നല്ല ധൈര്യമുള്ളവരായിരിക്കുക!
‘“ [യഹോവ] എനിക്കു തുണ” . . . എന്നു . . . ധൈര്യത്തോടെ പറയാം.’—എബ്രായർ 13:6.
1. പൊ.യു. ഒന്നാം നൂററാണ്ടിൽ ദൈവത്തിന്റെ സത്യം മനസ്സിലാക്കിയവർ എന്തു ധൈര്യമാണു പ്രകടമാക്കിയത്?
അതു നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടായിരുന്നു. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന മിശിഹാ ആഗതനായി. അവിടുന്നു തന്റെ ശിഷ്യൻമാരെ നന്നായി പഠിപ്പിക്കുകയും ഒരു ജീവൽ പ്രധാനമായ പ്രസംഗവേലയ്ക്കു സമാരംഭം കുറിക്കുകയും ചെയ്തു. ആളുകൾ ദൈവരാജ്യത്തെപ്പററിയുള്ള സുവാർത്ത കേൾക്കേണ്ട സമയം സമാഗതമായിരുന്നു. അതുകൊണ്ട്, സത്യം അറിഞ്ഞ പുരുഷൻമാരും സ്ത്രീകളും അത്ഭുതകരമായ ആ സന്ദേശം ധൈര്യത്തോടെ പ്രഖ്യാപിച്ചു.—മത്തായി 28:19, 20.
2. യഹോവയുടെ സാക്ഷികൾക്ക് ഇന്നു ധൈര്യം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
2 രാജ്യം ആ നാളുകളിൽ സ്ഥാപിതമായിരുന്നില്ല. എന്നാൽ നിയുക്ത രാജാവായ യേശുക്രിസ്തു രാജ്യാധികാരത്തിലുള്ള ഭാവിയിലെ തന്റെ അദൃശ്യ സാന്നിധ്യത്തെക്കുറിച്ചു പ്രവചിച്ചിരുന്നു. അത് യുദ്ധം, ഭക്ഷ്യക്ഷാമം, മഹാമാരികൾ, ഭൂകമ്പങ്ങൾ, ലോകവ്യാപകമായി സുവാർത്താപ്രസംഗം എന്നിങ്ങനെയുള്ള നിരുപമമായ സംഗതികളാൽ ശ്രദ്ധേയമായിരിക്കും. (മത്തായി 24:3-14; ലൂക്കൊസ് 21:10, 11) യഹോവയുടെ സാക്ഷികളെന്ന നിലയിൽ ഈ അവസ്ഥകളെയും നാം അനുഭവിക്കുന്ന പീഡനത്തെയും നേരിടുന്നതിനു നമുക്കു ധൈര്യം ആവശ്യമാണ്. അതുകൊണ്ട്, പൊ.യു. ഒന്നാം നൂററാണ്ടിലെ ധീരരായ രാജ്യപ്രഘോഷകരെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ പരിചിന്തിക്കുന്നതു പ്രയോജനപ്രദമായിരിക്കും.
ക്രിസ്തുവിനെ അനുകരിക്കുവാൻ ധൈര്യം
3. ധൈര്യത്തിന്റെ ഏററവും മികച്ച ദൃഷ്ടാന്തം നൽകുന്നതാര്, അവിടുത്തെക്കുറിച്ച് എബ്രായർ 12:1-3-ൽ എന്തു പറഞ്ഞിരിക്കുന്നു?
3 യേശുക്രിസ്തു ധൈര്യത്തിന്റെ ഏററവും മികച്ച ദൃഷ്ടാന്തം നൽകുന്നു. ക്രിസ്തീയ കാലത്തിനു മുമ്പുണ്ടായിരുന്ന യഹോവയുടെ ധീരരായ സാക്ഷികളുടെ “വലിയൊരു സമൂഹ”ത്തെക്കുറിച്ചു പരാമർശിച്ചശേഷം അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞുകൊണ്ട് യേശുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചു: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.”—എബ്രായർ 12:1-3.
4. സാത്താൻ പ്രലോഭിപ്പിച്ചപ്പോൾ യേശു എപ്രകാരമാണു ധൈര്യം പ്രകടമാക്കിയത്?
4 യേശുക്രിസ്തു തന്റെ സ്നാപനത്തിനും മരുഭൂമിയിലെ 40 ദിവസത്തെ ധ്യാനത്തിനും പ്രാർഥനയ്ക്കും ഉപവാസത്തിനും ശേഷം പിശാചിനെ ധീരമായി എതിർത്തു. കല്ലിനെ അപ്പമാക്കാനുള്ള സാത്താന്റെ പ്രലോഭനത്തെ യേശു എതിർത്തു കാരണം, വ്യക്തിപരമായ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി അത്ഭുതം ചെയ്യുന്നതു തെററായിരുന്നു. “‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു’ എന്നു എഴുതിയിരിക്കുന്നു” എന്ന് യേശു പറഞ്ഞു. ആലയത്തിന്റെ അഗ്രത്തിൽനിന്നു ചാടാൻ സാത്താൻ യേശുവിനെ വെല്ലുവിളിച്ചപ്പോൾ അവിടുന്നു നിരസിച്ചു കാരണം, അത് ആത്മഹത്യാ സാധ്യതയിൽനിന്നു ദൈവം തന്നെ രക്ഷിക്കുമോ എന്ന് അവിടുത്തെ പരീക്ഷിക്കുന്ന ഒരു പാപമായിരിക്കുമായിരുന്നു. “‘നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു’ എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു ക്രിസ്തു പ്രസ്താവിച്ചു. ഒരു പ്രാവശ്യം “നമസ്കരി”ക്കുന്നതിനുവേണ്ടി സാത്താൻ ലോകത്തിലുള്ള സകല രാജ്യങ്ങളും യേശുവിനു വാഗ്ദാനം ചെയ്തു, എന്നാൽ യേശു വിശ്വാസത്യാഗിയാകുകയും മനുഷ്യൻ ദൈവത്തോടു പീഡാനുഭവത്തിൻകീഴിൽ വിശ്വസ്തരായിരിക്കുകയില്ല എന്ന പിശാചിന്റെ വെല്ലുവിളിയെ പിന്താങ്ങുകയും ചെയ്യുമായിരുന്നില്ല. അതുകൊണ്ട് യേശു പ്രഖ്യാപിച്ചു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ [യഹോവ] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ’ എന്നു എഴുതിയിരിക്കുന്നു.” അതിങ്കൽ പരീക്ഷകൻ “കുറെ കാലത്തേക്കു അവനെ വിട്ടുമാറി.”—മത്തായി 4:1-11; ലൂക്കൊസ് 4:13.
5. പ്രലോഭനത്തെ ചെറുത്തു നിൽക്കുന്നതിനു നമ്മെ എന്തിനു സഹായിക്കാൻ കഴിയും?
5 യേശു യഹോവക്കു കീഴ്പ്പെട്ടിരിക്കുകയും സാത്താനോട് എതിർക്കുകയും ചെയ്തു. സമാനമായി നാം ‘ദൈവത്തിനു കീഴ്പെടുകയും പിശാചിനോട് എതിർക്കുകയുമാണെങ്കിൽ അവൻ നമ്മെ വിട്ട് ഓടിപ്പോകും.’ (യാക്കോബ് 4:7) പാപകരമായ എന്തെങ്കിലും ചെയ്യാൻ നാം പരീക്ഷിക്കപ്പെടുന്ന സമയത്ത് ഒരുപക്ഷേ തിരുവെഴുത്തുകൾ ഉദ്ധരിക്കുകപോലും ചെയ്തുകൊണ്ട് അവ ബാധകമാക്കുന്നുവെങ്കിൽ, യേശുവിനെപ്പോലെ നമുക്കും ധീരോദാത്തമായി പ്രലോഭനത്തെ ചെറുത്തുനിൽക്കുന്നതിനു കഴിയും. മോഷ്ടിക്കാനുള്ള പ്രലോഭനമുണ്ടാകുന്ന സമയത്ത് “മോഷ്ടിക്കരുത്” എന്ന ദൈവനിയമം നാം നമ്മോടുതന്നെ ആവർത്തിച്ചു പറയുകയാണെങ്കിൽ മോഷണം നടത്തുന്നതിനു നാം പ്രലോഭിതരാകാൻ ഇടയുണ്ടോ? “വ്യഭിചാരം ചെയ്യരുതു” എന്ന വാക്കുകൾ രണ്ടു ക്രിസ്ത്യാനികളിൽ ഒരാളെങ്കിലും സധൈര്യം ഉദ്ധരിച്ചാൽ അവർ ലൈംഗിക ദുർമാർഗത്തിൽ അകപ്പെടുവാനുള്ള സാധ്യതയുണ്ടോ?—റോമർ 13:8-10; പുറപ്പാടു 20:14, 15.
6. യേശു ധീരനായ ഒരു ലോക ജേതാവായിരുന്നത് എപ്രകാരമായിരുന്നു?
6 ഈ ലോകത്താൽ വെറുക്കപ്പെട്ട ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്ക് അതിന്റെ ആത്മാവും പാപപൂർണമായ നടത്തയും ഒഴിവാക്കാൻ കഴിയും. യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാൻ 16:33) അവിടുന്നു ലോകത്തെപ്പോലെ ആകാതിരുന്നുകൊണ്ട് അതിന്റെമേൽ വിജയശ്രീലാളിതനായിത്തീർന്നു. ഒരു ജേതാവ് എന്ന നിലയിലുള്ള അവിടുത്തെ ദൃഷ്ടാന്തത്തിനും നിർമലതാപാലന ഗതിയുടെ അനന്തരഫലത്തിനും ലോകത്തിൽനിന്നു വേർപെട്ടുനിന്നുകൊണ്ടും അതിനാൽ കളങ്കപ്പെടാതിരുന്നുകൊണ്ടും അവിടുത്തെ അനുകരിക്കുന്നതിനുവേണ്ട ധൈര്യം നമ്മിൽ നിറെക്കാൻ കഴിയും.—യോഹന്നാൻ 17:16.
അനുസ്യൂതം പ്രസംഗിക്കുവാൻ ധൈര്യം
7, 8. പീഡനം ഗണ്യമാക്കാതെ അനുസ്യൂതം പ്രസംഗിക്കുവാൻ നമ്മെ എന്തു സഹായിക്കും?
7 യേശുവും തന്റെ ശിഷ്യൻമാരും പീഡനം ഗണ്യമാക്കാതെ അനുസ്യൂതം പ്രസംഗിക്കുന്നതിനുള്ള ധൈര്യത്തിനായി ദൈവത്തിൽ ആശ്രയിച്ചു. പീഡനമുണ്ടായിരുന്നിട്ടും ക്രിസ്തു തന്റെ ശുശ്രൂഷ ധൈര്യപൂർവം നിവർത്തിച്ചു. പൊ.യു. 33-നുശേഷം, യഹൂദ മത നേതാക്കൻമാർ പീഡിപ്പിക്കപ്പെട്ട ക്രിസ്താനുഗാമികളെ തടയാൻ ശ്രമിച്ചെങ്കിലും അവർ സുവാർത്ത പ്രഘോഷിക്കുന്നതിൽ തുടർന്നു. (പ്രവൃത്തികൾ 4:18-20; 5:29) “കർത്താവേ [യഹോവേ], അവരുടെ ഭീഷണികളെ നോക്കേണമേ. . . . നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസൻമാർക്കു കൃപ നൽകേണമേ” എന്നു ശിഷ്യൻമാർ പ്രാർഥിച്ചു. എന്തു സംഭവിച്ചു? വൃത്താന്തം പറയുന്നു: “ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.”—പ്രവൃത്തികൾ 4:24-31.
8 ഇന്നു ഭൂരിപക്ഷം ആളുകളും സുവാർത്തയെ പ്രതി സ്വീകാര്യക്ഷമതയുള്ളവരല്ലാത്തതിനാൽ അവരോടു തുടർന്നും സംസാരിക്കുന്നതിനു ധൈര്യം ആവശ്യമാണ്. പീഡിപ്പിക്കപ്പെടുമ്പോൾ വിശേഷിച്ചും, തികഞ്ഞ സാക്ഷ്യം നൽകേണ്ടതിനു യഹോവയുടെ ദാസൻമാർക്കു ദൈവദത്തമായ ധൈര്യം ആവശ്യമായിരിക്കുന്നു. (പ്രവൃത്തികൾ 2:40; 20:24) അതുകൊണ്ട്, ധീര രാജ്യപ്രഘോഷകനായ പൗലോസ്, യുവാവും അനുഭവപരിചയം കുറഞ്ഞവനുമായ ഒരു സഹപ്രവർത്തകനോടു പറഞ്ഞു: “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.” (2 തിമൊഥെയൊസ് 1:7, 8) നാം ധൈര്യത്തിനുവേണ്ടി പ്രാർഥിക്കുകയാണെങ്കിൽ നമുക്ക് അനുസ്യൂതം പ്രസംഗിക്കാൻ കഴിയുമെന്നു മാത്രമല്ല, പീഡനംപോലും രാജ്യപ്രഘോഷകരായിരിക്കുന്നതിലുള്ള സന്തോഷത്തെ നമ്മിൽ നിന്ന് അപഹരിക്കുകയില്ല.—മത്തായി 5:10-12.
യഹോവയുടെ പക്ഷത്തു നിലയുറപ്പിക്കാൻ ധൈര്യം
9, 10. (എ) ക്രിസ്തുവിന്റെ സ്നാപനമേററ അനുഗാമികളായിത്തീരുന്നതിനുവേണ്ടി ഒന്നാം നൂററാണ്ടിലെ യഹൂദരും വിജാതീയരും എന്തുചെയ്തു? (ബി) ക്രിസ്ത്യാനികളായിത്തീരുന്നതിനു ധൈര്യം വേണ്ടിവന്നത് എന്തുകൊണ്ട്?
9 ഒന്നാം നൂററാണ്ടിലെ അനേകം യഹൂദൻമാരും വിജാതീയരും ക്രിസ്തുവിന്റെ സ്നാപനമേററ അനുഗാമികളായിത്തീരുന്നതിനുവേണ്ടി തിരുവെഴുത്തുപരമല്ലാത്ത സമ്പ്രദായങ്ങളെ സധൈര്യം ഉപേക്ഷിച്ചു. പൊ.യു. 33-ലെ പെന്തക്കോസ്തു കഴിഞ്ഞു താമസിയാതെ “യെരൂശലേമിൽ ശിഷ്യൻമാരുടെ എണ്ണം ഏററവും പെരുകി, പുരോഹിതൻമാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു.” (പ്രവൃത്തികൾ 6:7) ആ യഹൂദർക്കു മതപരമായ ബന്ധങ്ങൾ വിഛേദിക്കുന്നതിനും യേശുവിനെ മിശിഹാ ആയി സ്വീകരിക്കുന്നതിനും ധൈര്യം ഉണ്ടായിരുന്നു.
10 പൊ.യു. 36 മുതൽ അനേകം വിജാതീയർ വിശ്വാസികളായിത്തീർന്നു. കൊർന്നെല്യോസും അദ്ദേഹത്തിന്റെ കുടുംബവും മററു വിജാതീയരും സുവാർത്ത കേട്ടപ്പോൾ തത്ക്ഷണം അതു കൈക്കൊണ്ടു പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും “യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പി”ക്കപ്പെടുകയും ചെയ്തു. (പ്രവൃത്തികൾ 10:1-48) ഫിലിപ്പിയിൽ ഒരു വിജാതീയ കാരാഗൃഹപ്രമാണിയും അദ്ദേഹത്തിന്റെ കുടുംബവും പെട്ടെന്നു ക്രിസ്ത്യാനിത്വം സ്വീകരിച്ചു “താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏററു.” (പ്രവൃത്തികൾ 16:25-34) അപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനു ധൈര്യം ആവശ്യമായിരുന്നു കാരണം, ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ട, ജനസമ്മതിയില്ലാത്ത ഒരു ന്യൂനപക്ഷമായിരുന്നു. അവർ ഇപ്പോഴും അങ്ങനെതന്നെ. എന്നാൽ, നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളായി ദൈവത്തിനു സമർപ്പണം നടത്തുകയും സ്നാപനമേൽക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഈ ധൈര്യപൂർവകമായ നടപടികൾ നിങ്ങൾക്കു സ്വീകരിക്കാനുള്ള സമയമല്ലേ ഇത്?
വിയോജിപ്പുള്ള കുടുംബങ്ങളിൽ ധൈര്യം
11. യൂനീക്കയും തിമോഥെയോസും ധൈര്യത്തിന്റെ എന്തു നല്ല ദൃഷ്ടാന്തങ്ങൾ പ്രദാനം ചെയ്തു?
11 യൂനീക്കയും അവരുടെ മകൻ തിമോഥെയോസും മതപരമായി വിയോജിപ്പുണ്ടായിരുന്ന കുടുംബത്തിൽ ധൈര്യപൂർവകമായ വിശ്വാസത്തിന്റെ നല്ല ദൃഷ്ടാന്തങ്ങൾ വച്ചു. ഭർത്താവു വിജാതീയനായിരുന്നിട്ടും യൂനീക്ക തന്റെ മകനെ ബാല്യംമുതൽ “തിരുവെഴുത്തുക”ൾ പഠിപ്പിച്ചു. (2 തിമൊഥെയൊസ് 3:14-17) ക്രിസ്ത്യാനിയായിത്തീർന്നപ്പോൾ അവർ ‘നിർവ്യാജ വിശ്വാസം’ പ്രകടമാക്കി. (2 തിമൊഥെയൊസ് 1:4) അവിശ്വാസിയായ തന്റെ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ആദരിക്കെ, ക്രിസ്തീയതത്ത്വങ്ങൾ തിമോഥെയോസിനു പകർന്നുകൊടുക്കുന്നതിനുള്ള ധൈര്യം അവർക്കുണ്ടായിരുന്നു. മിഷനറി യാത്രകളിൽ പൗലോസിനോടുകൂടെ പോകുന്നതിന് നല്ല പഠനംസിദ്ധിച്ച അവരുടെ മകനെ തിരഞ്ഞെടുത്തപ്പോൾ അവരുടെ വിശ്വാസത്തിനും ധൈര്യത്തിനും പ്രതിഫലം ലഭിച്ചു. സമാനമായ സാഹചര്യത്തിലുള്ള ക്രിസ്തീയ മാതാപിതാക്കൾക്ക് ഇത് എത്ര പ്രോത്സാഹനമായിരിക്കാൻ കഴിയും!
12. തിമോഥെയോസ് ഏതുതരം വ്യക്തിയായിത്തീർന്നു, ആരാണ് ഇന്ന് അദ്ദേഹത്തെപ്പോലെയെന്നു തെളിയിക്കുന്നത്?
12 മതപരമായി വിയോജിപ്പുള്ള കുടുംബത്തിലാണു തിമോഥെയോസ് കഴിഞ്ഞിരുന്നതെങ്കിലും അദ്ദേഹം സധൈര്യം ക്രിസ്ത്യാനിത്വം സ്വീകരിക്കുകയും പൗലോസിനു പിൻവരുന്നവിധം പറയാൻ കഴിയത്തക്കവണ്ണം ഒരു ആത്മീയ വ്യക്തിയായിത്തീരുകയും ചെയ്തു: “എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തിൽ അങ്ങോട്ടു [ഫിലിപ്പി] അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മററാരുമില്ല. . . . അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.” (ഫിലിപ്പിയർ 2:19-22) ഇന്ന് മതപരമായി വിയോജിപ്പുള്ള കുടുംബങ്ങളിൽ അനേകം ആൺകുട്ടികളും പെൺകുട്ടികളും ധൈര്യംപൂണ്ടു ക്രിസ്ത്യാനിത്വം സ്വീകരിക്കുന്നു. തിമോഥെയോസിനെപ്പോലെ അവരും യോഗ്യത തെളിയിക്കുകയാണ്. അവർ യഹോവയുടെ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നതിൽ നാം എത്ര ആഹ്ലാദിക്കുന്നു!
‘കഴുത്തു വെച്ചുകൊടുക്കുവാൻ’ ധൈര്യം
13. അക്വിലാസും പ്രിസ്കില്ലയും ഏതു വിധത്തിലാണ് ധൈര്യം പ്രകടിപ്പിച്ചത്?
13 അക്വിലാസും ഭാര്യ പ്രിസ്കില്ലയും (പ്രിസ്ക) തങ്ങളുടെ സഹവിശ്വാസികൾക്കുവേണ്ടി സധൈര്യം ‘കഴുത്തു വെച്ചുകൊടുത്തുകൊണ്ട്’ ഒരു ദൃഷ്ടാന്തം വച്ചു. അവർ പൗലോസിനെ തങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയും അദ്ദേഹത്തോടൊപ്പം കൂടാരപ്പണി ചെയ്യുകയും കൊരിന്തിലെ പുതിയ സഭ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. (പ്രവൃത്തികൾ 18:1-4) അവരുടെ 15 വർഷത്തെ സ്നേഹബന്ധത്തിൽ വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു വിധത്തിൽ അദ്ദേഹത്തിനുവേണ്ടി അവർ തങ്ങളുടെ ജീവൻപോലും അപകടത്തിലാക്കി. അവർ റോമിൽ താമസിക്കുമ്പോഴാണു അവിടെയുള്ള ക്രിസ്ത്യാനികളോട്: “ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്വിൻ. അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളുംകൂടെ നന്ദിപറയുന്നു” എന്ന് അദ്ദേഹം പറഞ്ഞത്.—റോമർ 16:3, 4.
14. പൗലോസിനുവേണ്ടി കഴുത്തു വച്ചുകൊടുത്തുകൊണ്ട് അക്വിലാസും പ്രിസ്കില്ലയും ഏതു കല്പനയോടുള്ള ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു?
14 പൗലോസിനുവേണ്ടി തങ്ങളുടെ കഴുത്തു വച്ചുകൊടുത്തുകൊണ്ട് അക്വിലാസും പ്രിസ്കില്ലയും യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു: “ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.” (യോഹന്നാൻ 13:34, പി.ഒ.സി. ബൈ.) ഈ കല്പന ഒരു വ്യക്തി തന്നേത്തന്നെ സ്നേഹിക്കുന്നതുപോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്നു മോശൈക ന്യായപ്രമാണം ആവശ്യപ്പെട്ടതിലും അധികം മുന്നോട്ടുപോയതിനാൽ ഈ കല്പന “പുതിയ”ത് ആയിരുന്നു. (ലേവ്യപുസ്തകം 19:18) അത്, യേശു ചെയ്തപ്രകാരം മററുള്ളവർക്കുവേണ്ടി ഒരുവന്റെ ജീവൻപോലും നൽകുന്നതിനുള്ള ആത്മത്യാഗപരമായ സ്നേഹം ആവശ്യപ്പെട്ടു. പൊ.യു. രണ്ടും മൂന്നും നൂററാണ്ടുകളിലെ എഴുത്തുകാരനായ തെർത്തുല്യൻ, “‘നോക്കൂ, അവർ പരസ്പരം എത്ര സ്നേഹിക്കുന്നു . . . അവർ പരസ്പരം മരിക്കാൻ എത്ര തയ്യാറാണ്’ എന്നു പറയുന്നുവല്ലോ” എന്ന് എഴുതിയപ്പോൾ ലോകക്കാരായ ആളുകൾ ക്രിസ്ത്യാനികളെക്കുറിച്ചു പറഞ്ഞ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുകയായിരുന്നു. (അപ്പോളജി, അധ്യായം XXXIX, 7) വിശേഷിച്ചും പീഡനത്തിൻ മധ്യേ സഹവിശ്വാസികളെ ശത്രുക്കൾക്കു കാട്ടിക്കൊടുത്ത് അവരുടെ കൈകളാലുള്ള ക്രൂരമർദനങ്ങൾക്കോ മരണത്തിനോ അവരെ ഇരകളാക്കാതിരിക്കുന്നതിനുവേണ്ടി നമ്മുടെ ജീവൻ സധൈര്യം പണയപ്പെടുത്തിക്കൊണ്ടു സാഹോദര്യസ്നേഹം പ്രദർശിപ്പിക്കാൻ നാം കടപ്പാടുള്ളവരായിരിക്കട്ടെ.—1 യോഹന്നാൻ 3:16.
ധൈര്യം സന്തോഷം കൈവരുത്തുന്നു
15, 16. പ്രവൃത്തികൾ 16-ാം അധ്യായത്തിൽ കാണിച്ചിരിക്കുന്നപ്രകാരം ധൈര്യത്തെയും സന്തോഷത്തെയും എങ്ങനെ ബന്ധപ്പെടുത്താം?
15 പീഡാനുഭവങ്ങൾ ഉള്ളപ്പോൾ പ്രകടമാക്കുന്ന ധൈര്യത്തിനു സന്തോഷം കൈവരുത്താനാകുമെന്നതിനു പൗലോസും ശീലാസും തെളിവു നൽകുന്നു. ഫിലിപ്പി പട്ടണത്തിലെ ന്യായാധിപതികളുടെ കല്പന പ്രകാരം അവരെ കോൽകൊണ്ട് പരസ്യമായി അടിക്കുകയും തടവിൽ ആമത്തിലിടുകയും ചെയ്തു. എന്നിട്ടും അവർ വിഷണ്ണരായി ഭയംകൊണ്ടു ചൂളിപ്പോയില്ല. അവരുടെ സാഹചര്യങ്ങൾ യാതനാനിർഭരമായിരുന്നിട്ടും ദൈവദത്തമായ ധൈര്യവും വിശ്വസ്തരായ ക്രിസ്ത്യാനികൾക്ക് അതു കൈവരുത്തുന്ന സന്തോഷവും അവർക്കപ്പോഴും ഉണ്ടായിരുന്നു.
16 ഏതാണ്ട് അർധരാത്രിയിൽ പൗലോസും ശീലാസും ഗീതം പാടി പ്രാർഥിക്കുകയും ദൈവത്തെ സ്തുതിക്കുകയുമായിരുന്നു. പെട്ടെന്ന് ഒരു ഭൂകമ്പം കാരാഗൃഹത്തെ കുലുക്കുകയും അവരുടെ വിലങ്ങുകൾ അഴിക്കുകയും വാതിലുകൾ തുറക്കുകയും ചെയ്തു. പേടിച്ചരണ്ട പാറാവുകാരനും അദ്ദേഹത്തിന്റെ കുടുംബത്തിനും ധീരമായ ഒരു സാക്ഷ്യം നൽകപ്പെടുകയും അത് അവരെ യഹോവയുടെ ദാസരായി സ്നാപനമേൽക്കുന്നതിലേക്കു നയിക്കുകയും ചെയ്തു. “ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അയാളും എല്ലാ കുടുംബാംഗങ്ങളും ആഹ്ലാദിച്ചു.” (പ്രവൃത്തികൾ 16:16-34, ഓശാന ബൈ.) പൗലോസിനും ശീലാസിനും ഇത് എത്ര സന്തോഷം കൈവരുത്തിയിരിക്കും! ഇതും ധൈര്യത്തിന്റെ മററു തിരുവെഴുത്തു ദൃഷ്ടാന്തങ്ങളും പരിചിന്തിച്ചിരിക്കെ, യഹോവയുടെ സേവകരെന്ന നിലയിൽ ധൈര്യമുള്ളവരായി നിലനിൽക്കാൻ നമുക്കെങ്ങനെ കഴിയും?
നല്ല ധൈര്യമുള്ളവരായിരിക്കുന്നതിൽ തുടരുക
17. സങ്കീർത്തനം 27-ൽ കാണിച്ചിരിക്കുന്നപ്രകാരം യഹോവയിൽ പ്രത്യാശിക്കുന്നതു ധൈര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
17 യഹോവയിൽ പ്രത്യാശ അർപ്പിക്കുന്നതു ധൈര്യമുള്ളവരായി നിലനിൽക്കാൻ നമ്മെ സഹായിക്കും. ദാവീദ് പാടി: “യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.” (സങ്കീർത്തനം 27:14) ദാവീദ് തന്റെ ജീവന്റെ “ബല”മായി യഹോവയിൽ ആശ്രയിച്ചുവെന്നു സങ്കീർത്തനം 27 കാണിക്കുന്നു. (1-ാം വാക്യം) ദൈവം ദാവീദിന്റെ വൈരികളോടു കഴിഞ്ഞകാലത്തു പെരുമാറിയ വിധം കണ്ടത് അദ്ദേഹത്തിനു ധൈര്യം നൽകി. (2-ഉം 3-ഉം വാക്യങ്ങൾ) യഹോവയുടെ ആരാധനാകേന്ദ്രത്തോടുള്ള വിലമതിപ്പായിരുന്നു മറെറാരു ഘടകം. (4-ാം വാക്യം) യഹോവയുടെ സഹായത്തിലും സംരക്ഷണത്തിലും വിടുതലിലും ആശ്രയിച്ചതും ദാവീദിന്റെ ധൈര്യത്തെ കെട്ടുപണിചെയ്തു. (5-10 വാക്യങ്ങൾ) യഹോവയുടെ നീതിമാർഗത്തിന്റെ തത്ത്വങ്ങളിൽനിന്നുള്ള അനുസ്യൂതമായ പ്രബോധനവും സഹായകരമായിരുന്നു. (11-ാം വാക്യം) തന്റെ വൈരികളിൽനിന്നുള്ള വിടുതലിനുവേണ്ടി വിശ്വാസം, പ്രത്യാശ എന്നിവയുടെ അകമ്പടിയോടെ നടത്തിയ ദൃഢബോധത്തോടെയുള്ള പ്രാർഥന ദാവീദിനെ ധൈര്യമുള്ളവനായിരിക്കാൻ സഹായിച്ചു. (12-14 വാക്യങ്ങൾ) സമാനമായ വിധങ്ങളിൽ നമുക്കു നമ്മുടെ ധൈര്യം വളർത്തിയെടുക്കുന്നതിനും അങ്ങനെ നാം യഥാർഥത്തിൽ “യഹോവയിൽ പ്രത്യാശവെക്കു”ന്നുവെന്നു കാണിക്കുന്നതിനും കഴിയും.
18. (എ) നമ്മോടൊപ്പം യഹോവയെ ആരാധിക്കുന്നവരുമായുള്ള നിരന്തര സഹവാസത്തിനു ധൈര്യമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കാൻ കഴിയുമെന്ന് എന്തു കാണിക്കുന്നു? (ബി) ധൈര്യം വളർത്തുന്നതിൽ ക്രിസ്തീയ യോഗങ്ങൾ എന്തു പങ്കു വഹിക്കുന്നു?
18 നമ്മോടൊപ്പം യഹോവയെ ആരാധിക്കുന്നവരുമായുള്ള നിരന്തര സഹവാസത്തിനു ധൈര്യമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നതിനു കഴിയും. പൗലോസ് കൈസറിന്റെ സമക്ഷം ഉപരിവിചാരണ ആവശ്യപ്പെട്ടു റോമിലേക്കു യാത്രചെയ്യുമ്പോൾ സഹവിശ്വാസികൾ അദ്ദേഹത്തെ അപ്യപുരത്തിലെയും ത്രിമണ്ഡപത്തിലെയും ചന്തസ്ഥലത്തു വച്ചുകണ്ടു. “അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു” എന്ന് വിവരണം പറയുന്നു. (പ്രവൃത്തികൾ 28:15) നാം നിരന്തരം ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുമ്പോൾ, “ചിലരുടെ പതിവുപോലെ, നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ, അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ടും നാൾ സമീപിക്കുന്നതു നിങ്ങൾ കാണുമ്പോൾ പൂർവാധികം അങ്ങനെചെയ്തുകൊണ്ടും സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണിക്കാം” എന്ന പൗലോസിന്റെ ബുദ്ധ്യുപദേശം നാം അനുസരിക്കുകയാണ്. (എബ്രായർ 10:24, 25, NW) അന്യോന്യം പ്രോത്സാഹിപ്പിക്കുക എന്നതിന്റെ അർഥമെന്താണ്? പ്രോത്സാഹിപ്പിക്കുക [encourage] എന്നാൽ “ധൈര്യം, ചൈതന്യം, പ്രത്യാശ എന്നിവകൊണ്ടു പ്രചോദിപ്പിക്കുക” എന്നാണ്. (Webster’s Ninth New Collegiate Dictionary) മററു ക്രിസ്ത്യാനികൾക്കു ധൈര്യം പകർന്ന് അവരെ ഉത്തേജിപ്പിക്കുന്നതിനു നമുക്കു ധാരാളം ചെയ്യാൻ കഴിയും; അതുപോലെ, അവരുടെ പ്രോത്സാഹനത്തിന് ഈ ഗുണം നമ്മിൽ വളർത്തിയെടുക്കുന്നതിനു സഹായിക്കാനും കഴിയും.
19. തിരുവെഴുത്തുകളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും നാം ധൈര്യമുള്ളവരായിരിക്കുന്നതിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
19 ധൈര്യമുള്ളവരായി നിലനിൽക്കുന്നതിനു നാം ദൈവവചനം നിരന്തരമായി പഠിക്കുകയും അതിലെ ബുദ്ധ്യുപദേശം നമ്മുടെ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യണം. (ആവർത്തനം 31:9-12; യോശുവ 1:8) നമ്മുടെ നിരന്തര പഠനത്തിൽ തിരുവെഴുത്തധിഷ്ഠിതമായ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുത്തണം, കാരണം, അപ്രകാരം നൽകപ്പെടുന്ന സാരവത്തായ ബുദ്ധ്യുപദേശം വിശ്വാസത്തിന്റെ പരിശോധനകളെ ദൈവദത്തമായ ധൈര്യത്തോടെ നേരിടുന്നതിനു നമ്മെ സഹായിക്കും. യഹോവയുടെ ദാസർ വിവിധ സാഹചര്യങ്ങളിൽ ധൈര്യമുള്ളവരായിരുന്നതെങ്ങനെയെന്നു ബൈബിൾ വൃത്താന്തങ്ങളിൽനിന്നു നാം കണ്ടുകഴിഞ്ഞു. അത്തരം വിവരങ്ങൾക്ക് ഇപ്പോൾ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു നാം അറിയുന്നില്ലായിരിക്കാം. എന്നാൽ ദൈവവചനത്തിനു ശക്തിയുണ്ട്, അതിൽനിന്നു നാം പഠിക്കുന്നകാര്യങ്ങൾക്ക് എല്ലായ്പോഴും പ്രയോജനം ചെയ്യാൻ കഴിയും. (എബ്രായർ 4:12) ദൃഷ്ടാന്തത്തിന്, മാനുഷഭയം നമ്മുടെ ശുശ്രൂഷയെ ബാധിക്കാൻ തുടങ്ങുന്നുവെങ്കിൽ, ഭക്തികെട്ടവരോടു ദൈവസന്ദേശം പ്രഖ്യാപിക്കുന്നതിനു ഹാനോക്കിന് എങ്ങനെ ധൈര്യമുണ്ടായെന്നു നമുക്കു സ്മരിക്കാവുന്നതാണ്.—യൂദാ 14, 15.
20. യഹോവയുടെ സേവകരായി ധൈര്യത്തോടെ നിലനിൽക്കേണ്ടതിനു പ്രാർഥന മർമപ്രധാനമാണെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
20 യഹോവയുടെ സേവകരെന്ന നിലയിൽ ധൈര്യമുള്ളവരായി നിലനിൽക്കുന്നതിന് നാം പ്രാർഥനയിൽ ഉററിരിക്കണം. (റോമർ 12:13) യേശു തന്റെ പീഡാനുഭവങ്ങൾ സധൈര്യം സഹിച്ചു; കാരണം അവിടുന്ന് “മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ കഴിവുള്ളവനു കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാർത്ഥനകളും യാചനകളും സമർപ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാർത്ഥന കേട്ടു.” (ഹെബ്രായർ 5:7, പി.ഒ.സി. ബൈ.) നാം ദൈവത്തോടു പ്രാർഥനയിൽ അടുത്തുനിൽക്കുന്നതുമൂലം പുനരുത്ഥാനമില്ലാത്ത “രണ്ടാമത്തെ മരണം” അനുഭവിക്കുന്നതിനു വിധിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഭീരുക്കളെപ്പോലെ ആയിരിക്കുകയില്ല. (വെളിപ്പാടു 21:8) ദിവ്യ സംരക്ഷണവും ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതവും അവിടുത്തെ ധീരരായ ദാസർക്കുവേണ്ടിയുള്ളതാണ്.
21. യഹോവയുടെ വിശ്വസ്ത സാക്ഷികൾക്ക് എന്തുകൊണ്ടു ധൈര്യമുള്ളവരായിരിക്കാൻ കഴിയും?
21 യഹോവയുടെ വിശ്വസ്ത സാക്ഷികളെന്നനിലയിൽ നമുക്ക് ഭൂതങ്ങളെയും മനുഷ്യപ്രതിയോഗികളെയും ഭയപ്പെടേണ്ട ആവശ്യമില്ല കാരണം, നമുക്ക് ദൈവത്തിന്റെ പിന്തുണയും ലോക ജേതാവ് എന്ന നിലയിൽ യേശുവിന്റെ ധീരമായ ദൃഷ്ടാന്തവും ഉണ്ട്. അതുപോലെ, യഹോവയുടെ ജനത്തോടൊപ്പമുള്ള ആത്മീയമായ പരിപുഷ്ടിപകരുന്ന സഹവാസം നമ്മെ ധൈര്യമുള്ളവരായിരിക്കാൻ സഹായിക്കുന്നു. തിരുവെഴുത്തുകളിലെയും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലെയും മാർഗനിർദേശത്തിലൂടെയും ബുദ്ധ്യുപദേശത്തിലൂടെയും നമ്മുടെ ധൈര്യം ഊട്ടിയുറപ്പിക്കപ്പെടുന്നു. കൂടാതെ, കഴിഞ്ഞകാലത്തെ ദൈവസേവകരെ സംബന്ധിച്ചുള്ള ബൈബിൾ വൃത്താന്തങ്ങൾ അവിടുത്തെ വഴികളിൽ സധൈര്യം നടക്കുന്നതിനു നമ്മെ സഹായിക്കുന്നു. അതുകൊണ്ട്, ക്ലേശപൂർണമായ ഈ അവസാനനാളുകളിൽ വിശുദ്ധസേവനത്തിൽ നമുക്കു സധീരം മുന്നേറാം. അതേ, യഹോവയുടെ സകല ജനവും ധൈര്യമുള്ളവരായിരിക്കട്ടെ!
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ യേശുവിന്റെ ദൃഷ്ടാന്തത്തിനു നമ്മെ ധൈര്യംകൊണ്ടു നിറയ്ക്കാൻ കഴിയുന്നതെങ്ങനെ?
◻ യേശുവിനും അവിടുത്തെ ശിഷ്യൻമാർക്കും പ്രസംഗത്തിൽ അനുസ്യൂതം തുടരുന്നതിനു ധൈര്യം നൽകിയതെന്ത്?
◻ യഹോവയുടെ പക്ഷത്തു നിലയുറപ്പിക്കുന്നതിനു യഹൂദർക്കും വിജാതീയർക്കും ധൈര്യം ആവശ്യമായിരുന്നതെന്തുകൊണ്ട്?
◻ ധൈര്യത്തിന്റെ എന്തു ദൃഷ്ടാന്തങ്ങളാണു യൂനീക്കയും തിമോഥെയോസും പ്രദാനം ചെയ്തത്?
◻ പീഡനത്തിനിടയിൽപോലും ധൈര്യം സന്തോഷം കൈവരുത്തുന്നുവെന്നതിന് എന്തു തെളിവുണ്ട്?
[18-ാം പേജിലെ ചിത്രം]
തിരുവെഴുത്തുകൾ ബാധകമാക്കുകയും ഉദ്ധരിക്കുകയും ചെയ്യുകയാണെങ്കിൽ യേശുവിനെപ്പോലെ, നമുക്കു പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ കഴിയും