ജീവൻ നിങ്ങൾക്ക് എത്ര വിലപ്പെട്ടതാണ്?
ഒരു കൗമാരപ്രായക്കാരൻ ഒരു അപ്പാർട്ടുമെൻറു കെട്ടിടത്തിന്റെ എട്ടാം നിലയിൽനിന്ന് എടുത്തുചാടി ചത്തു. മരണക്കുതിപ്പ്, “വേദന, അസ്വാസ്ഥ്യം, ഭയം എന്നിവയിൽനിന്നു മുക്തമാണ്; അതു നല്ല ഒരനുഭൂതിയാണ്” എന്നു വിവരിച്ച ഒരു പുസ്തകം അവൻ വായിച്ചിരുന്നു. “ജീവിതത്തിലെ തിരഞ്ഞെടുപ്പുകളിലൊന്നായി ആത്മഹത്യ” താൻ നിർദേശിക്കുക മാത്രമായിരുന്നു എന്ന് ജപ്പാനിൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഗ്രന്ഥകാരൻ അവകാശപ്പെട്ടു.
ആത്മഹത്യ ചെയ്യുന്നവർ മാത്രമല്ല ഇന്നു ജീവിതത്തോട് അനാദരവു കാട്ടുന്നത്. വീണ്ടുവിചാരമില്ലാത്ത ഡ്രൈവർമാരും ജീവനെ തുച്ഛമായിട്ടാണു കണക്കാക്കുന്നത്. ചിലർ കുടിച്ചുമത്തരായിപ്പോലും വണ്ടിയോടിക്കുന്നു, അതിൽ അനേകരും മരണത്തിലേക്കു പാഞ്ഞുചെല്ലുന്നു.
മററുചിലർ ഉല്ലാസത്തിനു നൽകുന്ന പ്രാധാന്യത്തിലൂടെ അവർ ജീവനെ എത്ര നിസ്സാരമായി കരുതുന്നുവെന്നു കാണിക്കുന്നു. പുകവലി മരണത്തിന് ഇടവരുത്തുന്നു, അതിനെ മന്ദഗതിയിലുള്ള ആത്മഹത്യയെന്നും വിളിച്ചിരിക്കുന്നു. എന്നിട്ടും പുകവലി നിർത്താൻ പുകവലിക്കാർ ഒരുക്കമല്ല. ലൈംഗികഭ്രാന്തു പിടിച്ച ഈ ലോകത്തിൽ ചാരിത്രശുദ്ധി നിലനിർത്തുന്നതിനു പകരം അനേകരും മിക്കപ്പോഴും മരണത്തിലേക്കു നയിക്കുന്ന വിവേചനാരഹിതമായ ലൈംഗിക ഗതി പിന്തുടരുന്നു.
അമിത ഭക്ഷണവും അമിത മദ്യപാനവും അപര്യാപ്തമായ കായികാഭ്യാസവും ഉല്ലാസത്തേട്ടവും നിമിത്തം ചിലർ അറിയാതെതന്നെ തങ്ങളുടെ ജീവൻ കുരുതികൊടുക്കുന്നു. “നിയന്ത്രണമില്ലാത്ത തീററിശീലം ശരീരത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു. കൂടാതെ, സുഖസൗകര്യത്തിന്റെയും ഉല്ലാസത്തിന്റെയും അനുധാവനം ആളുകളുടെ ഊർജസ്വലതയെ കാർന്നുതിന്നുന്നു” എന്ന് ജപ്പാൻകാരനായ ഗ്രന്ഥകാരൻ ഷിനിയാ നിഷിമാറൂ മുന്നറിയിപ്പു നൽകി. “നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ” എന്നിങ്ങനെ പുരാതനകാലത്തു പറഞ്ഞ ആളുകളുടെ വീക്ഷണം ചിലർ പങ്കിടുന്നു.—യെശയ്യാവു 22:13; 1 കൊരിന്ത്യർ 15:32.
അതേ, ജീവനോടുള്ള അനാദരവ് ഇന്നു വിപുലവ്യാപകമാണ്. അതുകൊണ്ട്, ജീവൻ നിങ്ങൾക്ക് എത്ര വിലപ്പെട്ടതാണ്? എന്നു ചോദിക്കുന്നത് ഉചിതമായിരിക്കും. എന്തു വിലകൊടുത്തും ജീവൻ കാത്തുസൂക്ഷിക്കേണ്ടതുണ്ടോ? നമ്മുടെ ഇപ്പോഴത്തെ ജീവനെക്കാൾ വിലയേറിയ എന്തെങ്കിലും ഉണ്ടോ?