“ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനിലേക്കു സ്വാഗതം!
അതേ, യഹോവയുടെ സാക്ഷികളുടെ 1994-ലെ ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്കായുള്ള സമയം ഏതാണ്ട് അടുത്തിരിക്കുന്നു. 1994 ജൂൺമുതൽ 1995 ജനുവരിവരെ ലോകവ്യാപകമായി നൂറുകണക്കിനു നഗരങ്ങളിൽ കൺവെൻഷൻ പരിപാടികൾ നടത്തപ്പെടും—ആദ്യം വടക്കേ അമേരിക്കയിൽ, പിന്നെ പൂർവ-പശ്ചിമ യൂറോപ്പ്, ഏഷ്യ, മധ്യ-ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, സമുദ്ര ദ്വീപുകൾ എന്നിവിടങ്ങളിലും.
“ദൈവഭയം”!—എത്ര ചിന്തോദ്ദീപകമായ വിഷയം. ഇതു ജീവൻ അപകടത്തിലായ ഒരാളുടെ ആധിപൂണ്ട ഭീതിയല്ല, പിന്നെയോ, ദൈവത്തെക്കുറിച്ചുള്ള ഭയമാണ്, മനസ്സമാധാനവും സന്തോഷവും നൽകുന്ന ഭയമാണ്. “താഴ്മെക്കും യഹോവഭക്ഷിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു” എന്നു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 22:4) ദൈവത്തെ ഭയപ്പെടുന്നതു “ധനവും മാനവും ജീവനും” കൈവരുത്തുന്നത് എങ്ങനെയാണ്? പ്രസംഗങ്ങൾ, ചർച്ചകൾ, പ്രകടനങ്ങൾ, നാടകം എന്നിവ ഉൾക്കൊള്ളുന്ന കൺവെൻഷൻ വിഷയം മൂന്നു ദിവസങ്ങളിലായി വികസിപ്പിക്കപ്പെടുമ്പോൾ അതു വ്യക്തമായിത്തീരും.
‘നാം ഒരുമിച്ചു കൂടിവരുന്നത് ഉപേക്ഷി’ക്കരുത് എന്നു പൗലോസ് അപ്പോസ്തലൻ എഴുതി. (എബ്രായർ 10:25, NW) സഭാധ്യയനത്തിനും ആരാധനയ്ക്കുംവേണ്ടി ആഴ്ചയിൽ മൂന്നു പ്രാവശ്യം കൂടിവന്നുകൊണ്ട് യഹോവയുടെ സാക്ഷികൾ അതു ഗൗരവമായി എടുക്കുന്നു. എന്നിരുന്നാലും, വാർഷിക ഡിസ്ട്രിക്ററ് കൺവെൻഷൻ പ്രത്യേകതയുള്ളതാണ്. അവർ അതിനുവേണ്ടി പ്രതീക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയും അതു കഴിഞ്ഞാലോ അതേക്കുറിച്ചു മാസങ്ങളോളം സംസാരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മതം ഏതായാലും, അവരുടെ കൺവെൻഷനിൽ അവരോടൊപ്പം ചേരാൻ, ഊഷ്മളമായ ക്രിസ്തീയ കൂട്ടായ്മയും ജീവത്പ്രധാനമായ ആത്മീയ വിവരങ്ങളും ആസ്വദിക്കാൻ, ഞങ്ങൾ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. നിങ്ങൾക്ക് ഏററവും അടുത്തുള്ള കൺവെൻഷൻ എപ്പോൾ എവിടെവെച്ചു നടക്കും എന്നു നിങ്ങളോടു പറയാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽപ്പെട്ട ആർക്കും സന്തോഷമായിരിക്കും.