വ്യക്തിമുദ്ര പതിപ്പിച്ച ഒരു അച്ചടിക്കാരൻ
നിങ്ങൾക്കു ബൈബിളിലെ ഒരു വാചകം കണ്ടുപിടിക്കണം. പക്ഷേ മുമ്പ് അത് എവിടെയാണു കണ്ടതെന്ന് ഓർമയില്ല. അത്തരമൊരനുഭവം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്നാൽ ഒരു പദം ഓർമയുണ്ടായിരുന്നതിനാൽ ഒരു ബൈബിൾ കൊൺകോഡൻസ് ഉപയോഗിച്ച് നിങ്ങൾക്ക് അതു കണ്ടെത്താൻ സാധിച്ചു. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഒരു ക്രിസ്തീയ യോഗത്തിൽ സംബന്ധിച്ചിരിക്കാം. അവിടെ സന്നിഹിതരായ നൂറുകണക്കിന്, എന്തിന് ആയിരക്കണക്കിന് ആളുകൾ ബൈബിൾ വാക്യമേതെന്നു പറയേണ്ട താമസം, നിമിഷങ്ങൾക്കുള്ളിൽ ബൈബിളുകൾ തുറന്ന് ആ വാക്യം വായിക്കുന്നതും കണ്ടിരിക്കാം.
ഇവയിൽ ഏതു കാര്യത്തിലായാലും, നിങ്ങൾക്കു പരിചയമില്ലാത്ത ഒരാളോടു നിങ്ങൾക്കു കടപ്പാടുണ്ട്. അദ്ദേഹം ബൈബിൾ പഠനം കൂടുതൽ എളുപ്പമാക്കി. മാത്രമല്ല, നമുക്കിന്നുള്ളത് കൃത്യമായ ബൈബിളാണെന്ന് ഉറപ്പുവരുത്തുന്നതിൽ ഒരു പങ്കു വഹിക്കുകയും ചെയ്തു. അനേകം ബൈബിളുകളുടെ രൂപഘടനയെപ്പോലും അദ്ദേഹം സ്വാധീനിച്ചു.
റോബർട്ട് ഏററ്യൻ ആയിരുന്നു ആ മനുഷ്യൻ.a അച്ചടിക്കാരന്റെ മകനായി പിറന്ന ഒരു അച്ചടിക്കാരൻ. 16-ാം നൂററാണ്ടിന്റെ ആരംഭത്തോടടുത്തു ഫ്രാൻസിലെ പാരീസിലായിരുന്നു ജനനം. നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും കാലമായിരുന്നു അത്. അച്ചടിസംവിധാനം അവ രണ്ടിനും ഒരു മാധ്യമമായിത്തീർന്നു. പേരുകേട്ട ഒരു അച്ചടിക്കാരനായിരുന്നു റോബർട്ടിന്റെ പിതാവായ ഏൻട്രി ഏററ്യൻ. നവോത്ഥാന കാലത്ത് ഇറങ്ങിയ ഏററവും മികച്ച പുസ്തകപ്പതിപ്പുകളിൽ ചിലത് അദ്ദേഹം ഉണ്ടാക്കിയവയായിരുന്നു. പാരീസ് യൂണിവേഴ്സിററിക്കും അതിന്റെ ദൈവശാസ്ത്ര വിഭാഗമായ സൊർബൊണിനും വേണ്ടിയുള്ള പാഠ്യപുസ്തകങ്ങളും ബൈബിൾ കൃതികളും അദ്ദേഹത്തിന്റെ വേലയിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ പുത്രനായ റോബർട്ട് ഏററ്യന്റെ കാര്യമാണു നാം ചിന്തിക്കാൻപോകുന്നത്. അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലെങ്കിലും ആദ്യ കാലത്തുതന്നെ അദ്ദേഹം ലത്തീനിൽ പ്രാവീണ്യം നേടിയിരുന്നു. താമസിയാതെ അദ്ദേഹം ഗ്രീക്കും എബ്രായയും പഠിച്ചു. പിതാവിൽനിന്ന് അച്ചടിവിദ്യ വശമാക്കിയ അദ്ദേഹം 1526-ൽ ഏൻട്രിയുടെ പ്രസ്സ് ഏറെറടുത്തു. എങ്കിലും അതിനുമുമ്പെതന്നെ റോബർട്ട് ഏററ്യൻ ഉന്നത നിലവാരമുള്ള ഭാഷാപണ്ഡിതനായി അറിയപ്പെട്ടിരുന്നു. ലത്തീൻ സാഹിത്യങ്ങളുടെയും മററു ശ്രേഷ്ഠകൃതികളുടെയും പണ്ഡിതോചിത വകഭേദങ്ങളടങ്ങുന്ന പതിപ്പുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അസന്ദിഗ്ധമായ ഹരം ആദ്യംമുതലേ ബൈബിളിനോടായിരുന്നു. ലത്തീൻ ക്ലാസിക്കുകളുടെ കാര്യത്തിൽ നേരത്തെതന്നെ ചെയ്തിരിക്കുന്നതു ലത്തീൻ ബൈബിളിന്റെ കാര്യത്തിലും ചെയ്യണമെന്ന അതിയായ ആഗ്രഹമായി ഏററ്യന്. ജെറോമിന്റെ ലത്തീൻ വൾഗേററ് ബൈബിളിന്റെ അഞ്ചാം നൂററാണ്ടിലെ മൂല പുസ്തകവുമായി കഴിയാവുന്നത്ര അടുപ്പത്തിൽ പുനസ്ഥാപിക്കാനുള്ള പുറപ്പാടായിരുന്നു പിന്നീട്.
ഒരു പരിഷ്കരിച്ച വൾഗേററ്
ബൈബിളിന്റെ മൂല എബ്രായയിൽനിന്നും ഗ്രീക്കിൽനിന്നുമായിരുന്നു ജെറോം പരിഭാഷ നിർവഹിച്ചത്. പക്ഷേ, ഏററ്യന്റെ നാളുകളായപ്പോഴേക്കും വൾഗേററ് ഇറങ്ങിയിട്ട് ആയിരത്തോളം വർഷം കഴിഞ്ഞിരുന്നു. തലമുറകളിലൂടെ വൾഗേററിന്റെ പല പകർപ്പെഴുത്തുകൾ നടന്നതിന്റെ ഫലമായി പല തെററുകളും അബദ്ധങ്ങളും കടന്നുകൂടിയിരുന്നു. മാത്രവുമല്ല, മധ്യയുഗത്തിൽ, മധ്യകാല ഇതിഹാസങ്ങളും പരാവർത്തന ഖണ്ഡികകളും സംശയാസ്പദമാംവിധം കുത്തിത്തിരുകിയ സംഗതികളുമൊക്കെ കൂടിക്കുഴഞ്ഞ് ബൈബിളിന്റെ ദൈവനിശ്വസ്ത വചനങ്ങളോടു ചേർന്നുകിടന്നിരുന്നു. അവയും നിശ്വസ്ത എഴുത്തുകളാണെന്ന മട്ടിൽ കൈക്കൊള്ളാൻ തുടങ്ങുമാറ് അവ ബൈബിളുമായി അത്രയ്ക്കു കൂടിക്കലർന്നിരുന്നു.
മൂലത്തിലില്ലാത്ത സകലതും നീക്കിക്കളയാൻ ഏററ്യൻ വിശിഷ്ട കൃതികളുടെ പഠനത്തിൽ അവലംബിച്ചിരുന്ന മൂലാനുസാരമായ പരിശോധനാവിദ്യ ഉപയോഗിച്ചു. ലഭ്യമായിരുന്ന ഏററവും പഴക്കമുള്ള, മികച്ച കയ്യെഴുത്തുപ്രതികൾ അദ്ദേഹം തിരഞ്ഞുപിടിച്ചു. പാരീസിന് അകത്തും സമീപത്തുമുള്ള ലൈബ്രറികളിലും എയ്വ്രയും സ്വാസോയും പോലുള്ള സ്ഥലങ്ങളിലും അദ്ദേഹം പല പുരാതന കയ്യെഴുത്തുപ്രതികളും കണ്ടെത്തി. അതിലൊന്ന് ആറാം നൂററാണ്ടിലേതായിരുന്നുവെന്നു തോന്നുന്നു. വ്യത്യസ്ത ലത്തീൻ പാഠങ്ങൾ ഖണ്ഡിക ഖണ്ഡികകളായി ശ്രദ്ധാപൂർവം താരതമ്യം ചെയ്ത് ഏററവും പ്രാമാണികമാണെന്നു കണ്ട ഖണ്ഡികകൾ മാത്രം തിരഞ്ഞെടുത്തു. അതിന്റെ ഫലമായിരുന്നു ഏററ്യന്റെ ബൈബിൾ. 1528-ലായിരുന്നു അത് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതു ബൈബിളിന്റെ മൂലാനുസാരമായ കൃത്യത പുറത്തുകൊണ്ടുവരുന്നതിൽ മുന്നോട്ടുള്ള ഒരു സുപ്രധാന കാൽവെപ്പായിരുന്നു. അതേത്തുടർന്ന് ഏററ്യൻ പരിഷ്കൃത പതിപ്പുകളിറക്കി. വൾഗേററിലെ പിശകുകൾ തിരുത്താൻ അദ്ദേഹത്തിനുമുമ്പു മററുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും ഗൗരവമായ പഠനത്തിനുള്ള തെളിവുകൾ മുന്നോട്ടുവെക്കുന്ന ആദ്യത്തെ പതിപ്പ് ഏററ്യന്റേതായിരുന്നു. സംശയാസ്പദമായ ഖണ്ഡികകൾ താൻ വിട്ടുകളഞ്ഞിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ഒന്നിലധികം പരിഭാഷ സാധ്യമെങ്കിൽ, അക്കാര്യം ഏററ്യൻ മാർജിനിൽ സൂചിപ്പിച്ചു. ആ തിരുത്തലുകൾക്കു പ്രാമാണികത നൽകുന്ന ആധാര കയ്യെഴുത്തുപ്രതി ഏതെന്നും അദ്ദേഹം എഴുതിയിരുന്നു.
16-ാം നൂററാണ്ടിൽ വളരെ പുതുമയായിരുന്ന മററ് അനേകം സവിശേഷതകളും ഏററ്യൻ അവതരിപ്പിച്ചു. ഉത്തരകാനോനിക (Apocryphal) ഗ്രന്ഥങ്ങളെ ദൈവവചനത്തിൽനിന്നു വേർതിരിച്ചു. പ്രവൃത്തികളുടെ പുസ്തകം സുവിശേഷങ്ങൾക്കു ശേഷവും പൗലോസിന്റെ ലേഖനങ്ങൾക്കു മുന്നിലും ആയിട്ടു വെച്ചു. പ്രത്യേക ഭാഗങ്ങൾ എവിടെയാണെന്നു കണ്ടുപിടിക്കാൻ വായനക്കാരെ സഹായിക്കുന്ന ഏതാനും മുഖ്യപദങ്ങൾ പേജിന്റെ മുകളിൽ കൊടുത്തു. ഇന്നു സാധാരണമായി അറിയപ്പെടുന്ന വിഷയസൂചകമായ ഉപശീർഷകത്തിന്റെ ഏററവും പുരാതന മാതൃകയായിരുന്നു ഇത്. ജർമനിയിൽ രൂപംകൊണ്ട അച്ചെഴുത്തായ കനംകൂടിയ ഗോഥിക്, അഥവാ ടൈപ്പ് അച്ചാണി ഉപയോഗിക്കാതെ, ഇന്നു സർവസാധാരണമായി ഉപയോഗത്തിലിരിക്കുന്ന കനംകുറഞ്ഞ, എളുപ്പംവായിക്കാവുന്ന, റോമൻ അച്ചെഴുത്ത് ഉപയോഗിച്ച് മുഴുബൈബിളും ആദ്യമായി അച്ചടിച്ചവരിൽ ഒരാൾ ഏററ്യനായിരുന്നു. ചില ഭാഗങ്ങൾ വ്യക്തമാക്കാൻ അനേകം ഒത്തുവാക്യങ്ങളും ഭാഷാശാസ്ത്രപ്രകാരമുള്ള കുറിപ്പുകളും അദ്ദേഹം പ്രദാനം ചെയ്തിരുന്നു.
അനേകം ഉന്നതൻമാരും സഭാധ്യക്ഷൻമാരും ഏററ്യന്റെ ബൈബിളിൽ മതിപ്പുപ്രകടിപ്പിച്ചു. കാരണം വൾഗേററിന്റെ അച്ചടിച്ച വേറെ ഏതൊരു പതിപ്പിനെക്കാളും അതു മികച്ചതായിരുന്നു. ഭംഗിക്കും കരവിരുതിനും ഉപയോഗത്തിനും അദ്ദേഹത്തിന്റെ പതിപ്പ് ഒരു മാനദണ്ഡമായിത്തീർന്നു. അതിനുശേഷം പെട്ടെന്നുതന്നെ അതു യൂറോപ്പിലെങ്ങും അനുകരിക്കപ്പെട്ടു.
കൊട്ടാര അച്ചടിക്കാരൻ
“പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കൻമാരുടെ മുമ്പിൽ നില്ക്കും,” സദൃശവാക്യങ്ങൾ 22:29 പറയുന്നു. ഏററ്യന്റെ പുതുമയാർന്ന കരവിരുതും ഭാഷാവൈഭവവും ഫ്രാൻസിലെ രാജാവായിരുന്ന ഫ്രാൻസിസ് ഒന്നാമന്റെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. ലത്തീൻ, എബ്രായ, ഗ്രീക്ക് എന്നിവയുടെ കാര്യത്തിൽ രാജാവിന്റെ അച്ചടിക്കാരനായി ഏററ്യൻ. അങ്ങനെ, ഫ്രഞ്ച് അച്ചടിവിദ്യയിലൂടെ പുറത്തുവന്നിട്ടുള്ളതിൽ, ഇന്നും വിശിഷ്ട കൃതികളായി ഗണിക്കപ്പെടുന്നവയിൽ ചിലത് ഏററ്യൻ നിർമിച്ചതായിരുന്നു. ഫ്രാൻസിൽ അച്ചടിച്ച, ആദ്യത്തേതും ഏററവും മികച്ചതുമായ സമ്പൂർണ എബ്രായ ബൈബിൾ ഉത്പാദിപ്പിക്കാൻ 1539-ൽ അദ്ദേഹം ശ്രമം തുടങ്ങി. 1540-ൽ അദ്ദേഹം തന്റെ ലത്തീൻ ബൈബിളിൽ ചിത്രീകരണങ്ങൾ ചേർത്തു. എന്നാൽ അവ മധ്യയുഗങ്ങളിൽ സർവസാധാരണമായിരുന്ന, ബൈബിൾ സംഭവങ്ങളുടെ പതിവു സാങ്കല്പിക ചിത്രങ്ങളായിരുന്നില്ല. പകരം, പുരാവസ്തു തെളിവുകളിലോ ബൈബിളിൽത്തന്നെയോ കാണുന്ന അളവുകളും വിവരണങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രബോധനാത്മകമായ ചിത്രരചനകളായിരുന്നു ഏററ്യന്റേത്. ഉടമ്പടിപ്പെട്ടകം, മഹാപുരോഹിതന്റെ വസ്ത്രങ്ങൾ, സമാഗമനകൂടാരം, ശലോമോന്റെ ആലയം എന്നിവപോലുള്ള വിഷയങ്ങൾ വിശദമായി വരച്ചുകാട്ടുന്നവയായിരുന്നു മരത്തിന്റെ അച്ചുപയോഗിച്ച് അച്ചടിച്ച ഈ ചിത്രങ്ങൾ.
രാജാവിന്റെ കയ്യെഴുത്തുശേഖരം അച്ചടിക്കുന്നതിനുവേണ്ടി ഗ്രീക്ക് അച്ചെഴുത്തിന്റെ ഒരു പ്രത്യേക സെററ് ഓർഡർചെയ്തു വരുത്തിയ ഏററ്യൻ അതുപയോഗിച്ച് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പണ്ഡിതോചിത വകഭേദങ്ങൾ നൽകുന്ന ആദ്യത്തെ പതിപ്പു നിർമാണം ആരംഭിച്ചു. ഏററ്യന്റെ ഗ്രീക്കു പാഠത്തിന്റെ ആദ്യത്തെ രണ്ടു പതിപ്പുകൾ ഡെസിഡിറീയസ് എറാസ്മസിന്റെ പരിഭാഷയെക്കാൾ ഏറെയൊന്നും മെച്ചമായിരുന്നില്ല. എങ്കിലും, 1550-ലെ മൂന്നാമത്തെ പതിപ്പിൽ ഏററ്യൻ പൊ.യു. അഞ്ചാം നൂററാണ്ടിലെ ബേസ്സേ കോഡക്സും സെപ്ററുവജിൻറ് ബൈബിൾ ഉൾപ്പെടെ ഏതാണ്ട് 15 കയ്യെഴുത്തുപ്രതികളിൽനിന്നുള്ള താരതമ്യങ്ങളും റഫറൻസുകളും ചേർത്തു. വളരെ വ്യാപകമായ അംഗീകാരം ലഭിച്ച ഏററ്യന്റെ ഈ പതിപ്പ് പിന്നീട് ടെക്സ്ററസ് റെസെപ്ററസ് അഥവാ റിസീവ്ഡ് ടെക്സ്ററ് എന്നു പേരുള്ള പരിഭാഷയുടെ അടിസ്ഥാനമായിത്തീർന്നു. ജെയിംസ് രാജാവിന്റെ പരിഭാഷ ഉൾപ്പെടെ അനേകം പിൽക്കാല പരിഭാഷകൾ ഈ റിസീവ്ഡ് ടെക്സ്ററിനെ ആധാരമാക്കിയുള്ളതാണ്.
നവീകരണത്തിനെതിരെ സോർബോൺ
ലൂഥറിന്റെയും മററു നവീകരണവാദികളുടെയും ആശയങ്ങൾ യൂറോപ്പിലുടനീളം വ്യാപിച്ചതോടെ, കത്തോലിക്കാ സഭയ്ക്കു ജനങ്ങളുടെ ചിന്തയെ നിയന്ത്രിക്കണമെന്നായി. വായനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഇതു ചെയ്യാനായിരുന്നു അവരുടെ ശ്രമം. ഏതെങ്കിലും കത്തോലിക്കാ രാജ്യത്ത് “മതനിന്ദകൾ” അടങ്ങുന്ന പുസ്തകങ്ങൾ അച്ചടിക്കുന്നതോ വിൽക്കുന്നതോ വായിക്കുന്നതോ വിലക്കിക്കൊണ്ട് ലിയോ X-ാമൻ പാപ്പാ 1520 ജൂൺ 15-ന് ഒരു കൽപ്പന പുറപ്പെടുവിച്ചു. മാത്രവുമല്ല, ലൗകിക അധികാരികൾ തങ്ങളുടെ അധികാരമണ്ഡലങ്ങളിൽ ആ കൽപ്പന നിയമം മുഖേന നടപ്പാക്കണമെന്നും അത് ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിൽ ഹെൻട്രി VIII-ാമൻ മേൽപ്പറഞ്ഞ സെൻസർഷിപ്പിന്റെ ചുമതല കത്തോലിക്കാ ബിഷപ്പായ കത്ബർട്ട് ടൻസ്ററാളിനെ ഏൽപ്പിച്ചു. എങ്കിലും, യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും പഠിപ്പിക്കൽ സംഗതികളിൽ അവിതർക്കിത അധികാരമുണ്ടായിരുന്നതു പാപ്പാ കഴിഞ്ഞാൽപ്പിന്നെ പാരീസ് സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞൻമാരുടെ വൈജ്ഞാനിക വിഭാഗമായ സോർബോണിനായിരുന്നു.
കത്തോലിക്കാ പാരമ്പര്യവാദികളുടെ ശബ്ദമായിരുന്നു സോർബോൺ. നൂററാണ്ടുകളോളം കത്തോലിക്കാ വിശ്വാസത്തിന്റെ കോട്ടമതിലായി അതു വീക്ഷിക്കപ്പെട്ടു. സോർബോണിന്റെ സെൻസർമാർ പണ്ഡിതോചിത വകഭേദങ്ങളടങ്ങുന്ന സകല പതിപ്പുകളെയും വൾഗേററിന്റെ തദ്ദേശഭാഷാ പരിഭാഷകളെയും എതിർത്തു. സഭയ്ക്ക് “ഉപയോഗശൂന്യ”മെന്നു “മാത്രമല്ല ഹാനികര”വുമായാണ് അവർ അതിനെയെല്ലാം വീക്ഷിച്ചത്. തിരുവെഴുത്തിന്റെ അധികാരത്തിൽ അധിഷ്ഠിതമല്ലാത്ത സഭാ പഠിപ്പിക്കലുകളെയും ചടങ്ങുകളെയും പാരമ്പര്യങ്ങളെയും നവീകരണവാദികൾ ചോദ്യംചെയ്തിരുന്ന ഒരു സമയമായിരുന്നതുകൊണ്ട് ഇതിൽ അതിശയിക്കാനൊന്നുമില്ലായിരുന്നു. എന്നുവരികിലും, സോർബോണിലെ അനേകം ദൈവശാസ്ത്രജ്ഞൻമാർക്കും ബൈബിളിന്റെതന്നെ കൃത്യപരിഭാഷയെക്കാൾ പ്രധാനം സഭയുടെ വന്ദ്യമായ പഠിപ്പിക്കലുകളായിരുന്നു. ഒരു ദൈവശാസ്ത്രജ്ഞൻ പറഞ്ഞു: “ഒരിക്കൽ ഒരു പഠിപ്പിക്കൽ ഏർപ്പെടുത്തിക്കഴിഞ്ഞാൽപ്പിന്നെ മതിൽപ്പണിക്കുശേഷം പൊളിച്ചുമാററുന്ന താത്ക്കാലിക മരത്തട്ട് പോലെയാണു തിരുവെഴുത്തുകൾ.” എബ്രായ, ഗ്രീക്ക് എന്നിവയിൽ പിടിപാടുള്ളവരായിരുന്നില്ല വൈജ്ഞാനിക വിഭാഗത്തിലെ മിക്കവരും. എന്നിട്ടും, ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ മൂല അർഥത്തിലേക്ക് ഊളിയിട്ട് ഇറങ്ങുകയായിരുന്ന ഏററ്യന്റെയും നവീകരണവാദികളായ മററു പണ്ഡിതൻമാരുടെയും പഠനങ്ങളെ അവർ തുച്ഛീകരിച്ചു. “ഗ്രീക്ക്, എബ്രായ എന്നിവയെക്കുറിച്ചുള്ള പരിജ്ഞാനം പ്രചരിപ്പിച്ചാൽ സകല മതങ്ങളുടെയും നാശമാവും ഫലം” എന്നു പോലും ഒരു സോർബോൺ പ്രൊഫസ്സർ പറഞ്ഞുകളഞ്ഞു.
സോർബോൺ ആക്രമണങ്ങൾ
വൈജ്ഞാനിക വിഭാഗത്തിലെ സെൻസർമാർ ഏററ്യന്റെ ആദ്യപരിഭാഷകൾ പാസ്സാക്കിവിട്ടുവെങ്കിലും, അതു വിവാദരഹിതമായിട്ടല്ലായിരുന്നു. മുമ്പ് 13-ാം നൂററാണ്ടിൽ, യൂണിവേഴ്സിററിയുടെ ഔദ്യോഗിക ബൈബിളായി വൾഗേററ് പ്രതിഷ്ഠിക്കപ്പെട്ടു. ഒരു അപ്രമാദിത്വ ഗ്രന്ഥമായാണ് അനേകരും അതിനെ വീക്ഷിച്ചത്. വൾഗേററിന്റെ വേലയിൽ ഏർപ്പെട്ടിരുന്ന, ആദരണീയ പണ്ഡിതനായ എറാസ്മസിനെ വൈജ്ഞാനിക വിഭാഗം കുററംവിധിക്കുകപോലും ചെയ്തു. പുരോഹിതനല്ലാത്ത, പ്രദേശത്തെ ഒരു സാധാരണ അച്ചടിക്കാരൻ ഔദ്യോഗിക പാഠം തിരുത്താനുള്ള സാഹസം കാട്ടുന്നു എന്നതുതന്നെ ചിലർക്കു ഭയാനകമായിരുന്നു.
ഒരുപക്ഷേ, എന്തിനെക്കാളും ഉപരിയായി, ഏററ്യന്റെ മാർജിൻ കുറിപ്പുകളാവാം ദൈവശാസ്ത്രജ്ഞൻമാർക്കു തലവേദനയായത്. വൾഗേററ് പാഠത്തിന്റെ സാധുതയിൻമേൽ സംശയത്തിന്റെ നിഴൽപരത്തുന്നതായിരുന്നു ആ കുറിപ്പുകൾ. ഏററ്യനു ചില ഖണ്ഡികകൾ വ്യക്തമാക്കണമെന്നേയുണ്ടായിരുന്നുള്ളൂ. എന്നാൽ ഫലമോ, ദൈവശാസ്ത്ര മേഖലയിലേക്ക് അതിക്രമിച്ചു കയറിയവൻ എന്ന കുററം അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ടു. തന്റെ കുറിപ്പുകൾ കേവലം ഹ്രസ്വമായ സംഗ്രഹങ്ങളാണ്, അഥവാ സ്വഭാവംകൊണ്ടു ഭാഷാശാസ്ത്രപരമാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം ആരോപണം നിഷേധിച്ചു. ഉദാഹരണത്തിന്, ഉല്പത്തി 37:35-നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പ് “നരകം” എന്ന പദത്തിന് [ലത്തീനിൽ ഇൻഫെർനം] അവിടെ ദുഷ്ടൻമാർ ശിക്ഷിക്കപ്പെടുന്ന ഒരു സ്ഥലമായി മനസ്സിലാക്കാനാവില്ലെന്നു വിശദീകരിച്ചു. അദ്ദേഹം ആത്മാവിന്റെ അമർത്ത്യതയെയും മധ്യസ്ഥംവഹിക്കാനുള്ള “വിശുദ്ധൻമാരു”ടെ കഴിവിനെയും നിഷേധിച്ചുവെന്ന് വൈജ്ഞാനിക വിഭാഗം കുററമാരോപിച്ചു.
എന്നുവരികിലും, ഏററ്യനു രാജാവിന്റെ പ്രീതിയും സംരക്ഷണവും ലഭിച്ചു. ഫ്രാൻസിസ് ഒന്നാമൻ നവോത്ഥാന പഠനങ്ങളിൽ, വിശേഷിച്ചും തന്റെ കൊട്ടാര അച്ചടിക്കാരന്റെ വേലയിൽ, വലിയ താത്പര്യം പ്രകടമാക്കി. ഏററ്യനെ സന്ദർശിക്കുകപോലും ചെയ്തിരുന്ന രാജാവ് ഒരിക്കൽ അദ്ദേഹം ഒരു പാഠത്തിന്റെ ഏതാനും അവസാന നിമിഷ മിനുക്കുപണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിനുവേണ്ടി ക്ഷമാപൂർവം കാത്തിരുന്നുവെന്നു റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ രാജാവിന്റെ പിൻബലത്തോടെ ഏററ്യൻ സോർബോണിനെതിരെ പിടിച്ചുനിന്നു.
ദൈവശാസ്ത്രജ്ഞൻമാർ അദ്ദേഹത്തിന്റെ ബൈബിളുകൾ നിരോധിക്കുന്നു
എന്നിരുന്നാലും, 1545-ൽ സോർബോൺ വൈജ്ഞാനിക വിഭാഗത്തിന്റെ മുഴുക്രോധവും ഏററ്യന്റെ നേർക്കു തിരിയാനുള്ള സംഭവങ്ങളുണ്ടായി. നവീകരണവാദികൾക്കെതിരെ ഒരു ഐക്യനിരയുണ്ടാക്കുന്നതു പ്രയോജനമാവുമെന്നു തോന്നി കൊളോൺ (ജർമനി), ലൂവൻ (ബെൽജിയം), പാരീസ് എന്നിവിടങ്ങളിലെ കത്തോലിക്കാ യൂണിവേഴ്സിററികൾ പാരമ്പര്യവിരുദ്ധ പഠിപ്പിക്കലുകൾ സെൻസർ ചെയ്യുന്നതിൽ സഹകരിക്കാമെന്നു നേരത്തെതന്നെ സമ്മതിച്ചിട്ടുണ്ടായിരുന്നു. ലൂവൻ യൂണിവേഴ്സിററിയിലെ ദൈവശാസ്ത്രജ്ഞൻമാർ ഏററ്യന്റെ ബൈബിൾ പാരീസിന്റെ നിരോധിത പുസ്തക പട്ടികയിൽ വന്നിട്ടില്ല എന്നതിൽ വിസ്മയം പ്രകടിപ്പിച്ചുകൊണ്ട് സോർബോണിന് എഴുതിയപ്പോൾ, അവ തങ്ങളുടെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും നിരോധിക്കുമായിരുന്നുവെന്നു സോർബോൺ കളവായി മറുപടി കൊടുത്തു. അതോടെ വൈജ്ഞാനിക വിഭാഗത്തിലുണ്ടായിരുന്ന ഏററ്യന്റെ ശത്രുക്കൾക്ക് ലൂവനിലെയും പാരീസിലെയും വൈജ്ഞാനിക വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫ്രാൻസിസ് ഒന്നാമനെ അദ്ദേഹത്തിന്റെ അച്ചടിക്കാരന്റെ തെററുകളെക്കുറിച്ചു ബോധ്യപ്പെടുത്താനാവുമെന്ന് ഉറപ്പായി.
അതിനിടെ, ശത്രുക്കളുടെ നീക്കങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ച ഏററ്യൻ രാജാവിനെ ആദ്യം പോയിക്കണ്ടു. ദൈവശാസ്ത്രജ്ഞൻമാർ കണ്ടെത്തിയ തെററുകളുടെ ഒരു പട്ടിക അവർ തയ്യാറാക്കിത്തരുമെങ്കിൽ, അവരുടെ തിരുത്തലുകൾ സഹിതം അവ അച്ചടിക്കാനും വിൽക്കപ്പെടുന്ന ഓരോ ബൈബിളിനോടുമൊപ്പം അത് ഉൾപ്പെടുത്താനും താൻ തയ്യാറാണെന്നൊരു നിർദേശം ഏററ്യൻ മുന്നോട്ടുവെച്ചു. രാജാവിന് ഈ പരിഹാരം ബോധിച്ചു. പ്രസ്തുത നിർദേശം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം രാജാവു തന്റെ കൊട്ടാര വേദപാഠകനായ പീയർ ഡൂ ഷാസ്ററലിനെ ഏൽപ്പിച്ചു. “നമ്മുടെ വിശ്വാസം നിഷേധിക്കുകയും ഇപ്പോഴത്തെ . . . മതനിന്ദകളെ പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കുള്ള പോഷണ”മാണ് ഏററ്യന്റെ ബൈബിൾ എന്നും അതു തെററുകൾ നിറഞ്ഞതായതിനാൽ അതിനെ “പൂർണമായി നിർത്തേണ്ടതും തീർത്തും നശിപ്പിക്കേണ്ടതുമാണെ”ന്നും 1546 ഒക്ടോബറിൽ വൈജ്ഞാനിക വിഭാഗം ഡൂ ഷാസ്ററലിന് എഴുതി. രാജാവിന് അതു വിശ്വാസമായില്ല. ഏററ്യന്റെ ബൈബിളിനോടൊപ്പം അച്ചടിക്കാൻ കഴിയേണ്ടതിനു ദോഷാരോപണങ്ങൾ ഹാജരാക്കാൻ വൈജ്ഞാനിക വിഭാഗത്തോട് അദ്ദേഹം വ്യക്തിപരമായി കൽപ്പിച്ചു. അവർ ഇതു ചെയ്യാമെന്ന് ഏററുവെങ്കിലും, വാസ്തവത്തിൽ അവർ ചെയ്തത് തെറെറന്നു വിചാരിക്കുന്ന സംഗതികളുടെ ഒരു വിശദമായ പട്ടികയുണ്ടാക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതൊക്കെയാണ്.
1547 മാർച്ചിൽ ഫ്രാൻസിസ് ഒന്നാമൻ മരിച്ചു. അതോടെ നഷ്ടമായതോ സോർബോണിന്റെ കരുത്തിനെതിരെ ഏററ്യനുണ്ടായിരുന്ന ഏററവും ശക്തനായ മിത്രവും. ഹെൻട്രി രണ്ടാമൻ സിംഹാസനസ്ഥനായപ്പോൾ, വൈജ്ഞാനിക വിഭാഗം ദോഷാരോപണങ്ങൾ ഹാജരാക്കണം എന്ന തന്റെ പിതാവിന്റെ കൽപ്പന അദ്ദേഹം പുതുക്കി. എന്നുവരികിലും, ജർമൻ പ്രഭുക്കൻമാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി നവീകരണത്തെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നു നിരീക്ഷിച്ച ഹെൻട്രിക്കു കൊട്ടാര അച്ചടിക്കാരന്റെ ബൈബിളിനുണ്ടെന്നു തോന്നിയ നേട്ടങ്ങളിലോ കോട്ടങ്ങളിലോ ഒന്നും അത്ര വലിയ താത്പര്യമില്ലായിരുന്നു. പുതിയ രാജാവിനു കീഴിൽ ഫ്രാൻസിനെ കത്തോലിക്കവും ഏകീകൃതവുമായി നിലനിർത്തുക എന്നതിലായിരുന്നു അദ്ദേഹത്തിനു താത്പര്യം. ദൈവശാസ്ത്രജ്ഞൻമാർ തങ്ങളുടേതായ ദോഷാരോപണങ്ങളുടെ പട്ടിക ഹാജരാക്കുന്നതുവരെ ഏററ്യന്റെ ബൈബിളുകളുടെ വിൽപ്പന നിരോധിക്കണമെന്ന് 1547 ഡിസംബർ 10-ന് രാജാവിന്റെ ഉപദേശകസമിതി തീരുമാനിച്ചു.
മതനിന്ദകനായി കുററംവിധിക്കപ്പെടുന്നു
ഏററ്യന്റെ കേസ് പ്രത്യേക കോടതിയിലേക്കു മാററാൻ ഉപാധികൾ തേടുകയായിരുന്നു വൈജ്ഞാനിക വിഭാഗം അപ്പോൾ. മതനിന്ദകളുടെ കേസുകൾ വിചാരണ ചെയ്യാൻ പുതുതായി സ്ഥാപിച്ചവയായിരുന്നു അത്തരം കോടതികൾ. ആരും പറയാതെതന്നെ തന്റെ അപകടാവസ്ഥയെക്കുറിച്ച് ഏററ്യനു നല്ല ബോധ്യമുണ്ടായിരുന്നു. നിലവിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽത്തന്നെ കോടതിക്കു ഷാൻബ്ര അർഡാൻറ്, അഥവാ “കത്തുന്ന മുറി” എന്ന പേരു വീണു. ഏതാണ്ട് 60 പേരെ തൂക്കിലേററി. അതിൽ ഏററ്യന്റെ വീട്ടിൽനിന്നു വിളിപ്പാട് അകലെ പ്ലാസ് മൂബറിൽവെച്ച് ജീവനോടെ ചുട്ടുകൊന്ന ഏതാനും അച്ചടിക്കാരും പുസ്തകവിൽപ്പനക്കാരും ഉൾപ്പെടുന്നു. അദ്ദേഹത്തിനെതിരെ തെളിവിന്റെ എന്തെങ്കിലും ഒരു കണിക കിട്ടാൻവേണ്ടി ഏററ്യന്റെ വീട് ആവർത്തിച്ചു പരിശോധിച്ചു. 80-ലധികം സാക്ഷികളെ ചോദ്യം ചെയ്തു. ഏററ്യനെ മതനിന്ദയ്ക്കു കുററംവിധിക്കാനാവശ്യമായ വിവരം നൽകുന്നവർക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ നാലിലൊന്നു ലഭിക്കുമെന്ന വാഗ്ദാനം കൊടുത്തു. എന്നിട്ടും, അവരുടെ ഒരേ ഒരു തെളിവ് ഏററ്യൻ തന്റെ ബൈബിളിൽ പരസ്യമായി അച്ചടിച്ചതു മാത്രമായിരുന്നു.
വൈജ്ഞാനിക വിഭാഗത്തിന്റെ ദോഷാരോപണങ്ങൾ തന്റെ ഉപദേശകസമിതിക്കു കൈമാറണമെന്നു രാജാവു വീണ്ടും കൽപ്പിച്ചു. പക്ഷേ, അതിലൊന്നും അവർ കുലുങ്ങിയില്ല. ‘മതനിന്ദയായി തങ്ങൾ കുററംവിധിക്കുന്നതിനുള്ള കാരണങ്ങൾ എഴുതിക്കൊടുക്കുന്ന പതിവൊന്നും ദൈവശാസ്ത്രജ്ഞൻമാർക്കില്ല, അവർ വാക്കാലേ മറുപടി പറയൂ. അതു നിങ്ങൾ വിശ്വസിക്കണം, അല്ലായെങ്കിൽ എഴുത്തിനൊന്നും യാതൊരു അറുതിയും ഉണ്ടാകാൻ പോകുന്നില്ല’ എന്നായിരുന്നു വൈജ്ഞാനിക വിഭാഗത്തിന്റെ ഉത്തരം. ഹെൻട്രി പിന്നെ തിരിച്ചൊന്നും പറഞ്ഞില്ല. അവസാന നിരോധനം ഏർപ്പെടുത്തി. ഏററ്യൻ നിർമിച്ച ഏതാണ്ട് സകല ബൈബിൾ പുസ്തകങ്ങളും നിരോധിക്കപ്പെട്ടു. പ്ലാസ് മൂബറിലെ തീയിൽനിന്നു രക്ഷപെട്ടുവെങ്കിലും, തന്റെ ബൈബിളുകളുടെമേലുള്ള സമ്പൂർണ നിരോധനവും കൂടുതലായ ഉപദ്രവസാധ്യതയും കണക്കിലെടുത്ത് അദ്ദേഹം ഫ്രാൻസ് വിട്ടുപോകാൻ തീരുമാനിച്ചു.
നാടുവിട്ട അച്ചടിക്കാരൻ
1550 നവംബറിൽ ഏററ്യൻ സ്വിററ്സർലൻഡിലെ ജനീവയിലേക്കു കടന്നു. ഫ്രാൻസിൽ വൾഗേററ് അല്ലാതെ മറേറതെങ്കിലും ബൈബിൾ പ്രസിദ്ധീകരിക്കുന്നതു വൈജ്ഞാനിക വിഭാഗം നിയമവിരുദ്ധമാക്കിയിരുന്നു. ഇപ്പോൾ തനിക്കിഷ്ടമുള്ളതു പ്രസിദ്ധീകരിക്കാൻ സ്വാതന്ത്ര്യം ലഭിച്ചതോടെ 1551-ൽ ഏററ്യൻ തന്റെ ഗ്രീക്കു “പുതിയ നിയമം” വീണ്ടും അച്ചടിച്ചു. അതിൽ സമാന്തര കോളങ്ങളിൽ മററു രണ്ടു ലത്തീൻ ഭാഷാന്തരങ്ങളുമുണ്ടായിരുന്നു (വൾഗേററു എറാസ്മസിന്റേതും). അതിനുശേഷം, സമാന്തരകോളത്തിൽ എറാസ്മസിന്റെ ലത്തീൻ പാഠം സഹിതം 1552-ൽ അദ്ദേഹം ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു ഫ്രഞ്ചു പരിഭാഷ പുറത്തിറക്കി. ഈ രണ്ടു പതിപ്പുകളിലാണ് ഏററ്യൻ വാക്യങ്ങളെ സംഖ്യകൊണ്ടു തിരിക്കുന്ന സംവിധാനം ഏർപ്പെടുത്തിയത്. അതേ സംവിധാനംതന്നെയാണ് ഇന്നും സാർവത്രികമായി ഉപയോഗിക്കുന്നത്. വാക്യവിഭജനത്തിനു പലരും മുമ്പു ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രചാരം ലഭിച്ചത് ഏററ്യന്റെ സമ്പ്രദായത്തിനായിരുന്നു. 1553-ൽ അദ്ദേഹം പുറത്തിറക്കിയ ഫ്രഞ്ച് ബൈബിളായിരുന്നു വാക്യവിഭജനമുള്ള ആദ്യത്തെ സമ്പൂർണ ബൈബിൾ.
1557-ൽ ഏററ്യൻ പുറത്തിറക്കിയ ഇരട്ട വേർഷൻ ലത്തീൻ ബൈബിളും ശ്രദ്ധേയമായിരുന്നു, കാരണം അതിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം, അതായത് യഹോവ എന്ന നാമം, എബ്രായ തിരുവെഴുത്തുകളിൽ ഉടനീളം ഉപയോഗിച്ചിരുന്നു. എബ്രായ ചതുരക്ഷരിക്കു (יהוה) പകരമായി അഡോണായി എന്ന് ഉപയോഗിക്കുന്നത് യഹൂദ അന്ധവിശ്വാസത്തിലധിഷ്ഠിതമായി മാത്രമാണ്, അതിനാൽ അതു തള്ളിക്കളയണമെന്ന് അദ്ദേഹം രണ്ടാം സങ്കീർത്തനത്തിന്റെ മാർജിനിൽ രേഖപ്പെടുത്തി. ഈ പതിപ്പിൽ, എബ്രായ പാഠത്തിന്റെ അർഥം ധ്വനിപ്പിക്കാൻ കൂടുതലായി ചേർത്ത ലത്തീൻ പദങ്ങളെ ഏററ്യൻ ചെരിച്ചെഴുത്തിലാക്കി. ഈ സാങ്കേതികരീതി പിന്നീട് മററു ബൈബിളുകളിലും ഏർപ്പെടുത്തപ്പെട്ടു. ഊന്നലിനുവേണ്ടി ചെരിച്ചെഴുത്ത് ഉപയോഗിക്കുന്ന ആധുനികരീതി പരിചയിച്ചിട്ടുള്ള ഇന്നത്തെ വായനക്കാരെ പലപ്പോഴും കുഴക്കിയിട്ടുള്ളതാണ് ഈ പൈതൃകം.
അദ്ദേഹത്തിന്റെ പഠനഫലങ്ങൾ മററുള്ളവർക്കു ലഭ്യമാക്കാൻ തീരുമാനിച്ചുറച്ച ഏററ്യൻ വിശുദ്ധ തിരുവെഴുത്തുകളുടെ പ്രസിദ്ധീകരണത്തിനുവേണ്ടി തന്റെ ജീവിതംതന്നെ സമർപ്പിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളോടും മൂലത്തിൽ എഴുതിയിരുന്നതുപോലെയുള്ള ബൈബിൾ വചനങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രദ്ധാപൂർവം കഠിനശ്രമം ചെയ്ത മററുള്ളവരുടെ അധ്വാനത്തോടും ഇന്നു ദൈവവചനത്തെ മൂല്യവത്തായി കരുതുന്നവർക്കു കൃതജ്ഞത തോന്നിയേക്കാം. അവർ തുടങ്ങിവെച്ച ആ പ്രക്രിയ ഇന്നും തുടരുകയാണ്. കാരണം നമുക്കു പുരാതന ഭാഷകളെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കുകയും നാം ദൈവവചനത്തിന്റെ കൂടുതൽ പഴക്കവും കൃത്യവുമായ കയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയും ചെയ്യുന്നു. തന്റെ മരണത്തിനു (1559) കുറച്ചു മുമ്പ് ഏററ്യൻ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു പുതിയ പരിഭാഷയുടെ പണിയിലായിരുന്നു. “ആരാ അതു വാങ്ങുക? ആരാ അതു വായിക്കുക?” എന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോൾ, അദ്ദേഹം ഉറപ്പോടെ ഇങ്ങനെ ഉത്തരംപറഞ്ഞു: ‘ദൈവഭക്തിയും അറിവുമുള്ള സകല മനുഷ്യരും.’
[അടിക്കുറിപ്പുകൾ]
a സ്തെഫാനസ് എന്ന ലത്തീൻ പേരിലും സ്ററീവൻസ് എന്ന ഇംഗ്ലീഷ് പേരിലുംകൂടി അദ്ദേഹം അറിയപ്പെടുന്നുണ്ട്.
[10-ാം പേജിലെ ചിത്രം]
റോബർട്ട് ഏററ്യന്റെ ശ്രമങ്ങൾ തലമുറകളോളം ബൈബിൾ വിദ്യാർഥികളെ സഹായിച്ചിരിക്കുന്നു
[കടപ്പാട]
Bibliothèque Nationale, Paris
[12-ാം പേജിലെ ചിത്രം]
ഏററ്യന്റെ പ്രബോധനാത്മകമായ ചിത്രീകരണങ്ങൾ തലമുറകളോളം അനുകരിക്കപ്പെട്ടിരുന്നു
[കടപ്പാട]
Bibliothèque Nationale, Paris