യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററും—നൈജീരിയ
പശ്ചിമാഫ്രിക്കയുടെ തെക്കു ഭാഗത്തെ ഒടിവളവിൽ അകത്തേക്കു തള്ളിയും പുറത്തേക്ക് അല്പം ഉന്തിയുമാണ് നൈജീരിയ സ്ഥിതി ചെയ്യുന്നത്. ഭൂമദ്ധ്യരേഖയുടെ തൊട്ടു വടക്കായി ഗിനി ഉൾക്കടൽ തീരത്തുള്ള ഈ രാജ്യത്ത് 8 കോടി 80 ലക്ഷം നിവാസികളുണ്ട്.a
കഴിഞ്ഞ രണ്ടു സേവന വർഷങ്ങളിൽ വാച്ച് ടവർ സൊസൈററിയുടെ നൈജീരിയ ബ്രാഞ്ച് യുവജനങ്ങൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുകയുണ്ടായി. യഹോവയുടെ സാക്ഷികളുടെ സഭകളിൽ നടത്തിയ ഒരു സർവേ കാണിക്കുന്നത് 1992-ൽ നൈജീരിയയിൽ സുവാർത്ത പ്രസംഗിക്കാൻ ആരംഭിച്ചവരിൽ 80 ശതമാനം പേരും 10-നും 20-നും ഇടയ്ക്കു പ്രായമുള്ളവരായിരുന്നു എന്നാണ്. ഇക്കൂട്ടർതന്നെയായിരുന്നു ആ വർഷം സ്നാപനമേററവരിൽ 63 ശതമാനവും.
യുവാക്കൾ പയനിയർമാരാകാൻ എത്തിപ്പിടിക്കുന്നു
പയനിയർമാർ എന്നനിലയിൽ അനേകം യുവജനങ്ങൾ മുഴുസമയ പ്രസംഗവേലയിൽ പ്രവേശിക്കുന്നുണ്ട്. ഹന്നാ എന്നു പേരായ ഒരു പയനിയർ പറയുന്നു: “എന്റെ പഠനം തീരാറായ സമയത്ത്, പയനിയർസേവനസ്കൂളിൽ സംബന്ധിക്കുന്നവരെയൊക്കെ ഞാനൊന്നു പോയി സന്ദർശിക്കുകയുണ്ടായി. അവിടെ രണ്ടു വൃദ്ധസഹോദരിമാരെ കണ്ടതോടെ എന്റെ ചിന്ത പിന്നെ ഇങ്ങനെയായി, ‘ആ രണ്ടു പേർക്കു പയനിയറിങ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് എനിക്കും ചെയ്തുകൂടാ?’
“അതുകൊണ്ട്, പഠനം പൂർത്തിയാക്കിയശേഷം ഞാൻ പയനിയറിങ്ങിലേക്കു വന്നു. മൂന്നു മാസം കഴിഞ്ഞപ്പോൾ, 26 വയസ്സുകാരി ജോസഫീനെ കണ്ടുമുട്ടി. ഒരു ജുജു ആരാധകയായ അവൾ പറഞ്ഞു: ‘യഹോവയുടെ സാക്ഷികളായ നിങ്ങൾ ചീത്തയാളുകളാണ്. നിങ്ങൾ ക്രിസ്മസ്സ് ആഘോഷിക്കുകയോ സൗഭാഗ്യ രക്ഷാകവചങ്ങൾ ഉപയോഗിക്കുകയോ ചെയ്യാറില്ല.’ അവരോടൊത്തു ബൈബിൾ പഠിക്കാൻ തന്നെ അനുവദിക്കുന്നപക്ഷം അത്തരം സംഗതികൾ ഞങ്ങൾ ആചരിക്കാത്തതിന്റെ കാരണം ബോധ്യമാകുമെന്നു ഞാൻ ഉത്തരം പറഞ്ഞു. ഞാൻ വീണ്ടും ചെല്ലണമെന്ന് അവർ ആവശ്യപ്പെട്ടു. താമസിയാതെ, അവർ യോഗങ്ങൾക്കു വരാൻ തുടങ്ങി. അതോടെ അവർ ജീവിതത്തിൽ പല മാററങ്ങൾ വരുത്തുകയും ചെയ്തു. 1990 ഡിസംബറിൽ അവർ സ്നാപനമേററു. 1991 ആഗസ്ററ് മുതൽ ജോസഫീനും ഒരു പയനിയറാണ്. കഴിഞ്ഞ വർഷം പയനിയർസേവനസ്കൂളിൽ പങ്കെടുത്തപ്പോൾ അവർ എന്നെ സഹവിദ്യാർഥികൾക്കു പരിചയപ്പെടുത്തിയത് അവളുടെ ആത്മീയ അമ്മ എന്നു പറഞ്ഞാണ്!”
വീഡിയോയും രാജ്യഹാളും
സൊസൈററിയുടെ ഒരു വീഡിയോ നിമിത്തം ഒരു ചെറിയ സഭയ്ക്കു രാജ്യഹാൾ പണിയുന്നതിനുള്ള സ്ഥലം കിട്ടി. സ്ഥലം വാങ്ങാനുള്ള ശ്രമത്തിൽ നാലു സഹോദരൻമാർ സ്ഥലത്തെ പരമ്പരാഗത ഭരണാധിപനായ ഓനോജിയെ സമീപിച്ചു. 20,000 നൈറയ്ക്ക് [1,025 യു.എസ്. ഡോളർ] ഒരു സ്ഥലം തരാമെന്ന് അദ്ദേഹം പറഞ്ഞു. അത്രയും തുക കൊടുക്കാനുള്ള ധനശേഷി ആ സഭയ്ക്ക് ഇല്ലായിരുന്നു. കാരണം ഈ പദ്ധതിക്കുവേണ്ടി പണം മുടക്കാൻ ആകെയുണ്ടായിരുന്നത് 17 പ്രസാധകർ മാത്രമായിരുന്നു. മറെറാരു സ്ഥലം നോക്കാമെന്ന് ഓനോജി പറഞ്ഞു.
ഏതാനും മാസങ്ങൾ കഴിഞ്ഞു സഭയിലെ ഒരു മൂപ്പൻ ഓനോജിയുടെ വീടു സന്ദർശിച്ചു. തന്റെ കിരീടധാരണത്തിന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഓനോജിയോടു മൂപ്പൻ പറഞ്ഞു: “എന്റെ പക്കൽ ഒരു വീഡിയോ ഉണ്ട്. താങ്കൾ അതൊന്നു കാണണമെന്നാണ് എന്റെ ആഗ്രഹം. യഹോവയുടെ സാക്ഷികൾ—ആ പേരിന്റെ പിമ്പിലെ സ്ഥാപനം എന്നാണ് അതിന്റെ പേർ.”
പിന്നീട്, വീഡിയോയെക്കുറിച്ച് എന്തു തോന്നുന്നുവെന്ന് മൂപ്പൻ ഓനോജിയോടു ചോദിച്ചു. “ഞാൻ ആ ഫിലിം അഞ്ചു പ്രാവശ്യം കണ്ടു” എന്നായിരുന്നു ഓനോജി പറഞ്ഞത്. താൻ വീഡിയോയിൽ കണ്ട രാജ്യഹാളുകളെക്കുറിച്ചു ഓനോജിയെ ഓർമപ്പെടുത്തിയ മൂപ്പൻ പ്രാദേശിക സഭയ്ക്ക് അതുപോലൊന്നു പണിയാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തെ ധരിപ്പിച്ചു. എന്നിട്ട് അദ്ദേഹം ചോദിച്ചു, സഭയ്ക്ക് ഇപ്പോൾത്തന്നെ സ്വന്തമായുള്ള സ്ഥലത്തോടു തൊട്ടുകിടക്കുന്ന സ്ഥലത്തിൽ കുറച്ചു വാങ്ങാനാകുമോ എന്ന്. “കഴിഞ്ഞ രാത്രി വീഡിയോ കണ്ടശേഷം ഞാനും അതുതന്നെയാണ് വിചാരിച്ചത്” എന്ന് ഓനോജി മറുപടി പറഞ്ഞു. അതോടെ, അദ്ദേഹം സഭയുടെ സ്ഥലത്തോടു ചേർന്നുള്ള 6 മീററർ സ്ഥലം അളന്നുകൊടുത്തു. “ഇതു നിങ്ങൾ എടുത്തോളൂ” അദ്ദേഹം പറഞ്ഞു. നീളത്തിലാണെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ളത്രയും എടുക്കാം. ആധാരമെല്ലാം ശരിയാക്കിക്കൊള്ളൂ, ഞാൻ ഒപ്പിട്ടു തരാം.”
[അടിക്കുറിപ്പ്]
a കൂടുതലായ വിവരങ്ങൾക്കു യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടർ കാണുക.
[9-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1993 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 1,74,582
അനുപാതം: 1 സാക്ഷിക്ക് 507 പേർ
സ്മാരക ഹാജർ: 4,73,245
ശരാശരി പയനിയർ പ്രസാധകർ: 19,777
ശരാശരി ബൈബിളധ്യയനങ്ങൾ: 2,42,028
സ്നാപനമേററവരുടെ എണ്ണം: 8,888
സഭകളുടെ എണ്ണം: 3,289
ബ്രാഞ്ച് ഓഫീസ്: ഈഡോ സ്റേറററിലെ ബെനിൻ നഗരം