സാക്ഷാലുള്ള ജീവനെ നിധിപോലെ കാക്കുക
ഈ ജീവിതം മാത്രമാണോ ഉള്ളത്? അതിൽ കൂടുതലുണ്ടെന്നു ബൈബിൾ സൂചിപ്പിക്കുന്നു. കാരണം, ‘സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളാൻ’ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 6:17-19) നമ്മുടെ ഇപ്പോഴത്തെ ജീവൻ സാക്ഷാലുള്ള ജീവനല്ലെന്നുവരികിൽ വേറെ എന്താണ്?
“നിത്യജീവനെ”യാണു ദൈവഭയമുള്ള ആളുകൾ മുറുകെ പിടിക്കേണ്ടതെന്നു മുകളിൽ സൂചിപ്പിച്ച തിരുവെഴുത്തിന്റെ സന്ദർഭം വ്യക്തമാക്കുന്നു. (1 തിമൊഥെയൊസ് 6:12) ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം അത് ഭൂമിയിലെ നിത്യജീവനെയാണ് അർഥമാക്കുന്നത്. ആദ്യ മനുഷ്യനായ ആദാമിന് ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രത്യാശയുണ്ടായിരുന്നു. (ഉല്പത്തി 1:26, 27) “നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ” ഫലം തിന്നാൽ മാത്രമേ അവൻ മരിക്കുകയുള്ളായിരുന്നു. (ഉല്പത്തി 2:17) എന്നാൽ ആദാമും ഭാര്യ ഹവ്വായും അനുസരണക്കേടു കാണിച്ചുകൊണ്ട് ആ വൃക്ഷത്തിൽനിന്നു ഭക്ഷിച്ചതിനാൽ ദൈവം അവർക്കു മരണശിക്ഷ വിധിച്ചു. ‘അതു തിന്ന നാളിൽ’ അവർ ദൈവത്തിന്റെ ദൃഷ്ടിയിൽ മരിക്കുകയും ശാരീരിക മരണത്തിലേക്കു നിലംപതിക്കാൻ തുടങ്ങുകയും ചെയ്തു. അവരുടെ ജീവിതം മേലാൽ അവർ ആരംഭത്തിൽ ആസ്വദിച്ചിരുന്നതിനു തുല്യമായിരുന്നില്ല.
“സാക്ഷാലുള്ള ജീവ”നിലേക്കുള്ള വഴി
‘സാക്ഷാലുള്ള ജീവൻ’ സാധ്യമാക്കുന്നതിനുവേണ്ടി യഹോവയാം ദൈവം മനുഷ്യവർഗത്തെ രക്ഷിക്കാനുള്ള ഒരു ക്രമീകരണം ചെയ്തു. ഈ ക്രമീകരണത്തെക്കുറിച്ചു മനസ്സിലാക്കാൻ ഒരു ചെറിയ ഫാക്റററിയെക്കുറിച്ചു നമുക്കു സങ്കൽപ്പിക്കാം. വർഷങ്ങൾക്കു മുമ്പ് ആദ്യത്തെ ജോലിക്കാരൻ ഓപ്പറേററർക്കുള്ള നിർദേശകഗ്രന്ഥം അവഗണിക്കുകയും യന്ത്രങ്ങൾക്കെല്ലാം കേടുവരുത്തുകയും ചെയ്തതിനാൽ അതിലുള്ള എല്ലാ യന്ത്രങ്ങൾക്കും തകരാറു സംഭവിച്ചു, തൻമൂലം ഓപ്പറേററർമാർക്കു ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഉള്ള യന്ത്രങ്ങൾകൊണ്ടു പരമാവധി പ്രവർത്തിക്കാനേ ഇപ്പോഴത്തെ ഓപ്പറേററർമാർക്കു കഴിയൂ. ഫാക്റററിയുടെ ഉടമ തന്റെ ജോലിക്കാരെ സഹായിക്കാൻവേണ്ടി യന്ത്രങ്ങൾ പുനർനിർമിക്കാൻ ഉദ്ദേശിക്കയും അതിനാവശ്യമായ തുക മാററിവയ്ക്കയും ചെയ്യുന്നു.
ആദ്യത്തെ ‘യന്ത്ര ഓപ്പറേററർ’ ആയിരുന്ന ആദാം തനിക്കു ലഭിച്ച ജീവനെ നിധിപോലെ കാത്തുകൊണ്ടില്ല. തൻമൂലം, പ്രവർത്തന വൈകല്യം സംഭവിച്ച യന്ത്രത്തിനു സമാനമായി അവൻ അപൂർണ ജീവൻ തന്റെ സന്താനങ്ങളിലേക്കു കടത്തിവിട്ടു. (റോമർ 5:12) ഫാക്റററിയിലെ ഈ അവസ്ഥ പരിഹരിക്കാൻ കഴിയാതെപോയ പിന്നീടു വന്ന ഓപ്പറേററർമാരെപ്പോലെ സാക്ഷാലുള്ള ജീവൻ സ്വയം നേടിയെടുക്കാൻ ആദാമിന്റെ സന്താനങ്ങൾക്കു കഴിയാതെ പോയിരിക്കുന്നു. (സങ്കീർത്തനം 49:7) ആശയററതെന്നു തോന്നിക്കുന്ന ഈ സാഹചര്യം നേരെയാക്കാൻ, മനുഷ്യവർഗത്തിനുവേണ്ടി നിത്യജീവൻ തിരികെ വാങ്ങാൻ, യഹോവ തന്റെ ഏകജാത പുത്രനെ ഭൂമിയിലേക്ക് അയച്ചു. (ലൂക്കൊസ് 1:35; 1 പത്രൊസ് 1:18, 19) മനുഷ്യവർഗത്തിനുവേണ്ടി ഒരു ബലിമരണം വരിച്ചുകൊണ്ട് ദൈവത്തിന്റെ ഏകജാത പുത്രനായ യേശുക്രിസ്തു അതിനുള്ള ഫണ്ടു പ്രദാനം ചെയ്തു—ആദാം നഷ്ടപ്പെടുത്തിയതിനു തുല്യ മൂല്യമുള്ള ജീവൻ. (മത്തായി 20:28; 1 പത്രൊസ് 2:22) വിലയേറിയ ഈ ബലിയെ ആസ്പദമാക്കി സാക്ഷാലുള്ള ജീവൻ നൽകാൻ യഹോവക്കു കഴിയും.
അനുസരണയുള്ള മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മറുവിലയാഗം പറുദീസാഭൂമിയിലെ നിത്യജീവനെ അർഥമാക്കും. (സങ്കീർത്തനം 37:29) ഹാർമഗെദോൻ എന്നു പരാമർശിച്ചിരിക്കുന്ന, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തെ അതിജീവിക്കുന്ന സകലർക്കും ഈ പ്രത്യാശ പകർന്നിരിക്കുന്നു. (വെളിപ്പാടു 16:14-16) അതു ഭൂമിയിൽനിന്നു സകല ദുഷ്ടതയും തുടച്ചുമാററും. (സങ്കീർത്തനം 37:9-11) ആ സമയത്തിനുമുമ്പു മരിച്ചുപോകുന്ന, ദൈവത്തിന്റെ സ്മരണയിലുള്ളവർ, ഭൂമിയിൽ പുനഃസ്ഥാപിക്കപ്പെട്ട പറുദീസയിലേക്ക് ഉയിർപ്പിക്കപ്പെടും. ദൈവത്തെ അനുസരിക്കുന്ന സകലർക്കുംവേണ്ടി കരുതിയിരിക്കുന്ന സാക്ഷാലുള്ള ജീവൻ ആസ്വദിക്കാനുള്ള പ്രത്യാശയും അവർക്കുണ്ടായിരിക്കും.—യോഹന്നാൻ 5:28, 29.
നമ്മുടെ ഇപ്പോഴത്തെ ജീവനെ കാത്തുപരിപാലിക്കേണ്ടതിന്റെ ആവശ്യം
നമ്മുടെ ഇപ്പോഴത്തെ ജീവന്റെ പവിത്രത സംബന്ധിച്ച് അവഗണന കാണിക്കാൻ നമുക്ക് അവകാശമുണ്ടെന്ന് ഇതിനർഥമില്ല. യന്ത്രം സംരക്ഷിക്കുകയില്ലാത്ത ഒരു ജോലിക്കാരനുവേണ്ടി ഫാക്റററിയുടെ ഉടമ സമയവും പണവും ചെലവഴിച്ച് ഒരു യന്ത്രം പുനർനിർമിക്കുമോ? മറിച്ച്, പഴയ യന്ത്രം കാത്തുസൂക്ഷിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച ഒരു വ്യക്തിയുടെ പക്കൽ പുനഃനിർമിച്ച യന്ത്രം തൊഴിലുടമ ഏൽപ്പിക്കുകയില്ലേ?
ജീവൻ ദൈവത്തിൽനിന്നുള്ള വിലയേറിയ ദാനമാണ്. ആ ദാനത്തിന്റെ ഉദാരമായ ഉറവിടമെന്ന നിലയിൽ അവൻ നാം അതു കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 36:9; യാക്കോബ് 1:17) ഭൂമിയിലുള്ള ജനത്തിൻമേൽ യഹോവക്കുള്ള താത്പര്യത്തെപ്പററി പരാമർശിച്ചുകൊണ്ടു യേശു പറഞ്ഞു: “നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു.” (ലൂക്കൊസ് 12:7) കൊലപാതകം ചെയ്യരുതെന്നു യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചു. സ്വാഭാവികമായും അതിൽ ആത്മഹത്യയും ഉൾപ്പെട്ടിരുന്നു. (പുറപ്പാടു 20:13) ആത്മഹത്യയെ ഒരു ഐച്ഛിക തീരുമാനമായി വീക്ഷിക്കുന്നത് ഒഴിവാക്കാൻ ഇതു നമ്മെ സഹായിക്കുന്നു.
നമ്മുടെ ക്ഷേമത്തിൽ യഹോവക്കുള്ള സ്നേഹപുരസ്സരമായ താത്പര്യം തിരിച്ചറിഞ്ഞുകൊണ്ട് ദൈവഭയമുള്ള ജനം ഇപ്പോഴത്തെ ആചാരങ്ങളിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നു. ഉദാഹരണത്തിന്, സത്യക്രിസ്ത്യാനികൾ ‘ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊള്ളേണ്ട’ ആവശ്യമുള്ളതിനാൽ അവർ പുകയിലയും ചിത്തഭ്രമം ഉളവാക്കുന്ന മയക്കുമരുന്നുകളും പരിത്യജിക്കുന്നു.—2 കൊരിന്ത്യർ 7:1.
“ശാന്ത ഹൃദയം” നിലനിർത്താനും അധാർമിക നടത്ത ഒഴിവാക്കാനുമുള്ള ദൈവത്തിന്റെ ബുദ്ധ്യുപദേശത്തിൽനിന്നു മനുഷ്യ ജീവനിൽ അവനുള്ള താത്പര്യം വീണ്ടും കാണാവുന്നതാണ്. (സദൃശവാക്യങ്ങൾ 14:30; ഗലാത്യർ 5:19-21) ഈ ഉന്നത നിലവാരങ്ങൾ പിൻപററുന്നതിലൂടെ നാം ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന കോപം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയിൽനിന്നു സംരക്ഷിക്കപ്പെടുകയാണ്.
തന്റെ ജനത്തിന്റെ ജീവനിൽ യഹോവക്കുള്ള താത്പര്യം അമിതതീററി, അമിതമദ്യപാനം എന്നിവയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള അവന്റെ അനുശാസനത്തിൽനിന്നും വ്യക്തമാണ്. (ആവർത്തനപുസ്തകം 21:18-21; സദൃശവാക്യങ്ങൾ 23:20, 21) അത്യാഗ്രഹികളും മദ്യപൻമാരും ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന്, അതായത് അവർ സാക്ഷാലുള്ള ജീവൻ ഒരിക്കലും അനുഭവിക്കുകയില്ലെന്ന്, ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നു. (1 കൊരിന്ത്യർ 6:9, 10; 1 പത്രൊസ് 4:3) മിതത്വം പാലിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വയം പ്രയോജനമനുഭവിക്കാൻ യഹോവ നമ്മെ പഠിപ്പിക്കുന്നു.—യെശയ്യാവു 48:17.
ദൈവത്തിന്റെ പ്രമാണങ്ങൾ പിൻപററി ജീവിക്കുമ്പോൾ നമ്മുടെ ഇപ്പോഴത്തെ ജീവനെ നാം നിധിപോലെ കാക്കുന്നുവെന്നു പ്രകടമാക്കുകയാണ്. തീർച്ചയായും, സാക്ഷാലുള്ള ജീവൻ അതിലും പ്രധാനപ്പെട്ടതാണ്. അത് എന്നേക്കുമുള്ളതാകയാൽ സത്യക്രിസ്ത്യാനികൾ അതിന് ഇപ്പോഴത്തെ ജീവനെക്കാൾ പ്രാധാന്യം കൽപ്പിക്കുന്നു. യേശുക്രിസ്തു തന്റെ ജീവൻ ബലിയർപ്പിച്ചപ്പോൾ അവൻ ദൈവഹിതത്തിനു വഴങ്ങുകയാണു ചെയ്തത്. അവനെ സംബന്ധിച്ചിടത്തോളം തന്റെ പിതാവിനോടുള്ള അനുസരണം ഭൂമിയിലെ ജീവനെക്കാൾ വളരെയധികം പ്രാധാന്യമുള്ളതായിരുന്നു. യേശുവിന്റെ ആ നിലപാടിന്റെ ഫലമായി അവൻ പുനരുത്ഥാനം പ്രാപിക്കുകയും സ്വർഗത്തിൽ അമർത്ത്യ ജീവൻ കരസ്ഥമാക്കുകയും ചെയ്തു. (റോമർ 6:9) യേശുവിന്റെ മരണം അവന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുന്ന അനുസരണയുള്ള മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം നിത്യജീവനെയും അർഥമാക്കുന്നു.—എബ്രായർ 5:8, 9; 12:2.
രക്തം സംബന്ധിച്ചുള്ള ജീവത്പ്രധാനമായ നിയമം
യേശുവിന്റെ അനുഗാമികൾ അവന്റെ ആലോചന പ്രതിഫലിപ്പിക്കുന്നുവെന്നതു വ്യക്തമാണ്. യേശു ചെയ്തപോലെ സകല കാര്യത്തിലും ദൈവത്തെ സന്തോഷിപ്പിക്കാൻ അവർ അവസരം തേടുന്നു. ജീവരക്ഷാകരമെന്നു ചില ഡോക്ടർമാർ വിശേഷിപ്പിക്കുന്ന രക്തപ്പകർച്ചകൾ അവർ നിരസിക്കുന്നതിന്റെ കാരണം ഇതു വിശദീകരിക്കുന്നു. രക്തപ്പകർച്ച നിരസിച്ചുകൊണ്ടു തന്റെ ജീവൻ നിധിപോലെ കാക്കുന്നുവെന്ന് ഒരു വ്യക്തി പ്രകടമാക്കിയതെങ്ങനെയെന്നു നമുക്കു കാണാം.
യേശുക്രിസ്തുവിനെപ്പോലെ സത്യക്രിസ്ത്യാനികൾ ദൈവദൃഷ്ടിയിൽ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നു. അത് അവനെ പൂർണമായി അനുസരിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ദൈവവചനം ക്രിസ്തുവിന്റെ അനുഗാമികളോട് ഇങ്ങനെ കൽപ്പിക്കുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം.” (പ്രവൃത്തികൾ 15:28, 29) ക്രിസ്ത്യാനികൾക്കു നൽകിയ കൽപ്പനകളിൽ രക്തം സംബന്ധിച്ചുള്ള ഈ നിയമം ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണ്?
ഇസ്രായേല്യർക്കു നൽകിയ നിയമം രക്തം വർജിക്കാൻ ആവശ്യപ്പെട്ടു. (ലേവ്യപുസ്തകം 17:13, 14) ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ല. എങ്കിലും രക്തം ഭക്ഷിക്കരുത് എന്ന കൽപ്പന ന്യായപ്രമാണത്തിനു മുമ്പുണ്ടായിരുന്നതാണെന്ന് അവർ തിരിച്ചറിയുന്നു; അത് ജലപ്രളയത്തിനു മുമ്പ് നോഹക്കു നൽകിയിരുന്നു. (ഉല്പത്തി 9:3, 4; കൊലൊസ്സ്യർ 2:13, 14) നോഹയുടെ സന്തതികളായി പിറന്ന ഭൂമിയിലെ സകല ജനതകൾക്കും ഈ കൽപ്പന ബാധകമാണ്. (ഉല്പത്തി 10:32) അതിനുപുറമേ, രക്തത്തിന്റെ പരിശുദ്ധി സംബന്ധിച്ചു ദൈവം നിർബന്ധം പിടിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ മോശൈക ന്യായപ്രമാണം നമ്മെ സഹായിക്കുന്നു. ഏതെങ്കിലും തരത്തിൽപ്പെട്ട രക്തം ഭക്ഷിക്കുന്നതിൽനിന്ന് ഇസ്രായേല്യരെ വിലക്കിയശേഷം ദൈവം ഇങ്ങനെ പറഞ്ഞു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിൻമേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു.” (ലേവ്യപുസ്തകം 17:11) രക്തം യാഗപീഠത്തിൽ യാഗത്തോടു ബന്ധപ്പെട്ട ഉപയോഗത്തിനായി ദൈവം മാററി വെച്ചിരുന്നതാണ്. രക്തത്തിന്റെ പവിത്രത സംബന്ധിച്ച അവന്റെ നിയമം ഭൂമിയിലെ സകല ജീവന്റെമേലും അവനുള്ള അധികാരത്തെ വെളിപ്പെടുത്തുന്നു. (യെഹെസ്കേൽ 18:4; വെളിപ്പാടു 4:11) യഹോവയുടെ വീക്ഷണഗതിയിൽനിന്നു നമ്മുടെ ജീവനെ വീക്ഷിക്കുമ്പോൾ അതു നമ്മുടെ സ്വന്തമല്ല മറിച്ച്, ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നതു മാത്രമാണ് എന്നു നാം തിരിച്ചറിയുന്നു.
നമ്മുടെ ദൃഷ്ടാന്തത്തിൽ കണ്ട ഓപ്പറേററർ ഒരു യന്ത്രത്തിന്റെ കാര്യത്തിൽ ഉത്തരവാദിയായിരുന്നതുപോലെ നമ്മുടെ ഇപ്പോഴത്തെ ജീവൻ നമ്മെ ഭരമേൽപ്പിച്ചിരിക്കയാണ്. നിങ്ങളുടെ യന്ത്രത്തിനു കേടുപോക്കൽ ആവശ്യമായിവരുകയും നിർദേശകഗ്രന്ഥത്തിൽ പ്രത്യേകം നിരോധിച്ചിരിക്കുന്ന ഭാഗങ്ങൾ കൂട്ടിച്ചേർത്തു തത്കാലം കേടുപോക്കാൻ ഒരു മെക്കാനിക്ക് നിർദേശിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യും? അതിലെ നിർദേശങ്ങൾക്കനുസൃതമായി യന്ത്രം ശരിയാക്കാമോ എന്നു കാണുന്നതിനു നിങ്ങൾ മററു മെക്കാനിക്കുകളുമായി ആലോചിക്കുകയില്ലേ? മനുഷ്യ ജീവൻ ഒരു യന്ത്രത്തെക്കാൾ വളരെയേറെ പ്രധാനവും സങ്കീർണവുമാണ്. മനുഷ്യരെ ജീവനോടെ നിലനിർത്തുന്നതിനുള്ള നിർദേശകഗ്രന്ഥമായ നിശ്വസ്ത വചനത്തിൽ നമ്മുടെ നിർമാതാവ് ജീവൻ നിലനിർത്തുന്നതിനു രക്തത്തിന്റെ ഉപയോഗം നിരോധിക്കുന്നു. (ആവർത്തനപുസ്തകം 32:46, 47; ഫിലിപ്പിയർ 2:16) ആ നിർദേശകഗ്രന്ഥത്തിലെ നിർദേശങ്ങളോടു പററിനിൽക്കുന്നതു ന്യായയുക്തമല്ലേ?
വാസ്തവത്തിൽ, രക്തരഹിത ചികിത്സ ആവശ്യപ്പെടുന്ന ക്രിസ്തീയ രോഗികൾ തങ്ങളുടെ കാര്യത്തിൽ എല്ലാ വൈദ്യ ചികിത്സയും നിരസിക്കുകയല്ല ചെയ്യുന്നത്. തങ്ങളുടെ ജീവനോട്—ഇപ്പോഴത്തെയും ഭാവിയിലെയും—ആദരവു കാട്ടുന്ന ചികിത്സ ആവശ്യപ്പെടുകമാത്രമാണ് അവർ ചെയ്യുന്നത്. ക്രിസ്ത്യാനികൾ എടുത്തിരിക്കുന്ന നിലപാടിനെ ധൈര്യപൂർവം ആദരിക്കുന്ന ഡോക്ടർമാർ ക്രിസ്ത്യാനികളുടെ അഭ്യർഥനയ്ക്കു ചേർച്ചയിൽ അവരെ ചികിത്സിക്കുന്നതിന്റെ പ്രയോജനത്തിനു സാക്ഷ്യം നൽകുകയാണ്. “യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയത് ഒരു പുതിയ മൂല്യ സംഹിതയിലേക്ക് എന്നെ നയിച്ചു” എന്ന് വളരെപ്പേർക്കു രക്തപ്പകർച്ച നൽകിയിട്ടുള്ള ഒരു സർജൻ പറയുന്നു. അദ്ദേഹം ഇപ്പോൾ സാക്ഷികളല്ലാത്തവരെപ്പോലും രക്തം കൂടാതെ ചികിത്സിക്കാൻ ശ്രമിക്കുകയാണ്.
സാക്ഷാലുള്ള ജീവനെ നിധിപോലെ കാക്കൽ
യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്നതിലൂടെ ഈ സർജൻ കണ്ടെത്തിയ പുതിയ മൂല്യ സംഹിത എന്തായിരുന്നു? ഒരു രോഗിയെ ചികിത്സിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് രോഗം ബാധിച്ച ഭാഗം മാത്രമല്ല മറിച്ച്, മുഴു വ്യക്തിയുമാണ് എന്ന് അദ്ദേഹം ഇപ്പോൾ തിരിച്ചറിയുന്നു. തന്റെ ശാരീരികവും ആത്മീയവും വൈകാരികവുമായ ക്ഷേമത്തിന് ഏററവും നല്ല സംരക്ഷണം ആവശ്യപ്പെടാൻ ഒരു രോഗിയെ അനുവദിക്കേണ്ടതില്ലേ?
15 വയസ്സുള്ള കൂമികൊയെ സംബന്ധിച്ചിടത്തോളം മാരകമായ രക്താർബുദം ചികിത്സിക്കുന്നതിനുവേണ്ടി രക്തപ്പകർച്ച സ്വീകരിക്കുക എന്നത് സാധ്യമായിരുന്നതിലേക്കും ഏററവും മോശമായ തിരഞ്ഞെടുപ്പായിരുന്നു. ഈ വിധത്തിൽ ഏതാനും ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ പോലും തന്റെ ജീവൻ നീട്ടിയെടുക്കാൻ ശ്രമിക്കുന്നത് അവൾക്കു ദീർഘകാലത്തേക്കു നഷ്ടപ്പെടാൻ പോകുന്നതിനു തക്ക വിലയുള്ളതായിരുന്നില്ല. യഹോവയാം ദൈവത്തിന് അവന്റെ സാക്ഷികളിൽ ഒരാൾ എന്നനിലയിൽ തന്റെ ഇപ്പോഴത്തെ ജീവൻ സമർപ്പിച്ച അവൾ ജീവന്റെയും രക്തത്തിന്റെയും പവിത്രതയെ ആദരിച്ചു. പിതാവും മററു ബന്ധുക്കളും അവൾ സ്വീകരിച്ച നിലപാടിനെ ശക്തമായി എതിർത്തെങ്കിലും കൂമികൊ ഉറച്ചു നിലകൊണ്ടു. അവളുടെ ഡോക്ടർ ഒരിക്കൽ അവളോട് ഇങ്ങനെ ചോദിച്ചു: “നിന്റെ ദൈവം കുറവുകൾ ക്ഷമിക്കുന്നവനാണെങ്കിൽ നീ രക്തപ്പകർച്ച സ്വീകരിച്ചാലും അവൻ നിന്നോടു ക്ഷമിക്കുകയില്ലേ?” അനുരഞ്ജനപ്പെട്ട് അങ്ങനെ തന്റെ ബൈബിളധിഷ്ഠിത വിശ്വാസം തള്ളിക്കളയാൻ കൂമികൊ വിസമ്മതിച്ചു. “ജീവന്റെ വചനത്തിൽ മുറുകെ പിടിച്ചുകൊണ്ട്” അവൾ തന്റെ തീരുമാനത്തിൽ നിലകൊണ്ടു. (ഫിലിപ്യർ 2:16, NW) അവളുടെ അവിശ്വാസിയായിരുന്ന മുത്തശ്ശി പറഞ്ഞപ്രകാരം, “കൂമികൊ അവളുടെ ദൈവവിശ്വാസം കൈവിടുകയില്ല.” അവളുടെ പിതാവിന്റെയും മുത്തശ്ശിയുടെയും ഡോക്ടർമാരുടെയും മനോനിലയിൽ പെട്ടെന്നുതന്നെ മാററം സംഭവിച്ചു.
മരണത്തിൽനിന്നു തന്നെ ഉയിർപ്പിക്കാൻ കഴിയുന്ന യഹോവയാം ദൈവത്തിലുള്ള കൂമികൊയുടെ വിശ്വാസം അനേകരെയും വികാരഭരിതരാക്കി. മരിക്കുന്നതിനു മുമ്പ് അവൾ പിതാവിനോട് ഇങ്ങനെ അപേക്ഷിച്ചു: “ഞാൻ മരിച്ചാൽത്തന്നെയും എനിക്കു പറുദീസയിലേക്ക് പുനരുത്ഥാനം ലഭിക്കും. എന്നാൽ അങ്ങ് ഹാർമഗെദോനിൽ നശിപ്പിക്കപ്പെട്ടാൽ ഞാൻ പിന്നെ അങ്ങയെ കാണുകയില്ല. അതുകൊണ്ടു ദയവുചെയ്തു ബൈബിൾ പഠിക്കൂ.” “നീ സുഖം പ്രാപിച്ചു കഴിയുമ്പോൾ ഞാൻ പഠിക്കും” എന്ന് അവളുടെ പിതാവു പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ കഠിന രോഗംമൂലം കൂമികൊ മരിച്ചപ്പോൾ പിതാവ്, “ഞാൻ നിന്നെ പറുദീസയിൽവച്ചു കാണും, കൂമികൊ” എന്ന ഒരു കുറിപ്പ് അവളുടെ ശവമഞ്ചത്തിൽ വയ്ക്കുകയുണ്ടായി. ശവസംസ്കാര ശുശ്രൂഷ കഴിഞ്ഞപ്പോൾ ശുശ്രൂഷയിൽ പങ്കെടുത്തവരോട് അദ്ദേഹം സംസാരിച്ചു, എന്നിട്ട് ഇങ്ങനെ പറഞ്ഞു: “പറുദീസയിൽവച്ച് അവളെ കാണുമെന്നു ഞാൻ കൂമികൊയോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിൽ എനിക്കിപ്പോഴും വിശ്വാസമില്ല, കാരണം ഞാൻ അതേപ്പററി അത്രയ്ക്കു പഠിച്ചിട്ടില്ല, എങ്കിലും അതേപ്പററി സൂക്ഷ്മപരിശോധന നടത്താൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ദയവുചെയ്ത് എന്നെ സഹായിക്കൂ.” കുടുംബത്തിലുള്ള മററുള്ളവരും ബൈബിൾ പഠിക്കാൻ ആരംഭിച്ചു.
ജീവനെപ്രതി യഥാർഥ ആദരവും ജീവിക്കണമെന്ന ആഗ്രഹവും കൂമികൊയ്ക്ക് ഉണ്ടായിരുന്നു. അവളുടെ ഇപ്പോഴത്തെ ജീവൻ രക്ഷിക്കുന്നതിന് ഡോക്ടർമാർ ചെയ്തതെല്ലാം അവൾ വിലമതിച്ചു. എന്നുവരികിലും, സ്രഷ്ടാവിന്റെ നിർദേശകഗ്രന്ഥത്തിലെ നിർദേശങ്ങളോടു പററിനിന്നുകൊണ്ട് സാക്ഷാലുള്ള ജീവനെ നിധിപോലെ കാക്കുന്നുവെന്ന് അവൾ തെളിയിച്ചു. ലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു പറുദീസാഭൂമിയിലെ നിത്യജീവനായിരിക്കും. അവരുടെയിടയിൽ നിങ്ങൾ ഉണ്ടായിരിക്കുമോ?