നിങ്ങളുടെ ആരാധനാരീതി പ്രാധാന്യമുള്ളതോ?
ഉച്ചവെയിലിൽ ചുട്ടുപൊള്ളുന്ന, ആഫ്രിക്കയിലെ ഒരു കൊച്ചുപട്ടണം. സമീപത്തുള്ള ഒരു താഴ്വരയിൽനിന്നു ഭ്രാന്തൻ രീതിയിലുള്ള മദ്ദളംകൊട്ടും പാട്ടും ആഹ്ലാദത്തിമർപ്പിൻ കൈകൊട്ടും കേൾക്കുന്നു. ഇത് ഏതെങ്കിലും ഒരു സാമൂഹിക ചടങ്ങല്ല. പരമ്പരാഗതമായുള്ള ആഫ്രിക്കൻ ആരാധനയാണത്. ഈ ഒച്ചയാകട്ടെ, അടുത്തുള്ള ഒരു കാരിസ്മാററിക് പള്ളിയിൽനിന്നു വരുന്ന, അവ്യക്ത ശബ്ദവുമായി കിടപിടിക്കുകയാണ്. അവിടെ ആഹ്ലാദപാരവശ്യത്തിലായ ആരാധകർ അത്ഭുത “രോഗശാന്തി” നടത്തുകയും അന്യഭാഷകളിൽ സംസാരിക്കുകയുമാണ്. ഇനി, പട്ടണത്തിന്റെ മറെറാരു ഭാഗമെടുത്താലോ, അവിടെയുമുണ്ടു മറെറാരു കൂട്ടം ആരാധകർ. മുഴങ്ങുന്ന ശബ്ദത്തിൽ ഒരു ബാങ്കുവിളിക്കാരൻ സഹമുസ്ലീം ആരാധകരെ പ്രാർഥനക്കായി ക്ഷണിക്കുന്നു.
അതേ, ആഫ്രിക്കയിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും നാനാവിധത്തിലുള്ള മതഭക്തി ദർശിക്കാവുന്നതാണ്. തലമുറകളായി തങ്ങളുടെ മതപരമായ പാരമ്പര്യങ്ങൾ പിൻപററുന്നതിൽ ആഫ്രിക്കക്കാർ സംതൃപ്തരായിരുന്നു. എന്നാൽ അങ്ങനെയിരിക്കെയാണ് വ്യത്യസ്ത യൂറോപ്യൻ രാജ്യങ്ങളുടെ സൈന്യങ്ങളും പിന്നാലെ ക്രൈസ്തവലോകത്തിന്റെ മിഷനറിമാരും എത്തിയത്. സകലരെയും നിർദാക്ഷിണ്യം “ക്രിസ്ത്യാനിയാക്കാൻ” ശ്രമിച്ച അവർ തദ്ദേശവാസികളുടെ പേരു പോലും വെറുതെ വിട്ടില്ല.
ഫലമോ? ഇറക്കുമതി ചെയ്ത വിശ്വാസങ്ങളുമായി പരമ്പരാഗത ആഫ്രിക്കൻ വിശ്വാസങ്ങളും ആചാരങ്ങളും കൂടിക്കുഴഞ്ഞ് ഒരു പുതിയ മതം ഉരുത്തിരിഞ്ഞു. ഇന്നുവരെയും അനേകം “ക്രിസ്തീയ” ആരാധകർ പരമ്പരാഗത രക്ഷാകവചങ്ങൾ, ഏലസ്സുകൾ എന്നിവ ഉപയോഗിക്കുന്നു. അതിലുമുപരി, ക്രൈസ്തവലോകത്തിന്റെ മിഷനറിമാർ സത്യക്രിസ്ത്യാനിത്വത്തെക്കുറിച്ച് അത്യധികം തെററായ ധാരണകൾ പരത്തി, അവശേഷിച്ചതാകട്ടെ, നീരസത്തിന്റേതായ പൈതൃകവും. ഇന്ന് ബൈബിളിനെതിരെ ആഫ്രിക്കക്കാരുടെ ഇടയിൽ കാണുന്ന കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന് ഒരു പരിധിവരെ ഉത്തരവാദിത്വം പേറേണ്ടത് അവരാണ്.
എന്നുവരികിലും, “ക്രിസ്ത്യാനിത്വ”ത്തിന്റെ അനേകം രൂപങ്ങൾ ഇപ്പോഴും വ്യാപകമായി ആചരിക്കപ്പെടുന്നുണ്ട്. ഈ അടുത്ത കാലത്തായി കാരിസ്മാററിക് മതസമൂഹങ്ങൾക്കു വിശേഷാൽ ജനശ്രദ്ധ ലഭിച്ചിരിക്കുന്നു; രോഗശാന്തി നൽകുന്ന സഭകൾ അനേകമായിരിക്കുന്നു. പിൻവരുന്ന സംഗതികൾ നിരീക്ഷിച്ചുകൊണ്ട് ഈ സഭകളുടെ ആകർഷകത്വം എന്തെന്ന് ഒരു പത്രപംക്തിയെഴുത്തുകാരി വിശദീകരിക്കുകയുണ്ടായി: ‘ആഫ്രിക്കൻ മതസങ്കല്പം ഏറിയപങ്കും പ്രയോജനവാദത്തിൽ അധിഷ്ഠിതമാണ്. ഒരു ആഫ്രിക്കക്കാരനെ സംബന്ധിച്ചിടത്തോളം മനുഷ്യ അസ്തിത്വത്തിനു നേരിട്ടു ഭൗതിക സംതൃപ്തി നൽകാൻ പ്രാപ്തിയുള്ളതായിരിക്കണം മതം. അതുകൊണ്ട്, ആത്മീയ മാർഗങ്ങൾ മിക്കവാറും സകലത്തിലും അനിവാര്യഘടകങ്ങളാണ് എന്നു വിശ്വസിക്കുന്ന ആഫ്രിക്കക്കാരന് ആത്മീയ [അഥവാ രോഗശാന്തി] സഭകളുടെ നടപടിക്രമങ്ങൾ അയാളുടെ ജീവിതരീതിയുടെ ആവശ്യങ്ങൾക്കു ചേർച്ചയിലായിവരുന്നു.’ എന്നുവരികിലും ദുഃഖകരമെന്നുപറയട്ടെ, കാരിസ്മാററിക് സഭകളിൽ പലതും പണമുണ്ടാക്കുന്ന സംരംഭങ്ങൾ മാത്രമാണെന്നു വ്യക്തമായി ബോധ്യമായിരിക്കുന്നു.
ഇന്ന്, 6,000-ത്തിലധികം മതവിഭാഗങ്ങൾ ആഫ്രിക്കയിൽ പ്രവർത്തിക്കുന്നുണ്ട്. രക്ഷയ്ക്കുള്ള താക്കോൽ കൈവശംവച്ചിരിക്കുന്നവരാണ് ഈ മതങ്ങളും മതവിഭാഗങ്ങളുമെല്ലാം എന്നു നിങ്ങൾക്ക് ഒരുപക്ഷേ തോന്നിയിട്ടുണ്ടാവാം. പക്ഷേ, വാസ്തവത്തിലുള്ള ചോദ്യമിതാണ്, ദൈവത്തിന് എങ്ങനെ തോന്നുന്നു?
‘ഏതു മതത്തിനും ദൈവത്തെ പ്രസാദിപ്പിക്കാനാവുമോ?’
ഈ വിഷയത്തിൽ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നിശ്ചയമായും നമുക്കു മാർഗനിർദേശം തരാതിരിക്കില്ല. (ആമോസ് 3:7; പ്രവൃത്തികൾ 17:26, 27) ദിവ്യ മാർഗനിർദേശം ബൈബിളിൽ കണ്ടെത്താനാവുമെന്നതിന് അനേകം തെളിവുകളുണ്ട്. ചിലർ പറയുന്നതുപോലെ, വെള്ളക്കാരുടെ പുസ്തകമല്ല ബൈബിൾ. വെള്ളക്കാരനോ കറുത്തവർഗക്കാരനോ ആയ ഒരു മനുഷ്യനും അതിന്റെ മഹത്ത്വം എടുക്കാൻ സാധിക്കുകയില്ല എന്നതാണു വാസ്തവം. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാ”ണെന്നു 2 തിമൊഥെയൊസ് 3:16 പറയുന്നു. ബൈബിളിന്റെ ശരിയായതും പ്രായോഗികവുമായ പ്രബോധനങ്ങൾ, അതിന്റെ മഹത്തായ പുരാണേതിഹാസങ്ങൾ, കൊടുംപകയോടെയുള്ള ആക്രമണത്തിലും അതിന്റെ അതിജീവനം, അതിന്റെ കൃത്യതയുള്ള പ്രവചനങ്ങൾ, ഗോളമാസകലമുള്ള അതിന്റെ അതുല്യ വിതരണം—ഇവയെല്ലാം അതിന്റെ ഗ്രന്ഥകർത്തൃത്വം ദിവ്യമാണെന്നതിനുള്ള വ്യക്തമായ തെളിവുകളാണ്.
ആ പുസ്തകം നമ്മെ എന്താണു പഠിപ്പിക്കുന്നത്? “സത്യദൈവ”മായി ഒരുവൻ മാത്രമേയുള്ളൂ എന്ന് അതു നമ്മോടു പറയുന്നു എന്നതാണ് ഒന്നാമത്തേത്. (യോഹന്നാൻ 17:3) അങ്ങനെയെങ്കിൽ, എങ്ങനെയാണു സകല മതങ്ങളിലും സത്യമുണ്ടാവുക? ദൈവം ആര്, എന്ത് എന്ന കാര്യം വരുമ്പോൾ മതസമൂഹങ്ങൾ പരസ്പരം ഏററുമുട്ടുന്നില്ലേ? ബൈബിൾ എഴുത്തുകാരനായ യാക്കോബ് “നിർമലവും യഥാർഥവുമായ മത”ത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി. (യാക്കോബ് 1:27, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) യഥാർഥ മതത്തെ തിരിച്ചറിയേണ്ട അത്യാവശ്യമുണ്ടെങ്കിൽ, വ്യാജമോ കപടമോ ആയ മതങ്ങൾ ഉണ്ടായിരുന്നേ പററൂ. ദൈവത്തെ പ്രാപിക്കാനുള്ള കേവലം വ്യത്യസ്തമായ പാതകൾ മാത്രമാണു സകല മതങ്ങളുമെന്ന ആശയത്തിന് ഇതു കടകവിരുദ്ധമാകും.
ആരാധനയ്ക്കായുള്ള സ്രഷ്ടാവിന്റെ നിലവാരങ്ങൾ
ദൈവത്തെ ആരാധിക്കേണ്ട ശരിയായ വിധം എന്താണ്? സൂക്ഷ്മ പരിജ്ഞാനത്തിൽ വേരൂന്നിയതായിരിക്കും യഥാർഥ ആരാധനയെന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. മഹാപ്രവാചകനായ യേശുക്രിസ്തു ഒരിക്കൽ ഒരു ശമര്യ സ്ത്രീയോടു പറഞ്ഞു: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു.” (യോഹന്നാൻ 4:22) ഒരുപക്ഷേ, ഇതു നിങ്ങളുടെ കാര്യത്തിലും വാസ്തവമായിരിക്കുമോ? സർവശക്തനായ ദൈവത്തിനു യഹോവ എന്നു വ്യക്തിപരമായ ഒരു നാമമുണ്ടെന്ന് ആരെങ്കിലും നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ? (സങ്കീർത്തനം 83:18) മനുഷ്യനെയും ഭൂമിയെയും സംബന്ധിച്ചുള്ള അവിടുത്തെ ഉദ്ദേശ്യം എന്താണെന്നു നിങ്ങൾക്ക് അറിയാമോ? (മത്തായി 6:9, 10; എഫെസ്യർ 1:9, 10; 3:11) മെച്ചപ്പെട്ട ഒരു ഭാവിയെ സംബന്ധിച്ച യാഥാർഥ്യബോധത്തോടുകൂടിയ ഒരു പ്രത്യാശ നിങ്ങളുടെ മതം നിങ്ങൾക്കു നൽകുന്നുണ്ടോ? ഒരു ക്രിസ്ത്യാനിയെന്നു നിങ്ങൾ സ്വയം വിചാരിക്കുന്നെങ്കിൽ, നിങ്ങളുടെ വിശ്വാസങ്ങൾ തിരുവെഴുത്തുകളിൽനിന്നു നിങ്ങൾക്കു വിശദീകരിക്കാനാവുമോ? അല്ലെങ്കിൽ നിങ്ങൾ ശരിക്കൊന്നു പരിശോധിച്ചുനോക്കാൻ സമയമെടുത്തിട്ടില്ലാത്ത, കേവലം കൈമാറിക്കിട്ടിയ ഒരു പൈതൃകമാണോ അവ?
നിങ്ങൾക്കു സൂക്ഷ്മ പരിജ്ഞാനം ഇല്ലെന്നു തോന്നുന്നെങ്കിൽ, ദൈവവചനമായ ബൈബിളിന്റെ പഠനത്തിലൂടെ നിങ്ങൾക്ക് അതു നേടാവുന്നതാണ്. വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്ന സംഗതികളുമായി സത്യാരാധകർ പരിചിതരായിരിക്കണമെന്നു യഹോവയാം ദൈവം പ്രതീക്ഷിക്കുന്നു. അതിലുപരി, അവർ അതു തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കണമെന്ന് അവിടുന്ന് പ്രതീക്ഷിക്കുന്നു. “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ പോലത്തെ മനോഭാവമായിരിക്കണം നമ്മുടേത്. (സങ്കീർത്തനം 119:105) ബൈബിളിനെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും നിങ്ങളുടെ മതം നിങ്ങളെ എത്രമാത്രം സഹായിച്ചിരിക്കുന്നു?
യേശുക്രിസ്തുവിലുള്ള വിശ്വാസമാണു സത്യാരാധനയുടെ മറെറാരു പ്രധാന സവിശേഷത. അവിടുന്ന് കേവലം ഒരു മഹാപ്രവാചകൻ മാത്രമല്ല, ദൈവത്തിന്റെ ഏകജാതനായ പുത്രനുംകൂടിയാണ്. “ജീവന്റെ മുഖ്യകാര്യസ്ഥനാ”ണു യേശു എന്നു തിരുവെഴുത്തുകൾ വ്യക്തമായി പ്രഖ്യാപിക്കുന്നു. (പ്രവൃത്തികൾ 3:15, NW; 4:12) യേശുവിൽ വിശ്വസിക്കുന്നുവെന്ന് അനേകർ അവകാശപ്പെടുന്നു. എന്നാൽ, അവരുടെ വിശ്വാസം എത്ര യാഥാർഥ്യമാണ്? ക്രിസ്തുവിലുള്ള യഥാർഥ വിശ്വാസം അവിടുത്തെ കല്പനകൾ അനുസരിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ഇതിനായി ദൈവംതന്നെ പ്രോത്സാഹിപ്പിക്കുന്നു, എന്തെന്നാൽ അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവി കൊടുപ്പിൻ.” (മർക്കൊസ് 9:7) അങ്ങനെ, സത്യാരാധകർ യേശുവിന്റെ കാലടികളോട് സാധ്യമാകുന്നത്ര അടുത്തു നടക്കാൻ പരിശ്രമിക്കുന്നു. (1 പത്രൊസ് 2:21) അവർ അങ്ങനെ ചെയ്യുന്ന ഒരു വിധം ഇതാണ്: അവിടുന്ന് തുടങ്ങിവെച്ച പരസ്യപ്രസംഗവേലയിൽ ഏർപ്പെടുന്നു എന്നത്. (മത്തായി 4:17; 10:5-7) ഈ വേലയിൽ വ്യക്തിപരമായ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങളുടെ മതം നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
സ്നേഹവും സത്യാരാധനയ്ക്ക് ഉണ്ടായിരിക്കേണ്ട മറെറാരു ഘടകമാണ്. യഹോവയാം ദൈവത്തെ സ്നേഹത്തിന്റെ ആളത്വംതന്നെയായി വർണിച്ചിരിക്കുന്നു. തന്റെ അനുഗാമികളുടെ ഇടയിലുള്ള സ്നേഹത്താൽ അവരെ തിരിച്ചറിയാനാവുമെന്നു യേശു പറഞ്ഞു. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 4:8) ഇന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന ആളുകളിൽ അനേക ലക്ഷങ്ങളുടെ കാര്യമെടുത്താൽ, സ്നേഹത്താൽ ലോകം ഏതാണ്ടു മുങ്ങിത്തുടിക്കേണ്ടതായിരുന്നില്ലേ? എന്നാൽ വാസ്തവമോ, ഏററവും സ്നേഹരഹിതമായ സ്ഥലമാണു നമ്മുടെ ലോകം എന്നു തെളിഞ്ഞിരിക്കുന്നു. ഈ നൂററാണ്ടിൽ മാത്രം യുദ്ധങ്ങൾ ലക്ഷക്കണക്കിനാളുകളുടെ ജീവിതം പിഴുതെറിഞ്ഞിരിക്കുന്നു. കുററകൃത്യങ്ങളും അക്രമവും ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, ‘സകലരും എന്റെ മതത്തിൽപ്പെട്ടവരായിരുന്നെങ്കിൽ ലോകം കൂടുതൽ സ്നേഹനിർഭരമായ ഒരു സ്ഥലമാകുമായിരുന്നോ?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക.
അവസാനമായി, സത്യാരാധകർ ദൈവത്തെ അറിയാത്ത ലോകത്തിൽനിന്നു വേർപെട്ടിരിക്കേണ്ടതാവശ്യമാണെന്നു ബൈബിൾ പ്രകടമാക്കുന്നു. നിർമലാരാധനയുടെ സൂക്ഷിപ്പുകാർ എന്നനിലയിൽ പുരാതന ഇസ്രായേൽജനതയെ ദൈവം തിരഞ്ഞെടുത്തപ്പോൾ അവർക്കു ചുററുമുണ്ടായിരുന്ന നിലവാരംകെട്ട ജനതകളുമായുള്ള അടുത്ത സഹവാസം ഒഴിവാക്കാൻ അവിടുന്ന് തന്റെ ജനത്തിനു മുന്നറിയിപ്പു നൽകുകയുണ്ടായി. (ആവർത്തനപുസ്തകം 7:1-6) അതുപോലെതന്നെയാണു യോഹന്നാൻ 17:16 [NW]-ൽ യേശുക്രിസ്തുവും തന്റെ അനുഗാമികളെക്കുറിച്ചു പറഞ്ഞിരിക്കുന്നത്: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” രാഷ്ട്രീയം, അധാർമികത, അത്യാർത്തിപൂണ്ട വ്യാപാരസമ്പ്രദായം അല്ലെങ്കിൽ ദൈവത്തെ അപമാനിക്കുന്ന ഏതെങ്കിലും തത്ത്വശാസ്ത്രങ്ങൾ എന്നിവയിലൊന്നും ദൈവത്തിന്റെ സത്യാരാധകർക്ക് ഒരു പങ്കും ഉണ്ടായിരിക്കില്ല. (യോഹന്നാൻ 18:36; 1 യോഹന്നാൻ 2:15-17) “ഈ വ്യവസ്ഥിതിക്ക് അനുരൂപരാകുന്നതു വിട്ടുകളയുക” എന്നു റോമർ 12:2-ൽ രേഖപ്പെടുത്തിയിരിക്കുന്ന കൽപ്പന അവർ അനുസരിക്കുന്നു. നിങ്ങളുടെ മതം നിങ്ങളെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത് ഇതാണോ?
സഹായം ലഭ്യമാണ്
അതേ, നിങ്ങൾ ആരാധിക്കുന്ന വിധം ദൈവത്തെ സംബന്ധിച്ചു പ്രാധാന്യമുള്ള കാര്യമാണ്. അവിടുത്തെ സംബന്ധിച്ചിടത്തോളം സത്യമതം ഒന്നേയുള്ളൂ. (എഫെസ്യർ 4:4-6) ബൈബിൾ പഠിപ്പിക്കുന്ന സംഗതികളിൽ ഏതാനും മുഖ്യാശയങ്ങളെയാണു നമ്മുടെ ഈ ഹ്രസ്വചർച്ച സ്പർശിച്ചിട്ടുള്ളത്. കൂടുതൽ പഠിക്കാൻ എന്തുകൊണ്ടു ശ്രമിച്ചുകൂടാ?
നിങ്ങൾ ഏതു മതപശ്ചാത്തലത്തിൽ വളർന്നുവരുന്നവരായാലും, ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കാകും. തീവ്രമായ ബൈബിൾ വിദ്യാഭ്യാസവേലയ്ക്ക് അവർ ഗോളമാസകലം പേരുകേട്ടവരാണ്. ബൈബിളിനെക്കുറിച്ച് ആഴത്തിലുള്ള ഒരു ഗ്രാഹ്യം നേടാൻ സകല വർഗത്തിലും മതപശ്ചാത്തലത്തിലുമുള്ള ആളുകളെ സഹായിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. (സദൃശവാക്യങ്ങൾ 2:1-6) നന്നായി ഗവേഷണം ചെയ്തിട്ടുള്ള ബൈബിൾ സാഹിത്യങ്ങൾ അവർ പ്രസിദ്ധീകരിക്കുന്നു.a വ്യക്തിപരമായ അടിസ്ഥാനത്തിൽ സൗജന്യമായി ബൈബിൾ പഠിപ്പിക്കാൻ അവർ നിങ്ങളുടെ ഭവനത്തിലേക്കു വരുകപോലും ചെയ്യും. ഈ ബൈബിൾ വിദ്യാഭ്യാസ പരിപാടിയിൽനിന്ന് ഇപ്പോൾ പ്രയോജനമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകൾ ലോകവ്യാപകമായിട്ടുണ്ട്. എന്തുകൊണ്ടു നിങ്ങൾക്കും അങ്ങനെ ചെയ്തുകൂടാ? തീർച്ചയായും, നിങ്ങൾ അതു ചെയ്യുന്നതു മർമപ്രധാനമാണ്, എന്തെന്നാൽ നിങ്ങൾ എങ്ങനെ ആരാധിക്കുന്നു എന്നതു പ്രാധാന്യമുള്ള സംഗതിയാണ്.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് 1990-ൽ പ്രസിദ്ധീകരിച്ച ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം എന്ന [ഇംഗ്ലീഷ്] പുസ്തകം അത്തരമൊരു പ്രസിദ്ധീകരണമാണ്. ലോകത്തിലെ മുഖ്യ മതങ്ങളെക്കുറിച്ചുള്ള ബുദ്ധിപൂർവകവും പണ്ഡിതോചിതവുമായ അതിലെ ചർച്ച അനേകമാളുകൾ വിലമതിച്ചിരിക്കുന്നു.
[5-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകത്തിന്റെ മിഷനറിമാർ സത്യക്രിസ്ത്യാനിത്വത്തെക്കുറിച്ച് അത്യധികം തെററായ ധാരണകൾ പരത്തി
[5-ാം പേജിലെ ചിത്രം]
കാരിസ്മാററിക് സഭകളിൽ പലതും പണമുണ്ടാക്കുന്ന സംരംഭങ്ങളാണ്
[6-ാം പേജിലെ ചിത്രം]
യേശുവിലുള്ള വിശ്വാസം സത്യാരാധനയുടെ ഒരു മർമപ്രധാന ഭാഗമാണ്
[7-ാം പേജിലെ ചിത്രം]
സൗജന്യ ഭവന ബൈബിളധ്യയനങ്ങളിലൂടെ സൂക്ഷ്മ പരിജ്ഞാനം നേടാൻ യഹോവയുടെ സാക്ഷികൾ ലക്ഷക്കണക്കിനാളുകളെ സഹായിക്കുന്നു