അവൻ ദിവ്യ മാർഗനിർദേശം കൈക്കൊണ്ടു
പരിപൂർണനായ ഒരു കുട്ടിയെ നിങ്ങളുടെ സംരക്ഷണയിൽ ഏല്പിക്കുകയും ഉചിതമായി പോററിവളർത്താൻ നിങ്ങളിൽനിന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. എന്തോരു പ്രയാസമേറിയ സംരംഭം! ഒരു അപൂർണ മനുഷ്യന് എങ്ങനെ അതിനു കഴിയും? ദിവ്യ മാർഗനിർദേശം കൈക്കൊള്ളുകയും ദൈനംദിന ജീവിതത്തിൽ അതു ബാധകമാക്കുകയും ചെയ്യുന്നതിലൂടെ മാത്രം.
അതുതന്നെയാണു യേശുവിന്റെ വളർത്തുപിതാവായ യോസേഫ് ചെയ്തതും. യോസേഫിനെക്കുറിച്ചുള്ള വിശദമായ ഉത്തര കാനോനിക പാരമ്പര്യങ്ങൾക്കു വിപരീതമായി, യേശുവിന്റെ ഭൗമിക ജീവിതത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പങ്കിനെക്കുറിച്ചു ബൈബിൾ ഒന്നുംതന്നെ പറയുന്നില്ല. യോസേഫും ഭാര്യ മറിയയും യേശുവിനെയും വേറെ നാലു പുത്രൻമാരെയും പുത്രിമാരെയും വളർത്തിക്കൊണ്ടുവന്നെന്നു നമുക്കറിയാം.—മർക്കൊസ് 6:3.
ഇസ്രായേലിന്റെ രാജാവായിരുന്ന ദാവീദിന് ശലോമോന്റെ വംശാവലിയിലൂടെ പിറന്ന ഒരു പിൻഗാമിയായിരുന്നു യോസേഫ്. അവൻ യാക്കോബിന്റെ പുത്രനും ഹേലിയുടെ മരുമകനുമായിരുന്നു. (മത്തായി 1:16; ലൂക്കൊസ് 3:23) ഗലീലയിൽ നസറെത്ത് എന്ന പട്ടണത്തിൽ ഒരു തച്ചനായി വേല ചെയ്തിരുന്ന യോസേഫിനു പരിമിത സാമ്പത്തിക വരുമാനങ്ങളേ ഉണ്ടായിരുന്നുള്ളൂ. (മത്തായി 13:55; ലൂക്കൊസ് 2:4, 24; താരതമ്യം ചെയ്യുക: ലേവ്യപുസ്തകം 12:8.) എങ്കിലും അദ്ദേഹം ആത്മീയമായി സമ്പന്നനായിരുന്നു. (സദൃശവാക്യങ്ങൾ 10:22) അദ്ദേഹം ദിവ്യ മാർഗനിർദേശം കൈക്കൊണ്ടതാണ് ഇതിനു കാരണമെന്നതു തീർച്ചയാണ്.
ദൈവവിശ്വാസവും ശരിയായതു ചെയ്യാനാഗ്രഹവുമുള്ള സൗമ്യതയും താഴ്മയുമുള്ള ഒരു യഹൂദനായിരുന്നു യോസേഫ് എന്നതിൽ സംശയമില്ല. അവന്റെ ജീവിതത്തെക്കുറിച്ചു തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏതാനും സംഭവങ്ങൾ അവൻ എല്ലായ്പോഴും യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നവനായിരുന്നു എന്നു കാണിക്കുന്നു. അവ ന്യായപ്രമാണത്തിൽ ഉൾപ്പെട്ടിരുന്നതാണെങ്കിലും ശരി യോസേഫിനു ദൂതൻമാരിൽനിന്നു നേരിട്ടു ലഭിച്ചതാണെങ്കിലും ശരി, അതിനു മാററമുണ്ടായിരുന്നില്ല.
പ്രശ്നങ്ങളുണ്ടായിരുന്ന ഒരു നീതിമാനായ മനുഷ്യൻ
ഗുരുതരമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ ഒരു ദൈവിക വ്യക്തി എന്താണു ചെയ്യേണ്ടത്? എന്തിന്, അയാൾ ‘തന്റെ ഭാരം യഹോവയുടെമേൽ’ വയ്ക്കുകയും ദിവ്യ മാർഗനിർദേശം പിൻപററുകയും വേണം! (സങ്കീർത്തനം 55:22) അതാണു യോസേഫ് ചെയ്തത്. മറിയയുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കുമ്പോൾ അവൾ, “അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” യോസേഫ് ‘നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.’ യോസേഫ് കാര്യാദികളെക്കുറിച്ചു ചിന്തിച്ചിരിക്കുമ്പോൾ യഹോവയുടെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി, “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം” എന്നു പറഞ്ഞു. യോസേഫ് ഉറക്കമുണർന്നപ്പോൾ, “കർത്താവിന്റെ [“യഹോവയുടെ,” NW] ദൂതൻ കല്പിച്ചതുപോലെ ചെയ്തു. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.” (മത്തായി 1:18-25) യോസേഫ് ദിവ്യ മാർഗനിർദേശം കൈക്കൊണ്ടു.
ജനം തങ്ങളുടെ സ്വന്തം പട്ടണങ്ങളിൽ പേർ ചാർത്തണമെന്ന് ഔഗുസ്തൊസ് കൈസർ കൽപ്പന പുറപ്പെടുവിച്ചു. അതനുസരിച്ചു യോസേഫും മറിയയും യെഹൂദ്യയിലുള്ള ബേത്ലഹേമിലേക്കു പോയി. അവിടെവച്ചു മറിയ യേശുവിനു ജൻമം നൽകി. അവനെ ഒരു പുൽത്തൊട്ടിയിൽ കിടത്തേണ്ടിവന്നു, കാരണം വേറെ താമസസൗകര്യമൊന്നും ലഭ്യമായിരുന്നില്ല. ഈ പ്രത്യേക ജൻമം സംബന്ധിച്ച് അന്നു രാത്രി ദൂതൻമാരുടെ പ്രഖ്യാപനം കേൾക്കാനിടയായ ആട്ടിടയൻമാർ ശിശുവിനെക്കാണാൻ എത്തിച്ചേർന്നു. ഏതാണ്ടു 40 ദിവസം കഴിഞ്ഞു യോസേഫും മറിയയും ന്യായപ്രമാണം അനുശാസിക്കുന്നപ്രകാരം യാഗത്തിനുള്ള വസ്തു സഹിതം യേശുവിനെ യെരുശലേം ദേവാലയത്തിൽ സമർപ്പിച്ചു. യേശു ചെയ്യാൻപോകുന്ന മഹത്തായ കാര്യങ്ങൾ സംബന്ധിച്ചു പ്രായം ചെന്ന ശിമയോന്റെ പ്രാവചനിക വാക്കുകൾ കേട്ടപ്പോൾ അവർ രണ്ടുപേരും അതിശയിച്ചു.—ലൂക്കൊസ് 2:1-33; താരതമ്യം ചെയ്യുക: ലേവ്യപുസ്തകം 12:2-4, 6-8.
യേശുവിനെ സമർപ്പിച്ചുകഴിഞ്ഞ ഉടനെ യോസേഫും മറിയയും നസറെത്തിലേക്കു പോയെന്നു ലൂക്കൊസ് 2:39 സൂചിപ്പിക്കുന്നുവെന്നു തോന്നിയേക്കാമെങ്കിലും ഈ വാക്യം, സംക്ഷേപിച്ച ഒരു വിവരണത്തിന്റെ ഒരു ഭാഗമാണ്. ആലയത്തിൽ സമർപ്പിച്ചശേഷം ഏറെ നാളുകൾ കഴിഞ്ഞാണു കിഴക്കുനിന്നുള്ള ജോത്സ്യൻമാർ (വിദ്വാൻമാർ) യോസേഫിനെയും മറിയയെയും ബേത്ലഹേമിലുള്ള ഒരു വീട്ടിൽ സന്ദർശിച്ചത് എന്നു വെളിപ്പെടുന്നു. ഈ സന്ദർശനം യേശുവിന്റെ മരണത്തിൽ കലാശിക്കുന്നതിൽനിന്നു ദിവ്യ ഇടപെടൽ തടഞ്ഞുനിർത്തി. ജ്യോത്സ്യൻമാർ പോയശേഷം യഹോവയുടെ ദൂതൻ യോസേഫിന് ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോട്, “ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു” എന്നു പറഞ്ഞു. പതിവുപോലെ യോസേഫ് ദിവ്യ മാർഗനിർദേശം കൈക്കൊള്ളുകയും കുടുംബ സമേതം ഈജിപ്തിലേക്കു പോവുകയും ചെയ്തു.—മത്തായി 2:1-14.
ഹെരോദാവിന്റെ മരണശേഷം ദൂതൻ ഈജിപ്തിൽവച്ചു യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, “ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേററു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക” എന്നു പറഞ്ഞു. ഹെരോദാവിന്റെ മകനായ അർക്കെലയൊസ് പിതാവിന്റെ സ്ഥാനത്തു വാഴുന്നുവെന്നു കേട്ടതിനാൽ യഹൂദ്യയിലേക്കു പോകാൻ യോസേഫ് ഭയപ്പെട്ടു. സ്വപ്നത്തിൽ ലഭിച്ച ദിവ്യ മുന്നറിയിപ്പു പിൻപററി അവൻ ഗലീല പ്രദേശങ്ങളിലേക്കു പോയി നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു പാർത്തു.—മത്തായി 2:15-23.
ഒരു ആത്മീയ മനുഷ്യൻ
തന്റെ കുടുംബം ദിവ്യനിയമം അനുസരിക്കുകയും ആത്മീയമായി പോഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നു യോസേഫ് ഉറപ്പുവരുത്തി. ഓരോ വർഷവും പെസഹാ ആഘോഷിക്കാൻ തന്നോടൊപ്പം അവൻ മുഴു കുടുംബത്തെയും യെരുശലേമിലേക്കു കൊണ്ടുപോകുമായിരുന്നു. ഇത്തരമൊരു സന്ദർഭത്തിൽ യോസേഫും മറിയയും നസറെത്തിലേക്കു തിരിച്ചുപോകുകയായിരുന്നു. യെരുശലേമിൽനിന്ന് ഒരു ദിവസത്തെ ദൂരം പിന്നിട്ടശേഷമാണു 12 വയസ്സുള്ള യേശു തങ്ങളോടൊപ്പമില്ലെന്ന് അവർ തിരിച്ചറിയുന്നത്. യെരുശലേമിലേക്കു തിരികെ പോയി അവർ അവനെ ഊടുപാടു തിരഞ്ഞു. ഒടുവിൽ, അവൻ ഉപദേശകൻമാർ പറയുന്നതു ശ്രദ്ധിച്ചും അവരോടു ചോദ്യങ്ങൾ ചോദിച്ചും ദേവാലയത്തിൽ ഇരിക്കുന്നതായി കണ്ടെത്തി.—ലൂക്കൊസ് 2:41-50.
ചില കാര്യങ്ങളിൽ മുൻകൈ എടുക്കുന്നതിനു യോസേഫ് ഭാര്യയെ അനുവദിച്ചതായി തോന്നുന്നു. ദൃഷ്ടാന്തത്തിന്, അവർ യെരുശലേമിൽ തിരിച്ചെത്തി, യേശു ദേവാലയത്തിൽ ഇരിക്കുന്നതു കണ്ടപ്പോൾ മറിയയാണു മകനോടു അതേപ്പററി സംസാരിച്ചത്. (ലൂക്കൊസ് 2:48, 49) “തച്ചന്റെ മകൻ” എന്ന നിലയിൽ വളർന്നുവരവേ യേശുവിന് ആത്മീയ പ്രബോധനവും ലഭിച്ചിരുന്നു. യോസേഫ് അവനെ ആശാരിപ്പണിയും പഠിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അവനെ ‘മറിയയുടെ മകനായ . . . തച്ചൻ’ എന്നു വിളിച്ചിരുന്നത്. (മത്തായി 13:55; മർക്കൊസ് 6:3) ദൈവിക മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ, പ്രത്യേകിച്ചും ആത്മീയ പരിശീലനം നൽകിക്കൊണ്ട്, പ്രബോധിപ്പിക്കുവാൻ അത്തരം അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തണം.—എഫെസ്യർ 6:4; 2 തിമൊഥെയൊസ് 1:5; 3:14-16.
യോസേഫിന്റെ പ്രത്യാശകൾ
യോസേഫിന്റെ മരണം സംബന്ധിച്ചു തിരുവെഴുത്തുകൾ ഒന്നും സൂചിപ്പിക്കുന്നില്ല. എങ്കിലും മർക്കൊസ് 6:3-ൽ യേശുവിനെ യോസേഫിന്റെ മകനെന്നല്ല “മറിയയുടെ മക”നെന്നു വിളിക്കുന്നതു ശ്രദ്ധേയമാണ്. യോസേഫ് അപ്പോൾ മരിച്ചുപോയിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. കൂടാതെ, യോസേഫ് പൊ.യു. (പൊതുയുഗം) 33 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ക്രൂശിലായിരുന്ന യേശു മറിയയെ അപ്പോസ്തലനായ യോഹന്നാന്റെ സംരക്ഷണയിൽ ഏൽപ്പിച്ചുകൊടുക്കാൻ യാതൊരു സാധ്യതയുമില്ല.—യോഹന്നാൻ 19:26, 27.
മനുഷ്യപുത്രന്റെ ശബ്ദം കേട്ട് പുനരുത്ഥാനത്തിലേക്കു വരുന്നവരിൽ യോസേഫും ഉൾപ്പെടും. (യോഹന്നാൻ 5:28, 29) നിത്യജീവനുവേണ്ടിയുള്ള യഹോവയുടെ കരുതലുകളെക്കുറിച്ചു മനസ്സിലാക്കിക്കൊണ്ടു യോസേഫ് നിസ്സംശയമായും ആ കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തും. 1,900 വർഷം മുമ്പു ദിവ്യ മാർഗനിർദേശം സ്വീകരിച്ചതുപോലെ അവൻ വലിയ സ്വർഗീയ രാജാവായ യേശുക്രിസ്തുവിന്റെ അനുസരണമുള്ള പ്രജകളിൽ ഒരുവനായിരിക്കുകയും ചെയ്യും.
[31-ാം പേജിലെ ചിത്രം]
യോസേഫ് യേശുവിന് ആത്മീയ മാർഗനിർദേശം പ്രദാനം ചെയ്യുകയും അവനെ ആശാരിപ്പണി പഠിപ്പിക്കുകയും ചെയ്തു