ആത്മഹത്യ—ഒരു യുവജന വിപത്ത്
നമ്മുടെ യുവജനങ്ങളെ വേട്ടയാടാൻ യുദ്ധവും കൊലപാതകവും മറ്റു ഘോര കൃത്യങ്ങളും പോരാഞ്ഞിട്ട് എന്നവണ്ണം യുവജന ആത്മഹത്യയുടെ രൂപത്തിലുള്ള സ്വവിനാശവും രംഗപ്രവേശം ചെയ്തിരിക്കുന്നു. യുവജനങ്ങളുടെ മനസ്സിനെയും ശരീരത്തെയും കാർന്നുതിന്നുന്ന മദ്യ-മയക്കുമരുന്നു ദുരുപയോഗം നിമിത്തം നിരവധി യുവജനങ്ങളാണു മരണമടയുന്നത്. മയക്കുമരുന്നു ദുരുപയോഗം—മനപ്പൂർവമായോ അറിവില്ലാതെയോ ഉള്ള അതിന്റെ അമിത ഉപയോഗം—മൂലമുള്ള മരണങ്ങൾ വർധിച്ചുവരുന്നു.
1995 ഏപ്രിൽ 28-ലെ പ്രതിവാര രോഗ, മരണ റിപ്പോർട്ട് (ഇംഗ്ലീഷ്) അനുസരിച്ച്, “ഐക്യനാടുകളിൽ 15-നും 19-നും ഇടയ്ക്കു പ്രായമുള്ള കൗമാരക്കാരുടെ മരണത്തിന്റെ മൂന്നാമത്തെ പ്രമുഖ കാരണം ആത്മഹത്യയാണ്.” മസ്തിഷ്ക ദശകം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ഡോ. ജെ. ജെ. മാൻ ഇങ്ങനെ എഴുതുന്നു: “പ്രതിവർഷം 30,000-ത്തിലധികം [1995-ലെ സംഖ്യ 31,284 ആയിരുന്നു] അമേരിക്കക്കാർ ആത്മഹത്യ ചെയ്യുന്നു. ദുഃഖകരമെന്നു പറയട്ടെ, അതിൽ അധികപങ്കും യുവജനങ്ങളാണ് . . . 30,000-ത്തിന്റെ പതിന്മടങ്ങ് ആളുകൾ ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെടുന്നു. . . . ആത്മഹത്യാ പ്രവണതയുള്ള രോഗികളെ തിരിച്ചറിയുന്നതു ചികിത്സാരംഗത്തെ വൻ വെല്ലുവിളിയാണ്. കാരണം, കടുത്ത വിഷാദത്തിന് അടിപ്പെട്ട് ആത്മഹത്യയ്ക്കു ശ്രമിച്ചേക്കാവുന്നവരെയും അതിനു ശ്രമിക്കുകയില്ലാത്തവരെയും തമ്മിൽ ചികിത്സകർക്കു പെട്ടെന്നു തിരിച്ചറിയാനാവില്ല.”
യു.എസ്.എ.-യിലെ കണെറ്റിക്കട്ടിലുള്ള ന്യൂ മിൽഫൊർഡ് ആശുപത്രിയിലെ മനശ്ശാസ്ത്ര വിഭാഗത്തിന്റെ തലവനായ സൈമൺ സോബോ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ [1995] വസന്ത കാലത്തെയത്രയും ആത്മഹത്യാ ശ്രമങ്ങൾ ഞാൻ ഇവിടെ ചെലവഴിച്ച 13 വർഷക്കാലത്ത് ഉണ്ടായിട്ടില്ല.” ഐക്യനാടുകളിൽ ഓരോ വർഷവും ആയിരക്കണക്കിനു കൗമാരക്കാരാണ് ആത്മഹത്യയ്ക്കു ശ്രമിക്കുന്നത്. ഓരോ ആത്മഹത്യാ ശ്രമവും സഹായത്തിനും ശ്രദ്ധയ്ക്കും വേണ്ടിയുള്ള മുറവിളിയാണ്. വൈകിപ്പോകും മുമ്പ് സഹായഹസ്തം നീട്ടാൻ ആരുണ്ട്?
ഒരു ആഗോള പ്രശ്നം
ലോകത്തിന്റെ ഇതര ഭാഗങ്ങളിലും സ്ഥിതിഗതികൾ ഏതാണ്ട് അങ്ങനെയൊക്കെ തന്നെ. ഇന്ത്യാ ടുഡേ പറയുന്നതനുസരിച്ച്, 1990-കളിൽ ഇന്ത്യയിൽ ഏതാണ്ട് 30,000 യുവജനങ്ങൾ ആത്മഹത്യ ചെയ്തു. ഇസ്രായേൽ, കാനഡ, തായ്ലൻഡ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഫിൻലൻഡ്, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ യുവജന ആത്മഹത്യാ നിരക്ക് വർധിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ (യുനിസെഫ്) 1996-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, യുവജന ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ളത് ന്യൂസിലൻഡ്, ഫിൻലൻഡ്, ലട്വിയ, ലിത്വാനിയ, സ്ലോവേനിയ, റഷ്യ എന്നിവിടങ്ങളിലാണ്.
യുവജന ആത്മഹത്യയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. ഇവിടെ 1995-ൽ യുവാക്കളുടെ മൊത്തം മരണത്തിന്റെ 25 ശതമാനവും യുവതികളുടെ മൊത്തം മരണത്തിന്റെ 17 ശതമാനവും ആത്മഹത്യയായിരുന്നു എന്ന് ദ കാൻബറ ടൈംസ് വാർത്താപത്രം പറയുന്നു. ഓസ്ട്രേലിയയിലെ പെൺകുട്ടികളെക്കാൾ ഏതാണ്ട് അഞ്ചിരട്ടി ആൺകുട്ടികൾ ആത്മഹത്യാ ശ്രമത്തിൽ “വിജയിക്കുന്നു.” മിക്ക ദേശങ്ങളിലും സമാനമായ അനുപാതം കണ്ടെത്താവുന്നതാണ്.
പെൺകുട്ടികളെക്കാൾ അധികം ആൺകുട്ടികൾ ആത്മഹത്യയ്ക്കു ശ്രമിക്കുന്നു എന്നാണോ അതിന്റെ അർഥം? അങ്ങനെ ആയിരിക്കണമെന്നു നിർബന്ധമില്ല. ആത്മഹത്യാ ശ്രമത്തിന്റെ കാര്യത്തിൽ ഇരുവിഭാഗക്കാർക്കും ഇടയിൽ ഒട്ടുംതന്നെ വ്യത്യാസമില്ലെന്നു ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, “ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച്, വ്യവസായവത്കൃത രാഷ്ട്രങ്ങളിൽ ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ നാലിരട്ടിയോളം ആൺകുട്ടികളാണു ജീവനൊടുക്കുന്നത്.”—യുനിസെഫ് പ്രസിദ്ധീകരിച്ച, രാഷ്ട്രങ്ങളുടെ പുരോഗതി (ഇംഗ്ലീഷ്).
എങ്കിലും, ഭീതിദമായ ഈ സ്ഥിതിവിവര കണക്കുകൾ പോലും പ്രശ്നത്തിന്റെ വ്യാപ്തി പൂർണമായി വെളിപ്പെടുത്തുന്നില്ല എന്നു പറയാം. ചികിത്സാ കേന്ദ്രങ്ങളും അപഗ്രഥന റിപ്പോർട്ടുകളും നൽകുന്ന യുവജന ആത്മഹത്യാ സ്ഥിതിവിവര കണക്കുകൾ വായിക്കാൻ എളുപ്പമാണ്. എന്നാൽ, നിർവികാരമായ ഓരോ സ്ഥിതിവിവര കണക്കിനും പിന്നിൽ മനസ്സിലാക്കാതെയോ കാണാതെയോ പോകുന്ന ചിലതുണ്ട്: ആത്മഹത്യയുടെ കാണാപ്പുറങ്ങൾ തിരയുന്ന ശിഥിലമായ കുടുംബങ്ങളും കുടുംബാംഗങ്ങളുടെ ഹൃദയവേദനയും യാതനയും ദുഃഖവും നൈരാശ്യവും.
ആ സ്ഥിതിക്ക്, യുവജന ആത്മഹത്യ പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുമോ? ദാരുണമായ ഈ സ്ഥിതിവിശേഷം ഒഴിവാക്കാൻ സഹായകമെന്നു തെളിഞ്ഞേക്കാവുന്ന ചില മുഖ്യ ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
[5-ാം പേജിലെ ചതുരം]
ആത്മഹത്യയുടെ പ്രേരക ഘടകങ്ങൾ
ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ച് നിരവധി വിശദീകരണങ്ങൾ നിലവിലുണ്ട്. “ആകുലീകരിക്കുന്നതെന്നു തോന്നുന്ന പ്രശ്നത്തോടുള്ള ഒരു വ്യക്തിയുടെ പ്രതികരണത്തിൽ നിന്ന് ഉളവാകുന്നതാണ് ആത്മഹത്യ. അത്തരം പ്രശ്നങ്ങളിൽ ചിലതാണു സാമൂഹികമായ ഒറ്റപ്പെടൽ, പ്രിയപ്പെട്ട ഒരാളുടെ (പ്രത്യേകിച്ച് ഇണയുടെ) മരണം, കുട്ടിയായിരുന്നപ്പോൾ തന്റെ മാതാപിതാക്കൾക്ക് ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ, ഗുരുതരമായ ശാരീരിക രോഗം, വാർധക്യം, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട്, മയക്കുമരുന്നു ദുരുപയോഗം എന്നിവ.”—ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എൻസൈക്ലോപീഡിയ ഓഫ് മെഡിസിൻ.
എമിൽ ഡർഖിം എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ പറയുന്ന പ്രകാരം അടിസ്ഥാനപരമായി നാലു തരം ആത്മഹത്യകളുണ്ട്:
1. സ്വാർഥപര ആത്മഹത്യ—“സമൂഹവുമായി ഇഴുകിച്ചേരാൻ ഒരു വ്യക്തിക്കു സാധിക്കാത്തതിനാലാണ് ഇത്തരം ആത്മഹത്യ സംഭവിക്കുന്നതെന്നു കരുതപ്പെടുന്നു. സ്വാർഥപര ആത്മഹത്യ ചെയ്യുന്നവർ കൂടുതലും ഒറ്റയ്ക്കു കഴിയുന്നു. അവർ സമൂഹവുമായി എന്തെങ്കിലും ബന്ധം പുലർത്തുകയോ അതിനെ ആശ്രയിക്കുകയോ ചെയ്യുന്നില്ല.” ഒറ്റപ്പെട്ടു കഴിയാൻ പ്രവണത കാട്ടുന്നു.
2. പരാർഥ ആത്മഹത്യ—“സമൂഹവുമായി അങ്ങേയറ്റം ഇഴുകിച്ചേരുന്നതിനാൽ എന്തു ത്യാഗം സഹിക്കുന്നതും ഉചിതമാണെന്ന് ആ വ്യക്തിക്കു തോന്നുന്നു.” രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ജപ്പാൻകാരായ ചാവേർ വൈമാനികരും (കാമക്കാസികൾ) ശത്രുക്കളെ കൊന്നൊടുക്കിക്കൊണ്ടു സ്വയം മരിക്കുന്ന മതവാദികളും ഇതിന് ഉദാഹരണങ്ങളാണ്. ഒരു പ്രത്യേക പ്രശ്നത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തോടെ ആത്മാഹുതി ചെയ്തവരാണു മറ്റ് ഉദാഹരണങ്ങൾ.
3. വ്യാവഹാരിക ആത്മഹത്യ—“യുക്തിസഹമായ രീതിയിൽ പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കാത്തപ്പോൾ പരിഹാരമെന്നോണം വ്യക്തി ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. അതാണു വ്യാവഹാരിക ആത്മഹത്യ. സമൂഹവുമായുള്ള വ്യക്തിയുടെ സുപരിചിത ബന്ധത്തിനു പെട്ടെന്ന്, ഞെട്ടിക്കും വിധത്തിൽ ഉലച്ചിൽ തട്ടുന്നതിന്റെ ഫലമാണത്.”
4. ലംഘനപര ആത്മഹത്യ—“വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്മേൽ സമൂഹം അടിസ്ഥാനപരമായി അമിത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഫലമായാണ് ഇതു സംഭവിക്കുന്നത് എന്നു കരുതപ്പെടുന്നു.” അത്തരക്കാർക്ക് “ഭാവി ഇരുളടഞ്ഞതായി തോന്നുന്നു.”—ആലൻ എൽ ബെർമൻ, ഡേവിഡ് എ. ജോബ്സ് എന്നിവർ രചിച്ച യുവജന ആത്മഹത്യ: വിലയിരുത്തലും ഇടപെടലും (ഇംഗ്ലീഷ്).
[5-ാം പേജിലെ ചിത്രം]
യുവജന ആത്മഹത്യയ്ക്കു വഴിമരുന്നിട്ടേക്കാവുന്ന ചില പ്രവൃത്തികൾ