മതം നിങ്ങളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നുണ്ടോ?
വായു, വെള്ളം, ഭക്ഷണം, പാർപ്പിടം—സാർവത്രികമായി അംഗീകരിക്കപ്പെടുന്ന മാനുഷിക ആവശ്യങ്ങളാണിവ. അവ ലഭിക്കാതെവന്നാൽ നിങ്ങൾ ബുദ്ധിമുട്ടുകയും മരിക്കുകയും ചെയ്യും. എന്നിരുന്നാലും, വളരെക്കാലം മുമ്പ്, ഇസ്രായേൽ ജനതയുടെ നേതാവായിരുന്ന മോശ മമനുഷ്യന്റെ മറെറാരാവശ്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയുണ്ടായി, അതാകട്ടെ ഭക്ഷണത്തെക്കാൾ അല്ലെങ്കിൽ വെള്ളത്തെക്കാൾ വളരെയധികം പ്രാധാന്യമുള്ള ഒന്നായിരുന്നു താനും. മോശ പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”—ആവർത്തനപുസ്തകം 8:3.
ഈ ഗഹനമായ വാക്കുകളിലൂടെ മോശ നമ്മുടെ മതപരമായ അഥവാ ആത്മീയമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം പ്രകടമാക്കി. നമ്മുടെ ജീവിതംതന്നെ ആശ്രയിച്ചിരിക്കുന്നത് അവയെ തൃപ്തിപ്പെടുത്തുന്നതിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു! മരുഭൂമിയിലെ അവരുടെ 40 വർഷപരദേശവാസത്തിനിടയിൽ ഇസ്രായേൽ ജനത ജീവിച്ചത് അക്ഷരീയമായിത്തന്നെ ‘യഹോവയുടെ വായിൽനിന്നുള്ള വചനങ്ങൾ’ മുഖാന്തരമായിരുന്നു. അല്ലാത്തപക്ഷം ഒരു മാരകപീഡയാകുമായിരുന്ന അവസ്ഥയെയായിരുന്നു അവർ അതിജീവിച്ചത്. ദൈവകല്പനയാൽ ആകാശം അത്ഭുതകരമായി മന്നാ എന്നു പേരായ ഒരു ഭക്ഷണം പൊഴിച്ചു. അവരുടെ ദാഹം ശമിപ്പിക്കാൻ പാറയിൽനിന്നു വെള്ളം പൊട്ടിയൊഴുകി. എന്നാൽ ദൈവം അവരുടെ ഭൗതികാവശ്യങ്ങൾ ശ്രദ്ധിക്കുന്നതിലുമധികം ചെയ്തു. “ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചുവളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളർത്തുന്നു” എന്നു മോശ പറഞ്ഞു.—ആവർത്തനപുസ്തകം 8:4, 5; പുറപ്പാടു 16:31, 32; 17:5, 6.
ധാർമികമായോ മതപരമായോ ശരിയെന്ത്, തെറെറന്ത് എന്നു സ്വയമങ്ങു തീരുമാനിച്ചു മുന്നേറാനായിരുന്നില്ല ഇസ്രായേൽ ജനതയിൽനിന്നു പ്രതീക്ഷിച്ചത്. ദൈവത്തിൽനിന്നുതന്നെ അവർക്കു നിർദേശം ലഭിച്ചു. അവിടുന്ന് അവർക്കു മോശൈക ന്യായപ്രമാണം കൊടുത്തു. ആരോഗ്യകരമായ ഭക്ഷണക്രമം, കർശനമായ ശുചിത്വപരിപാലന നിയമം, തികച്ചും ന്യായമെന്നു തോന്നുന്ന ധാർമികവും മതപരവുമായ തത്ത്വങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സവിശേഷതയാർന്ന നിയമസംഹിതയായിരുന്നു അത്. അതുകൊണ്ട്, ദൈവം ഇസ്രായേലിന്റെ ആരോഗ്യവും ആത്മീയക്ഷേമവും സംബന്ധിച്ച നിലവാരം ഉയർത്തി. ‘യഹോവയുടെ വായിൽനിന്നുള്ള വചന’ങ്ങളാൽ അവർ ജീവിച്ചു.
അങ്ങനെ, ഇസ്രായേല്യർ മററു ജനതകളെ അപേക്ഷിച്ചു നേർവിപരീതമായ അവസ്ഥയിലായിരുന്നു. മോശയുടെ നാളിൽ ഈജിപ്ത് ലോകത്തിലെ ഒന്നാമത്തെ ശക്തിയായിരുന്നു. അങ്ങേയററം മതഭക്തിയുണ്ടായിരുന്ന ഒരു രാജ്യവുമായിരുന്നു അത്. വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നത് ഇങ്ങനെയാണ്: “പ്രകൃതിയുടെ ഓരോ ഘടകത്തെയും മമനുഷ്യന്റെ ഓരോ പ്രവർത്തനത്തെയും വ്യത്യസ്ത ദൈവങ്ങൾ (ദേവൻമാരും ദേവിമാരും) സ്വാധീനിച്ചിരുന്നു എന്ന് പുരാതന ഈജിപ്തുകാർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് അവർ ഒട്ടനവധി ദൈവങ്ങളെ ആരാധിച്ചു. . . . ഈജിപ്തിലെ ഓരോ നഗരത്തിലും പട്ടണത്തിലും ആളുകൾ തങ്ങളുടെ ശ്രേഷ്ഠ ദേവൻമാരെയും ഇഷ്ടദേവൻമാരെയും ആരാധിച്ചു.”
ഈ ബഹുദൈവാരാധന ഈജിപ്തുകാരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തിയോ? ഇല്ല. അന്ധവിശ്വാസത്തിലും തരംതാണ ലൈംഗിക നടപടികളിലും മുങ്ങിത്തുടിക്കുന്ന ഒരു നാടായിത്തീർന്നു ഈജിപ്ത്. ജീവനും ആരോഗ്യവും പരിപോഷിപ്പിക്കുന്നതിനു പകരം ഈജിപ്തുകാരുടെ ജീവിതരീതി അവർക്കു വരുത്തിവെച്ചതു “ദുർവ്യാധികളാ”യിരുന്നു. (ആവർത്തനപുസ്തകം 7:15) അപ്പോൾ ഈജിപ്തുകാരുടെ ദൈവങ്ങളെ “മ്ലേച്ഛവിഗ്രഹങ്ങൾ” എന്നു വിളിച്ചുകൊണ്ട് അവയെക്കുറിച്ചു ബൈബിൾ വെറുപ്പോടെ സംസാരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല.—യെഹെസ്കേൽ 20:7, 8.
സമാനമായ ഒരു സ്ഥിതിവിശേഷം ഇന്നുമുണ്ട്. മിക്കയാളുകൾക്കും ചുരുങ്ങിയത് ഏതെങ്കിലും തരത്തിലുള്ള ഒരു മതവിശ്വാസമുണ്ട്; ദൈവരഹിതരെന്നു സ്വയംവിശേഷിപ്പിക്കുന്നവർ നന്നേ ചുരുങ്ങും. എന്നുവരികിലും, മനുഷ്യവർഗത്തിന്റെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ മതം പൊതുവേ പരാജയപ്പെട്ടിരിക്കുകയാണ് എന്ന സംഗതി വളരെ വ്യക്തമാണ്. വാസ്തവത്തിൽ ആളുകൾ ജീവിക്കുന്നതു “യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകല വചനംകൊണ്ടു”മായിരുന്നുവെങ്കിൽ യുദ്ധം, വർഗീയവാദം, കടുത്ത പട്ടിണി തുടങ്ങിയ പ്രശ്നങ്ങൾ ഇന്നു സ്ഥിതിചെയ്യുമായിരുന്നോ? തീർച്ചയായും ഇല്ല! എന്നിട്ടും, തങ്ങളുടെ മതം മാറുന്നതിനെപ്പററി അധികമാരും ചിന്തിക്കാറില്ല. എന്തിന്, ചിലർ മതത്തെക്കുറിച്ചു ചർച്ചചെയ്യാൻ അല്ലെങ്കിൽ മതപരമായ പുതിയ ആശയങ്ങൾ ഒന്നു ശ്രദ്ധിക്കാൻപോലും കൂട്ടാക്കുന്നില്ല!
ഉദാഹരണത്തിന്, പശ്ചിമാഫ്രിക്കയിലെ ഘാനായിലുള്ള ഒരു മനുഷ്യൻ ഒരു ക്രിസ്തീയ ശുശ്രൂഷകനോടു പറഞ്ഞു: “യഹൂദൻമാരുടെ പ്രവാചകൻമാരിലൂടെ ദൈവം അവർക്കു തന്നെക്കുറിച്ചു വെളിപ്പെടുത്തിയതുപോലെ ഞങ്ങളുടെ ശക്തരായ പുരോഹിതൻമാരിലൂടെയും പുരോഹിതകളിലൂടെയും ആഫ്രിക്കക്കാരായ ഞങ്ങൾക്കു ദൈവം തന്നെക്കുറിച്ചു വെളിപ്പെടുത്തിത്തന്നിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ആഫ്രിക്കക്കാരായ ഞങ്ങളിൽ ചിലർ ഞങ്ങളുടെ പുരോഹിതൻമാരെ അംഗീകരിക്കാൻ പരാജയപ്പെടുന്നു, അതിനുപകരം അവർ യേശു, മുഹമ്മദ് എന്നിവരെയും മററു പലരെയും കുറിച്ചു സംസാരിക്കുന്നതു പരിതാപകരമാണ്.”
ആഫ്രിക്കയിലെ പല പരമ്പരാഗത സമൂഹങ്ങളും ക്രിസ്ത്യാനിത്വത്തെ വീക്ഷിക്കുന്നതു വെള്ളക്കാരുടെ മതമായിട്ടാണ്. അതു നൻമയെക്കാൾ വളരെയധികം ദോഷങ്ങൾ വരുത്തിവെച്ചിട്ടുള്ള ഇറക്കുമതിചെയ്യപ്പെട്ട ഒരു സമ്പ്രദായമാണെന്ന് അവർ കരുതുന്നു. എന്നാൽ കൊട്ടിയടയ്ക്കപ്പെട്ട ഒരു മനസ്സാണു നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കു തൃപ്തിവരാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് അതു സഹായമാകുമോ, അതോ തടസ്സമാകുമോ? ഒരു ആഫ്രിക്കൻ പഴഞ്ചൊല്ല് ഇങ്ങനെയാണു പറയുന്നത്: “വിശക്കുന്നു എന്നു വെച്ചു നിങ്ങൾ രണ്ടു കയ്യും ഭക്ഷണപ്പാത്രത്തിലേക്ക് ഇടാറില്ല.” ആ വിധത്തിൽ ഭക്ഷണം കഴിക്കുന്ന സ്വഭാവം ആചാരമര്യാദയുള്ളതല്ല, അപകടകരവുമാണ്—വിശേഷിച്ചും പാത്രത്തിൽ എന്താണുള്ളത് എന്നു നിങ്ങൾക്ക് അറിയില്ലെങ്കിൽ! എന്നിട്ടും, അനേകർ തങ്ങളുടെ മതം തിരഞ്ഞെടുക്കുന്നതു ചിന്തിച്ചുറപ്പിച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വികാരത്തിന്റെയോ കുടുംബ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലാണ്.
നിങ്ങളുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ആരാധന “നിങ്ങളുടെ ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധ സേവന”മായിരിക്കണം. (റോമർ 12:1, NW) കാര്യജ്ഞാനമുള്ളതും ബുദ്ധിപൂർവകവുമായ ഒരു തിരഞ്ഞെടുപ്പായിരിക്കണം അത്. അതുകൊണ്ട്, ഒരുവൻ മതം തിരഞ്ഞെടുക്കുന്ന സംഗതി നമുക്ക് ആഫ്രിക്കക്കാരുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് പരിശോധിക്കാം. എന്നിരുന്നാലും, ഏതുഭാഗത്തുള്ള വായനക്കാർക്കും താത്പര്യമുള്ളതായിരിക്കും അടുത്ത ലേഖനം.
[3-ാം പേജിലെ ചിത്രം]
മോശ നമ്മുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം പ്രകടമാക്കി
[4-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകത്തിന്റെ മിഷനറിമാരുമായുള്ള ആഫ്രിക്കക്കാരുടെ അനുഭവം ബൈബിളിനുനേരെ ചിലരുടെ മനസ്സിനെ കൊട്ടിയടച്ചിരിക്കുന്നു