റുവാണ്ടയിലെ നമ്മുടെ സഹോദരങ്ങളുടെ സുധീരമായ വിശ്വാസം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിനാലിന്റെ ആരംഭത്തിൽ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽനിന്നു വിപുലമായ തോതിലുള്ള കൂട്ടക്കൊലയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേട്ട ലോകം ഞെട്ടിപ്പോയി. മൃഗീയമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. നൂററാണ്ടുകൾ പഴക്കമുള്ള കൊടുംപകയുടെ പാരമ്യമായിരുന്നു അത്.
നിയമവാഴ്ച സമ്പൂർണമായി തകർന്നതിനെത്തുടർന്ന്, റുവാണ്ടയിലുണ്ടായിരുന്ന 2,000-ത്തിലധികം യഹോവയുടെ സാക്ഷികൾക്കു ജീവൻ രക്ഷിക്കാൻ അവിടം വിട്ടുപോകേണ്ടിവന്നു. ഏതാണ്ട് 1,300 പേർ അടുത്തുള്ള സയർ, ടാൻസാനിയ എന്നിവിടങ്ങളിലുള്ള അഭയാർഥി ക്യാമ്പുകളിൽ വന്നുചേർന്നു. എന്നാൽ ചിലർക്കു സമയത്തു രക്ഷപെടാനായില്ല. മുതിർന്നവരും കുട്ടികളുമടക്കം നമ്മുടെ സഹോദരീസഹോദരൻമാരിൽ ഏകദേശം 400 പേർ ഭ്രാന്തൻ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നറിയിക്കാൻ ഞങ്ങൾക്കു വ്യസനമുണ്ട്. തീർച്ചയായും പോരാട്ടങ്ങളിൽ പങ്കെടുക്കാത്ത സാധാരണക്കാരായിരുന്നു അവരെല്ലാം. ഈ ധൈര്യശാലികളായ നിർമലതാ പാലകരുടെ നഷ്ടത്തിൽ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ദുഃഖിക്കുകയും ബൈബിളിന്റെ പുനരുത്ഥാന വാഗ്ദാനത്തിൽ ആശ്വാസം കൊള്ളുകയും ചെയ്യുന്നു.—യോഹന്നാൻ 11:25.
എങ്ങനെയാണ് അതിജീവിച്ച റുവാണ്ടൻ സഹോദരീസഹോദരൻമാർ പുലർന്നുപോന്നത്? സംഗതികൾ നേരിട്ട് അന്വേഷിക്കാൻ പല രാജ്യങ്ങളിൽനിന്നായി മൂപ്പൻമാരെ അയയ്ക്കുകയുണ്ടായി. “വളരെ അന്തസ്സോടും ധൈര്യത്തോടുംകൂടെ”യായിരുന്നു റുവാണ്ടൻ സഹോദരങ്ങൾ പ്രസ്തുത സ്ഥിതിവിശേഷത്തെ നേരിട്ടത് എന്ന് ഒരു റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, സഹോദരങ്ങൾ ആദ്യമായി ആവശ്യപ്പെട്ട സംഗതികളിലൊന്ന് ബൈബിൾ സാഹിത്യങ്ങളായിരുന്നു. ‘പല സംഗതികളുടെയും കടുത്ത ക്ഷാമം അവർക്കുണ്ടായിരുന്നെങ്കിലും ഭൗതിക സഹായത്തെക്കാൾ കൂടുതൽ അവരുടെ ശ്രദ്ധ ആത്മീയ ഭക്ഷണം ലഭിക്കുന്നതിലാണെന്നു തോന്നുന്നു’വെന്നു റിപ്പോർട്ടു പറയുന്നു. ക്യാമ്പിലെ അവസ്ഥകളെല്ലാം പ്രാകൃതമാണെങ്കിലും ‘ഏററവും വൃത്തിയുള്ള ഭാഗം നമ്മുടെ സഹോദരങ്ങൾ താമസിക്കുന്നിടമാണ്.’
ഭക്ഷണം, പുതപ്പുകൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, മരുന്ന് എന്നിവയ്ക്കുവേണ്ടിയുള്ള ഫണ്ട് വാച്ച് ടവർ സൊസൈററി ലഭ്യമാക്കി. ഫ്രാൻസിലുള്ള നമ്മുടെ സഹോദരൻമാർ ഔദാര്യപൂർവം സംഭാവന ചെയ്തു. ജൂൺ ആരംഭത്തോടെ ഏതാണ്ടു രണ്ടു ടൺ സാധനങ്ങൾ റുവാണ്ടയിലെ നമ്മുടെ ഈ ദരിദ്രരായ സഹോദരങ്ങൾക്ക് എത്തിച്ചുകൊടുത്തു.
ഈ സാഹചര്യങ്ങൾ നല്ല സാക്ഷ്യത്തിൽ കലാശിച്ചതിൽ അതിശയിക്കാനില്ല. സഹസാക്ഷികളിൽനിന്നു റുവാണ്ടൻ സഹോദരങ്ങൾക്ക് അത്തരം സഹായവും പിന്തുണയും ലഭിച്ചതും അതു മററുള്ളവരുമൊത്തു പങ്കുവെക്കാനായതും നിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഹൃദയസ്പർശിയായ അനുഭവമായിരുന്നു. ക്യാമ്പിൽ തങ്ങളുടെ മതത്തിലെ അംഗങ്ങളാൽ സന്ദർശിക്കപ്പെട്ട ഒരേ ഒരു കൂട്ടർ സാക്ഷികളായിരുന്നു എന്നു ചിലർ അഭിപ്രായപ്പെടുകപോലുമുണ്ടായി!
നമ്മുടെ റുവാണ്ടൻ സഹോദരങ്ങളുടെ ശോച്യാവസ്ഥ ഈ “അവസാന നാളു”കളിൽ മനുഷ്യർ “നിഷ്ഠൂര”രും “അക്രമാസക്തരു”മായിരിക്കുമെന്ന സംഗതി ഓർപ്പിക്കുന്നു. (2 തിമോത്തി 3:1-5; ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ശാരീരിക അപകടങ്ങളിൽനിന്നുള്ള അത്ഭുതകരമായ സംരക്ഷണം യഹോവയാം ദൈവം തന്റെ ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്നില്ല. എങ്കിലും, അവരുടെ ആത്മീയതയെയും താനുമായുള്ള ബന്ധത്തെയും സംരക്ഷിക്കുമെന്നും ഇപ്പോൾ കൊല്ലപ്പെടുന്നവരെ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കിടയിൽ ഉയിർപ്പിക്കുമെന്നും അവൻ വാഗ്ദാനം ചെയ്യുന്നുണ്ട്. (സങ്കീർത്തനം 91:1-10) പരിശോധനയുടെ ഈ സമയത്ത് അതിജീവിക്കുന്ന റുവാണ്ടൻ സഹോദരങ്ങളെ യഹോവ താങ്ങുകയും സഹായിക്കുകയും ചെയ്യുമാറാകട്ടെ എന്നു നമുക്കു തുടർന്നും പ്രാർഥിക്കാം.—സങ്കീർത്തനം 46:1.