രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
അവൻ ബൈബിൾ-പരിശീലിത മനസ്സാക്ഷി പിൻപററി
“ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ” എന്ന് ഇസ്രായേൽ രാജാവായിരുന്ന ദാവീദ് പറഞ്ഞു. അദ്ദേഹം യഹോവയുടെ സഹായത്തിനുവേണ്ടി യാചിക്കുകയായിരുന്നു. (സങ്കീർത്തനം 26:11) നിർമലത കാത്തുകൊള്ളാൻ ദൈവം അദ്ദേഹത്തെ സഹായിക്കുകതന്നെ ചെയ്തു. സ്വർഗീയ പിതാവിന്റെ ഇഷ്ടം ചെയ്തതിന്റെപേരിൽ യഹോവ യേശുവിനെ അനുഗ്രഹിച്ചു. ബൈബിൾ-പരിശീലിത മനസ്സാക്ഷി പിൻപററി ദൈവേഷ്ടം ചെയ്യാൻ ദൃഢനിശ്ചയം ചെയ്ത, കൊളംബിയയിലെ ഒരു യുവാവിനെ അവിടുന്ന് അനുഗ്രഹിച്ചു. ഈ യുവാവ് സംഭവം ഇങ്ങനെ വിവരിക്കുന്നു:
“യഹോവയുടെ സാക്ഷികളോടൊപ്പം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയ സമയം. അന്നു ഞാൻ ഒരു കത്തോലിക്കാ സ്കൂളിലെ വിദ്യാർഥിയായിരുന്നു. എന്നിരുന്നാലും, കുർബാനയിൽ സംബന്ധിക്കുമ്പോൾ എന്റെ മനസ്സാക്ഷി എന്നെ അലട്ടുമായിരുന്നു. അതുകൊണ്ട്, ഞാൻ (ഒരു പുരോഹിതനായിരുന്ന) സ്കൂൾ പ്രിൻസിപ്പൽ, മാർഗദർശനം നൽകുന്ന ഉപദേഷ്ടാവ്, എന്റെ ഗ്രൂപ്പിന്റെ മോനിട്ടർ എന്നിവരോട് കുർബാനയിൽ സംബന്ധിക്കുന്നതിൽനിന്ന് എനിക്ക് ഒഴിവു നൽകണമെന്ന് അപേക്ഷിച്ചു. ഒഴിവ് കിട്ടി. പക്ഷേ അപ്പോഴും ചിലർ എന്നെ അതിൽ സംബന്ധിക്കാൻ നിർബന്ധിച്ചു. സ്നാപനമേററ് ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നതോടെ സമ്മർദം മുറുകി. സ്കൂളിൽനിന്ന് എന്നെ പുറത്താക്കിയാൽ വീട്ടിൽനിന്നും പുറത്താക്കുമെന്നു ഡാഡിയുടെ ഭീഷണിയുണ്ടായി. ഞാൻ ഒരു യൂണിവേഴ്സിററി ബിരുദം കരസ്ഥമാക്കി ഒരു വിദഗ്ധ ജീവിതവൃത്തിയിൽ ഏർപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.
“കത്തോലിക്കരുടെ കർത്തവ്യങ്ങൾ അനുഷ്ഠിക്കാൻ പരാജയപ്പെടുന്നവർക്കു പ്രിൻസിപ്പൽ ആവർത്തിച്ചാവർത്തിച്ചു മുന്നറിയിപ്പുകൾ നൽകി. വർഷാരംഭത്തിലെ കുർബാനയ്ക്കു സമയമായപ്പോൾ അതു തീരുവോളം ഞാൻ ഒളിച്ചിരുന്നു. എന്നിട്ട്, സ്കൂളും യഹോവയുടെ സാക്ഷികളും എന്ന ലഘുപത്രികയുടെ ഒരു പ്രതി (പുരോഹിതനായ) അധ്യാപകനു നൽകിയിട്ട്, യഹോവയുടെ സാക്ഷികളിൽ ഒരുവനെന്ന നിലയിൽ എനിക്കു കുർബാനയിൽ പങ്കെടുക്കാൻ കഴിയില്ലായിരുന്നു എന്നു ഞാൻ പറഞ്ഞു. ‘എന്നാൽപ്പിന്നെ വേറെ സ്കൂൾ നോക്കുന്നതായിരിക്കും നല്ലത്’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടാൽ പിതാവ് എന്നെ വീട്ടിൽനിന്ന് അടിച്ചിറക്കും. അത് എനിക്ക് അറിയാമായിരുന്നു. എങ്കിലും, ഞാൻ യഹോവയോടു പ്രാർഥിക്കുകയും സഹപാഠികൾക്കു നിരന്തരം നല്ല സാക്ഷ്യം കൊടുക്കുകയും ചെയ്തുപോന്നു.
“പിന്നെ അവധിക്കാലമായി. അതു കഴിഞ്ഞു സ്കൂളിൽ തിരിച്ചെത്തിയ സമയം. പതിവുപോലെ കുർബാനയ്ക്കു നേരമായി. കുമ്പസാരം കേൾക്കാൻ തയ്യാറായി പ്രിൻസിപ്പലും മററു പുരോഹിതൻമാരും പള്ളിക്കു മുന്നിൽത്തന്നെയുണ്ട്. പേടിച്ചരണ്ടുപോയ ഞാൻ അകത്തു പോയി ഇരുന്നു. പക്ഷേ എന്തോ മനസ്സാക്ഷി എനിക്ക് ഒരു സ്വസ്ഥതയും തന്നില്ല. പാട്ട് ആരംഭിച്ചപ്പോൾ ഞാൻ ചിന്തിച്ചു, ‘എനിക്കെന്താ ഇവിടെ കാര്യം? യഹോവയാണ് എന്റെ ദൈവം. ഒരു ഭീരുവായി അവിടുത്തെ വഞ്ചിക്കാൻ എനിക്കാവില്ല. എനിക്ക് അവിടുത്തെ തഴയാനാവില്ല. അവിടുന്ന് എന്നെ കൈവിടുകയില്ല.’ ഞാൻ ധൈര്യത്തിനുവേണ്ടി പ്രാർഥിച്ചു. എന്നിട്ട്, പള്ളിയിൽനിന്നിറങ്ങി കുമ്പസാരത്തിനുള്ള വരിയിൽ വന്നുനിന്ന ഞാൻ പ്രിൻസിപ്പലിന് അടുത്തെത്തിയപ്പോൾ അദ്ദേഹത്തോടു പറഞ്ഞു: ‘ടീച്ചർ, കുമ്പസാരിക്കാൻ ഞാൻ വരുന്നില്ല.’ അദ്ദേഹം പറഞ്ഞു: ‘ഞാൻ അങ്ങനെ ഊഹിച്ചായിരുന്നു.’ ഭവിഷ്യത്തുകൾ സഹിക്കാൻ ഞാൻ ഒരുക്കമാണ്, എന്നാൽ കുർബാനയിൽ പങ്കെടുക്കാൻ മനസ്സാക്ഷി എന്നെ അനുവദിച്ചില്ലെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ബൈബിളിൽനിന്നു പഠിച്ച സംഗതികൾക്കു വിപരീതം പോകാൻ എനിക്കായില്ല.
“അദ്ദേഹം എന്നെ തുറിച്ചുനോക്കി, പിന്നെ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ‘എനിക്കു നിന്നോടു ആദരവുതോന്നുന്നു. സാക്ഷികളായ നിങ്ങൾ ഓരോരുത്തരും ആദരവ് അർഹിക്കുന്നവരാണ്. നിങ്ങൾ ദൈവത്തിനു പ്രഥമസ്ഥാനം നൽകുന്നു, എന്തു സംഭവിച്ചാലും വേണ്ടില്ല നിങ്ങൾ അവിടുത്തെ കൽപ്പനകൾ അനുസരിക്കാൻ തയ്യാർ. അങ്ങനെതന്നെ ചെയ്തോളൂ. വളരെ നല്ല കാര്യമാണു നിങ്ങൾ ചെയ്യുന്നത്. ദൈവത്തോടു നിങ്ങൾ കാട്ടുന്ന തീക്ഷ്ണതയും സ്നേഹവും, എല്ലാ കത്തോലിക്കരും നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്. ഇനിമുതൽ ഞങ്ങളുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽനിന്നു നിന്നെ ഒഴിവാക്കിയിരിക്കയാണ്.’ എന്തൊരു സന്തോഷമായിരുന്നെന്നോ എനിക്ക്! ബൈബിൾ-പരിശീലിത മനസ്സാക്ഷിയെ അനുസരിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തെ യഹോവ അനുഗ്രഹിച്ചിരുന്നു.
“അടുത്ത ദിവസം പ്രിൻസിപ്പൽ വിദ്യാർഥികളോടായി പറഞ്ഞു: ‘മററുള്ള മതങ്ങൾ നമുക്കു മുമ്പിലാണ്. നാം അവരെപ്പോലെ തീക്ഷ്ണതയുള്ളവരല്ല, നമുക്കു ദൈവത്തോട് ആഴത്തിലുള്ള സ്നേഹമില്ല, മറെറല്ലാററിനും ഉപരിയായി അവിടുത്തെ സേവിക്കണമെന്ന ആഗ്രഹവുമില്ല, എന്തുകൊണ്ടാണു നാം അവരെപ്പോലെ അല്ലാത്തത്? ഇതൊക്കെ നമ്മുടെ ഹൃദയത്തിൽനിന്നു വരേണ്ട കാര്യമാണ്.’
“അവസാനം ആ പ്രിൻസിപ്പൽ റോമിലേക്കു സ്ഥലം മാറിപ്പോയി, ഞാൻ പങ്കെടുക്കാത്തതൊന്നും പുതിയ പ്രിൻസിപ്പൽ കാര്യമാക്കിയില്ല. എന്റെ പിതാവിന് വീടു വിട്ട് അകലേക്കു പോകേണ്ടിവന്നു. ബിരുദാനന്തരം മുഴുസമയ ശുശ്രൂഷ എന്ന ലക്ഷ്യംവെച്ചു പ്രവർത്തിക്കാനുള്ള അവസരം എനിക്കങ്ങനെ കൈവരുകയും ചെയ്തു.”
ബൈബിൾ-പരിശീലിത മനസ്സാക്ഷിയെ പിൻപററിയ ഈ യുവാവിനെ യഹോവ അനുഗ്രഹിച്ചു. അതുപോലെ അവിടുത്തെ ഇഷ്ടം നിറവേററാൻ തുനിയുന്ന സകലരെയും അവിടുന്ന് അനുഗ്രഹിക്കും.—സദൃശവാക്യങ്ങൾ 3:5, 6.