രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
അവർ തങ്ങളുടെ ജീവിതരീതിക്കു മാററം വരുത്തി
അവർ തെരുവുകളിൽ മററുള്ളവരോടു സംസാരിക്കുന്നതും വീടുതോറും സന്ദർശനങ്ങൾ നടത്തുന്നതും അല്ലെങ്കിൽ അവരുടെ രാജ്യഹാളുകളിൽ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതും നിങ്ങൾ കണ്ടിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. ഞങ്ങൾ യഹോവയുടെ സാക്ഷികളിലെ നല്ല ചമയമുള്ള യുവജനങ്ങളെക്കുറിച്ചാണു സംസാരിക്കുന്നത്. സാക്ഷികളായിരിക്കാൻ അവരുടെ മാതാപിതാക്കൾ അവരെ പഠിപ്പിച്ചതുകൊണ്ടാണ് അവർ അങ്ങനെയായിരിക്കുന്നതെന്നു നിങ്ങൾ നിഗമനം ചെയ്തിരിക്കാം, അവരിലനേകരെക്കുറിച്ചു വാസ്തവമതാണ്. മറിച്ച്, വളരെ വ്യത്യസ്തമായ പശ്ചാത്തലമുള്ളവരും അവർ ഇപ്പോൾ നയിക്കുന്നതിൽനിന്നു തികച്ചും വിഭിന്നമായ ജീവിതരീതിയുണ്ടായിരുന്നവരുമായ ചിലർ ഈ യുവജനങ്ങളിലുണ്ട്. യഥാർത്ഥത്തിൽ, അടുത്ത പേജിൽ കാണിച്ചിരിക്കുന്നവർ ദൈനംദിനം കുററകൃത്യവും മയക്കുമരുന്നുദുരുപയോഗവും നടത്തിയ സമൂഹങ്ങളോടു സഹവസിച്ചുപോന്നു. അവർ ഇത്ര പൂർണ്ണമായി തങ്ങളുടെ ജീവിതത്തിനു മാററം വരുത്താൻ ഇടയാക്കിയതെന്തായിരുന്നു? നമുക്കു നോർവേയിലെ ഒരു പട്ടണം സന്ദർശിക്കുകയും അങ്ങനെയുള്ള മാററങ്ങൾ വരുത്തിയിരിക്കുന്ന യുവജനങ്ങളിൽ ചിലരെ കണ്ടുമുട്ടുകയും ചെയ്യാം.
മാററത്തിന്റെ അടിസ്ഥാനം
രണ്ടു സാക്ഷികൾ വീടുതോറുമുള്ള വേലയിൽ ആനററിയെ കണ്ടുമുട്ടിയപ്പോൾ, അവൾക്കു 19 വയസ്സായിരുന്നു. “യഹോവയുടെ സാക്ഷികളോട് ഒരിക്കലും സംസാരിക്കരുതെന്ന് എന്നോടു മിക്കപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ജിജ്ഞാസയോടെ ഞാൻ അവരെ അകത്തേക്കു ക്ഷണിച്ചു,” അവൾ അനുസ്മരിക്കുന്നു. അവൾക്ക് 11 വയസ്സുണ്ടായിരുന്നപ്പോൾ മുതൽ അവൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവളായിരുന്നു, പല ഭവനഭേദനങ്ങളിലും കാർമോഷണങ്ങളിലും ഉൾപ്പെടുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ സുവാർത്ത അവൾക്ക് ഇഷ്ടപ്പെട്ടു. അഞ്ചാമത്തെ വയസ്സിൽ അവളുടെ അമ്മ നഷ്ടപ്പെട്ടിരുന്നതുകൊണ്ടു പുനരുത്ഥാനപ്രത്യാശയാൽ അവൾ വിശേഷാൽ പ്രോത്സാഹിതയായി. അതുകൊണ്ട് അവൾ ഒരു സൗജന്യ ബൈബിളദ്ധ്യയനത്തിനു സമ്മതിക്കുകയും രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരായിത്തുടങ്ങുകയും ചെയ്തു. താൻ പഠിച്ചുകൊണ്ടിരിക്കുന്നതെന്താണെന്ന് അവൾ തന്റെ ബോയ്ഫ്രണ്ടിനോടും മററുള്ളവരോടും പറഞ്ഞു. പ്രതികരണമെന്തായിരുന്നു? അതുമായി ബന്ധപ്പെടാൻ അവർ ആഗ്രഹിച്ചില്ല, ആനെററിയെ മസ്തിഷ്കപ്രക്ഷാളനംചെയ്തതായി അവർ കുററപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, ഏററവും കൂടുതലായി എതിർത്തവരിൽ ചിലർ പിന്നീടു ബൈബിൾ പഠിക്കാൻ തുടങ്ങി.
ദൃഷ്ടാന്തത്തിന്, 20 വയസ്സുള്ള ഒരു യുവാവായ എസ്പെന്റെ കാര്യമെടുക്കുക. അയാൾ ആനെററിയുടെ ബോയ്ഫ്രെണ്ടിൽനിന്നു രാജ്യസുവാർത്ത കേൾക്കുകയും ഉടൻതന്നെ ഒരു ബൈബിളദ്ധ്യയനം ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും, അയാൾ മയക്കുമരുന്നുകള്ളക്കടത്തിലും, ആനെററിയെപ്പോലെ, പല ഭവനഭേദനങ്ങളിലും ഉൾപ്പെട്ടതുകൊണ്ടു നാലുമാസത്തെ തടവുശിക്ഷ അനുഭവിക്കാൻ കാത്തിരിക്കുകയായിരുന്നു. അയാൾ പുകയിലയും മാരിഹ്വാനയും മററു മയക്കുമരുന്നുകളും ഉപയോഗിക്കുന്ന ആളുമായിരുന്നു. ഇപ്പോൾ, അങ്ങനെയുള്ള കാര്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ഒരാൾ ബൈബിൾ പഠിച്ചുതുടങ്ങാൻ ആഗ്രഹിക്കുന്നതിനിടയാക്കാൻ എന്തിനു കഴിയുമായിരുന്നു? എസ്പെൻ തന്റെ ജീവിതരീതിയിലെ ശൂന്യതയും ഉദ്ദേശ്യമില്ലായ്മയും തിരിച്ചറിഞ്ഞുതുടങ്ങി. അയാൾ ഇങ്ങനെ വിവരിക്കുന്നു: “എനിക്ക് ഒരു ജീവിതോദ്ദേശ്യം നൽകിയ ഭാവിയെക്കുറിച്ചുള്ള ബൈബിൾവാഗ്ദത്തങ്ങളിൽ ഞാൻ ആകൃഷ്ടനായി. അതുകൊണ്ട് എന്നോടു പറഞ്ഞിരുന്നതു സത്യമാണോയെന്ന് അറിയാൻ ഞാൻ ബൈബിൾ പഠിച്ചുതുടങ്ങി.”
മററുള്ളവർ ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നു
ഏതാണ്ട് ഈ സമയത്ത്, അതേ യുവജനവൃത്തത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ സുവാർത്ത കേൾക്കാനിടയായി. അയാളും ബൈബിൾ പഠിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. അടുത്തതായി, ഈ ചെറുപ്പക്കാരിൽപ്പെട്ട മറെറാരാൾക്ക് അദ്ധ്യയനം തുടങ്ങി, അയാളും മീററിംഗുകൾക്കു ഹാജരായിത്തുടങ്ങി. പിന്നീടു താമസിയാതെ, മറെറാരു ചെറുപ്പക്കാരൻ ബൈബിൾ പഠിക്കുന്നതിലും ആത്മീയപുരോഗതി വരുത്തുന്നതിലും തന്റെ സുഹൃത്തുക്കളോടു ചേർന്നു. പിന്നീട് അതേ സംഘത്തിൽപ്പെട്ട മറെറാരു ചെറുപ്പക്കാരനു തന്റെ സുഹൃത്തുക്കൾ വരുത്തുന്ന ഗുണപരമായ മാററങ്ങളിൽ മതിപ്പുളവാകുകയും കുറഞ്ഞ കാലത്തിനുള്ളിൽ ബൈബിൾ പഠിക്കാനാഗ്രഹിക്കുകയും ചെയ്തു.
അതേ സംഘത്തിൽപ്പെട്ട ഒരു യുവസംഗീതജ്ഞനായ ഗിൽബെർട്ട് ഇപ്പോൾ ബൈബിൾ പഠിച്ചുതുടങ്ങി. അയാളുടെ മാതാപിതാക്കൻമാർ ഇരുവരും കാൻസർ ബാധിച്ചു മരിച്ചുപോയിരുന്നതുകൊണ്ടു ബൈബിളിലെ പുനരുത്ഥാനപ്രത്യാശയാൽ അയാൾ ആശ്വസിപ്പിക്കപ്പെട്ടു. (യോഹന്നാൻ 5:28, 29) അയാളും മാരിഹ്വാന ഉപയോഗിക്കുകയും ഒരു ദുർമ്മാർഗ്ഗജീവിതം നയിക്കുകയും ചെയ്തിരുന്നു. അയാൾക്ക് ഒരു റോക്ക്താരമാകുന്നതിനുള്ള അതിമോഹങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും, കാലം കടന്നുപോയതോടെ, അയാൾ നല്ല ആത്മീയപുരോഗതി വരുത്തുകയും യഹോവക്കുവേണ്ടി ഒരു സാക്ഷിയാകാൻ പെട്ടെന്നു തീരുമാനിക്കുകയും ചെയ്തു. ഒടുവിൽ, എസ്പെന്റെ ഇളയ സഹോദരൻ ബൈബിൾ പരിശോധിക്കാനും യഹോവയുടെ സാക്ഷികളോടു സഹവസിക്കാനും തുടങ്ങി.
ബൈബിൾ സത്യം ജീവിതങ്ങൾക്കു മാററം വരുത്തുന്നു
വൃത്തിഹീനമായി വസ്ത്രധാരണം നടത്തുകയും മുടിചീകാതെ നടക്കുകയും മയക്കുമരുന്നുകളിലും മോഷണത്തിലും മററു കുററകൃത്യങ്ങളിലും ഉൾപ്പെടുകയും ചെയ്യുക പതിവായിരുന്ന ഈ ചെറുപ്പക്കാരിൽ വലിയ മാററമുണ്ടായി. ആനെററി നല്ല ഒരു രാജ്യപ്രസാധികയാണ്, ഇപ്പോൾ ഒരു വർഷത്തോളമായി ഒരു പയനിയറായി സേവിച്ചുകൊണ്ടിരിക്കുകയുമാണ്. എസ്പെനും ഗിൽബെർട്ടും സഹായപയനിയർമാരായി സേവിച്ചിരിക്കുന്നു. അവർ ശുശ്രൂഷാദാസൻമാരുമാണ്. അവർ രണ്ടുപേരും ക്രിസ്തീയ സഭയിൽനിന്നു വിവാഹംകഴിച്ചിരിക്കുന്നു. മുൻസംഘത്തിൽപ്പെട്ട നാലുപേർകൂടെ തീക്ഷ്ണതയുള്ള രാജ്യപ്രഘോഷകരായിരിക്കുന്നു!
എസ്പെൻ അനുഭവിക്കേണ്ടിയിരുന്ന നാലുമാസത്തെ തടവുശിക്ഷയെസംബന്ധിച്ചെന്ത്? അയാൾ തന്റെ ജീവിതത്തിൽ വരുത്തിയ മാററങ്ങൾ നിമിത്തം അയാളുടെ ശിക്ഷ 80 മണിക്കൂർനേരത്തെ സാമൂഹികപ്രവർത്തനമാക്കി മാററി. പൊലീസിന്റെയും മററുള്ളവരുടെയും സമ്മതത്തോടെ അയാൾ യഹോവയുടെ സാക്ഷികളുടെ സ്ഥലത്തെ രാജ്യഹാളിൽ ജോലിചെയ്തുകൊണ്ട് ഈ മണിക്കൂറുകൾ ചെലവഴിച്ചു. പൊലീസിന് ഈ ക്രമീകരണത്തിൽ വളരെ സന്തോഷമായിരുന്നു.
അതെ, ലോകത്തിലെങ്ങുമുള്ള മററനേകം ചെറുപ്പക്കാർക്കു കുററകൃത്യപശ്ചാത്തലമുണ്ട്. എന്നാൽ ദൈവവചനത്തിലെ സത്യം അവർക്കു മർമ്മപ്രധാനമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഭാവിയിലേക്ക് ഉറപ്പുള്ള പ്രത്യാശയും കൊടുത്തിരിക്കുന്നു. തന്നിമിത്തം അവർ മേലാൽ കുററവാളികളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ അല്ല. അവർ വൃത്തിഹീനമായി വസ്ത്രം ധരിച്ചു നടക്കുന്നുമില്ല. അവർ തങ്ങളുടെ ജീവിതരീതിക്കു മാററം വരുത്തിയിരിക്കുന്നതുകൊണ്ട് അവർ മുകളിൽ പറഞ്ഞ ആളുകളെപ്പോലെതന്നെയാണ്—നല്ല ചമയമുള്ള ചെറുപ്പക്കാരായ, യഹോവയുടെ സജീവസാക്ഷികൾ. ഇന്നത്തെ വളരെയധികം ചെറുപ്പക്കാരെ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ബൈബിളിന്റെ നിലനിൽക്കുന്ന പരിഹാരങ്ങൾ മററുള്ളവരെ അറിയിക്കാൻ അവർ ആഗ്രഹിക്കുന്നു.—1 കൊരിന്ത്യർ 6:9-11 കാണുക.
[8-ാം പേജിലെ ചിത്രം]
എസ്പെനും ആനെററും ഗിൽബെർട്ടും