“ഒരു കാറ്റും ശരിയായ കാറ്റല്ലാ”ത്തപ്പോൾ
“ഏതു തുറമുഖത്ത് അടുക്കണമെന്ന് അറിയാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം ഒരു കാറ്റും ശരിയായ കാറ്റല്ല.” ഒന്നാം നൂറ്റാണ്ടിലെ റോമൻ തത്ത്വചിന്തകനായിരുന്ന ലൂക്യൂസ് ആന്യൂസ് സെനികാ പറഞ്ഞതെന്നു കരുതപ്പെടുന്ന ഈ വാക്കുകൾ ചിരകാലമായി അംഗീകരിച്ചുവരുന്ന ഒരു സത്യത്തെ അരക്കിട്ടുറപ്പിക്കുന്നു: ജീവിതത്തിനു ദിശ ഉണ്ടായിരിക്കുന്നതിനു ലക്ഷ്യങ്ങൾ അനിവാര്യമാണ്.
എന്നിരുന്നാലും, ജീവിതം മിക്കപ്പോഴും ലക്ഷ്യരഹിതമാണ്. അനുദിന ജീവിതത്തിലെ പാറക്കെട്ടുകളും നീർച്ചുഴികളും ഒഴിവാക്കുന്നതിൽ തൃപ്തിയടയുന്നവരാണ് അനേകരും. ഒരു നിശ്ചിത സ്ഥാനമില്ലാതെ അവർ “കാറ്റുമൂലം ഒരു നിമിഷം മുന്നിലേക്കും അടുത്ത നിമിഷം പിന്നിലേക്കും ആടിയുലയുന്ന” തിരമാലകളെപ്പോലെ ആയിത്തീരുന്നു. (യാക്കോബ് 1:6, “ഫിലിപ്സ്”) അത്തരമാളുകളെ സംബന്ധിച്ചിടത്തോളം “ഒരു കാറ്റും ശരിയായ കാറ്റല്ല.”
ലക്ഷ്യോന്മുഖരായിരുന്നവരുടെ ദൃഷ്ടാന്തങ്ങൾ ബൈബിൾ പ്രദാനംചെയ്യുന്നുണ്ട്. അവർ ഇന്നു ക്രിസ്ത്യാനികൾക്ക് അനുകരണപാത്രങ്ങളായി ഉതകുന്നു. മോശ ‘പ്രതിഫലത്തിൽ ദൃഷ്ടി പതിപ്പിച്ചു.’ (എബ്രായർ 11:26, “പി.ഒ.സി. ബൈബിൾ”) പൗലോസ് എഴുതി: “ഞാൻ സമ്മാനം നേടാൻ ലക്ഷ്യത്തിനു നേരേ ഓടുന്നു.” “അതേ മനോഭാവമുണ്ടായിരിക്കാൻ” അവൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.—ഫിലിപ്യർ 3:14, 15, “ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.”
ബൈബിൾ വാഗ്ദത്തങ്ങളിൽ നമ്മുടെ ദൃഷ്ടികൾ ഉറപ്പായി കേന്ദ്രീകരിച്ചുകൊണ്ട്, ലക്ഷ്യോന്മുഖരായ അത്തരം മനുഷ്യരുടെ വിശ്വാസം നമ്മൾ അനുകരിക്കുമാറാകട്ടെ.—എബ്രായർ 13:7 താരതമ്യം ചെയ്യുക.