നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ വായിച്ചാസ്വദിച്ചോ? അങ്ങനെയെങ്കിൽ, പിൻവരുന്ന കാര്യങ്ങൾ അനുസ്മരിക്കുന്നതു രസകരമെന്നു നിങ്ങൾ കണ്ടെത്തും:
▫ മതപരമായ സത്യം പ്രാപ്യമോ? “സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും” എന്ന് യേശുക്രിസ്തു പറഞ്ഞു. (യോഹന്നാൻ 8:32) യേശു സത്യം പ്രാപ്യമെന്നു ചൂണ്ടിക്കാട്ടുക മാത്രമല്ല നമ്മുടെ ആരാധന ദൈവത്താൽ അംഗീകരിക്കപ്പെടേണ്ടതിന് അതു കണ്ടെത്തേണ്ടത് ആവശ്യമാണെന്നു കാണിക്കുകയും ചെയ്തു. “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കു”മെന്ന് അവൻ ഒരു ശമര്യക്കാരി സ്ത്രീയോടു പറഞ്ഞു. (യോഹന്നാൻ 4:23)—4/15, പേജ് 5.
▫ റോബർട്ട് ഏററ്യൻ ആരായിരുന്നു, അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് എങ്ങനെ? 16-ാം നൂററാണ്ടിൽ ജീവിച്ചിരുന്ന ഒരു അച്ചടിക്കാരനായിരുന്നു റോബർട്ട് ഏററ്യൻ. അദ്ദേഹം വിശുദ്ധ തിരുവെഴുത്തുകളുടെ പ്രസിദ്ധീകരണത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയും മൂലഭാഷയിൽ എഴുതിയിരുന്നതുപോലെയുള്ള ബൈബിൾ വചനങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രദ്ധാപൂർവം കഠിനശ്രമം ചെലുത്തുകയും ചെയ്തു. ബൈബിളിലെ വാക്യങ്ങളെ നമ്പരിട്ടു തിരിക്കുന്ന അദ്ദേഹത്തിന്റെ സംവിധാനമാണ് ഇന്നു സാർവത്രികമായി ഉപയോഗിക്കുന്നത്.—4/15, പേജുകൾ 10, 14.
▫ ദൈനംദിന ബൈബിൾ വായനയിൽനിന്നു നമ്മൾ പ്രയോജനമനുഭവിക്കുന്നത് എങ്ങനെ? തിരുവെഴുത്തുകൾ നമുക്കു നിരന്തരം കൂടുതലായ അർഥം പകർന്നുതരുന്നു. നമ്മൾ കാണുകയും കേൾക്കുകയും വ്യക്തിപരമായി അനുഭവിക്കുകയും ചെയ്ത കാര്യങ്ങളുടെ വീക്ഷണത്തിൽ അന്ത്യനാളുകൾ സംബന്ധിച്ച പ്രവചനങ്ങളിൽ നമുക്കു കൂടുതൽ മതിപ്പുളവാകും. ജീവിതത്തിൽ നമ്മുടെ അനുഭവങ്ങൾ വർധിക്കുകയും പ്രശ്നങ്ങളെ നേരിടുകയും ചെയ്യുമ്പോൾ ബൈബിൾ ബുദ്ധ്യുപദേശം നമ്മൾ കൂടുതലായി വിലമതിക്കുന്നു. (സദൃശവാക്യങ്ങൾ 4:18)—5/1, പേജ് 15.
▫ ബൈബിൾ വാക്യങ്ങൾ എങ്ങനെ ഓർമിക്കാൻ കഴിയും? നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ, പ്രത്യേകം ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുത്ത വാക്യങ്ങൾ അടയാളപ്പെടുത്തുക, അല്ലെങ്കിൽ കാർഡുകളിൽ അവ പകർത്തിയെഴുതി നിങ്ങൾക്കു ദിനമ്പ്രതി കാണാവുന്നിടത്തു വയ്ക്കുക. ആ വാക്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നതോടൊപ്പം അവയെപ്പറ്റി ധ്യാനിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുക. ഒരേ സമയം അനേക വാക്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കരുത്. ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രം മതിയാവും.—5/1, പേജുകൾ 16, 17.
▫ ലൂക്കോസിന്റെ സുവിശേഷത്തിൽ മറ്റു സുവിശേഷ എഴുത്തുകാർ പ്രദാനംചെയ്തിരിക്കുന്നതിലും അധികമായ എന്തു വിവരമാണ് ഉൾപ്പെട്ടിരിക്കുന്നത്? പല സംഗതികളിലും ലൂക്കോസിന്റെ വിവരണത്തിനു മത്തായിയുടെ വിവരണവുമായി വളരെ സാമ്യമുണ്ടെങ്കിലും 59 ശതമാനം വ്യത്യസ്തമാണ്. ലൂക്കോസ് മറ്റു സുവിശേഷ എഴുത്തുകാർ രേഖപ്പെടുത്തിയിട്ടില്ലാത്ത ആറ് അത്ഭുതങ്ങളും അതിന്റെ ഇരട്ടി ദൃഷ്ടാന്തങ്ങളും രേഖപ്പെടുത്തിയിരിക്കുന്നതിനാൽ അവന്റെ പുസ്തകം അനുപമമാണ്.—5/15, പേജ് 12.
▫ സത്യത്തിന്റെ എന്ത് ഉജ്ജ്വലമായ ഒളിമിന്നലുകളാണ് 1935-ൽ വെളിപ്പെട്ടത്? വെളിപ്പാടു 7:9, 14-ൽ സൂചിപ്പിച്ചിരിക്കുന്ന മഹാപുരുഷാരം ഒരു രണ്ടാംതരം സ്വർഗീയവർഗത്തെയല്ല, മറിച്ച് ഭൗമിക പ്രത്യാശയുള്ളവരെയാണു പരാമർശിക്കുന്നത് എന്ന് ആ വർഷം യഹോവയുടെ ജനം തിരിച്ചറിയാൻ ഇടയായി. (യോഹന്നാൻ 10:16)—5/15, പേജ് 20.
▫ പ്രായോഗികമായ ഏതു വിധങ്ങളിൽ നമുക്കു മരണദുഃഖം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയും? ശ്രദ്ധിക്കുക. സമാശ്വസിപ്പിക്കുക. ലഭ്യമായിരിക്കുക. ഉചിതമായിരിക്കുമ്പോൾ മുൻകൈ എടുക്കുക. ആശ്വാസം പകർന്നുകൊണ്ട് ഒരു എഴുത്തോ ഒരു കാർഡോ അയയ്ക്കുക. അവരോടൊത്തു പ്രാർഥിക്കുക. (യാക്കോബ് 5:16) അവരെ സഹായിക്കുന്നതിൽ തുടരുക.—6/1, പേജുകൾ 13, 14.
▫ മതപരമായി ഭിന്നിച്ച കുടുംബത്തിൽ ജീവിക്കുന്നവരെ സഹിച്ചുനിൽക്കാൻ സഹായിക്കുന്നതിന് ആത്മീയ സഹോദരീസഹോദരൻമാർക്ക് എന്തു ചെയ്യാൻ കഴിയും? ഒരു ക്രമമായ അടിസ്ഥാനത്തിൽ അവരോടു പ്രോത്സാഹജനകമായ, ക്രിയാത്മകമായ, സാന്ത്വനമേകുന്ന വാക്കുകൾ സംസാരിക്കുക. (1 തെസ്സലൊനീക്യർ 5:14) ഇത് അവർക്കു മനസ്സിനും ശരീരത്തിനും ഉന്മേഷമായി വർത്തിക്കും. പ്രായോഗികവും ഉചിതവുമായിരിക്കുമ്പോൾ ദിവ്യാധിപത്യപരവും സാമൂഹികവുമായ നിങ്ങളുടെ പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുക. നിങ്ങളുടെ പ്രാർഥനയിൽ അവരെ ഉൾപ്പെടുത്തുക. (റോമർ 1:9; എഫെസ്യർ 1:16)—6/1, പേജ് 29.
▫ വയൽശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ക്ഷമ പ്രകടമാക്കുന്നതിനാൽ എന്തു ഫലങ്ങൾ ഉളവാകും? അഭിമുഖീകരിക്കുന്ന ഏത് ഉദാസീനതയും എതിർപ്പും സഹിക്കാൻ ക്ഷമ രാജ്യ പ്രസാധകനെ സഹായിക്കുന്നു. കോപിഷ്ഠരായ വീട്ടുകാരുമായി വാഗ്വാദത്തിൽ ഏർപ്പെടുന്നതിനു പകരം ക്ഷമയുള്ള ശുശ്രൂഷകനു ശാന്തമായി ഉത്തരം പറയുന്നതിനോ മിണ്ടാതെ അവിടം വിടുന്നതിനോ കഴിയും. അങ്ങനെ സമാധാനവും സന്തോഷവും നിലനിർത്താം. (മത്തായി 10:12, 13) കൂടാതെ ചെമ്മരിയാടുതുല്യരായ ആളുകൾ രാജ്യസന്ദേശത്തിലേക്ക് ആകർഷിതരാകുകയും ചെയ്യും.—6/15, പേജ് 9.
▫ ബൈബിൾ സത്യം അറിയുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? സത്യം അറിയുന്നതു നമ്മെ വ്യാജങ്ങളിൽനിന്നും മിഥ്യാധാരണകളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും സ്വതന്ത്രരാക്കുന്നു. നാം അതിനു ചേർച്ചയിൽ ജീവിക്കുമ്പോൾ പ്രയാസങ്ങളിൽ സഹിച്ചുനിൽക്കാൻ സത്യം നമ്മെ ശക്തീകരിക്കുകയും പരിശോധനയിൻകീഴിൽ ഉറച്ചുനിൽക്കാൻ നമ്മെ പ്രാപ്തമാക്കുന്ന പ്രത്യാശയാൽ പ്രചോദിപ്പിക്കുകയും ചെയ്യും.—7/1, പേജ് 8.
▫ അഭിഷിക്ത ക്രിസ്തീയ സഭ, സ്വാഭാവിക ഇസ്രായേല്യരിൽനിന്ന് എന്തു പ്രമുഖ ഉത്തരവാദിത്വമാണ് എറ്റെടുത്തത്? യഹോവയുടെ മാഹാത്മ്യം ജാതികളുടെ ഇടയിൽ സാക്ഷീകരിക്കുന്നതിനുള്ള പദവി. (യെശയ്യാവു 43:21; 1 പത്രൊസ് 2:9)—7/1, പേജ് 19.
▫ ഒരു ഭർത്താവ് ഭാര്യക്കു “ബഹുമാനം കൊടു”ക്കണമെന്ന അപ്പോസ്തലനായ പത്രോസിന്റെ വാക്കുകൾ എന്താണ് അർഥമാക്കുന്നത്? (1 പത്രൊസ് 3:7) തന്റെ ഭാര്യയെ ബഹുമാനിക്കുന്ന ഭർത്താവ് അവളെ അവമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുകയില്ല. മറിച്ച്, അയാൾ തന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും—രഹസ്യമായും പരസ്യമായും—അവളെ ആദരിക്കുന്നുവെന്നു പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 31:10-31)—7/15, പേജ് 19.
▫ അനുതപിക്കാത്ത ഒരു ദുഷ്പ്രവൃത്തിക്കാരനെ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കുന്നതു സ്നേഹനിർഭരമാണെന്നു പറയാവുന്നത് എന്തുകൊണ്ട്? പുറത്താക്കൽ യഹോവയോടും അവന്റെ വഴികളോടുമുള്ള ഒരു സ്നേഹപ്രകടനമാണ്. (സങ്കീർത്തനം 97:10) നീതിനിഷ്ഠമായ മാർഗം പിന്തുടരാൻ ആഗ്രഹിക്കുന്നവരോടുള്ള ഒരു സ്നേഹപ്രകടനം കൂടിയാണത്. കാരണം, അവരുടെമേൽ മോശമായ സ്വാധീനം ചെലുത്താൻ ഇടയുള്ളവരെ അവരുടെ ഇടയിൽനിന്നു നീക്കിക്കളയുന്നു. അതു സഭയുടെ ശുദ്ധിയും കാത്തുസൂക്ഷിക്കുന്നു. (1 കൊരിന്ത്യർ 5:1-13)—7/15, പേജ് 25.
▫ മത്തായി 24:45-47-ൽ യേശുക്രിസ്തു പറഞ്ഞ “വിശ്വസ്തനും വിവേകിയുമായ ദാസ”നെ ഇന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും? ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ പ്രദാനംചെയ്യുന്നതിന് അവർ ചെയ്യുന്ന പ്രവൃത്തിയാലും “രാജ്യത്തിന്റെ സുവാർത്ത” പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനാലും ദൈവവചനമായ ബൈബിളിനോടുള്ള അവരുടെ അടുത്ത പറ്റിനിൽപ്പിനാലും അവർ പ്രത്യേകം തിരിച്ചറിയപ്പെടുന്നു. (മത്തായി 24:14; 28:19, 20)—8/1, പേജ് 16.