളരെ ഇഷ്ടമാണ്.” ദൈവത്തോടുള്ള സ്നേഹം നിമിത്തം “പൂർണ്ണ ഹൃദയ”ത്തോടെ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന അർപ്പിതരായ മറ്റു ക്രിസ്ത്യാനികൾക്കും സമാനമായി തോന്നുന്നു.—സങ്കീർത്തനം 86:12.
18. (എ) യഹോവ നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു? (ബി) നമുക്കു ചെയ്യാവുന്നതിനെ സാഹചര്യങ്ങൾ പരിമിതപ്പെടുത്തുന്നെങ്കിൽ നാം നിരുത്സാഹിതരാകേണ്ടതില്ലാത്തതെന്തുകൊണ്ട്?
18 യഹോവ നമ്മിൽനിന്നു മുഴുദേഹിയോടെയുള്ള സേവനം പ്രതീക്ഷിക്കുന്നുവെന്ന് ഓർക്കുക. ഇതിന്റെ അളവിന് ഓരോ വ്യക്തിയുടെ കാര്യത്തിലും ഗണ്യമായ വ്യത്യാസമുണ്ടാകാം. നിരന്തര പയനിയർമാരായി സേവിക്കുന്നതിനു ചിലർക്കു കാര്യാദികൾ പൊരുത്തപ്പെടുത്താനാകും. മാസംതോറും ശുശ്രൂഷയിൽ 60 മണിക്കൂർ ചെലവിട്ടുകൊണ്ട് ഇടയ്ക്കിടയ്ക്കോ തുടർച്ചയായോ സഹായപയനിയറിങ് ചെയ്യുന്ന അനേകരുണ്ട്. എന്നിരുന്നാലും, യഹോവയുടെ ജനത്തിൽ നല്ലൊരുപങ്കും സഭാ പ്രസാധകരെന്ന നിലയിൽ മുഴുദേഹിയോടെ പ്രസംഗ-പഠിപ്പിക്കൽ വേലയിലേർപ്പെടുന്നവരാണ്. അതുകൊണ്ട്, മോശമായ ആരോഗ്യസ്ഥിതിയോ കുടുംബ ഉത്തരവാദിത്വങ്ങളോ മറ്റു സാഹചര്യങ്ങളോ നിമിത്തം നിങ്ങളുടെ പ്രവർത്തനം ശരിക്കും പരിമിതപ്പെടുന്നുണ്ടെങ്കിൽ നിരുത്സാഹിതരാകേണ്ടതില്ല. നിങ്ങളുടെ പരമാവധി നിങ്ങൾ പ്രവർത്തിക്കുന്നിടത്തോളംകാലം, ദൈവദൃഷ്ടിയിൽ നിങ്ങളുടെ സേവനം മുഴുസമയ ശുശ്രൂഷയിലുള്ളവരുടേതുപോലെതന്നെ വിലയുള്ളതായിരിക്കും.
എല്ലാവർക്കും പയനിയർ ആത്മാവ് പ്രകടിപ്പിക്കാനാകും
19. പയനിയർ ആത്മാവ് എന്താണ്?
19 ഒരു പയനിയറായി പേർ ചാർത്താൻ കഴിഞ്ഞില്ലെങ്കിലും, നിങ്ങൾക്കു പയനിയർ ആത്മാവ് പ്രകടിപ്പിക്കാനാകും. പയനിയർ ആത്മാവ് എന്താണ്? 1988 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ പ്രസ്താവിച്ചു: “പ്രസംഗിക്കാനും ശിഷ്യരാക്കാനുമുള്ള കൽപ്പനയോട് ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്കൽ, ആളുകളോടു സ്നേഹവും താത്പര്യവും പ്രകടമാക്കാൻ തികഞ്ഞ പ്രതിബദ്ധതയുണ്ടായിരിക്കൽ, ആത്മത്യാഗ മനോഭാവമുള്ളവരായിരിക്കൽ, യജമാനനെ അടുത്തു പിൻപറ്റുന്നതിൽ സന്തോഷം കണ്ടെത്തൽ, ആനന്ദം തേടി ഭൗതിക സംഗതികളിലേക്കു തിരിയാതെ ആത്മീയ സംഗതികളിൽ അതു കണ്ടെത്തൽ എന്നിവയായി അതിനെ നിർവചിക്കാവുന്നതാണ്.” നിങ്ങൾക്കെങ്ങനെ പയനിയർ ആത്മാവു പ്രകടിപ്പിക്കാനാകും?
20. മാതാപിതാക്കൾക്കു പയനിയർ ആത്മാവ് പ്രകടമാക്കാനാകുന്നതെങ്ങനെ?
20 യുവപ്രായക്കാരായ കുട്ടികളുള്ള ഒരു മാതാവോ പിതാവോ ആണു നിങ്ങളെങ്കിൽ, അവരോടു പയനിയർ ജീവിതവൃത്തി തിരഞ്ഞെടുക്കാൻ നിങ്ങൾക്കു മുഴുഹൃദയത്തോടെ ശുപാർശ ചെയ്യാവുന്നതാണ്. തങ്ങളുടെ ജീവിതത്തിൽ യഹോവയുടെ സേവനം ഒന്നാം സ്ഥാനത്തു വെക്കേണ്ടതിന്റെ ആവശ്യം അവർക്കു തോന്നാൻ ശുശ്രൂഷയോടുള്ള നിങ്ങളുടെ ക്രിയാത്മക മനോഭാവം സഹായിക്കും. പയനിയർമാരെയും സഞ്ചാരമേൽവിചാരകന്മാരെയും അവരുടെ ഭാര്യമാരെയും നിങ്ങളുടെ ഭവനത്തിലേക്കു ക്ഷണിക്കാവുന്നതാണ്, അങ്ങനെ മുഴുസമയ ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തിയവരുടെ മാതൃകകളിൽനിന്നു നിങ്ങളുടെ കുട്ടികൾക്ക് പ്രയോജനം നേടാനാകും. (എബ്രായർ 13:7 താരതമ്യം ചെയ്യുക.) മതപരമായി ഭിന്നിച്ചിരിക്കുന്ന ഭവനങ്ങളിൽപ്പോലും, തങ്ങളുടെ കുട്ടികൾ മുഴുസമയ ശുശ്രൂഷ ജീവിതലക്ഷ്യമാക്കുന്നതിനു വിശ്വാസികളായ മാതാപിതാക്കൾക്ക് അവരെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സഹായിക്കാനാകും.—2 തിമൊഥെയൊസ് 1:5; 3:15.
21. (എ) പയനിയറിങ് ചെയ്യുന്നവരെ നമുക്കെല്ലാം എങ്ങനെ പിന്തുണയ്ക്കാനാകും? (ബി) മൂപ്പന്മാർക്ക് പയനിയർമാരെ പ്രോത്സാഹിപ്പിക്കാൻ എന്തു ചെയ്യാനാകും?
21 സഭയിൽ, പയനിയറിങ് ചെയ്യാനാകുന്നവരെ നമുക്കെല്ലാവർക്കും മുഴുഹൃദയത്തോടെ പിന്തുണയ്ക്കാനാകും. ഉദാഹരണത്തിന്, ഒരു പയനിയറുമൊത്ത്, വിശേഷിച്ചും ശുശ്രൂഷയിൽ പയനിയർ തനിച്ചായിരിക്കുമ്പോൾ പ്രവർത്തിക്കാൻ നിങ്ങൾക്കു പ്രത്യേക ശ്രമം ചെയ്യാനാകുമോ? അതിലൂടെ ‘പരസ്പരം പ്രോത്സാഹിത’രാകുമെന്നു നിങ്ങൾ മനസ്സിലാക്കും. (റോമർ 1:11, 12 പി.ഒ.സി. ബൈബിൾ) നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ, പയനിയർമാരെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കു കൂടുതൽ ചെയ്യാനാകും. മൂപ്പന്മാരുടെ സംഘം യോഗം ചേരുമ്പോൾ, അവർ പയനിയർമാരുടെ ആവശ്യങ്ങൾ നിരന്തരം പരിചിന്തിക്കണം. ഒരു പയനിയർക്കു നിരുത്സാഹമോ ഏതെങ്കിലും വിഷമതകളോ ഉള്ളപ്പോൾ, പയനിയർസേവനം നിർത്താൻ അവനോടോ അവളോടോ ധൃതികൂട്ടി ശുപാർശ ചെയ്യരുത്. ചിലരുടെ കാര്യത്തിൽ അത്തരം ശുപാർശ ആവശ്യമായിരുന്നേക്കാമെങ്കിലും, ഒരു മുഴുസമയ പ്രവർത്തകൻ അതിയായി വിലമതിച്ചേക്കാവുന്ന ഒരു അമൂല്യ പദവിയാണ് പയനിയറിങ്ങെന്നു വിസ്മരിക്കരുത്. ചിലപ്പോൾ കുറച്ച് പ്രോത്സാഹനവും പ്രായോഗിക ബുദ്ധ്യുപദേശവും അല്ലെങ്കിൽ സഹായവും ആവശ്യമായിരിക്കാം. സ്പെയിനിലെ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസ് എഴുതുന്നു: “മൂപ്പന്മാർ പയനിയറിങ്ങിനെ പ്രോത്സാഹിപ്പിക്കുകയും വയൽ ശുശ്രൂഷയിൽ പയനിയർമാരെ പിന്തുണയ്ക്കുകയും അവർക്കു ക്രമമായി ഇടയസന്ദർശനം നടത്തുകയും ചെയ്യുമ്പോൾ പയനിയർമാർക്കു കൂടുതൽ സന്തോഷമുണ്ടാകുകയും തങ്ങൾ ഉപയോഗമുള്ളവരാണെന്നു തോന്നുകയും പ്രതിബന്ധങ്ങൾ നേരിട്ടാലും തുടരാൻ ആഗ്രഹിക്കുകയും ചെയ്യും.”
22. മനുഷ്യ ചരിത്രത്തിലെ ഈ നിർണായക കാലഘട്ടത്തിൽ, നാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്യണം?
22 മനുഷ്യ ചരിത്രത്തിൽ ഒരു നിർണായക കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യഹോവ നമ്മോട് ഒരു ജീവരക്ഷാകര വേല നിർവഹിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. (റോമർ 10:13, 14) പയനിയർമാരായി ഈ വേലയിൽ മുഴുസമയം സേവിക്കാൻ സാധിച്ചാലും ഇല്ലെങ്കിലും, നമുക്കു പയനിയർ ആത്മാവ് പ്രകടമാക്കാം. നമുക്ക് അടിയന്തിരതാ ബോധവും ആത്മത്യാഗ മനോഭാവവും ഉണ്ടായിരിക്കട്ടെ. യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്—മുഴുദേഹിയോടെയുള്ള സേവനം—നൽകാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. നാം നമ്മുടെ പരമാവധി നൽകുമ്പോൾ, അതു വിധവയുടെ ചെറുനാണയങ്ങളോടോ മറിയയുടെ വിലപിടിപ്പുള്ള തൈലത്തോടോ സാദൃശ്യമുള്ളതായാലും, നമ്മുടെ സേവനം മുഴുദേഹിയോടെയുള്ളതാണ്, യഹോവ അത്യധികം വിലമതിക്കുന്ന ഒന്നാണു നമ്മുടെ മുഴുദേഹിയോടെയുള്ള സേവനം!
നിങ്ങൾ ഓർമിക്കുന്നുവോ?
□ മുഴുസമയ ശുശ്രൂഷ സംതൃപ്തിയും സന്തോഷവും കൈവരുത്തുന്നതെന്തുകൊണ്ട്?
□ തന്റെ ദാസന്മാർക്കുവേണ്ടി കരുതുന്നതിനുള്ള യഹോവയുടെ പ്രാപ്തിയെക്കുറിച്ച് അനേകം പയനിയർമാർക്കും അനുഭവത്തിൽനിന്ന് എന്തറിയാം?
□ പയനിയർ ശുശ്രൂഷ യഹോവയുമായുള്ള ബന്ധത്തിന്മേൽ എന്തു ഫലമുണ്ടാക്കിയെന്നാണു ചിലർക്കു തോന്നുന്നത്?
□ നിങ്ങൾക്കെങ്ങനെ പയനിയർ ആത്മാവു പ്രകടമാക്കാനാകും?
[23-ാം പേജിലെ ചിത്രങ്ങൾ]
ശിഷ്യരാക്കൽവേലയിൽനിന്നു പയനിയർമാർക്ക് വലിയ സന്തോഷം ലഭിക്കുന്നു
[23-ാം പേജിലെ ചിത്രങ്ങൾ]
മുഴുസമയ രാജ്യഘോഷകരുമായുള്ള സഹവാസത്തിൽനിന്നു നിങ്ങളുടെ കുട്ടികൾക്കു പ്രയോജനം നേടാനാകും
[23-ാം പേജിലെ ചിത്രങ്ങൾ]
മൂപ്പന്മാർക്കു വയൽ ശുശ്രൂഷയിൽ പയനിയർമാരെ പ്രോത്സാഹിപ്പിക്കാനാകും