നമ്മുടെ വിശ്വാസ കുടുംബത്തിൽപ്പെട്ട ബോസ്നിയക്കാരെ സഹായിക്കൽ
യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ സംഘട്ടനങ്ങളിൽ പങ്കെടുക്കുന്നില്ല. (യോഹന്നാൻ 17:16) എന്നുവരികിലും, “പ്രത്യേകിച്ച്, വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗങ്ങളായവർക്ക്” ഉപകാരം ചെയ്യാനുള്ള പൗലോസിന്റെ ബുദ്ധ്യുപദേശം പിൻപററിക്കൊണ്ട്, യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട മേഖലകളിലെ സഹക്രിസ്ത്യാനികൾക്കുള്ള സഹായവുമായി അവർ പെട്ടെന്നുതന്നെ എത്തുന്നു. (ഗലാത്തിയാ 6:10, പി.ഒ.സി. ബൈബിൾ) 1993-94-ലെ ശൈത്യകാലം അടുത്തപ്പോൾ, ഓസ്ട്രിയയിൽനിന്നും ക്രൊയേഷ്യയിൽനിന്നുമുള്ള സാക്ഷികൾ ബോസ്നിയയിലുള്ള വിശ്വാസ കുടുംബത്തെ സഹായിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചു. അവരുടെ റിപ്പോർട്ടാണ് താഴെ കാണുന്നത്.
1993 മാർച്ച് മുതൽ ഒക്ടോബർ വരെ ബോസ്നിയയിലേക്കു ദുരിതാശ്വാസ സാധനങ്ങൾ അയയ്ക്കാൻ യാതൊരു മാർഗവുമില്ലായിരുന്നു. എന്നിരുന്നാലും, ഒക്ടോബർ ആദ്യം അധികാരികൾ സൂചന തന്നു, ഇനി സാധനങ്ങൾ അയയ്ക്കാൻ സാധിച്ചേക്കുമെന്ന്. പക്ഷേ അപ്പോൾപ്പോലും അത് അപകടകരമായ സംരംഭമായിരുന്നു. കാരണം ബോസ്നിയയിലെ എല്ലാ യുദ്ധമേഖലകളിലും കനത്ത പോരാട്ടം നടക്കുകയായിരുന്നു.
എന്നിട്ടും, ബോസ്നിയയിലുള്ള നമ്മുടെ സഹക്രിസ്ത്യാനികൾക്കു കൊടുക്കാനുള്ള 16 ടൺ ഭക്ഷണവും വിറകുമേന്തി ഞങ്ങളുടെ ട്രക്ക് 1993 ഒക്ടോബർ 26, ചൊവ്വാഴ്ച വിയന്നയിൽനിന്നു പുറപ്പെട്ടു. ഞങ്ങളെ തിരിച്ചറിയിക്കുന്നതിനുവേണ്ടി ഡിസ്ട്രിക്ററ് കൺവെൻഷൻ ലാപ്പൽ കാർഡുകൾ ഞങ്ങൾ ധരിച്ചിരുന്നു.
ക്രൊയേഷ്യയുടെയും ബോസ്നിയയുടെയും അതിർത്തിയിലെത്തിയ ഞങ്ങളെ സൈനികർ അവരുടെ ഒരു താവളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെവെച്ചു ഞങ്ങളുടെ ട്രക്കുകൾ അരിച്ചുപെറുക്കി പരിശോധിച്ചു. സെർബിയൻ പ്രദേശത്തുകൂടി യാത്ര ചെയ്യാനുള്ള ഞങ്ങളുടെ അപേക്ഷ അവർ നിരസിച്ചു. പോരാട്ട പ്രദേശമായ മധ്യബോസ്നിയയിലൂടെ മാത്രമേ അവർ യാത്ര അനുവദിക്കുകയുള്ളൂ!
പാഴ്വേലയോ?
സൈനിക അകമ്പടിയോടെ ഞങ്ങൾ ഓരോരോ ചെക്ക്പോസ്ററുകളിലേക്കു യാത്ര ചെയ്തപ്പോഴെല്ലാം ടാങ്കുകളിൽനിന്നും പീരങ്കികളിൽനിന്നുമുള്ള ചെവിപൊട്ടിക്കുന്ന തരത്തിലുള്ള ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വനങ്ങളിലൂടെയുള്ള രാത്രിയിലെ യാത്രയിൽ ഞങ്ങൾക്കു രണ്ടു ടാങ്കുകളും ഒരു ജീപ്പും അകമ്പടിയുണ്ടായിരുന്നു. പോരാട്ടം നടക്കുന്നയിടങ്ങളിലെല്ലാം ഞങ്ങളുടെ ട്രക്കുകൾ വളരെ പതുക്കെയാണു നീങ്ങിയത്! നേരംവെളുക്കുന്നതുവരെ കുഴപ്പമൊന്നുമുണ്ടായില്ല. രാവിലെ ഞങ്ങൾക്കു നേരേ വെടിവെയ്പുണ്ടായി, എന്നാൽ അവയെല്ലാം തലയ്ക്കു മുകളിലൂടെയാണു പോയത്. പിന്നെ ഒരു കുന്നിന്റെ മറവിൽ ഒളിക്കേണ്ടിവന്നു. കുറെകഴിഞ്ഞു വെടിവെയ്പു നിന്നപ്പോൾ ഞങ്ങൾ യാത്ര തുടർന്നു.
ഒരു ക്യാമ്പിലെത്തിയപ്പോൾ സൈനിക ഓഫീസർ ഞങ്ങൾ ആരാണ്, എന്താണു ഞങ്ങളുടെ ആവശ്യം എന്നെല്ലാം ചോദിച്ചു. ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ചു കേട്ട അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ഈ പരിപാടി ഒരിക്കലും നടക്കാൻ പോകുന്നില്ല. നിങ്ങൾക്കു ക്യാമ്പിൽനിന്നു പുറത്തു കടക്കാനാവില്ല, ഏതാനും അടിപോലും മുന്നോട്ടു പോകാനൊക്കില്ല. ആളുകൾ നിങ്ങളെ ആക്രമിച്ച് നിങ്ങളുടെ സാധനങ്ങളൊക്കെ മോഷ്ടിക്കും. അത്രയ്ക്കു ക്ഷാമമാണ് ഈ രാജ്യത്ത്.” അതുകൊണ്ട്, തിരിച്ചുപൊയ്ക്കൊള്ളാനായിരുന്നു അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്.
‘ഞങ്ങളുടെ പരിപാടി ഒരിക്കലും നടക്കാത്തതായിരുന്നോ?’ വസ്തുവകകൾക്കോ ജീവനോ ആപത്തൊന്നുമുണ്ടാകാതെ യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ടതും ക്ഷാമബാധിതവുമായ പ്രദേശങ്ങളിലൂടെ ഞങ്ങൾക്കു യാത്ര ചെയ്യാനാവുമെന്ന ഞങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നോ? ഗൗരവമായ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നു. വെടിയൊച്ചകളും കാതടപ്പിക്കുന്ന ബോംബ്സ്ഫോടന ശബ്ദങ്ങളും ഞങ്ങൾ അതിനോടകംതന്നെ കേട്ടിരുന്നു. ആ രാത്രി പട്ടാളക്കാരുമൊത്തു ചെലവഴിച്ചു. അപ്പോൾ ഞങ്ങൾക്കു മനസ്സിലായി അവരെല്ലാം കടുത്ത പോരാട്ടത്തിനു സജ്ജരായിരുന്നുവെന്ന്. അവരെല്ലാം വെടിയുണ്ടയേൽക്കാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നതു കൂടാതെ നന്നായി ആയുധസജ്ജരുമായിരുന്നു. പാചകക്കാരൻപ്പോലും മുതുകിൽ ഒരു യന്ത്രത്തോക്കും തൂക്കിയിട്ടാണു നടന്നിരുന്നത്. എന്നാൽ ഞങ്ങൾ ഇതാ, കേവലം ഷർട്ടും ടൈയും ലാപ്പൽകാർഡും മാത്രം ധരിച്ച്! യാത്ര തുടരുന്നതു ഞങ്ങളെ സംബന്ധിച്ചു ബുദ്ധിപൂർവകമായിരുന്നോ?
ട്രാവ്നീക്കിൽ എത്തിച്ചേരുന്നു
ഇനി ആകെ ഒരു പോംവഴി യുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു കൂട്ടരുമായി കൂടിയാലോചന കഴിക്കലാണെന്നു തോന്നി. പിറേറ ദിവസം രാവിലെ ഞങ്ങൾ ഒരു സ്ത്രീയോടു ചോദിച്ചു, അവരുടെ ഏതെങ്കിലുമൊരു കേന്ദ്രം എവിടെയാണെന്ന് അറിയാമോ എന്ന്. “അധികം ദൂരമില്ല. വനത്തിലൂടെ ചെന്നാൽ ഒരു മുൻ ആശുപത്രികെട്ടിടം കാണും. അതാണ് സ്ഥലം” എന്ന് അവർ പറഞ്ഞു. പോകാൻ ഞങ്ങൾക്കു വലിയ ആകാംക്ഷയായിരുന്നു. ആയുധമൊന്നുമില്ലാതെ ഞങ്ങൾ ക്യാമ്പ് വിടാനൊരുമ്പെട്ടതിൽ സൈനികർ അത്ഭുതപ്പെട്ടു.
ജീർണിച്ച അവസ്ഥയിലായിരുന്നു ആ മുൻ ആശുപത്രി. എങ്കിലും അവിടെ ഒരു ഓഫീസർ ഉണ്ടായിരുന്നു. സഹായിക്കാമെന്നേററ അദ്ദേഹം ആദ്യം കമാൻഡറുമായി സംസാരിക്കാൻ ഞങ്ങളോടു നിർദേശിച്ചു. വെടിയുണ്ടയേററു തുളഞ്ഞ കാറിൽ അയാൾ ഞങ്ങളെയുംകൊണ്ട് വളരെ വേഗത്തിൽ യുദ്ധമുന്നണിയിലൂടെ ഓടിച്ചുപോയി. ഒരു കെട്ടിടത്തിൽ ചെന്നുചേർന്ന ഞങ്ങളെ അവിടെയുണ്ടായിരുന്ന കമാൻഡിങ് ഓഫീസർ സ്വീകരിച്ച് ഒരു ഇരുട്ടുമുറിയിലേക്കു കൊണ്ടുപോയി.
അയാൾ പറഞ്ഞു: “കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ നിങ്ങൾക്കുനേരെ നിറയൊഴിക്കേണ്ടതായിരുന്നു. എന്താ നിങ്ങൾക്കു വേണ്ടത്?”
“ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്. ഈ ദുരിതാശ്വാസ സാധനങ്ങൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് എത്തിച്ചുകൊടുക്കണം.”
അദ്ദേഹത്തിന് ആകെ അത്ഭുതമായി, ഒപ്പം മതിപ്പും. കാരണം ആഴ്ചകളായി, ബോസ്നിയയിലേക്കു ദുരിതാശ്വാസ സാധനങ്ങളുമായി വരാൻ യാതൊരു വാഹനങ്ങളും ധൈര്യം കാട്ടിയിരുന്നില്ല. നന്നായി പരിശോധിച്ചശേഷമായിരുന്നു ഞങ്ങൾക്ക് അനുമതിക്കത്തു ലഭിച്ചത്. യാത്ര തുടരാൻ സാധിക്കില്ലെന്നായിരുന്നു ഞങ്ങൾ തലേ രാത്രിയിൽ വിചാരിച്ചത്. എന്നാൽ ഇപ്പോൾ അകമ്പടിയില്ലാതെ ഞങ്ങൾക്കു മുന്നോട്ടു പോകാറായി!
വനത്തിലൂടെ ഓരോരോ ചെക്ക്പോസ്ററുകൾ കടന്ന് ഞങ്ങൾ വണ്ടിയോടിച്ചു. പലപ്പോഴും ആ യാത്ര പോരാട്ടം നടക്കുന്നിടങ്ങളിലൂടെയായിരുന്നു. അപകടങ്ങളുണ്ടായിരുന്നിട്ടും, ഞങ്ങൾ ട്രാവ്നീക്കിൽ സുരക്ഷിതമായി എത്തി. ഞങ്ങൾ എത്തിച്ചേർന്നുവെന്നു കേട്ട ഒരു പട്ടാളക്കാരൻ നമ്മുടെ സഹോദരങ്ങൾ ഒരുമിച്ചുകൂടിയിരുന്ന വീട്ടിലേക്ക് ഓടിച്ചെന്ന് വിളിച്ചു പറഞ്ഞു: “ട്രക്കുകളുമായി ഇതാ നിങ്ങളുടെ ആളുകൾ എത്തിയിരിക്കുന്നു!” അവർക്ക് എന്തു സന്തോഷമായിരുന്നുവെന്നു നിങ്ങൾക്ക് ഊഹിക്കാനാവും. ഭക്ഷണവുമായി ആ വീട്ടിലേക്കു ചെന്ന ഞങ്ങൾക്ക് ഏതാനും വാക്കുകളേ സംസാരിക്കാനായുള്ളൂ, പെട്ടെന്ന് അവിടം വിട്ടുപോകണമായിരുന്നു. സന്ധ്യയാകുകയായിരുന്നു, അപകടം നിറഞ്ഞ 32 കിലോമീററർ യാത്ര ഇനിയുമുണ്ടായിരുന്നു.
സ്സെനത്സയിലേക്ക്
വനത്തിലൂടെ ഒരു അകമ്പടി കാർ ഞങ്ങളെ വളരെ വേഗത്തിൽ നയിച്ചു. സ്സെനത്സയിൽ ഞങ്ങൾ ഒരിക്കലും എത്താൻ പോകുന്നില്ലെന്നു പലരും പറഞ്ഞെങ്കിലും ഞങ്ങൾ എത്തുകതന്നെ ചെയ്തു. പട്ടണത്തിലെവിടെയും മൂകത, വഴിയിലാണെങ്കിലോ വെളിച്ചവുമില്ല, വാഹനങ്ങളുമില്ല. എല്ലാ വശത്തും ഉപരോധം ഏർപ്പെടുത്തിയിരുന്നതുകൊണ്ട് സ്സെനത്സയിൽ കടുത്ത ക്ഷാമവും നിരാശയും കൊടികുത്തിവാഴുകയായിരുന്നു.
തെരുവിലൂടെ വണ്ടി ഓടിക്കവേ, ഞങ്ങൾ അതിശയകരമായ ഒരു കാഴ്ച കണ്ടു—രണ്ടു ക്രിസ്തീയ സ്ത്രീകൾ സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നു! സാധനങ്ങളെല്ലാം തീർന്നതുകൊണ്ട് ഭക്ഷണം തിരക്കി സഹോദരങ്ങൾ വനത്തിൽ പോകണമെന്നു തലേ ദിവസത്തെ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു എന്നു ഞങ്ങൾക്കു പിന്നീടു മനസ്സിലായി. അപ്പോൾ ഞങ്ങൾ എത്തിയത് കൃത്യസമയത്തായിരുന്നു! തെരുവിൽ ആരുമില്ലാതിരുന്ന സമയത്ത്, വെളുപ്പിനു നാലു മണിക്കു ഞങ്ങൾ ഒരു ട്രക്കിലെ സാധനങ്ങളൊക്കെ ഇറക്കി.
അടുത്ത ദിവസം ഞങ്ങൾ ഒരു ജനറലിനെ പോയിക്കണ്ടു. സ്സെനത്സയിൽ ഞങ്ങൾ എത്തിയതിൽ അദ്ദേഹത്തിന് അത്ഭുതം തോന്നി. ഞങ്ങൾക്ക് എത്തേണ്ട അടുത്ത സ്ഥലമായ സാരയെവോയെക്കുറിച്ച് അന്വേഷിച്ചു.
“മാസങ്ങളായി, ട്രക്കുമായി അങ്ങോട്ടേക്കു പോകാൻ ആരും ധൈര്യം കാണിച്ചിട്ടില്ല,” ജനറൽ പറഞ്ഞു. അവസാനം, മലകൾ കടന്നു യാത്ര ചെയ്യാൻ അദ്ദേഹം അനുവാദം തന്നു. എന്നാൽ അദ്ദേഹത്തിനൊരു മുന്നറിയിപ്പുണ്ടായിരുന്നു: “ഞാനാ പറയുന്നേ, ഇത് അത്ര എളുപ്പമുള്ള സംഗതിയല്ല. നിങ്ങളുടെ ട്രക്കുകൾ അവിടംവരെ എത്തുമെന്ന കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുമില്ല.”
ആ ജനറൽ അതിശയോക്തി പറയുകയായിരുന്നില്ല. സാരയെവോയിലേക്കു കേവലം 40 കിലോമീററർ ബാക്കിയുള്ളപ്പോൾ ഞങ്ങൾക്കു വനാന്തരങ്ങളിലൂടെയുള്ള വളഞ്ഞവഴിയേ 140 കിലോമീററർ സഞ്ചരിക്കേണ്ടിവന്നു! സ്സെനത്സയിൽ നിന്നു സാരയെവോ വഴി ജബ്ലാനിക്കയിലേക്കുള്ള ആ യാത്ര ഞങ്ങൾ ഒരു കാലത്തും മറക്കില്ല. കാരണം, മിക്കപ്പോഴും മണിക്കൂറിൽ അഞ്ചു കിലോമീററർ വേഗതയിൽ മൂന്നു പകലും രണ്ടു രാത്രിയുമെടുക്കേണ്ടിവന്നു ആ യാത്രയ്ക്ക്. കവചിത വാഹനങ്ങളുടെ സ്ഥിരമായ ഓട്ടം കാരണം “റോഡ്” ആകെ താറുമാറായി കിടക്കുകയായിരുന്നു. പാറക്കഷണങ്ങളും കുണ്ടുകളും കുഴികളും നിറഞ്ഞ റോഡിലൂടെ ഞങ്ങൾ വണ്ടി ഓടിച്ചു. പലപ്പോഴും ലൈററില്ലാതെ ഓടിക്കേണ്ടിവന്നു. രണ്ടു പ്രാവശ്യം ഞങ്ങളുടെ ട്രക്കുകൾ കൊക്കയിൽ വീണേനേ. അത്രയ്ക്ക് അപകടംനിറഞ്ഞതായിരുന്നു വഴി. ഞങ്ങളുടെ പിന്നാലെയുണ്ടായിരുന്ന ഒരു സൈനിക ട്രക്ക് നിമിഷ നേരത്തേക്ക് ഒന്നു ലൈററിട്ട ഉടനെ അതിനു നേരേ വെടിവെയ്പുണ്ടായി. ചിലപ്പോഴൊക്കെ കേടുവന്ന പാലങ്ങൾ നന്നാക്കുകയും ടയറുകൾ മാററിയിടുകയും ചെയ്യേണ്ടതുണ്ടായിരുന്നു.
ഞങ്ങൾ സാരയെവോയുടെ പ്രാന്തപ്രദേശത്ത് എത്തിയ ഉടനെ ഉത്തരവാദിത്വപ്പെട്ട ജനറലുമായി സംസാരിക്കണമെന്നു ഞങ്ങൾ ആവശ്യപ്പെട്ടു. അവിടെ അങ്ങനെ കാത്തുനിൽക്കുമ്പോൾ ഞങ്ങൾ ഒരു കാഴ്ച കണ്ടു. പത്തു മൃതശരീരങ്ങളും ഒരു ചാക്കു നിറയെ തലകളുമായി തെരുവിൽ ഒരു ട്രക്ക്. മൃതശരീരങ്ങൾ വിട്ടുകൊടുക്കുന്നതിനുവേണ്ടി പട്ടാളക്കാർ കൂടിയാലോചന നടത്തുന്നു. തീർത്തും അസുഖകരമായ ഒരു കാഴ്ചതന്നെ. ഇതൊക്കെ കണ്ട ഞങ്ങൾ ഉത്കടമായി ആഗ്രഹിച്ചുപോയി, യുദ്ധങ്ങളെല്ലാം അവസാനിക്കുന്ന ആ നാൾ വന്നെങ്കിലെന്ന്.—യെശയ്യാവു 2:4.
അവസാനം രാവിലെ 10 മണിക്ക് ജനറലും അദ്ദേഹത്തിന്റെ ഓഫീസർമാരുമായി ഒരു മെഴുകുതിരി മാത്രം കത്തിച്ച ഇരുട്ടുമുറിയിൽവെച്ചു സംസാരിക്കാൻ ഞങ്ങളിൽ ഒരാൾക്ക് അനുവാദം കിട്ടി.
“നിങ്ങൾ ആരാണ്?,” ജനറൽ ചോദിച്ചു.
“ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്. സാരയെവോയിലുള്ള ഞങ്ങളുടെ സഹസാക്ഷികൾക്കു ഭക്ഷണമെത്തിക്കണം.”
“സാരയെവോയിൽ അനേകം യഹോവയുടെ സാക്ഷികളുണ്ടെന്ന കാര്യം നിങ്ങൾക്ക് അറിയാമോ?”
“ഉവ്വ്, അതുകൊണ്ടാണു ഞങ്ങൾ ഇവിടെ വന്നത്.”
അപ്പോൾ ഒരു സാക്ഷിയുടെ പേരു സൂചിപ്പിച്ചുകൊണ്ട് ജനറൽ ചോദിച്ചു, “നിങ്ങൾ അദ്ദേഹത്തെ അറിയുമോ?”
“അറിയാം. അദ്ദേഹം ഞങ്ങളുടെ സുഹൃത്താണ്.”
ജനറൽ പറഞ്ഞു: “അദ്ദേഹം എന്റെയും സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. അദ്ദേഹം സാക്ഷിയായതിൽപ്പിന്നെ ഞാൻ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു. നിങ്ങൾക്കുവേണ്ടി അദ്ദേഹം വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ദയവായി യഹോവയുടെ സാക്ഷികളെക്കുറിച്ചു ഞങ്ങളോടു കൂടുതലായി പറയുക.”
അത് ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ കലാശിച്ചു. അതിനുശേഷം ഒരു ഡസനിലധികം മാസികകളും ലഘുപത്രികകളും സമർപ്പിച്ചു. രണ്ടാമതൊന്നുകൂടി കൂടിക്കണ്ടതിനുശേഷം സാരയെവോയിലെ സഹോദരങ്ങൾക്കു ദുരിതാശ്വാസ സാധനങ്ങൾ കൊണ്ടുപോയി കൊടുക്കുന്നതിനു പ്രത്യേക ക്രമീകരണങ്ങൾ നടത്താൻ ജനറൽ സമ്മതിച്ചു.
ആ വേല അത്ര ചെറുതൊന്നുമായിരുന്നില്ല. സാക്ഷികളല്ലാത്തവരുൾപ്പെടെ ഏതാണ്ടു 30 പേർ 27 കിലോ ഭാരം വരുന്ന പാഴ്സലുകൾ ചുമന്നു. രാത്രി 8 മണിമുതൽ രാവിലെ 5 മണിവരെ രണ്ടു രാത്രികളിൽ അവർ കഠിനമായി ജോലി ചെയ്തു. അങ്ങനെ മൊത്തം 18 മണിക്കൂർ വേല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കണ്ട് അന്തംവിട്ടുപോയ തന്റെ അയൽക്കാർ സഹോദരങ്ങളോടൊപ്പം ചേർന്നു മുട്ടുകുത്തി യഹോവയോടു നന്ദി പറഞ്ഞുവെന്ന് ഒരു മൂപ്പൻ പറയുകയുണ്ടായി! തീർച്ചയായും കുറച്ചു ഭക്ഷണം അവർക്കും കൊടുത്തിരുന്നു.
11,000 കിലോ ദുരിതാശ്വാസ സാധനങ്ങൾ ലഭിച്ചപ്പോഴത്തെ നമ്മുടെ സഹോദരങ്ങളുടെ സന്തോഷം ഒന്നു വിഭാവന ചെയ്യുക! സാഹചര്യം വളരെ മോശമായിരുന്നു. അവിടെ ഒരു കിലോ ധാന്യപ്പൊടിക്ക് 450 ഡിഎം മുതൽ 1,000 ഡിഎം (8,700 രൂപ മുതൽ 19,220 രൂപ) വരെയായിരുന്നു വില. ഒരു ചാക്ക് വിറകിന്റെ വില ഏതാണ്ട് 400 ഡിഎം (7,750 രൂപ) ആയിരുന്നു. ഒരു ലിററർ ഡീസലിന്റെ വിലയാണെങ്കിലോ 30 ഡിഎം (620 രൂപ).
വഴിനീളെ ഞങ്ങൾ അഭിമുഖീകരിച്ച ഓരോ അപകടത്തിനും ഇപ്പോൾ പ്രതിഫലം ലഭിച്ചതുപോലെ തോന്നി. ഈ ദുരിതാശ്വാസ സാധനങ്ങൾ ലഭിച്ചപ്പോൾ നമ്മുടെ സഹോദരങ്ങൾക്ക് അനുഭവപ്പെട്ട സന്തോഷത്തെക്കുറിച്ച് ഓർത്ത് ഞങ്ങൾ ആഹ്ലാദചിത്തരായി. അത് അവർക്കും ഞങ്ങൾക്കും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. എന്നാൽ ഞങ്ങളുടെ അടുത്ത ചിന്ത മടക്കയാത്രയെക്കുറിച്ചായി. കാരണം അതു ശരിക്കും ഒരു വെല്ലുവിളിയായിരുന്നു.
മടക്കയാത്ര
ഞങ്ങൾ ജനറലിനോടു ചോദിച്ചു: “ഞങ്ങൾ എങ്ങനെ തിരികെ പോകും?”
“വന്ന വഴിയേതന്നെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഞങ്ങൾ നന്നേ ക്ഷീണിച്ചവശരായിരുന്നു. ഇന്ധനം തീർന്നുകൊണ്ടിരിക്കുന്നു. മാററിയിടേണ്ടിവന്നാൽ വേറെ ടയർ ഇല്ല. അങ്ങനെയിരിക്കെ മഴയും. ചെളി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അസാധ്യം. ഞങ്ങൾക്കു തെക്കോട്ടു യാത്ര ചെയ്യാനാകുമോ എന്നു ഞങ്ങൾ ജനറലിനോടു തിരക്കി.
“അവിടെയാണു കനത്ത പോരാട്ടം നടക്കുന്നത്,” അദ്ദേഹം പറഞ്ഞു. “ഒരു എലിക്കുപോലും ആ വഴി പോകാനാവില്ല.” എങ്കിലും കുറച്ചു കഴിഞ്ഞ്, ഒരു പുനർവിചിന്തനത്തിനുശേഷം അദ്ദേഹം പറഞ്ഞു: “ഒന്നു ശ്രമിച്ചു നോക്കൂ. എങ്ങനെയായാലും നിങ്ങൾ ഇവിടംവരെ എത്തിയതല്ലേ.”
ഒരു ട്രക്ക് ഉപേക്ഷിച്ചിട്ട് അതിലെ ഇന്ധനം ഞങ്ങൾ മററു മൂന്നു ട്രക്കുകൾക്കുവേണ്ടി എടുത്തു. അർധരാത്രി അവിടംവിട്ട ഞങ്ങളുടെ യാത്ര വീണ്ടും വനത്തിലൂടെത്തന്നെയായി.
മടക്കയാത്രയിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഞങ്ങൾക്കു കടന്നുപോകേണ്ടിയിരുന്ന ഒരു പാലത്തിനരികിൽ ഒരു സൈനിക ട്രക്ക് വശംചരിഞ്ഞു കിടന്നതു ഞങ്ങൾക്കു തടസ്സമായി. എന്നാൽ അതിന്റെ ഒരു ചക്രം നീക്കിയാൽ പോകാനുള്ള ഇടം കിട്ടുമായിരുന്നെന്നു ഞങ്ങൾക്കു മനസ്സിലായി.
ആയുധധാരിയായ ഒരു പട്ടാളക്കാരനോടു ഞങ്ങൾ ഒരു അഭ്യർഥന നടത്തി. “ഞങ്ങൾ ഇതിന്റെ ഒരു ചക്രം ഊരി മാററിക്കോട്ടെ? പാലം കടന്നശേഷം ഞങ്ങൾ അതു തിരികെ പിടിപ്പിച്ചുതരാം.”
“ചക്രത്തിലെങ്ങാനും തൊട്ടാൽ പിന്നെ എന്റെ തോക്കിനു പണിയാകും,” ആയുധം ചൂണ്ടിക്കൊണ്ടു പട്ടാളക്കാരൻ പറഞ്ഞു.
കുറച്ചു കാപ്പിയുണ്ടാക്കി അതിൽ ഒരു കപ്പ് പട്ടാളക്കാരനു കൊടുത്താൽ നന്നായിരിക്കുമെന്നു ഞങ്ങൾക്കു തോന്നി. സ്സഗ്രബിൽ നടന്നതുപോലുള്ള 1991-ലെ സാർവദേശീയ സമ്മേളനങ്ങളെക്കുറിച്ച് മണിക്കൂറുകളോളം ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. അതിനുശേഷം, അദ്ദേഹത്തിന്റെ മനോഭാവത്തിന് അയവു വരുകയും ചക്രം മാററാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്തു.
യാബന്ളിററ്സയിൽവെച്ച് ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന വഴിയെക്കുറിച്ച് ഒരു കമാൻഡറുമായി സംസാരിച്ചു. ഞങ്ങൾ പറഞ്ഞത് അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. “നിങ്ങൾ നെരത്വാ താഴ്വരയിലൂടെ പോകാനുദ്ദേശിക്കുന്നെന്നോ?”
അദ്ദേഹം ആകെയൊന്നു പകച്ചതുപോലെ തോന്നി. വ്യത്യസ്ത സൈനികവിഭാഗങ്ങളുടെ പിടിയിലാണ് നെരത്വാ താഴവരയിലെ കുന്നിൻപ്രദേശങ്ങൾ. അവർ തമ്മിൽ അവിടെ നിരന്തരം വെടിവെയ്പാണ്. ഏകദേശം 16 കിലോമീററർ റോഡിൽ അപകടം പതിയിരിപ്പുണ്ട്. ജനറൽ പറഞ്ഞു: “അങ്ങനെയൊക്കെയാണു കാര്യങ്ങൾ, എന്നിട്ടും നിങ്ങൾ പോകാൻതന്നെയാണോ ഭാവം?”
ഗൗരവമായി ആലോചിച്ചിട്ട് ഞങ്ങളോടു പൊയ്ക്കൊള്ളാൻ അദ്ദേഹം പറഞ്ഞു—എന്നാൽ ഉദ്യോഗസ്ഥൻമാരുടെകൂടെ മാത്രമേ ആകാവൂ എന്ന് അദ്ദേഹം നിഷ്കർഷിച്ചു. പക്ഷേ, ആ ഉദ്യോഗസ്ഥൻമാർക്കു ഞങ്ങളോടൊപ്പം പോരാൻ മനസ്സില്ലായിരുന്നു! അവസാനം ഞങ്ങളൊരു അഭ്യർഥന നടത്തി, ഞങ്ങൾ കടന്നുപോകുന്ന വിവരം മറുവശത്തുള്ളവരെ ഒന്ന് അറിയിച്ചാൽ മാത്രം മതിയാകും എന്ന്. അങ്ങനെ അകമ്പടിയൊന്നുമില്ലാതെ അടുത്തദിവസം രാവിലെ പുറപ്പെടാമെന്നായി.
മനുഷ്യസ്നേഹപരമായ സഹായം എന്നു ഞങ്ങൾ ട്രക്കുകൾക്കുമേൽ വലിയ അക്ഷരത്തിൽ എഴുതിയൊട്ടിച്ചു. ഒരു പ്രാർഥന നടത്തിയിട്ട് ഞങ്ങൾ താഴ്വരയിലേക്കു വണ്ടിയോടിച്ചു. വെടിവെയ്പുണ്ടായാൽ വണ്ടിയുടെ വേഗത കൂട്ടി സംശയത്തിനിട നൽകില്ലെന്നു ഞങ്ങൾ കാലേക്കൂട്ടി തീരുമാനിച്ചിരുന്നു.
പാലം കടന്നു മറുകരയിലെത്തിയ ഞങ്ങൾ അടുത്ത താഴ്വരയിലേക്കുള്ള യാത്ര തുടർന്നു. ചത്ത മൃഗങ്ങളും തകർന്ന ട്രക്കുകളും ടാങ്കുകളും വഴിയരികിൽ കിടക്കുന്നതു കാണാമായിരുന്നു. പെട്ടെന്നായിരുന്നു ഞങ്ങൾ താഴെ ഒരു കാഴ്ച കണ്ടത്, നിലത്ത് മൈനുകൾ പാകിയിരിക്കുന്നു. കടന്നുപോകുക അസാധ്യം. ഞങ്ങൾ ട്രക്കിന്റെ ഹോൺ അടിച്ചുകൊണ്ടേയിരുന്നു. പാറക്കെട്ടുകളിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ടു പട്ടാളക്കാർ പുറത്തേക്കു തലനീട്ടി വിളിച്ചുചോദിച്ചു: “നിങ്ങൾ ആരാണ്? എന്തു വേണം?”
ഞങ്ങൾ ആരെന്നു പറഞ്ഞശേഷം വഴിയൊന്നു അപകടരഹിതമാക്കിത്തരാമോ എന്നു ചോദിച്ചു. അവർ സമ്മതിച്ചു. അങ്ങനെ വീണ്ടും യാത്ര ആരംഭിച്ചു. അവസാനം, ഞങ്ങൾ മറുവശത്തെത്തി.
ഞങ്ങളെ കണ്ടപ്പോൾ പട്ടാളക്കാർക്ക് അത്ഭുതമായി. ഒളിത്താവളങ്ങളിൽനിന്നു സാവധാനം പുറത്തുവന്ന അവർ തോക്കു ചൂണ്ടിക്കൊണ്ട് ട്രക്കിനടുത്തേക്കു വന്നു. ലൈസൻസ്പ്ലെയിററുകളും പെർമിററ് കടലാസ്സുകളുമൊക്കെ ഞങ്ങൾ കാണിച്ചു. യുദ്ധമേഖലയിലൂടെ യാത്ര ചെയ്തപ്പോൾ സുരക്ഷാകാരണങ്ങളാൽ ഞങ്ങൾ അവ മാററിവെച്ചിരുന്നു.
ഒരു പട്ടാളക്കാരൻ പറഞ്ഞു: “ആരും നിങ്ങളെ പ്രതീക്ഷിച്ചതല്ല. നിങ്ങൾ എങ്ങനെ ഇവിടെ എത്തി?”
ഞങ്ങൾ അഭ്യർഥിച്ചിരുന്നെങ്കിലും, ഞങ്ങൾ വരുന്ന വിവരം ഈ കേന്ദ്രത്തെ അവർ അറിയിച്ചിരുന്നില്ല! ഓഫീസർ തുടർന്നു പറഞ്ഞു: “ഞങ്ങൾ തോക്ക് എടുത്ത് നിറയൊഴിക്കാൻ തുടങ്ങുകയായിരുന്നു.”
എന്നിട്ട് എന്തേ നിറയൊഴിച്ചില്ല എന്നു ഞങ്ങൾ ചോദിച്ചു.
പട്ടാളക്കാരൻ മറുപടി പറഞ്ഞു: “എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. നിങ്ങളുടെ വിധിയാണെന്നാ തോന്നുന്നത്. ദൂരദർശിനിയിലൂടെ നോക്കിയപ്പോൾ ‘മനുഷ്യസ്നേഹപരമായ സഹായം’ എന്ന് എഴുതിയിരിക്കുന്നതു കണ്ടു. അതുകൊണ്ട്, എന്തു ചെയ്യണമെന്ന് അറിയാതെ ഞങ്ങൾ കുഴങ്ങി. അങ്ങനെ നിങ്ങൾ സുരക്ഷിതരായി എത്തി.” പിന്നീട്, സംരക്ഷണം നൽകിയതിനു ഞങ്ങൾ യഹോവക്കു ഹൃദയസ്പർശിയായ പ്രാർഥന കഴിച്ചു.
കഠോര സാഹചര്യങ്ങളാണെങ്കിലും നമ്മുടെ ബോസ്നിയൻ സഹോദരീസഹോദരൻമാരുടെ ആവേശം പ്രചോദനാത്കമാണ്. അവർ തങ്ങളുടെ പക്കലുള്ള ഭൗതിക വസ്തുക്കളും അതോടൊപ്പം വിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകളും പങ്കിടുന്നു. സ്സെനത്സയിൽ 2 പ്രത്യേക പയനിയർമാർ, 11 സഹായ പയനിയർമാർ, പുതുതായി സ്നാപനമേററ 14 പേർ എന്നിവർ ഉൾപ്പെടെ 40 സജീവ സാക്ഷികളുണ്ട്. സാരയെവോ നഗരത്തിൽ ഇപ്പോഴും താമസിക്കുന്ന 65 സാക്ഷികളും 4 സഹായ പയനിയർമാരും ചേർന്ന് മൊത്തം 134 ബൈബിളധ്യയനങ്ങൾ നടത്തുന്നു. ദൈവരാജ്യത്തെക്കുറിച്ചു മററുള്ളവരോടു സംസാരിച്ചുകൊണ്ട് സാക്ഷികൾ മാസംതോറും ശരാശരി 20 മണിക്കൂർ ചെലവിടുന്നു.
സത്യമായും, വിശ്വാസികളുടേതായ ഒരു ലോകവ്യാപക കുടുംബമാണ് യഹോവയുടെ സാക്ഷികൾ. തങ്ങളോടു വിശ്വാസത്തിൽ ബന്ധപ്പെട്ടവർക്ക്, അവരെ ഒരിക്കലും കണ്ടിട്ടുപോലുമില്ലെങ്കിലും, അവർ ജീവൻ പണയപ്പെടുത്തി സ്വമനസ്സാലെ ഉപകാരം ചെയ്യുന്നു. എന്തുകൊണ്ട്? എന്തെന്നാൽ അവർ അവരെ സ്നേഹിക്കുന്നു. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 13:35) തീർച്ചയായും, ബോസ്നിയയിലെ നമ്മുടെ വിശ്വാസ കുടുംബത്തിന്റെ കാര്യത്തിൽ ഇത് അങ്ങനെതന്നെയാണ്.
[24-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണ രൂപത്തിന് മാസിക കാണുക)
അഡ്രീയാട്ടിക് കടൽ
ഓസ്ട്രിയ
സ്ലൊവീനിയ
ഹംഗറി
ക്രൊയേഷ്യ
ബോസ്നിയ
ട്രാവ്നീക്
സ്സെനത്സ
സാരയെവോ
സെർബിയ
[ചിത്രങ്ങൾ]
ബോസ്നിയ, ഹെർട്സെഗോവിന എന്നിവിടങ്ങളിലേക്കു സഹായം എത്തിക്കുന്നു
[26-ാം പേജിലെ ചിത്രം]
മറിഞ്ഞുകിടക്കുന്ന ഒരു ട്രക്കിന്റെ സമീപത്തൂടെ മെല്ലെ കടന്നുപോകുന്നു