സ്പെയ്നിൽ ഗ്രാമംതോറും പ്രസംഗിക്കുന്നു
യേശുക്രിസ്തു “പട്ടണംതോറും ഗ്രാമംതോറും [നഗരംതോറും ഗ്രാമംതോറും, NW] സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.” (ലൂക്കൊസ് 13:22) യേശുവും അവിടുത്തെ ശിഷ്യൻമാരും ശുശ്രൂഷ നിർവഹിക്കുന്നതിന് “പട്ടണംതോറും” മാത്രമല്ല എന്നാൽ “ഗ്രാമംതോറും”കൂടെ പ്രസംഗിച്ചു. പട്ടണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എളുപ്പമെങ്കിലും നാട്ടിൻപുറത്തുള്ള അനേകം ഗ്രാമങ്ങളെ അവർ ഒഴിഞ്ഞുമാറി കടന്നുപോയില്ല.a
സ്പെയ്നിലുള്ള യഹോവയുടെ സാക്ഷികൾ യേശു അഭിമുഖീകരിച്ചതരത്തിലുള്ള വെല്ലുവിളിയെ അഭിമുഖീകരിച്ചിരുന്നു. വിളവെടുപ്പിനു പാകമായ പ്രവർത്തിച്ചിട്ടില്ലാത്ത വിസ്തൃതമായ ഗ്രാമപ്രദേശങ്ങൾ 1970-ൽപോലും നിലവിലുണ്ടായിരുന്നു. (മത്തായി 9:37, 38) വടക്ക് മഴമലകളിലെ നൂറുകണക്കിനു ഗ്രാമങ്ങളിലും തരിശായ മധ്യസമതലങ്ങളിലും തീരപ്രദേശത്തും രാജ്യസന്ദേശം എത്തിയിരുന്നില്ല.
ഈ പ്രദേശങ്ങളിലേക്കു സുവാർത്ത കൊണ്ടെത്തിക്കാൻ കഠിന ശ്രമം ചെയ്യുന്നതിനു സ്പെയ്നിലുള്ള യഹോവയുടെ സാക്ഷികൾ തീരുമാനിച്ചുറച്ചിരുന്നു. എന്നാൽ രാജ്യസന്ദേശം ശ്രവിക്കുന്നതിന് ഈ പ്രദേശങ്ങളിലുള്ള ആളുകൾ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്? അവർ പ്രതികരിച്ചതെങ്ങനെ?
നിയമാംഗീകാരം ഗ്രാമസാക്ഷീകരണത്തിന് ഉത്തേജനം പകരുന്നു
സ്പെയ്നിൽ യഹോവയുടെ സാക്ഷികളുടെ വേല 1939-ലെ ആഭ്യന്തരകലഹത്തിന്റെ അവസാനം മുതൽ നിരോധിക്കപ്പെട്ടിരുന്നു. തീക്ഷ്ണതയുള്ള സാക്ഷികൾ 1950-കളിലും 1960-കളിലും തങ്ങളുടെ സാന്നിധ്യം അധികം ശ്രദ്ധിക്കപ്പെടുകയില്ലാതിരുന്ന പട്ടണങ്ങളിൽ ജാഗ്രതയോടെ പ്രസംഗിച്ചു. ഒടുവിൽ 1970-ൽ തങ്ങളുടെ വേല നിയമപരമായി അംഗീകരിച്ചപ്പോൾ സ്പെയ്നിൽ ഏകദേശം 10,000 രാജ്യപ്രസാധകർ ഉണ്ടായിരുന്നു. അവരിൽ എല്ലാവരുംതന്നെ നഗരങ്ങളിലും വലിയ പട്ടണങ്ങളിലും താമസിച്ചിരുന്നു എന്നാൽ, സ്പെയ്നിലെ ഗ്രാമങ്ങളും രാജ്യസന്ദേശം കേൾക്കേണ്ട ആവശ്യമുണ്ടായിരുന്നു. ആ വെല്ലുവിളിയെ ആർ നേരിടും?
സുവാർത്തയുമായി ഈ ഉപദീപിന്റെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരുന്നതിന് 1970-കളിൽ ഒരു പ്രചരണപര്യടനം സമാരംഭിക്കപ്പെട്ടു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ആവശ്യം വിവരിച്ചുകൊണ്ട് 1973 മുതൽ 1979 വരെ മിക്കവാറും എല്ലാ മാസങ്ങളിലും യഹോവയുടെ സാക്ഷികളുടെ സഭകൾക്കുവേണ്ടിയുള്ള പ്രതിമാസ സേവന പ്രസിദ്ധീകരണമായ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേക അറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടു. മനസ്സൊരുക്കവും ചുമതലാബോധവുമുള്ള അനേകം കുടുംബങ്ങൾ ആ ആഹ്വാനത്തിന് ഉത്തരം കൊടുക്കുകയും ആവശ്യം കൂടുതലുണ്ടായിരുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതിനു സന്നദ്ധരാകുകയും ചെയ്തു.
അതിനു മാതൃകയാണ് റൊസെൻഡൊയുടെയും ഭാര്യ ലൂസിയുടെയും ദൃഷ്ടാന്തം. അവരെ പ്രത്യേക പയനിയർമാരായി (മുഴുസമയ രാജ്യ പ്രസംഗകർ) സ്പെയ്നിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു മുക്കുവ ഗ്രാമത്തിലേക്കയച്ചു, മാതാപിതാക്കളായപ്പോൾ ആ പ്രദേശത്തുതന്നെ താമസിക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു. “ഞങ്ങൾ വളരെ പ്രയാസകരമായ കാലഘട്ടങ്ങളിലൂടെ കടന്നുപോയി എന്ന് എനിക്കു പറയേണ്ടിയിരിക്കുന്നു” എന്നു റൊസെൻഡോ സമ്മതിച്ചുപറയുന്നു. “തൊഴിൽ കണ്ടെത്തുക പ്രയാസകരമായിരുന്നു, എന്നാൽ ഞങ്ങൾ യഹോവയിൽ ആശ്രയിച്ചു, തത്ഫലമായി ഒരിക്കലും വിശപ്പുള്ളവരോ തലചായ്ക്കാൻ ഇടമില്ലാത്തവരോ ആയി കഴിഞ്ഞുകൂടിയില്ല. തീർച്ചയായും അതുകൊണ്ടു പ്രയോജനമുണ്ടായി.” സ്പെയ്നിന്റെ ഈ പ്രദേശത്തു വർഷങ്ങൾകൊണ്ടു നാലു സഭകളുടെ രൂപീകരണത്തിനു സഹായം നൽകുന്നതിന് അവർക്കു കഴിഞ്ഞു.
‘യോഗ്യതയുള്ളവർ ആരെന്ന് അന്വേഷിക്കുക’
ഓരോ പട്ടണത്തിലും ഗ്രാമങ്ങളിലും യോഗ്യതയുള്ളവർ ആരെന്ന് “അന്വേഷിപ്പിൻ” എന്ന് യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു. (മത്തായി 10:11) അൽകോയിൽനിന്നുള്ള (അലികാൻറ്) ഒരു സഹോദരനായ ആൻകെൽ കണ്ടെത്തിയതുപോലെ, സ്പെയ്നിന്റെ ഗ്രാമപ്രദേശങ്ങളിൽ അന്വേഷണം നടത്തുന്നതിനു ശുഷ്കാന്തിയും മുൻകൈയെടുക്കലും ആവശ്യമായിരുന്നു. അദ്ദേഹം മാസീയാസ് ഗ്രാമത്തിലെ ചില ഭവനങ്ങൾ സന്ദർശിച്ചുകഴിഞ്ഞ ഉടനെ ഒരു കോഴി കൂവുന്ന ശബ്ദം കേട്ടു. അദ്ദേഹം വിചാരിച്ചു, “ഒരു കോഴിയുണ്ടെങ്കിൽ അവിടെ എവിടെയെങ്കിലും ഒരു വീടും കാണണം—നമ്മുടെ ശ്രദ്ധയിൽപ്പെടാതെപോയ ഒരു വീടുതന്നെ.” ചുററുപാടും അന്വേഷിച്ചശേഷം ആൻകെൽ ഒരു കുന്നിൻപുറത്തിന്റെ അരികിലൂടെ ഒടുവിൽ ഒററപ്പെട്ട ഒരു വീട്ടിലേക്കുള്ള ഒരു നടപ്പാത കണ്ടെത്തി.
ഈ കളപ്പുരയിൽ താമസിച്ചിരുന്നത് തങ്ങളുടെ 60-കളിൽ എത്തിയ കൊസെയും ഡൊളൊറെസും ആയിരുന്നു. അവർ ആങ്ങളയും പെങ്ങളും ആയിരുന്നു. അവർ വളരെ ഏകാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ട് ഒരു ബൈബിളധ്യയനത്തിനുള്ള ക്ഷണം തത്ക്ഷണം സ്വീകരിച്ചു. എഴുത്തും വായനയും വശമില്ലാഞ്ഞ ഈ എളിയവരുമൊത്ത് അധ്യയനം നടത്തുക അത്ര എളുപ്പമായിരുന്നില്ല, സകലതും സ്പാനിഷ് ഭാഷയിൽനിന്ന് അവർക്കു മനസ്സിലാകുമായിരുന്ന ഒരേയൊരു ഭാഷയായ വാലെൻസ്യൻ ഭാഷയിലേക്കു തർജമ ചെയ്യേണ്ടതായും വന്നു. കൂടാതെ, തങ്ങളുടെ അയൽവാസികളിൽനിന്ന് അവർ നിസാരമല്ലാത്ത എതിർപ്പിനെ അഭിമുഖീകരിച്ചു. ഈ തടസ്സങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും കൊസെയും ഡൊളൊറെസും സത്യത്തിൽ പുരോഗമിച്ചു. യോഗങ്ങൾക്കു ഹാജരാകാൻ മലമുകളിലൂടെ നീണ്ട വഴിദൂരം സഞ്ചരിക്കേണ്ടിവന്നതും അവർ പ്രശ്നമാക്കിയില്ല. ക്രമേണ അവർ സ്നാപനത്തിനു യോഗ്യരായി, അവർ രണ്ടുപേരും യഹോവയെ വിശ്വസ്തയോടെ സേവിക്കുന്നതിൽ തുടരുന്നു.
വടക്കു പടിഞ്ഞാറൻ സ്പെയ്നിൽ മോവാന്യക്ക് അടുത്തുള്ള ഒരു ഒററപ്പെട്ട വീട്ടിൽ തളർവാതം പിടിപെട്ട ഒരു വ്യക്തി സത്യം സ്വീകരിച്ചതെങ്ങനെയെന്നു നേരത്തെ സൂചിപ്പിച്ച റൊസെൻഡൊയും ലൂസിയും അനുസ്മരിക്കുന്നു. ആ സ്ത്രീയുടെ പേര് മാരിയ എന്നായിരുന്നു. കുട്ടിക്കാലത്തു പോളിയോ ബാധിച്ച കാരണത്താൽ അവർക്കു വായിക്കുന്നതിനോ എഴുതുന്നതിനോ കഴിയാതെ വർഷങ്ങളായി ശയ്യാവലംബയായിരുന്ന അവസ്ഥയിലാണ് അവർ സാക്ഷികളോട് ആദ്യമായി സംസാരിക്കുന്നത്. അന്നവർക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. റോഡിൽനിന്ന് ഏകദേശം രണ്ടു മൈൽ ദൂരെയായിരുന്നു അവരുടെ വീട്. എന്നിരുന്നാലും, ബൈബിൾ പഠിക്കുന്നതിന് അവർ ഉത്സുകയായിരുന്നു, യഹോവയെ സേവിക്കുന്നതിനുള്ള അവരുടെ തീരുമാനം പെട്ടെന്നു പ്രകടമായി. സഭയുടെ അർപ്പണബോധത്തോടെയുള്ള ശ്രമങ്ങളുടെ ഫലമായി മാരിയ എഴുതാനും വായിക്കാനും പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്തു. സഹോദരങ്ങൾ അവരെ വീട്ടിൽനിന്ന് 200 മീററർ അകലെയുള്ള ടാറിടാത്ത ഇടവഴിവരെ എടുത്തുകൊണ്ടുപോയിരുന്നു. വഴിയിലെത്തിക്കഴിഞ്ഞ് മെല്ലെ അവരെ കാറിൽ ഇരുത്തുമായിരുന്നു. ആദ്യകാലങ്ങളിൽ കുടുംബത്തിൽനിന്ന് എതിർപ്പുണ്ടായിരുന്നിട്ടും സ്നാപനഘട്ടത്തോളം അവർ പുരോഗമിച്ചു. അവരുടെ ആത്മീയ നേട്ടങ്ങൾ അവർക്കു നൽകിയ ആത്മവിശ്വാസം ഹേതുവായി ഒരു പ്രത്യേകവിധം സംവിധാനം ചെയ്ത കാർ ഓടിക്കുന്നതിന് ഇപ്പോൾ അവർ പഠിക്കുകയും അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു. “മാരിയായെപ്പോലുള്ള ആളുകളെ സഹായിക്കാൻ കഴിയുന്നത് ഏതു ത്യാഗത്തെയും മൂല്യവത്താക്കിത്തീർക്കുന്നു” എന്ന് റൊസെൻഡൊ വിശദീകരിക്കുന്നു.
ബൈബിൾ വായനക്കാർ താമസമെന്യേ പ്രതികരിക്കുന്നു
സ്പെയ്നിലെ പൊതുജനങ്ങൾക്ക് 1970-കളിൽ ബൈബിൾ ആദ്യമായി ലഭ്യമായി. അനേകം സ്പെയ്ൻകാർ ബൈബിളിന്റെ ഒരു പ്രതി വാങ്ങുകയും തിരുവെഴുത്തുകൾ വായിക്കാൻ തുടങ്ങുകയും ചെയ്തു. മെദിനാ ദെൽ കോംബൊയിൽനിന്നുള്ള (വലദോലിഡ) പിലോർ, യഹോവയുടെ സാക്ഷികൾ 1973-ൽ ആദ്യമായി അവരുടെ പട്ടണം സന്ദർശിക്കുന്നതിനു മുമ്പുതന്നെ ബൈബിൾ വായിക്കുന്നുണ്ടായിരുന്നു. ഒരു കത്തോലിക്കാ മതവിശ്വാസി ആയിരുന്നതുകൊണ്ടു സാക്ഷികളിൽനിന്നു പുസ്തകം സ്വീകരിക്കുന്നതിൽ അവർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, ബൈബിൾ മനസ്സിലാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. തത്ഫലമായി തന്റെ ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനു പ്രതിവാര ചർച്ചകൾക്ക് അവർ സമ്മതംമൂളി.
വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിച്ച സാഹിത്യങ്ങൾ നല്ലവണ്ണം പ്രയോജനപ്പെടുത്തിക്കൊണ്ട്, പിലോറിനെ സന്ദർശിച്ച പയനിയർ സഹോദരിക്ക് അവരുടെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു കഴിഞ്ഞു. താൻ പഠിക്കുന്ന കാര്യങ്ങളിൽ മതിപ്പുളവായതിനാൽ ഏതാനും വാരങ്ങൾക്കു ശേഷം നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ടു ബൈബിൾ പഠിക്കുന്നതിനു പിലോർ സമ്മതിച്ചു. സത്യംപുസ്തകത്തിന്റെ പഠനം പൂർത്തിയാക്കുന്നതിനുമുമ്പ് അവർ മുഴു ബൈബിളും വായിച്ചുതീർക്കുകയും താൻ സത്യം കണ്ടെത്തിയെന്ന് അവർക്കു ബോധ്യമാവുകയും ചെയ്തു. അവർ, മെദിനാ ദെൽ കോംബൊയിലെ ആദ്യത്തെ സാക്ഷിയായിത്തീർന്നു. ഇന്നവിടെ ഒരു നല്ല രാജ്യഹാളും 63 പ്രസാധകരും ഉണ്ട്.
തങ്ങളുടെ “ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധമുള്ള”വരും ദൈവത്തിന്റെ ഹിതം എന്തെന്നു മനസ്സിലാക്കാനുള്ള ശ്രമത്തിൽ നിരന്തരം ബൈബിൾ വായിക്കുന്നവരുമായ ആളുകളെ സ്പാനിഷ് സാക്ഷികൾ ഇപ്പോഴും കണ്ടെത്തുന്നു. (മത്തായി 5:3) ഒരു മുൻകാല കത്തോലിക്കാ മതവിശ്വാസിയും സുമായയിലെ (വടക്കൻ സ്പെയ്ൻ) ഇടവകയിൽ വേദോപദേശം പഠിപ്പിച്ചുകൊണ്ടിരുന്നവളുമായ പേപി അടുത്തുള്ള ഒരു ഗ്രാമത്തിൽ പ്രസംഗവേല ചെയ്യുന്നതിനിടയിൽ ഇടവക പാതിരിയെ കണ്ടുമുട്ടി.
പാതിരി അവരോടു പറഞ്ഞു, “പേപീ, നിങ്ങൾ സമയം പാഴാക്കുകയാണ്.” “ഈ ഇത്സിയാർ ഗ്രാമത്തിൽ വെറും രണ്ടാളുകൾ—ഒരു വിവാഹിത ദമ്പതികൾ— മാത്രമേ ആത്മീയമായി ചായ്വുള്ളവരായിട്ടുള്ളു. ബാക്കിയുള്ളവരെല്ലാം ഒരു ശീലത്തിന്റെപേരിൽ പള്ളിയിൽ പോകുന്നുവെന്നേ ഉള്ളു.”
പേപി പറഞ്ഞു, “കൊള്ളാം, ആത്മീയമായി ചായ്വുള്ള രണ്ടാളുകൾ ഉണ്ടെങ്കിൽ അവർ യഹോവയുടെ സാക്ഷികളായിത്തീരും.”
ആ ഗ്രാമം പ്രവർത്തിച്ചു തീരുന്നതുവരെ മററു സഹോദരങ്ങളോടൊപ്പം പേപി വീടുതോറുമുള്ള തന്റെ പ്രസംഗവേല തുടർന്നു. പ്രതീക്ഷിച്ചപോലെ ഒരു ഒററപ്പെട്ട വീട്ടിൽ പാതിരി സൂചിപ്പിച്ച അതേ ദമ്പതികളെ സഹോദരങ്ങൾ കണ്ടെത്തി. അവർ ബൈബിൾ വായിക്കുന്നുണ്ടെങ്കിലും അതു മനസ്സിലാകുന്നില്ലായിരുന്നു. അവർ ഒരു ബൈബിളധ്യയനത്തിനുള്ള ക്ഷണം ഉത്സാഹത്തോടെ സ്വീകരിക്കുകയും അതിശീഘ്രം പുരോഗമിച്ച് 1991 ഏപ്രിലിൽ സ്നാപനമേൽക്കുകയും ചെയ്തു.
ഹൃദയപരമാർഥതയുള്ള ചില ആളുകൾ വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിച്ച ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ സ്വന്തമായി വായിച്ചുകൊണ്ടും സത്യം പഠിച്ചു. ദൃഷ്ടാന്തത്തിന്, അൽമഡെനിൽ (സിയുഡാഡ് റീൽ) നിന്നുള്ള സാക്ഷികൾ ചെറിയ പട്ടണമായ സിറൂലാസിൽ (ബാഡാജോസ്) പ്രസംഗിക്കുമ്പോഴാണു തങ്ങളുടെ സന്ദേശം ഏകാഗ്രതയോടെ ശ്രദ്ധിച്ച ഒരു സ്ത്രീയെ കണ്ടെത്തിയത്. അവരിൽ പ്രകടമായിക്കണ്ട താത്പര്യത്തെ മുൻനിർത്തി അവർ ഒരു ഭവന ബൈബിളധ്യയനം വാഗ്ദാനം ചെയ്തു. പ്രായംചെന്ന ഒരാൾ അവരെ ബൈബിൾ പഠിപ്പിക്കുന്നുണ്ടെന്നുപറഞ്ഞ് അവർ അതു നിരസിച്ചു. ആ ഭാഗത്തുള്ള മററനേകരും അതേ സംഗതിതന്നെ പറഞ്ഞു. സഹോദരങ്ങളുടെ ജിജ്ഞാസ വർധിക്കുകയും അവർ പ്രായംചെന്ന ആളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മേൽവിലാസം കൈപ്പററുകയും അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു.
ഫെലിപ്പെ എന്നു പേരുള്ള ഈ മനുഷ്യൻ, നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം മാഡ്രിഡിൽവെച്ചു വാങ്ങിയെന്ന വസ്തുത അവരെ ആശ്ചര്യഭരിതരാക്കി. അതു വായിച്ചുകഴിഞ്ഞപ്പോൾ അയൽക്കാരുമായി സുവാർത്ത പങ്കിടുക എന്നതു തന്റെ കർത്തവ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട്, അവരെ ബൈബിൾ പാഠങ്ങൾ പഠിപ്പിക്കുന്നതിന് അദ്ദേഹം ഈ പുസ്തകം ഉപയോഗിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിക്കുന്നതിനു സഹോദരങ്ങൾ ക്രമീകരണം ചെയ്തു. അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയും ബൈബിളധ്യയനത്തിനു സമ്മതിച്ചു. എൺപതു വയസ്സിൽ നല്ല ആരോഗ്യമില്ലെങ്കിലും ഫെലിപ്പെ സത്യത്തിൽ നല്ലവണ്ണം പുരോഗമിക്കുന്നുണ്ട്.
മുൻവിധികൾ തരണം ചെയ്യൽ
ഗ്രാമപ്രദേശങ്ങളിൽ തനതായ ചില പ്രശ്നങ്ങൾ നിലകൊള്ളുന്നു. അങ്ങനെയുള്ള പ്രദേശങ്ങൾ മതസമ്പ്രദായങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ശക്തികേന്ദ്രങ്ങളായിരിക്കും. ഗ്രാമങ്ങളിൽ ജീവിക്കുന്ന അനേകർക്കും ഒരു “പുതിയ മതം” സംബന്ധിച്ച് ആഴമായ ശങ്കയുണ്ട്. മതം മാറിയാൽ തങ്ങളുടെ അയൽക്കാരും ബന്ധുക്കളും എന്തു വിചാരിക്കുമെന്നതിനെക്കുറിച്ചു ചില ഗ്രാമീണർ വിശേഷിച്ചും ചിന്താകുലരാണ്. എന്നാൽ ദൈവവചനത്തിന്റെ ശക്തിക്ക് അപ്രകാരമുള്ള പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനും ഒരു വ്യക്തിയുടെ ജീവിതത്തിനു മാററം വരുത്തുന്നതിനും കഴിയും. സ്പെയ്നിന്റെ വടക്കുപടിഞ്ഞാറുള്ള മുക്കുവ ഗ്രാമമായ കാങ്കാസ് ദെ മൊറാസൊവിലെയും കാര്യം ഇതുതന്നെയാണ്.
ഈ ഗ്രാമത്തിൽ ജനിച്ച റോബെർട്ടോ സ്വാതന്ത്ര്യവാഞ്ഛ നിമിത്തം 14-ാം വയസ്സിൽ ഒരു നാവികനായി വേലചെയ്യാൻ തുടങ്ങി. വാണിജ്യക്കപ്പൽ ജോലിക്കാരനെന്ന നിലയിലുള്ള അയാളുടെ ജീവിതം, അയാളെ, കടലിൽ കഴിച്ചുകൂട്ടുന്ന മണിക്കൂറുകളിലെ ഏകാന്തതയെ അകററുവാനായി കഠിനമായി മദ്യപാനം ചെയ്യുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്ന ചെറുപ്പക്കാരായ മററു നാവികരുടെ സുഹൃദ്വലയത്തിലാക്കിത്തീർത്തു. താമസിയാതെ റോബെർട്ടോയും ഒരു കനത്ത മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായി.
നാളുകൾക്കുശേഷം റോബെർട്ടോ വീട്ടിലേക്കു തിരികെപോയി എന്നാൽ, തന്റെ ദുഷിച്ച ശീലങ്ങൾ ഉപേക്ഷിക്കാൻ അപ്രാപ്തനും മനസ്സൊരുക്കമില്ലാത്തവനും ആയിരുന്നു. തന്റെ മയക്കുമരുന്നാസക്തിക്കു പണമുണ്ടാക്കാൻ അയാൾ ഒരു മോഷ്ടാവായിത്തീരുകയും ആറു വ്യത്യസ്ത അവസരങ്ങളിൽ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. 18 വയസ്സുപ്രായമുള്ളപ്പോൾ അയാൾ വീഞ്ഞും മയക്കുമരുന്നും കൂടിക്കലർന്ന മാരകമായ ഒരു മിശ്രിതം കഴിച്ചു. ഡോക്ടർമാർ അയാളുടെ ജീവൻ രക്ഷിച്ചെങ്കിലും അയാൾക്കു കൈകാലുകളുടെ ഉപയോഗം നഷ്ടമായി. കൈകാലുകളിൽ തളർവാതം പിടിപെട്ടവനായി അയാൾ ആശുപത്രി വിട്ടു. ഒരു വീൽചെയറിൽ ഒതുങ്ങേണ്ടിവന്നിട്ടും മയക്കുമരുന്നിന്റെ ഉപയോഗം നിർത്താൻ അയാൾക്കു കഴിഞ്ഞില്ല. മതത്തെ സംബന്ധിച്ച് അയാളുടെ ധാരണ മാറി, ജീവിതം മൂല്യവത്താക്കുന്നതിനു മയക്കുമരുന്നിനു മാത്രമേ കഴിയൂ എന്ന് അയാൾക്കു തോന്നി—മൂന്നു വർഷത്തിനുശേഷം യഹോവയുടെ സാക്ഷികൾ അയാളെ സന്ദർശിക്കുന്നതുവരെ.
നിവൃത്തിയേറിയ ബൈബിൾ പ്രവചനങ്ങൾ സംബന്ധിച്ച പഠനം തന്റെ സംശയവാദത്തെ തരണം ചെയ്യുന്നതിനു റോബെർട്ടോയെ സഹായിച്ചു. സത്യമതം മനുഷ്യരുടെ ജീവിതത്തെ കൂടുതൽ അർഥപൂർണമാക്കുന്നുവെന്ന് രാജ്യഹാളിൽ ലഭിച്ച ഊഷ്മളമായ സ്വാഗതം അദ്ദേഹത്തെ തീർച്ചയായും ബോധ്യപ്പെടുത്തി. ഒമ്പതു മാസത്തിനുള്ളിൽ റോബെർട്ടോ തന്റെ മയക്കുമരുന്നാസക്തിയെ തരണം ചെയ്യുകയും സ്നാപനമേൽക്കുകയും ചെയ്തു. തന്റെ കഠിനമായ ശാരീരിക വൈകല്യം ഗണ്യമാക്കാതെ എട്ടു വർഷമായി അദ്ദേഹം പയനിയറിങ് നടത്തുന്നു. കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം ഒരു സഭാ മൂപ്പനുമായി സേവിക്കുന്നു. അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കളിലൊരാളായ ഫ്രാൻതെസ്കൊ റോബെർട്ടോയുടെ ജീവിതത്തിലുണ്ടായ മാററത്തിൽ വളരെ മതിപ്പുതോന്നിയിട്ട് ഒരു സാക്ഷിയായിത്തീർന്നു, ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുകയും ചെയ്യുന്നു. ഭേദപ്പെടുത്താനാകില്ലെന്നു കരുതിയിരുന്ന ഈ ആസക്തനിൽ ഉണ്ടായ അതിശയകരമായ മാററം നമ്മുടെ സേവനത്തിന്റെ സ്വഭാവം മെച്ചമായി മനസ്സിലാക്കാൻ ആ പ്രദേശത്തുള്ള ആളുകളെ സഹായിച്ചു. ഒരു സ്ത്രീ മയക്കുമരുന്നിന് അടിമയായ തന്റെ മകനെ സാക്ഷികൾക്കു സുഖമാക്കാൻ കഴിയുമോ എന്നു കാണുന്നതിനുവേണ്ടി രാജ്യഹാളിലേക്കു കൊണ്ടുവരുകപോലും ചെയ്തു.
സത്യം കണ്ടെത്താൻ ബൈബിൾ തിരയുന്നു
സത്യത്തോടു പൊതുവേ ഗ്രാമീണർക്കുള്ള വിലമതിപ്പ് ലൗകിക ജ്ഞാനികളെ മിക്കപ്പോഴും ലജ്ജിപ്പിക്കുന്നു. (1 കൊരിന്ത്യർ 1:26, 27) ആഡെലിനാ എന്നുപേരുള്ള ലജ്ജാശീലയായ ഒരു മധ്യവയസ്ക വിലമതിപ്പു പ്രകടമാക്കുന്നവരിൽ ഒരാളാണ്. അവർ കത്തോലിക്കാ വിശ്വാസം വളരെ ഗൗരവമുള്ളതായി കണക്കാക്കിയിരുന്നു. ഓരോ പ്രഭാതത്തിലും മറക്കാതെ മുട്ടുകുത്തിനിന്നുകൊണ്ടു അനേകം പ്രാവശ്യം സ്വർഗസ്ഥനായ പിതാവും നൻമനിറഞ്ഞമറിയവും ചൊല്ലി പ്രാർഥിക്കുമായിരുന്നു. ചില പ്രാർഥനകളെങ്കിലും ചെവിക്കൊള്ളുമെന്ന് ഉറപ്പുവരുത്താൻ ആഴ്ചയിൽ ഓരോ ദിവസവും അവർ ഓരോ വ്യത്യസ്ത “പുണ്യവാള”ൻമാരോടു പ്രാർഥിക്കുമായിരുന്നു.
ആഡെലിനാ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ മതപരമായ ഇതേ തീക്ഷ്ണത പുതുതായി കണ്ടെത്തിയ വിശ്വാസത്തിനുനേരെ തിരിച്ചു. അവരും ഭർത്താവും രാജ്യഹാളിൽ ആദ്യമായി പോയപ്പോൾ ഉള്ളിൽ പ്രവേശിക്കാനുള്ള ധൈര്യം സംഭരിക്കാൻ അവർക്കു പത്തു മിനിററു വേണ്ടിവന്നെങ്കിലും അവരുടെ ലജ്ജാശീലംപോലും അവരെ തടഞ്ഞുനിർത്തിയില്ല. ഒരിക്കൽ ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവർ വളരെ ഏകാഗ്രതയോടെ ശ്രദ്ധിക്കുമായിരുന്നു. ഒരവസരത്തിൽ അവർ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയെക്കുറിച്ചു കേട്ടു. ഈ വിഷയം അവരെ ആകർഷിച്ചു, വീട്ടിൽ തിരിച്ചെത്തിയപ്പോൾ അതിനെ സംബന്ധിച്ചു തന്റെ ബൈബിളിൽനിന്നു കൂടുതൽ വായിക്കാൻ ആഗ്രഹിച്ചു. എന്നാൽ, വെളിപ്പാടു പുസ്തകത്തിൽ എവിടെയോ ആണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നതെന്ന് അവർ വിചാരിച്ചെങ്കിലും എവിടെ കണ്ടെത്താമെന്ന് അവർക്കോ ഭർത്താവിനോ അറിയില്ലായിരുന്നു. അതുകൊണ്ട്, ആഡെലിനാ ആ രാത്രിയിൽ വെളിപ്പാടു പുസ്തകം വായിക്കാൻ തുടങ്ങി; ഒടുവിൽ, പ്രഭാതത്തിന്റെ ആദ്യയാമങ്ങളിൽ 20-ാം അധ്യായത്തിൽ എത്തുന്നതുവരെ അവർ വായിച്ചുകൊണ്ടേയിരുന്നു.
ഒരു ഭർത്താവ് പ്രാർഥനയിൽ ഭാര്യയെ പ്രതിനിധാനം ചെയ്യുന്നത് ഉചിതമാണെന്ന് ആഡെലിനാ മറെറാരവസരത്തിൽ പഠിച്ചു. അദ്ദേഹം പ്രാർഥിക്കാൻ തയ്യാറായിരുന്നെങ്കിലും പ്രാർഥനയിൽ എന്തു പറയണമെന്ന് അറിഞ്ഞുകൂടായിരുന്നു. നിർദേശങ്ങൾക്കായി അതേ രാത്രിയിൽത്തന്നെ ബൈബിളിൽ നോക്കുന്നതിനു ആഡെലിനാ തീരുമാനിച്ചു. പ്രാർഥനയെന്ന വിഷയം വിശദമായി പരിചിന്തിച്ചിരിക്കുന്ന മത്തായി 6-ാം അധ്യായം കണ്ടെത്തിയെന്നു പറയാൻ രാവിലെ രണ്ടുമണിക്ക് തന്റെ ഭർത്താവിനെ വിളിച്ചെണീപ്പിച്ചു. യേശുവിന്റെ നിർദേശം വായിച്ചശേഷം അവരുടെ ഭർത്താവ് ഒടുവിൽ രണ്ടുപേർക്കുംവേണ്ടി പ്രാർഥന ചൊല്ലി. ഇപ്പോൾ ആഡെലിനായും ഭർത്താവും യഹോവയുടെ സാക്ഷികളാണ്.
ഒരു നല്ല വിളവെടുപ്പ്
യഹോവയുടെ തീക്ഷ്ണതയുള്ള സേവകരുടെ ഏകദേശം 25 വർഷത്തെ ഗ്രാമ സാക്ഷീകരണത്തോടെ സ്പെയ്നിന്റെ എല്ലാ കോണുകളും സുവാർത്ത കേട്ടിരിക്കുന്നു. ഒന്നാം നൂററാണ്ടിൽ ഏഷ്യാമൈനറിൽ വാസ്തവമായിരുന്നതുപോലെ ‘യഹോവയുടെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.’ (പ്രവൃത്തികൾ 13:49) തത്ഫലമായി ആയിരക്കണക്കിനു ഗ്രാമീണർ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു.
സ്പെയ്നിലും മററിടങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിൽ മുഴുവനായി പ്രസംഗിക്കുന്നതിന് ക്ഷമയും ആത്മത്യാഗവും ആവശ്യമാണ്. എന്നാൽ ‘സകലതരം മനുഷ്യരും രക്ഷപ്രാപിക്കുക’യെന്നതു ദൈവഹിതമായതിനാൽ വിലമതിപ്പുള്ളവരെ തിരഞ്ഞുപിടിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സന്തുഷ്ടരാണ്. (1 തിമൊഥെയൊസ് 2:4) മേൽപ്പറഞ്ഞ അനുഭവങ്ങൾ പ്രകടമാക്കുന്ന പ്രകാരം സ്പെയ്നിൽ ഗ്രാമംതോറും പ്രസംഗിക്കുന്നതിനു നടത്തിയിരിക്കുന്ന ശ്രമത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു.
[അടിക്കുറിപ്പ്]
a ഗലീലയിൽ മൊത്തം 204 “പട്ടണങ്ങളും ഗ്രാമങ്ങളും” ഉള്ളതായി ജോസീഫസ് കണക്കുകൂട്ടിയിട്ടുണ്ട്, “ഒട്ടനവധി ഗ്രാമങ്ങൾ” ഉൾക്കൊള്ളുന്നതായി ആ പ്രദേശത്തെ അദ്ദേഹം വർണിക്കുകയും ചെയ്തു.
[23-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ഫ്രാൻസ്
പോർട്ടുഗൽ
സ്പെയ്ൻ
ബാളീറിക് ദ്വീപുകൾ
കാനറി ദ്വീപുകൾ
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Vilac, Lérida
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Puebla de Sanabria, Zamora
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Casarabonela, Málaga
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Sinués, Huesca
[26-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Lekeitio, Vizcaya