സത്യം അന്വേഷിക്കേണ്ടത് എന്തുകൊണ്ട്?
അനേകം മതസംഘടനകൾ തങ്ങളുടെ പക്കൽ സത്യമുണ്ടെന്ന് അവകാശപ്പെടുന്നു. അവർ അതു മറ്റുള്ളവർക്ക് ഉത്സാഹപൂർവം കൊടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അവർക്കിടയിൽ “സത്യങ്ങളു”ടെ കുഴപ്പിക്കുന്ന ഒരു ബാഹുല്യംതന്നെയുണ്ട്. ഇത് എല്ലാ സത്യങ്ങളും ആപേക്ഷികമാണ്, കേവല സത്യങ്ങൾ ഇല്ല എന്നതിനുള്ള മറ്റൊരു തെളിവാണോ? അല്ല.
പ്രൊഫസർ വി. ആർ. റുജേറോയുടെ ദി ആർട്ട് ഓഫ് തിങ്കിങ് എന്ന പുസ്തകത്തിൽ സത്യം ആപേക്ഷികമാണെന്നു ബുദ്ധിമാന്മാരായ ആളുകൾപോലും ചിലപ്പോൾ പറയുന്നതിൽ അദ്ദേഹം അതിശയം പ്രകടിപ്പിക്കുന്നു. അദ്ദേഹം ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “ഓരോരുത്തനും അവനവന്റെ സത്യം നിർണയിക്കുന്നെങ്കിൽ, യാതൊരു വ്യക്തിയുടെയും ആശയം മറ്റൊരാളുടേതിനെക്കാൾ മികച്ചതല്ലെന്നുവരും. എല്ലാം തുല്യമായിരിക്കണം. എല്ലാ ആശയങ്ങളും തുല്യമാണെങ്കിൽ, ഏതെങ്കിലും ആശയം സംബന്ധിച്ചു ഗവേഷണം നടത്തേണ്ട ആവശ്യമെന്ത്? പുരാവസ്തുപരമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കുവേണ്ടി എന്തിനു നിലം കുഴിക്കണം? മധ്യപൂർവദേശത്തെ സംഘർഷത്തിന്റെ കാരണങ്ങൾ എന്തിനു ചികയണം? കാൻസറിനുള്ള പ്രതിവിധി എന്തിന് അന്വേഷിക്കണം? നക്ഷത്രവ്യൂഹം എന്തിനു പര്യവേക്ഷണം ചെയ്യണം? ചില ഉത്തരങ്ങൾ മറ്റുള്ളവയെക്കാൾ മികച്ചതാണെങ്കിലേ, സത്യം വ്യക്തിപരമായ വീക്ഷണങ്ങളിൽനിന്നു വ്യത്യസ്തവും അവയാൽ ബാധിക്കപ്പെടാത്തതുമാണെങ്കിലേ ആ പ്രവൃത്തികളൊക്കെ അർഥവത്താകുന്നുള്ളു.”
വാസ്തവത്തിൽ, സത്യം എന്നൊന്നില്ല എന്ന് ആരും യഥാർഥത്തിൽ വിശ്വസിക്കുന്നില്ല. മരുന്ന്, ഗണിതശാസ്ത്രം, ഊർജതന്ത്ര നിയമങ്ങൾ എന്നിങ്ങനെയുള്ള ഭൗതിക യാഥാർഥ്യങ്ങളുടെ കാര്യംവരുമ്പോൾ ഏറ്റവും കടുത്ത ആപേക്ഷിക വീക്ഷണഗതിക്കാരൻപോലും ചില സംഗതികൾ സത്യമാണെന്നു വിശ്വസിക്കും. വായുഗതിക നിയമങ്ങൾ കേവല സത്യങ്ങളല്ലെന്നു നാം ചിന്തിച്ചാൽ ഒരു വിമാനത്തിൽ യാത്രചെയ്യാൻ നമ്മിൽ ആരാണു ധൈര്യപ്പെടുക? പരിശോധിച്ചു തെളിയിക്കാവുന്ന സത്യങ്ങൾ നമുക്കുചുറ്റും സ്ഥിതിചെയ്യുന്നുണ്ട്; നാം അവയിൽ നമ്മുടെ ജീവിതമർപ്പിക്കുന്നു.
ആപേക്ഷിക വീക്ഷണഗതി ഒടുക്കേണ്ടിവരുന്ന വില
എന്നിരുന്നാലും, ആപേക്ഷിക വീക്ഷണഗതിയുടെ തെറ്റുകൾ ഏറ്റവും കൂടുതൽ വ്യക്തമാകുന്നതു ധാർമിക മേഖലയിലാണ്, കാരണം ഈ ചിന്തമുഖാന്തരം ഏറ്റവും കൂടുതൽ ദ്രോഹം ഉണ്ടായിരിക്കുന്നത് ഈ രംഗത്താണ്. ദി എൻസൈക്ലോപീഡിയ അമേരിക്കാന ഇങ്ങനെ ഒരു ആശയം പറയുന്നു: “പരിജ്ഞാനമോ സത്യമെന്ന് അറിയപ്പെടുന്നതോ മനുഷ്യർക്കു പ്രാപ്യമാണോ എന്നതുസംബന്ധിച്ചു കാര്യമായ സംശയമുണ്ടായിരുന്നു . . . എന്നിരുന്നാലും, സത്യവും പരിജ്ഞാനവുമെന്ന ദ്വിവിധ ആദർശങ്ങൾ സാങ്കല്പികമെന്നോ ദോഷകരമെന്നോ പറഞ്ഞു തിരസ്കരിക്കപ്പെടുമ്പോഴൊക്കെ മനുഷ്യസമൂഹം അധഃപതിക്കുന്നുവെന്നത് ഉറപ്പാണ്.”
ഒരുപക്ഷേ, അത്തരം അധഃപതനം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഉദാഹരണത്തിന്, ലൈംഗിക അധാർമികത തെറ്റാണെന്നു വ്യക്തമായി പറയുന്ന ബൈബിളിന്റെ ധാർമിക പഠിപ്പിക്കലുകൾ അപൂർവമായേ സത്യമായി വിശ്വസിക്കപ്പെടുന്നുള്ളു. “നിങ്ങൾക്കു ശരിയെന്നു തോന്നുന്നതു നിങ്ങൾ തീരുമാനിക്കുക” എന്നു പറയുന്ന സാഹചര്യാധിഷ്ഠിത ധർമശാസ്ത്രം ഇന്ന് എവിടെയും കാണാം. ആപേക്ഷിക വീക്ഷണഗതിയുടേതായ ഈ കാഴ്ചപ്പാടു ഹേതുവായി സാമൂഹിക അധഃപതനം സംഭവിച്ചിട്ടില്ല എന്ന് ആർക്കെങ്കിലും അവകാശപ്പെടാനാവുമോ? നിശ്ചയമായും ലൈംഗികമായി പകരുന്ന ലോകവ്യാപകമായുള്ള മഹാമാരികൾ, തകർന്ന കുടുംബങ്ങൾ, കൗമാരപ്രായ ഗർഭധാരണങ്ങൾ എന്നിവ മതിയായ തെളിവുകളാണ്.
എന്താണു സത്യം?
അതുകൊണ്ട്, ആപേക്ഷിക വീക്ഷണഗതിയുടെ കലങ്ങിമറിഞ്ഞ വെള്ളം വിട്ട് നമുക്കു സത്യത്തിന്റെ ശുദ്ധജലം എന്നു ബൈബിൾ വർണിക്കുന്നതിനെ ഹ്രസ്വമായി പരിശോധിക്കാം. (യോഹന്നാൻ 4:14; വെളിപ്പാടു 22:17) അമൂർത്തവും അസ്പർശ്യവുമായ ആശയമെന്നനിലയിലാണു തത്ത്വചിന്തകർ “സത്യ”ത്തെക്കുറിച്ചു സംവാദം നടത്തുന്നത്. എന്നാൽ ബൈബിളിൽ “സത്യം” എന്നു പറയുമ്പോൾ അതല്ല അർഥമാക്കുന്നത്.
ജീവിതത്തിലെ തന്റെ മുഴു ഉദ്ദേശ്യവും സത്യത്തെക്കുറിച്ചു സംസാരിക്കലാണെന്നു യേശു പറഞ്ഞപ്പോൾ, വിശ്വസ്തരായ യഹൂദന്മാർ നൂറ്റാണ്ടുകളോളം അമൂല്യമായി കരുതിയിരുന്ന ഒരു സംഗതിയെക്കുറിച്ചായിരുന്നു അവൻ സംസാരിച്ചത്. യഹൂദന്മാർ അവരുടെ വിശുദ്ധ എഴുത്തുകളിൽ, ദീർഘനാളുകളോളം “സത്യ”ത്തെക്കുറിച്ചു വായിച്ചിരുന്നത് മൂർത്തമായ ഒരു സംഗതിയായിട്ടായിരുന്നു, സൈദ്ധാന്തികമായ ഒന്നായിട്ടല്ലായിരുന്നു. ബൈബിളിൽ, “സത്യം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം “എമെത്ത്” ആണ്. ഉറപ്പുള്ളതും സുദൃഢമായതും, ഒരുപക്ഷേ ഏറ്റവും പ്രധാനമായി, വിശ്വസനീയവുമായ എന്തോ ആയി അതിനെ അർഥമാക്കുന്നു.
സത്യത്തെ ആ വിധത്തിൽ കാണുന്നതിനു യഹൂദന്മാർക്കു മതിയായ കാരണമുണ്ടായിരുന്നു. അവരുടെ ദൈവത്തെ, യഹോവയെ, “സത്യത്തിന്റെ ദൈവം” എന്നായിരുന്നു അവർ വിളിച്ചത്. (സങ്കീർത്തനം 31:5, NW) താൻ ചെയ്യുമെന്നു യഹോവ പറഞ്ഞതെല്ലാം അവൻ ചെയ്തു എന്നതായിരുന്നു അതിനുള്ള കാരണം. അവൻ നടത്തിയ വാഗ്ദാനങ്ങൾ അവൻ പാലിച്ചു. അവൻ നിശ്വസ്തമാക്കിയ പ്രവചനങ്ങൾ നിറവേറ്റപ്പെട്ടു. അവൻ ഉച്ചരിച്ച അന്ത്യന്യായവിധികൾ നിർവഹിക്കപ്പെട്ടു. ലക്ഷക്കണക്കിന് ഇസ്രായേല്യർ ഈ യാഥാർഥ്യങ്ങൾക്കു ദൃക്സാക്ഷികളായിരുന്നു. ബൈബിളിന്റെ നിശ്വസ്ത എഴുത്തുകാർ അവയെ ചരിത്രത്തിന്റെ അനിഷേധ്യ വസ്തുതകളായി രേഖപ്പെടുത്തി. വിശുദ്ധമെന്നു കരുതപ്പെടുന്ന മറ്റു പുസ്തകങ്ങളിൽനിന്നു വിപരീതമായി, പഴമ്പുരാണത്തിന്റെയോ ഐതിഹ്യത്തിന്റെയോ പശ്ചാത്തലകർട്ടനോടെയല്ല ബൈബിൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരവും പുരാവസ്തുശാസ്ത്രപരവും ശാസ്ത്രീയവും സാമൂഹികശാസ്ത്രപരവുമായ യാഥാർഥ്യങ്ങളിൽ, തെളിയിക്കാവുന്ന വസ്തുതകളിൽ, സുദൃഢമായി അടിയുറച്ചതാണത്. അപ്പോൾ സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഇങ്ങനെ പറയുന്നതിൽ യാതൊരു അതിശയവുമില്ല: “നിന്റെ ന്യായപ്രമാണം സത്യ”മാകുന്നു. “നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ. . . . നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ”!—സങ്കീർത്തനം 119:142, 151, 160.
“നിന്റെ വചനം സത്യം ആകുന്നു” എന്നു യേശുക്രിസ്തു യഹോവയോടുള്ള പ്രാർഥനയിൽ പറഞ്ഞപ്പോൾ അവൻ സങ്കീർത്തനക്കാരന്റെ ആ വാക്കുകളെ പ്രതിധ്വനിപ്പിക്കുകയായിരുന്നു. (യോഹന്നാൻ 17:17) തന്റെ പിതാവു പറഞ്ഞിട്ടുള്ളതെല്ലാം തികച്ചും ഉറപ്പുള്ളതും വിശ്വസനീയവുമായിരുന്നുവെന്നു യേശുവിന് അറിയാമായിരുന്നു. അതുപോലെ, യേശു ‘സത്യം നിറഞ്ഞ’വനായിരുന്നു. (യോഹന്നാൻ 1:14) അവൻ പറഞ്ഞ സകലതും വിശ്വസനീയമായ സത്യമായിരുന്നുവെന്ന് അവന്റെ അനുഗാമികൾ ദൃക്സാക്ഷികൾ എന്നനിലയിൽ മനസ്സിലാക്കുകയും സകല ഭാവിതലമുറകൾക്കുംവേണ്ടി രേഖപ്പെടുത്തിവെക്കുകയും ചെയ്തു.a
എന്നിരുന്നാലും, സത്യം സംസാരിക്കാനാണു താൻ ഭൂമിയിലേക്കു വന്നിരിക്കുന്നതെന്നു യേശു പീലാത്തോസിനോടു പറഞ്ഞപ്പോൾ ഒരു വിശിഷ്ട സത്യമായിരുന്നു അവന്റെ മനസ്സിലുണ്ടായിരുന്നത്. “നീ രാജാവാണോ?” എന്ന പീലാത്തോസിന്റെ ചോദ്യത്തോടുള്ള പ്രതികരണമായാണ് യേശു ആ പ്രസ്താവന നടത്തിയത്. (യോഹന്നാൻ 18:37, NW) ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ പഠിപ്പിക്കലിന്റെ വിഷയം, കാതൽതന്നെ, ദൈവരാജ്യവും അതിന്റെ രാജാവ് എന്നനിലയിലുള്ള യേശുവിന്റെതന്നെ സ്ഥാനവും ആയിരുന്നു. (ലൂക്കൊസ് 4:43) അതായത്, ഈ രാജ്യം യഹോവയുടെ നാമം വിശുദ്ധീകരിക്കും, അവന്റെ പരമാധികാരത്തെ സംസ്ഥാപിക്കും, വിശ്വസ്തരായ മനുഷ്യവർഗത്തിനു നിത്യവും സന്തുഷ്ടവുമായ ജീവിതം പുനഃസ്ഥാപിക്കും എന്നിവയുൾക്കൊള്ളുന്നതാണ് ആ “സത്യം.” ആത്മാർഥരായ എല്ലാ ക്രിസ്ത്യാനികളും പ്രത്യാശയർപ്പിക്കുന്നത് ഈ സത്യത്തിലാണ്. ദൈവത്തിന്റെ സകല വാഗ്ദാനങ്ങളുടെയും നിവൃത്തിയിൽ യേശുവിനുള്ള പങ്ക് മർമപ്രധാനമായതുകൊണ്ടും ദൈവത്തിന്റെ എല്ലാ പ്രവചനങ്ങളും അവൻ നിമിത്തം “ആമേൻ” അഥവാ സത്യം ആയിത്തീരുന്നു എന്നതുകൊണ്ടും, യേശുവിന് ഇങ്ങനെ ഉചിതമായി പറയാൻ സാധിച്ചു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.”—യോഹന്നാൻ 14:6; 2 കൊരിന്ത്യർ 1:20; വെളിപ്പാടു 3:14.
ഈ സത്യത്തെ പൂർണമായും വിശ്വാസയോഗ്യമെന്ന നിലയിൽ അംഗീകരിക്കുകയെന്നത് ഇന്നു ക്രിസ്ത്യാനികളെ സംബന്ധിച്ചു വളരെയധികം അർഥമാക്കുന്നു. ദൈവത്തിലുള്ള അവരുടെ വിശ്വാസവും അവന്റെ വാഗ്ദത്തങ്ങളിലുള്ള അവരുടെ പ്രത്യാശയും വസ്തുതകളിൽ, യാഥാർഥ്യങ്ങളിൽ അധിഷ്ഠിതമാണെന്ന് അത് അർഥമാക്കുന്നു.
സത്യം പ്രവർത്തനത്തിൽ
സത്യത്തെ പ്രവൃത്തിയുമായി ബൈബിൾ ബന്ധപ്പെടുത്തുന്നതിൽ അതിശയിക്കാനില്ല. (1 ശമൂവേൽ 12:24; 1 യോഹന്നാൻ 3:18) ദൈവഭയമുള്ള യഹൂദന്മാർക്കു തത്ത്വചിന്ത നടത്താനുള്ള ഒരു വിഷയമായിരുന്നില്ല സത്യം; അതൊരു ജീവിതരീതിയായിരുന്നു. “സത്യം” എന്നതിനുള്ള എബ്രായ പദത്തിനു “വിശ്വസ്തത”യെന്നും അർഥമുണ്ട്. അതിനാൽ, ആശ്രയയോഗ്യനായ ഒരുവനെ വർണിക്കാൻ അത് ഉപയോഗിച്ചിരുന്നു. അതേ കാഴ്ചപ്പാടിൽത്തന്നെ സത്യത്തെ വീക്ഷിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. അവൻ പരീശന്മാരുടെ കാപട്യത്തെ, സ്വനീതിയിലധിഷ്ഠിതമായ വാക്കുകളും അവരുടെ അന്യായ പ്രവൃത്തികളും തമ്മിലുള്ള വലിയ അകലത്തെ, ശക്തിയുക്തം കുറ്റംവിധിച്ചു. താൻ പഠിപ്പിച്ച സത്യത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ അവൻ മാതൃക വെക്കുകയും ചെയ്തു.
അതുകൊണ്ട്, ക്രിസ്തുവിന്റെ എല്ലാ അനുഗാമികളും അങ്ങനെതന്നെയായിരിക്കണം. ദൈവവചനത്തിന്റെ സത്യം, അതായത് യേശുക്രിസ്തുവിന്റെ ഭരണാധിപത്യത്തിൻ കീഴിലെ ദൈവരാജ്യം സംബന്ധിച്ചുള്ള ഉന്മേഷദായകമായ സുവാർത്ത, അവർക്കു കേവലമൊരു ജ്ഞാനം എന്നതിനെക്കാൾ വളരെ വളരെ കൂടുതൽ അർഥമാക്കുന്നു. ആ സത്യം അവരെ പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കാനും അതു മറ്റുള്ളവരുമായി പങ്കുവെക്കാനും അവരെ നിർബന്ധിക്കുകയും ചെയ്യുന്നു. (താരതമ്യം ചെയ്യുക: യിരെമ്യാവു 20:9.) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയ്ക്ക്, ക്രിസ്തുവിന്റെ അനുഗാമികൾ എന്നനിലയിൽ അവർ സ്വീകരിച്ച ജീവിതരീതി ചിലപ്പോഴൊക്കെ അറിയപ്പെട്ടിരുന്നതു കേവലം “സത്യം” എന്നോ “സത്യത്തിന്റെ മാർഗം” എന്നോ ആയിരുന്നു.—2 യോഹന്നാൻ 4; 3 യോഹന്നാൻ 4, 8; 2 പത്രോസ് 2:2, NW.
എന്തു വിലയും കൊടുക്കാവുന്ന ഒരു നിധി
ദൈവവചനത്തിലെ സത്യങ്ങൾ സ്വീകരിക്കുന്നതുനിമിത്തം ഒരു വില കൊടുക്കേണ്ടിവരുമെന്നതു ശരിതന്നെ. ഒന്നാമതായി, സത്യം മനസ്സിലാക്കുന്നത് ഉടച്ചുതകർക്കുന്ന ഒരു അനുഭവമായി തോന്നാം. ദി എൻസൈക്ലോപീഡിയ അമേരിക്കാന ഇങ്ങനെ നിരീക്ഷിക്കുന്നു: “സത്യം പലപ്പോഴും വിസമ്മതിക്കപ്പെടുന്നു, കാരണം അതു മുൻവിധിയെയോ പഴമ്പുരാണത്തെയോ പിന്തുണയ്ക്കുന്നില്ല.” നമ്മുടെ വിശ്വാസങ്ങൾ അസത്യമായി തുറന്നുകാട്ടപ്പെടുന്നതിലൂടെ മിഥ്യാബോധമുക്തി അനുഭവപ്പെടുന്നതായി തോന്നാം, വിശേഷിച്ചും നാം വിശ്വാസമർപ്പിച്ച മതനേതാക്കന്മാരാണു നമ്മെ അവ പഠിപ്പിച്ചിരിക്കുന്നതെങ്കിൽ. തങ്ങൾ വിശ്വാസമർപ്പിച്ച മാതാപിതാക്കൾ വാസ്തവത്തിൽ രഹസ്യ കുറ്റവാളികളായിരുന്നുവെന്നു കണ്ടുപിടിക്കുന്നതിനോടാവാം ചിലർ ആ അനുഭവത്തെ സാദൃശ്യപ്പെടുത്തുക. എന്നാൽ മിഥ്യാധാരണയിൻകീഴിൽ ജീവിക്കുന്നതിനെക്കാളും നല്ലതു മതപരമായ സത്യം കണ്ടെത്തുന്നതല്ലേ? നുണകളാൽ ചതിക്കപ്പെടുന്നതിനെക്കാൾ നല്ലതു വസ്തുതകൾ അറിയുന്നതല്ലേ?b—താരതമ്യം ചെയ്യുക: യോഹന്നാൻ 8:32; റോമർ 3:4.
രണ്ടാമതായി, മതപരമായ സത്യത്തിനു ചേർച്ചയിൽ ജീവിക്കുമ്പോൾ അതുവരെ നമ്മുടെ സുഹൃത്തുക്കളായിരുന്നവരുടെ അംഗീകാരം ലഭിക്കാത്തതിനെ അത് അർഥമാക്കിയേക്കാം. അനേകരും “ദൈവത്തിന്റെ സത്യം വ്യാജമാക്കി മാറ്റിക്കള”ഞ്ഞിരിക്കുന്ന ഒരു ലോകത്തിൽ ദൈവവചനത്തിന്റെ സത്യത്തോടു പറ്റിനിൽക്കുന്നവരെ പ്രത്യേകതരം ആളുകളായി വീക്ഷിക്കുന്നു, പലപ്പോഴും അവർ ഒഴിവാക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.—റോമർ 1:25; 1 പത്രൊസ് 4:4.
എന്നാൽ സത്യത്തിനുവേണ്ടി ഈ രണ്ടു വിലയും ഒടുക്കാവുന്നതാണ്. സത്യം അറിയുന്നതു നമ്മെ വ്യാജങ്ങളിൽനിന്നും മിഥ്യാധാരണകളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും സ്വതന്ത്രമാക്കുന്നു. നാം അതിനു ചേർച്ചയിൽ ജീവിക്കുമ്പോൾ പ്രയാസങ്ങളിൽ സഹിച്ചുനിൽക്കാൻ സത്യം നമ്മെ ശക്തീകരിക്കുന്നു. ദൈവത്തിന്റെ സത്യം അങ്ങേയറ്റം വിശ്വാസയോഗ്യവും നന്നായി അടിയുറച്ചതുമാണ്. ഏതു പരിശോധനയിൻകീഴിലും ഉറച്ചുനിൽക്കാൻ നമ്മെ പ്രാപ്തമാക്കുമാറ് അതു നമ്മെ പ്രത്യാശയാൽ പ്രചോദിപ്പിക്കുന്നു. വീതിയുള്ളതും ഉറപ്പുള്ളതുമായ തുകൽ ബെൽറ്റുമായി, അഥവാ അരപ്പട്ടയുമായി, പൗലോസ് സത്യത്തെ സാദൃശ്യപ്പെടുത്തിയതിൽ യാതൊരു അത്ഭുതവുമില്ല!—എഫെസ്യർ 6:13, 14.
ബൈബിളിലെ ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: “സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.” (സദൃശവാക്യങ്ങൾ 23:23) ആപേക്ഷികമാണെന്നോ അങ്ങനെയൊന്നു സ്ഥിതിചെയ്യുന്നില്ലെന്നോ പറഞ്ഞ് സത്യത്തെ തള്ളിക്കളയുന്നതിലൂടെ നഷ്ടമാകുന്നതു ജീവിതം വെച്ചുനീട്ടുന്ന ഏറ്റവും പുളകപ്രദവും സംതൃപ്തിദായകവുമായ അന്വേഷണമായിരിക്കും. അതു കണ്ടെത്തുകയെന്നാൽ പ്രത്യാശ കണ്ടെത്തുകയെന്നാണ്; അത് അറിയുക, അതിനെ സ്നേഹിക്കുകയെന്നാൽ അഖിലാണ്ഡത്തിന്റെ സ്രഷ്ടാവിനെയും അവന്റെ ഏകജാതപുത്രനെയും അറിയുക, സ്നേഹിക്കുകയെന്നാണ്; അതിനു ചേർച്ചയിൽ ജീവിക്കുകയെന്നാൽ ഉദ്ദേശ്യത്തോടും മനസ്സമാധാനത്തോടും കൂടെ ഇപ്പോഴും എല്ലായ്പോഴും ജീവിക്കുകയെന്നാണ്.—സദൃശവാക്യങ്ങൾ 2:1-5; സെഖര്യാവു 8:19; യോഹന്നാൻ 17:3.
[അടിക്കുറിപ്പുകൾ]
a തന്റെ വാക്കുകളുടെ വിശ്വാസ്യതയ്ക്ക് ഊന്നൽ കൊടുക്കാൻ യേശു 70-ലധികം പ്രാവശ്യം ഒരു അസാധാരണ പ്രയോഗം സുവിശേഷ വിവരണങ്ങളിൽ നടത്തുന്നതായി കാണാം. ഒരു വാചകം അവതരിപ്പിക്കാൻ അവൻ പലപ്പോഴും “ആമേൻ” (“വാസ്തവമായും,” NW) എന്നു പറയുമായിരുന്നു. അതിന് അനുരൂപമായ എബ്രായ പദത്തിന്റെ അർഥം “തീർച്ചയുള്ള, സത്യമായ” എന്നാണ്. ദ ന്യൂ ഇൻറർനാഷണൽ ഡിക്ഷ്ണറി ഓഫ് ന്യൂ ടെസ്റ്റമെൻറ് തിയോളജി ഇങ്ങനെ രേഖപ്പെടുത്തുന്നു: “ആമേൻ സഹിതം തന്റെ വാക്കുകൾ അവതരിപ്പിക്കുന്നതിലൂടെ യേശു അവയെ ഉറപ്പുള്ളതും വിശ്വസനീയവുമായി തിരിച്ചറിയിച്ചു. അവൻ തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയും തനിക്കും തന്റെ ശ്രോതാക്കൾക്കും അവ ബാധകമാക്കുകയും ചെയ്തു. അവ അവന്റെ മാഹാത്മ്യത്തിന്റെയും അധികാരത്തിന്റെയും ഒരു പ്രയോഗമായിരുന്നു.”
b “സത്യം” എന്നതിനുള്ള ഗ്രീക്കു പദമായ അലെത്തിയ “ഗോപനം ചെയ്യാത്ത” എന്നർഥമുള്ള ഒരു പദത്തിൽനിന്നാണു വന്നിരിക്കുന്നത്. അതുകൊണ്ട് മുമ്പു മറഞ്ഞിരുന്ന സംഗതിയുടെ വെളിപ്പെടുത്തൽ സത്യവുമായി മിക്കപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.—താരതമ്യം ചെയ്യുക: ലൂക്കൊസ് 12:2.
[6-ാം പേജിലെ ചതുരം]
സത്യത്തിന് എപ്പോഴെങ്കിലും മാറ്റംവരുമോ?
ഈ ചോദ്യം ഉന്നയിച്ചതു വി. ആർ. റുജേറോയാണ്, അദ്ദേഹത്തിന്റെ ദി ആർട്ട് ഓഫ് തിങ്കിങ് എന്ന പുസ്തകത്തിൽ. ഇല്ല എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: “ചിലപ്പോൾ അങ്ങനെ തോന്നിയേക്കാം, എന്നാൽ കൂടുതൽ സൂക്ഷ്മമായ പരിശോധനയിൽ അങ്ങനെയല്ലെന്നു കണ്ടെത്തും.”
അദ്ദേഹം പറയുന്നു: “ബൈബിളിന്റെ ഒന്നാമത്തെ പുസ്തകമായ ഉൽപ്പത്തിയുടെ ഗ്രന്ഥകർത്തൃത്വത്തിന്റെ കാര്യംതന്നെ എടുക്കുക. പുസ്തകം എഴുതിയത് ഒറ്റ വ്യക്തിയായിരുന്നുവെന്നു നൂറ്റാണ്ടുകളോളം ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുപോലെ വിശ്വസിച്ചു. കാലക്രമേണ ഈ വീക്ഷണം ചോദ്യം ചെയ്യപ്പെട്ടു, അങ്ങനെ അവസാനം, അഞ്ചു ഗ്രന്ഥകർത്താക്കളെങ്കിലും ഉൽപ്പത്തി പുസ്തകത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന വിശ്വാസം വന്നു. പിന്നെ 1981-ൽ, ആദ്യം വിചാരിച്ചിരുന്നതുപോലെ ഒറ്റ വ്യക്തി എഴുതിയെന്നുള്ളതിനാണ് 82 ശതമാനം സാധ്യതയുള്ളതെന്നു പ്രസ്താവിക്കുന്ന, ഉൽപ്പത്തി പുസ്തകത്തിന്റെ പഞ്ചവത്സര ഭാഷാ അപഗ്രഥനം പ്രസിദ്ധീകരിച്ചു.
“ഉൽപ്പത്തി പുസ്തകത്തിന്റെ ഗ്രന്ഥകർത്തൃത്വം സംബന്ധിച്ച സത്യത്തിനു മാറ്റംവന്നുവോ? ഇല്ല. നമ്മുടെ വിശ്വാസത്തിനു മാത്രമാണു മാറ്റംവന്നത്. . . . നമ്മുടെ അറിവിനാലോ നമ്മുടെ അജ്ഞതയാലോ സത്യത്തിനു മാറ്റംവരുകയില്ല.”
[7-ാം പേജിലെ ചതുരം]
സത്യത്തോടുള്ള ഭയഭക്തി
“സത്യത്തോടുള്ള ഭയഭക്തി നമ്മുടേതായ യുഗത്തിന്റെ കേവലം കൃത്രിമമായ ലോകാചാരവിരക്ത തത്ത്വചിന്തയല്ല. ആർക്കും, അല്ലെങ്കിൽ യാതൊന്നിനും സത്യമുണ്ടെന്ന അവകാശവാദം വാസ്തവത്തിൽ ഉന്നയിക്കാനാവില്ലെന്ന വിശ്വാസത്തിൽ, സകലത്തിന്റെയും ‘മുഖംമൂടി വലിച്ചെറിയാൻ’ ശ്രമിക്കുന്ന ഒന്നാണ് അത്തരം തത്ത്വചിന്ത. സത്യം നിശ്ചയമായും കണ്ടെത്താനാവുമെന്ന സന്തോഷപൂരിതമായ ഉറപ്പും സത്യം എപ്പോൾ എവിടെവച്ചു ലഭിച്ചാലും അതിനോടുള്ള എളിയ കീഴ്പെടലും ഒരുമിച്ചുചേർന്ന മനോഭാവമാണ് സത്യത്തോടുള്ള ഭയഭക്തി. സത്യത്തോടുള്ള അത്തരം തുറന്നമനസ്കത സത്യത്തിന്റെ ദൈവത്തെ ആരാധിക്കുന്നവർക്ക് ആവശ്യമാണ്; അതേസമയം സത്യത്തോടുള്ള ഉചിതമായ ഭയഭക്തി അയൽക്കാരനോടുള്ള ഒരു മനുഷ്യന്റെ ഇടപെടലിൽ, വാക്കിലും പ്രവൃത്തിയിലും, സത്യസന്ധത ഉറപ്പാക്കുന്നു. പഴയ നിയമവും പുതിയ നിയമവും സാക്ഷ്യപ്പെടുത്തുന്നത് ഈ മനോഭാവമാണെന്നു നാം മനസ്സിലാക്കിയിരിക്കുന്നു.”—ദ ന്യൂ ഇൻറർനാഷണൽ ഡിക്ഷ്ണറി ഓഫ് ന്യൂ ടെസ്റ്റ്മെൻറ് തിയോളജി, വാല്യം 3, പേജ് 901.
[7-ാം പേജിലെ ചിത്രം]
ശാസ്ത്രീയ സത്യങ്ങൾ വെളിപ്പെടുത്തുന്നതിലാണു ശാസ്ത്രീയ പുരോഗതി അധിഷ്ഠിതമായിരിക്കുന്നത്
[8-ാം പേജിലെ ചിത്രം]
സത്യം രാജ്യത്തെയും അതിന്റെ അനുഗ്രഹങ്ങളെയും പുൽകുന്നു