സിംഗപ്പൂർ ആരാധനാ സ്വാതന്ത്ര്യം ചവുട്ടിമെതിക്കുന്നു
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് ഫെബ്രുവരി 24-ാം തീയതി സായാഹ്നം. സിംഗപ്പൂർ നഗരത്തിലെ നാലു ഭവനങ്ങൾ പൊലീസ് റെയ്ഡു ചെയ്തു. മൊത്തം 69 പേരെ അറസ്റ്റു ചെയ്തു.a അവരിൽ 71 വയസ്സുള്ള ഒരു സ്ത്രീയും 15 വയസ്സുള്ള രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു. എന്തിന്? കുറ്റകരമോ വിധ്വംസകമോ ആയ പ്രവർത്തനമായിരുന്നോ കാരണം? അല്ല. അപകടകരമോ അധാർമികമോ സാമൂഹികവിരുദ്ധമോ എന്നു പറയാവുന്നതിന്റെ അടുത്തുപോലും വരാവുന്ന ഒരു സംഗതിയിലും അവരാരും ഏർപ്പെട്ടിരുന്നില്ല. ധാർമിക മൂല്യങ്ങൾക്കും സുരക്ഷിതത്വത്തിനും തങ്ങളുടെ സഹസിംഗപ്പൂരുകാരുടെ ക്ഷേമത്തിനും അവർ യാതൊരുവിധ ഭീഷണിയും ഉയർത്തിയിരുന്നില്ല. എന്നിട്ടും നാലു ഭവനങ്ങൾ അരിച്ചുപെറുക്കിയ പൊലീസ് ബൈബിൾ പഠിക്കാനും സാമൂഹിക കൂടിവരവ് ആസ്വദിക്കാനും എത്തിയിരുന്ന 69 പേരെ പൊലീസ് സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോയി. രാത്രി മുഴുവനും തടഞ്ഞുവയ്ക്കപ്പെട്ട അവരെ ചോദ്യം ചെയ്യുകയും അവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുകയും ചെയ്തു—അതേ, സാധാരണ കുറ്റവാളികളെപ്പോലെ അവരെ വിരട്ടി! ഈ സമയത്ത്—നിലവാരത്തിനൊക്കാത്ത അവസ്ഥയിൽ കഴിഞ്ഞ 18 മണിക്കൂറും—നിയമോപദേശം തേടാൻ അവരെ അനുവദിച്ചില്ലെന്നുതന്നെയല്ല, തങ്ങൾ എവിടെയാണെന്നു വീട്ടുകാരെ അറിയിക്കുന്നതിന് ഒന്നു ഫോൺ ചെയ്യാൻകൂടി അനുവദിച്ചില്ല. തിരക്കിട്ടു ചെയ്ത അത്തരം നടപടി സമാധാനപ്രിയരും നിയമാനുസാരികളുമായ ഈ പൗരന്മാരെ എങ്ങനെ ബാധിച്ചിരിക്കാമെന്നത് ഊഹിക്കാവുന്നതേയുള്ളൂ!
ജർമൻ നാസി ഭരണത്തിന്റെയും സോവിയറ്റ് യൂണിയനിലെയും പൂർവ യൂറോപ്പിലെയും മൃഗീയ കമ്മ്യുണിസ്റ്റ് യുഗത്തിന്റെയും ഇരുണ്ട നാളുകളിലെ അവസ്ഥകളെ അനുസ്മരിപ്പിക്കുന്നതാണ് അവിടുത്തെ സ്ഥിതിവിശേഷം. സിംഗപ്പൂരിൽ ചെല്ലുന്ന ഒരു സാധാരണ സന്ദർശകനു വളരെ വൃത്തിയും വെടിപ്പുമുള്ള സമ്പന്നമായ ആ ആധുനിക നഗര രാഷ്ട്രത്തിൽ ഇത്തരം സംഗതികൾ പ്രതീക്ഷിക്കാനാവില്ല. സാമ്പത്തിക, സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ 20-ാം നൂറ്റാണ്ടിലെ ഒരു അത്ഭുതമാണെന്നു പേരെടുത്തിരിക്കുന്ന രാജ്യമാണു സിംഗപ്പൂർ. സംസാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ഒന്നിച്ചുകൂടുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ പൗരന്മാർക്ക് ഉറപ്പുനൽകുന്ന ഭരണഘടനയുള്ള ഒരു പ്രഖ്യാപിത ജനാധിപത്യമാണ് അവിടെയുള്ളത്.
എന്നിട്ടും, ബൈബിൾ പഠിക്കാനും ക്രിസ്തീയ കൂട്ടായ്മ പങ്കുവെക്കാനും ഒരുമിച്ചുകൂടിയ യഹോവയുടെ സാക്ഷികളായിപ്പോയി എന്ന ഒറ്റക്കാരണത്താലായിരുന്നു ഫെബ്രുവരിയിൽ അവർ അറസ്റ്റു ചെയ്യപ്പെട്ടത്. “നിയമപരമല്ലാത്ത ഒരു സമൂഹത്തിന്റെ യോഗത്തിൽ പങ്കെടുത്തു” എന്നതായിരുന്നു അവർക്കെതിരെയുള്ള കുറ്റം.
വാസ്തവത്തിൽ, 1972 മുതൽ യഹോവയുടെ സാക്ഷികൾക്കു സിംഗപ്പൂരിൽ നിയമാംഗീകാരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അന്നു സിംഗപ്പൂർ സഭയുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയും വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ബൈബിൾ ഉൾപ്പെടെയുള്ള സാഹിത്യങ്ങൾ നിരോധിക്കപ്പെടുകയും ചെയ്തു. എന്തടിസ്ഥാനത്തിലായിരുന്നു ഈ നടപടി എന്നു ചോദ്യംചെയ്യാനുള്ള അവസരംപോലും നിഷേധിക്കപ്പെട്ടു. 1994 ഫെബ്രുവരിയിൽ നിരോധിത ബൈബിൾസാഹിത്യങ്ങൾ കൈവശംവെച്ചുവെന്ന് ആരോപിച്ചു കുറ്റക്കാരാക്കിയ നാലു സാക്ഷികളുടെ കേസിൽ ഈയിടെ ഈ ഔദ്യോഗിക വിവേചനത്തിന്റെ നിയമസാധുത സിംഗപ്പൂർ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടു. അവരെ കുറ്റംവിധിച്ചതിനെതിരെയുള്ള അപ്പീൽ 1994 ആഗസ്റ്റിൽ വാദം കേട്ടു. എന്നാൽ അത് ഉടനടി തള്ളപ്പെട്ടു. അതിനുശേഷം പിറ്റേ മാസം ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപനായ യോങ് പെങ് ഹൗ തന്റെ അഭിപ്രായം പുറപ്പെടുവിച്ചു. ഇതിൽ മതപരമായ സ്വാതന്ത്ര്യത്തിന്റെ ലംഘനമില്ലെന്നും അംഗങ്ങൾ സൈനിക സേവനത്തിൽ പങ്കെടുക്കാത്തതുകൊണ്ട് യഹോവയുടെ സാക്ഷികൾ ദേശീയ സുരക്ഷിതത്വത്തിന് ഒരു ഭീഷണിയാണ് എന്നതിന്റെ അടിസ്ഥാനത്തിൽ അവരെ കുറ്റംവിധിച്ചതിൽ ന്യായമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 1995 ഫെബ്രുവരി 17-ന് നാലു സാക്ഷികൾ ഈ പ്രതികൂല ന്യായവിധിക്കെതിരെ സിംഗപ്പൂർ അപ്പീൽ കോടതിയിൽ പോകാൻ അനുമതി തേടി. എന്നാൽ അപേക്ഷ തള്ളപ്പെടുകയാണുണ്ടായത്.
സിംഗപ്പൂരിലെ ഗവൺമെൻറ് നിയന്ത്രിത പത്രങ്ങൾ അവസാനത്തെ ഈ തീരുമാനത്തിന് വൻ പ്രാധാന്യം കൊടുത്ത് അവതരിപ്പിച്ചു. ഈ കോടതി തീരുമാനവും അതിനു ലഭിച്ച പ്രസിദ്ധിയും പിന്നീടുണ്ടായ സംഭവങ്ങളുടെ മുൻനിഴലായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ 69 സാക്ഷികൾ അറസ്റ്റിലായി. ഇവരിൽ ബ്രിട്ടൻ, ഫ്രാൻസ്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലെ പൗരന്മാരായ നാലു പേർക്കെതിരെയുണ്ടായിരുന്ന കുറ്റാരോപണം പിന്നീടു പിൻവലിച്ചു. എങ്കിലും, ഇവർക്കുപോലും ലഭിച്ച അനുഭവം ഭയാനകമായിരുന്നു. ഭാര്യാസമേതം അനേക വർഷങ്ങളായി സിംഗപ്പൂരിൽ ജീവിച്ചു ജോലിചെയ്തുവരികയായിരുന്നു ഒരാൾ. ജോലിയും വാടകവീടും നഷ്ടപ്പെട്ട അവർ അനേകം ഉറ്റ സുഹൃത്തുക്കളോടു യാത്രപറഞ്ഞുപിരിയാൻ നിർബന്ധിതരായി.
നിരോധിക്കപ്പെട്ട ഒരു സമൂഹവുമായുള്ള ബന്ധമായിരുന്നു ശേഷിക്കുന്ന പ്രായപൂർത്തിവന്ന 63 പേർക്കെതിരെയുള്ള കുറ്റാരോപണം. ചിലരുടെ കുറ്റമാകട്ടെ നിരോധിക്കപ്പെട്ട സാഹിത്യങ്ങൾ കൈവശംവെച്ചുവെന്നതും. അവർക്കു മൂന്നു വർഷത്തെ തടവോ 3,000 ഡോളർ (2,100 അമേരിക്കൻ ഡോളർ) പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിച്ചേക്കാം. യുവജനങ്ങൾക്കുള്ള കോടതിയിലാണു 15 വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ വിചാരണ നടന്നത്.
ദേശീയ അഖണ്ഡതയ്ക്കും ഐക്യത്തിനും ഭീഷണിയില്ല
ലോകമെമ്പാടും, യഹോവയുടെ സാക്ഷികൾ വസിക്കുന്ന 200-ലധികം രാജ്യങ്ങളിലും, അവർ അന്തസ്സുള്ളവരും സത്യസന്ധരും നിയമാനുസാരികളുമായ ആളുകളായാണ് അറിയപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള വിധ്വംസക, ഗവൺമെൻറുവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള അവരുടെ അചഞ്ചലമായ വിസ്സമ്മതം പേരുകേട്ടതാണ്. അത്തരം ക്രിസ്തീയമല്ലാത്ത നടപടിയുടെ ഫലമായി അവർ പുറത്താക്കപ്പെടുകയോ ഭ്രഷ്ടുകൽപ്പിക്കപ്പെടുകയോ ചെയ്യാവുന്നതാണ്. സത്യമായും, സിംഗപ്പൂർ ഗവൺമെൻറിന് അവരെ ഭയപ്പെടേണ്ടതായ യാതൊരു കാരണവുമില്ല. സിംഗപ്പൂരിന്റെ ദേശീയ സുരക്ഷിതത്വത്തിനും ദേശീയ അഖണ്ഡതാബോധത്തിനും ഐക്യത്തിനും അവർ യാതൊരു വിധത്തിലും ഭീഷണിയല്ല. (റോമർ 13:1-7) ഇക്കാര്യം സിംഗപ്പൂർ പ്രധാനമന്ത്രിയായ ഗോ ചോക് ടോംഗിനു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡൻറായ മിൽട്ടൻ ജി. ഹെൻഷൽ 1995 മാർച്ച് 21-ന് എഴുതിയ കത്തിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഞങ്ങളുടെ വായനക്കാർക്കുവേണ്ടി പ്രസ്തുത കത്ത് ഇതോടൊപ്പം പ്രസിദ്ധീകരിക്കുകയാണ്.
ബിസിനസ്, ഗവൺമെൻറ്, സ്വകാര്യമേഖല എന്നീ തലങ്ങളിലെ സ്വാതന്ത്ര്യസ്നേഹികളായ ആളുകൾ സിംഗപ്പൂരിലെ സ്ഥിതിവിശേഷങ്ങൾ എങ്ങനെയായിത്തീരുമെന്നു താത്പര്യത്തോടെ നോക്കിക്കൊണ്ടിരിക്കും. സ്വന്തം ഭരണഘടനയും അന്താരാഷ്ട്ര സമൂഹവും ഉയർത്തിപ്പിടിക്കുന്ന മനുഷ്യന്റെ മൗലികമായ അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള യോജിപ്പിൽ സിംഗപ്പൂർ ഗവൺമെൻറ് പ്രവർത്തിക്കുമോ? തീർച്ചയായും, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾക്കു സിംഗപ്പൂരിലെ തങ്ങളുടെ സഹാരാധകരുടെ കാര്യത്തിൽ ആഴമായ ഉത്കണ്ഠയുണ്ട്. അവർ അവർക്കുവേണ്ടി പ്രാർഥിക്കുകയും ബൈബിളിൽ കാണുന്ന ഈ ഉറപ്പ് അനുസ്മരിക്കുകയും ചെയ്യുന്നു: “യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല.”—സങ്കീർത്തനം 37:28.
[അടിക്കുറിപ്പ]
a ഈ 69 അറസ്റ്റുകൾ നടന്ന അതേ മാസത്തിൽത്തന്നെ വേറെ 11 സാക്ഷികളുടെ അറസ്റ്റുകൂടി നടന്നു. നിയമവിരുദ്ധമായ സാഹിത്യങ്ങൾ കൈവശംവെച്ചു എന്നതായിരുന്നു അവർക്കെതിരെയുള്ള കുറ്റാരോപണം.
[30-ാം പേജിലെ ചതുരം]
മാർച്ച് 21, 1995
Goh Chok Tong
Prime Minister
Istana Annexe
Singapore 0923
Republic of Singapore
Lee Kuan Yew
Senior Minister
Prime Minister’s Office
460 Alexandra Road
37-00 PSA Bldg
Singapore 0511
Republic of Singapore
ബഹുമാനപ്പെട്ട മന്ത്രിമാർക്ക്:
ഈയിടെ, സിംഗപ്പൂരിൽനിന്നു ലഭിച്ച 1995 ഫെബ്രുവരി 25-ാം തീയതിയിലെ പത്രറിപ്പോർട്ടുകൾ അങ്ങേയറ്റം അലോസരപ്പെടുത്തുന്നതായിരുന്നു. ബൈബിൾ പഠിക്കുകയായിരുന്ന യഹോവയുടെ സാക്ഷികളുടെ യോഗസ്ഥലത്തു പൊലീസ് കയറി 69 പേരെ അറസ്റ്റു ചെയ്തുവെന്ന് അതിൽ റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ടു മുഖാന്തരം ലോകശ്രദ്ധ സിംഗപ്പൂരിലെ യഹോവയുടെ സാക്ഷികളുടെ അവസ്ഥയിലേക്കു തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 20 വർഷത്തിലധികമായി അവിടെ അവരുടെ പ്രവർത്തനവും സാഹിത്യവും നിരോധിക്കപ്പെട്ടിരിക്കുകയാണല്ലോ.
200-ലധികം രാജ്യങ്ങളിൽ നിയമത്തിന്റെ പരിപൂർണ സംരക്ഷണത്തോടെ പരസ്യമായി പ്രവർത്തിക്കുന്ന ഒരു മതസംഘടനയെ ജനാധിപത്യ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യമായ സിംഗപ്പൂരിൽ നിരോധിക്കുന്നതിന്റെ കാരണം മനസ്സിലാക്കുക പ്രയാസമാണ്. പൗരന്മാരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് സിംഗപ്പൂർ നൽകുന്ന ഭരണഘടനാപരമായ ഉറപ്പിന്റെ വീക്ഷണത്തിൽ അത് അതിലേറെ അലോസരപ്പെടുത്തുന്നതുമാണ്.
യഹോവയുടെ സാക്ഷികൾ ഒരിടത്തും ദേശീയ സുരക്ഷിതത്വത്തിന് ഒരിക്കലും ഭീഷണി ഉയർത്തിയിട്ടില്ല. വാസ്തവത്തിൽ, സമാധാനപ്രിയരും കഠിനാധ്വാനികളും ധാർമികമായി നേരുള്ളവരുമെന്ന സൽപ്പേര് അവർക്ക് ലോകത്ത് എവിടെയുമുണ്ട്. നിങ്ങളുടെ രാജ്യത്തു നിങ്ങൾ ഈ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
ക്രിസ്ത്യാനികൾക്കുള്ള ബൈബിൾനിലവാരങ്ങളോടു കർശനമായി പറ്റിനിൽക്കുന്നതിനാൽ, ചിലപ്പോഴെല്ലാം യഹോവയുടെ സാക്ഷികളുടെ നിലപാടു തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് അല്ലെങ്കിൽ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട് എന്നതു സത്യംതന്നെ. എന്നാൽ ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനും തന്റെ നാളിലെ ഗവൺമെന്റായ “കൈസർ”ക്ക് എതിരായിരുന്നു എന്നു തെറ്റിദ്ധരിക്കപ്പെട്ടുവെന്നതു സത്യമായിരുന്നില്ലേ? യഹോവയുടെ സാക്ഷികൾ യേശുവിന്റെയും ആദിമ ക്രിസ്ത്യാനികളുടെയും മാതൃക കേവലം പിൻപറ്റുന്നുവെന്നു മാത്രം. അവർ തങ്ങൾ വസിക്കുന്നിടത്തെ ഗവൺമെൻറിനെ ആദരിക്കുകയും നികുതികൾ കൊടുക്കുകയും നല്ല ധാർമികത ഉന്നമിപ്പിക്കുകയും ചെയ്യുന്നു. മനസ്സാക്ഷിയുള്ള, നേരുള്ള പൗരന്മാരാണ് അവർ. യഹോവയുടെ സാക്ഷികൾ ഏതെങ്കിലും രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ ഒരിക്കലും പങ്കെടുത്തിട്ടില്ല. സിംഗപ്പൂരിൽ അവരുള്ളതുകൊണ്ട് നിങ്ങളുടെ രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങൾക്ക് അവർ യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്ന് എനിക്ക് ഉറപ്പുതരാൻ സാധിക്കും.
സിംഗപ്പൂരിലെ യഹോവയുടെ സാക്ഷികൾക്കെതിരെ നിങ്ങൾ കൈക്കൊണ്ട അടിച്ചമർത്തൽ നടപടികൾ ഈ അടുത്ത കാലത്തെ പത്രറിപ്പോർട്ടുകൾ ഹേതുവായി ഇപ്പോൾ സകലരും അറിഞ്ഞിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 1.2 കോടിയോളം വരുന്ന അവരുടെ സഹകാരികൾക്ക് അതു വിശേഷാൽ ഉത്കണ്ഠയ്ക്കു കാരണമാണ്. ഈ സ്ഥിതിവിശേഷത്തിന് ഒരു പരിഹാരം ഉണ്ടാക്കാനും ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികൾക്കു നൽകാനും നിങ്ങളുടെ നല്ല അധികാരം ഉപയോഗിക്കണമെന്നു ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്.
ഞങ്ങളുടെ സംഘടനയെയും പ്രവർത്തനത്തെയും കുറിച്ചുള്ള ഏതൊരു തെറ്റിദ്ധാരണയും ദൂരീകരിക്കുന്നതിനു യഹോവയുടെ സാക്ഷികളുടെ പ്രതിനിധികളുമായുള്ള ഒരു തുറന്ന ചർച്ച സഹായിക്കുമെന്നു ഞാൻ വിശ്വസിക്കുകയും യഹോവയുടെ സാക്ഷികളിൽനിന്നു സിംഗപ്പൂർ ഗവൺമെൻറിനു യാതൊന്നും ഭയപ്പെടാനില്ലെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നു. അത്തരമൊരു കൂടിക്കാഴ്ചയ്ക്കു ക്രമീകരിക്കാൻ എനിക്കു സന്തോഷമേയുള്ളൂ.
നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.
ആദരപൂർവം,
മിൽട്ടൻ ജി. ഹെൻഷൽ
പ്രസിഡൻറ്
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Nik Wheeler/H. Armstrong Roberts