നൻമ എന്നെങ്കിലും തിൻമയെ ജയിച്ചടക്കുമോ?
ഏകദേശം രണ്ടായിരംവർഷം മുമ്പ്, ഒരു നിരപരാധിയായ മനുഷ്യനായിരുന്ന യേശുക്രിസ്തു തന്റെ ജീവനുവേണ്ടിയുള്ള വിസ്താരത്തിലായിരുന്നു. അദ്ദേഹം സത്യം സംസാരിച്ചതുകൊണ്ടു ദുഷ്ടമനുഷ്യർ അദ്ദേഹത്തെ ഒടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെമേൽ വ്യാജമായി രാജദ്രോഹം ചുമത്തുകയും ജനക്കൂട്ടം അദ്ദേഹത്തിന്റെ വധത്തിനുവേണ്ടി മുറവിളികൂട്ടുകയും ചെയ്തു. ഒരു എളിയ തച്ചന്റെ ജീവനെക്കാൾ തന്റെ സ്വന്തം രാഷ്ട്രീയപ്രശസ്തിയെ കൂടുതലായി വിലമതിച്ച ഒരു റോമാനാടുവാഴി യേശുവിനെ ഒരു ക്രൂരമായ മരണത്തിനു വിധിച്ചു. സകല ബാഹ്യകാഴ്ചപ്രകാരവും തിൻമ വിജയിച്ചതുപോലെ തോന്നി.
എന്നിരുന്നാലും, തന്റെ വധത്തിന്റെ തലേ രാത്രിയിൽ, യേശു തന്റെ ശിഷ്യൻമാരോട്, “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 16:33) അദ്ദേഹം എന്താണർത്ഥമാക്കിയത്? ഭാഗികമായി, ലോകത്തിലെ തിൻമ അദ്ദേഹത്തെ കഠിനനാക്കുകയോ അതേ രീതിയിൽ പകരം വീട്ടാൻ പ്രേരിപ്പിക്കുകയോ ചെയ്തില്ലെന്ന്. ലോകം അദ്ദേഹത്തെ ഒരു ദുഷ്ടമൂശയിലേക്കു ഞെരുക്കിക്കടത്തിയിരുന്നില്ല. (റോമർ 12:2 താരതമ്യപ്പെടുത്തുക, ഫിലിപ്സ്.) മരിക്കുന്ന സമയത്തുപോലും അദ്ദേഹം തന്റെ വധനിർവ്വാഹകർക്കുവേണ്ടി പ്രാർത്ഥിച്ചു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.”—ലൂക്കൊസ് 23:34.
തിൻമയെ ജയിച്ചടക്കാൻ കഴിയുമെന്നു യേശു അന്ത്യശ്വാസം വലിക്കുന്നതുവരെ പ്രകടമാക്കി. തിൻമയോടു തങ്ങളുടെ സ്വന്തം പോരാട്ടം നടത്താൻ അദ്ദേഹം തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. അവർക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? “ആർക്കും തിൻമെക്കു പകരം തിൻമ ചെയ്യാതെ,” യേശു ചെയ്തിരുന്നതുപോലെ, “നൻമയാൽ തിൻമയെ ജയിക്കുക” എന്നുള്ള തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശം അനുസരിച്ചുകൊണ്ട്. (റോമർ 12:17, 21) എന്നാൽ അങ്ങനെയൊരു ഗതി യഥാർത്ഥത്തിൽ പ്രാവർത്തികമാകുന്നുവോ?
ഡാക്കൗവിൽ തിൻമയോടു പൊരുതൽ
എൽസ ഡാക്കൗവിൽ തടവിലാക്കപ്പെട്ടിരുന്ന ഒരു ജർമ്മൻ സ്ത്രീയായിരുന്നു, അവർ ഒരു 14-വയസ്സുകാരി റഷ്യൻ പെൺകുട്ടിക്കു വിശ്വാസവും പ്രത്യാശയുമാകുന്ന സമ്മാനം കൊടുത്തു.
ഡാക്കൗ ആയിരങ്ങൾ മരിക്കുകയും ഈ റഷ്യൻ ബാലിക ഉൾപ്പെടെ നൂറുകണക്കിനാളുകളെ ഭയാനകമായ വൈദ്യപരീക്ഷണങ്ങൾക്കു വിധേയമാക്കുകയും ചെയ്തടമായ ഒരു കുപ്രസിദ്ധ തടങ്കൽപാളയമായിരുന്നു. ഡാക്കൗ തിൻമയുടെ മൂർത്തിമത്ഭാവമാണെന്നു തോന്നി. എന്നിരുന്നാലും, ഫലരഹിതമെന്നു തോന്നിയ അത്തരം മണ്ണിൽപോലും നൻമ മുളച്ചു, പെരുകുകപോലും ചെയ്തു.
രഹസ്യപ്പോലീസ് മൃഗീയമായി തന്റെ അമ്മയെ ബലാൽസംഗം ചെയ്യുന്നതു നോക്കിനിൽക്കാൻ നിർബന്ധിതയായിത്തീർന്നിരുന്ന ഈ ബാലികയെക്കുറിച്ച് എൽസക്ക് അഗാധദുഃഖം തോന്നി. എൽസ സ്വന്തം ജീവനെ അപകടത്തിലാക്കിക്കൊണ്ടു നൻമയെയും തിൻമയെയും കുറിച്ചും പുനരുത്ഥാനത്തിന്റെ തിരുവെഴുത്തുപ്രത്യാശയെക്കുറിച്ചും പറയാനുള്ള അവസരങ്ങൾ തേടി. ദ്വേഷിക്കുന്നതിനു പകരം സ്നേഹിക്കാൻ അവർ തന്റെ ബാലസുഹൃത്തിനെ പഠിപ്പിച്ചു. എൽസ നിമിത്തം ഈ റഷ്യൻ പെൺകുട്ടി ഡാക്കൗവിലെ ഭീകരതകളെ അതിജീവിച്ചു.
എൽസ ക്രിസ്തുവിന്റെ നിസ്വാർത്ഥ മാതൃക പിന്തുടരാൻ ആഗ്രഹിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ, തിൻമക്കു പകരം തിൻമ ചെയ്യാതിരിക്കാൻ അവൾ പഠിച്ചിരുന്നു. അതുപോലെ ചെയ്യാൻ മററുള്ളവരെ സഹായിക്കാൻ അവളുടെ വിശ്വാസം അവളെ പ്രേരിപ്പിച്ചു. അവൾ ഡാക്കൗവിൽ കഷ്ടപ്പെട്ടെങ്കിലും, അവൾ ഒരു ദുഷ്ടഭരണകൂടത്തിൻമേൽ ഒരു ധാർമ്മികവിജയം നേടി. അവൾ മാത്രമായിരുന്നില്ല അങ്ങനെ ചെയ്തത്.
“[യഹോവയുടെ സാക്ഷികൾ] തികച്ചും ദുഷ്ടമെന്നു തങ്ങൾ അപലപിച്ച നാസി സംസ്ഥാനത്തോട് ഏതു സഹകരണത്തിനും വിസമ്മതിച്ചു. . . . തൊണ്ണൂറേറഴു ശതമാനം ഏതെങ്കിലുമൊരു രൂപത്തിൽ പീഡനമനുഭവിച്ചു” എന്ന് ക്രിസ്ത്യാനിത്വത്തിന്റെ ഒരു ചരിത്രം [A History of Christianity] എന്ന തന്റെ പുസ്തകത്തിൽ പോൾ ജോൺസൺ കുറിക്കൊണ്ടു. അത് ആശയററ ഒരു പോരാട്ടം ആയിരുന്നുവോ? ആഷ്വിററ്സിലെ മൂല്യങ്ങളും അക്രമവും [Values and Violence in Auschwits] എന്ന പുസ്തകത്തിൽ “തടവുകാരുടെ ഈ ചെറിയ കൂട്ടം ഒരു ഉറച്ച ആശയപരമായ ശക്തിയായിരുന്നു, അവർ നാസിസത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിൽ വിജയിച്ചു” എന്നു പോളീഷ് സാമൂഹിക പ്രവർത്തകയായിരുന്ന അന്നാ പാവൽഷിൻസ്കാ സാക്ഷികളെക്കുറിച്ചു പറഞ്ഞു.
എന്നിരുന്നാലും, നമ്മിൽ മിക്കവരെസംബന്ധിച്ചും പുറത്തെ തിൻമക്കെതിരായിട്ടല്ല, ഉള്ളിലെ തിൻമക്കെതിരായിട്ടാണു മുഖ്യപോരാട്ടം നടക്കുന്നത്. അതു നമ്മുടെ ഉള്ളിൽത്തന്നെയുള്ള ഒരു പോരാട്ടമാണ്.
നമ്മുടെ ഉള്ളിലെ തിൻമയെ ജയിച്ചടക്കൽ
അപ്പോസ്തലനായ പൗലോസ് പിൻവരുന്ന വിധത്തിൽ ഈ പോരാട്ടത്തെ വർണ്ണിച്ചു: “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നൻമയല്ല ഞാൻ യഥാർത്ഥത്തിൽ ചെയ്യുന്നത്; ഇച്ഛിക്കാത്ത തിൻമയാണു ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്.” (റോമർ 7:19, ദ ന്യൂ ടെസ്ററമെൻറ്, വില്യം ബെർക്ലേയുടേത്.) പൗലോസിനു നന്നായി അറിയാമായിരുന്നതുപോലെ, നൻമചെയ്യൽ എല്ലായ്പ്പോഴും സ്വാഭാവികമായി വരുന്നില്ല.
എവുക്കാനിയോa തന്റെ ദുഷ്ടചായ്വുകളോടു രണ്ടു നീണ്ട വർഷങ്ങളിൽ പോരാട്ടം നടത്തിയ ഒരു സ്പാനിഷ് യുവാവായിരുന്നു. “ഞാൻ എന്നോടുതന്നെ വളരെ കർക്കശനായിരിക്കേണ്ടിയിരുന്നു,” അയാൾ വിശദീകരിക്കുന്നു. “ഇളം പ്രായത്തിൽത്തന്നെ ദുർമ്മാർഗ്ഗിയായിരിക്കാനുള്ള ഒരു പ്രവണത എനിക്കുണ്ടായിരുന്നു. ഒരു കൗമാരപ്രായക്കാരനെന്നനിലയിൽ ഞാൻ മനസ്സോടെ സ്വവർഗ്ഗരതിക്രീഡയിൽ പങ്കെടുത്തു, തുറന്നുപറഞ്ഞാൽ അത്തരം ജീവിതരീതി ഞാൻ ആസ്വദിച്ചിരുന്നു.” ഒടുവിൽ അയാൾ മാററം വരുത്താൻ ആഗ്രഹിക്കാൻ ഇടയാക്കിയതെന്തായിരുന്നു?
“ഞാൻ ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിച്ചു, എന്റെ ജീവിതരീതി ദൈവം അംഗീകരിക്കുന്നില്ല എന്നു ബൈബിളിൽനിന്നു ഞാൻ മനസ്സിലാക്കി,” എവുക്കാനിയോ പറഞ്ഞു. “അതുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗരേഖകളനുസരിക്കുന്നതിന് ഒരു വ്യത്യസ്തതരം ആളായിരിക്കാൻ ഞാൻ തീരുമാനിച്ചു. അപ്പോഴും എന്റെ മനസ്സിലേക്ക് ഒഴുകിവന്നിരുന്ന വൃത്തികെട്ട നിഷേധാത്മക ചിന്തകൾക്കെതിരെ ഞാൻ ദിവസവും പോരാടേണ്ടതുണ്ടായിരുന്നു. യുദ്ധത്തിൽ ജയിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരുന്നു, ഞാൻ ദൈവത്തിന്റെ സഹായത്തിനായി നിരന്തരം പ്രാർത്ഥിച്ചു. ഇപ്പോഴും ഞാൻ എന്നോടു കർക്കശനാണെങ്കിലും രണ്ടുവർഷം കഴിഞ്ഞപ്പോൾ ഏററവും മോശമായത് അവസാനിച്ചിരുന്നു. എന്നാൽ പോരാട്ടം പ്രയോജനകരമായിരുന്നു. എനിക്ക് ഇപ്പോൾ ആത്മാഭിമാനവും നല്ല വിവാഹബന്ധവും എല്ലാററിനുമുപരിയായി ദൈവവുമായി നല്ല ബന്ധവും ഉണ്ട്. നിങ്ങൾ യഥാർത്ഥമായി ശ്രമിക്കുന്നുവെങ്കിൽ ദുഷ്ടവിചാരങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു നീക്കംചെയ്യാൻ കഴിയുമെന്നു വ്യക്തിപരമായ അനുഭവത്തിൽനിന്ന് എനിക്കറിയാം.”
ഒരു ദുഷ്ടവിചാരത്തെ തള്ളിക്കളയുന്ന ഓരോ സമയത്തും, നാം തിൻമക്കു പകരം തിൻമ ചെയ്യാൻ വിസമ്മതിക്കുന്ന ഓരോ സമയത്തും, നൻമ തിൻമയെ ജയിച്ചടക്കുന്നു. എന്നാൽ അങ്ങനെയുള്ള വിജയങ്ങൾ പ്രധാനമാണെങ്കിലും അവ തിൻമയുടെ രണ്ടു പ്രധാന ഉറവുകളെ നീക്കംചെയ്യുന്നില്ല. നാം എത്ര കഠിനമായി ശ്രമിച്ചാലും നമുക്കു നമ്മുടെ പാരമ്പര്യസിദ്ധമായ ദൗർബല്യങ്ങളെ പൂർണ്ണമായി തരണംചെയ്യാൻ കഴികയില്ല, കൂടാതെ സാത്താൻ മനുഷ്യവർഗ്ഗത്തിൻമേൽ ഇപ്പോഴും ഒരു ദുഷ്ട സ്വാധീനം പ്രയോഗിക്കുന്നു. അതുകൊണ്ട് ഈ സാഹചര്യത്തിന് എന്നെങ്കിലും മാററമുണ്ടാകുമോ?
പിശാചിനെ നശിപ്പിക്കൽ
മരണത്തോളമുള്ള യേശുവിന്റെ വിശ്വസ്തത സാത്താന് ഒരു വമ്പിച്ച പരാജയമായിരുന്നു. യേശുവിന്റെ നിർമ്മലതയെ തകർക്കാനുള്ള ശ്രമത്തിൽ പിശാചു പരാജയപ്പെട്ടു, ആ പരാജയം സാത്താന്റെ അവസാനത്തിന്റെ തുടക്കം കുറിച്ചു. ബൈബിൾ വിശദീകരിക്കുന്ന പ്രകാരം “മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കു”ന്നതിനു യേശു മരണം ആസ്വദിച്ചു. (എബ്രായർ 2:14) തന്റെ പുനരുത്ഥാനശേഷം യേശു തന്റെ ശിഷ്യൻമാരോടു “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. (മത്തായി 28:18) ഈ അധികാരം സാത്താന്റെ പ്രവൃത്തികളെ അസാധുവാക്കാൻ ഉപയോഗിക്കപ്പെടും.
യേശു സാത്താനെ സ്വർഗ്ഗത്തിൽനിന്നു ബഹിഷ്ക്കരിക്കുന്ന നാളിനെക്കുറിച്ചു വെളിപാടുപുസ്തകം വർണ്ണിക്കുന്നു. ഈ മുഖ്യ ദുഷ്പ്രവൃത്തിക്കാരൻ അവന്റെ ഭൂതങ്ങളോടുകൂടെ ഭൂമിയുടെ പരിസരങ്ങളിൽ ഒതുക്കിനിർത്തപ്പെടണമായിരുന്നു. തത്ഫലമായി, തിൻമ പെരുകുമെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—വെളിപ്പാടു 12:7-9, 12.
ഈ ചരിത്രപ്രധാനമായ സംഭവം ഇപ്പോൾത്തന്നെ നടന്നിരിക്കുകയാണെന്നു ബൈബിൾപ്രവചനം സൂചിപ്പിക്കുന്നു—ഒന്നാം ലോകമഹായുദ്ധത്തോടടുത്ത സമയത്ത്.b അതു നമ്മുടെ കാലത്തു നാം നേരിട്ടു കണ്ടിരിക്കുന്ന തിൻമയുടെ വർദ്ധനവിന്റെ കാരണം വിശദമാക്കുന്നു. എന്നാൽ മേലാൽ ഒരുത്തരെയും സ്വാധീനിക്കാൻ കഴിയാത്തവിധം പെട്ടെന്നുതന്നെ സാത്താൻ പൂർണ്ണമായും നിയന്ത്രിക്കപ്പെടും.—വെളിപ്പാടു 20:1-3 കാണുക.
ഇതെല്ലാം മനുഷ്യവർഗ്ഗത്തിന് എന്തർത്ഥമാക്കും?
“അവർ തിൻമ ചെയ്യുകയില്ല”
ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ, യേശു ഒരു ആത്മീയ പുനർവിദ്യാഭ്യാസപരിപാടി സംഘടിപ്പിക്കുന്നതിനു തന്റെ ‘ഭൂമിയിലെ അധികാരം’ പെട്ടെന്ന് ഉപയോഗിക്കും. “ഭൂവാസികൾ നീതിയെ പഠിക്കും.” (യെശയ്യാവു 26:9) പ്രയോജനങ്ങൾ എല്ലാവർക്കും സ്പഷ്ടമായിരിക്കും. ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ [“അവർ തിൻമ ചെയ്യുകയില്ല,” ഗ്രീനിന്റെ ഇൻറർലീനിയർ ഹീബ്രൂ⁄ഗ്രീക്ക് ഇംഗ്ലീഷ് ബൈബിൾ] നാശമോ ആരും ചെയ്യുകയില്ല.”—യെശയ്യാവു 11:9.
ഇപ്പോൾപോലും നമ്മുടെ ദുഷ്ട പ്രവണതകളിൽ അനേകവും തരണംചെയ്യാൻ കഴിയും. ഭൂതസ്വാധീനം മേലാൽ ഇല്ലാത്തപ്പോൾ, “ദോഷം വിട്ടകന്നു ഗുണം ചെയ്യാൻ” വളരെ വളരെ എളുപ്പമായിരിക്കും.—1 പത്രൊസ് 3:11.
ദൈവം നല്ലവനായതുകൊണ്ടും, യേശു സ്വന്തം ദൃഷ്ടാന്തത്താൽ തെളിയിച്ചതുപോലെ, ദൈവസഹായത്തോടെ നൻമ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു തിൻമയെ കീഴടക്കാൻ കഴിയുമെന്നുള്ളതുകൊണ്ടും നൻമ തിൻമയെ ജയിച്ചടക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ നമുക്കു സകല കാരണവുമുണ്ട്. (സങ്കീർത്തനം 119:68) തിൻമയോടു പോരാടാൻ ഇപ്പോൾ മനസ്സുള്ളവർക്ക്, എക്കാലത്തേക്കുമായി തിൻമയെ ഉച്ചാടനം ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ഒരു ഗവൺമെൻറായ ദൈവരാജ്യം ഭരിക്കുന്ന ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ ജീവിക്കുന്നതിനു നോക്കിപ്പാർത്തിരിക്കാൻ കഴിയും. സങ്കീർത്തനക്കാരൻ ഫലം വർണ്ണിക്കുന്നു: “ദയയും വിശ്വസ്തതയും തമ്മിൽ എതിരേററിരിക്കുന്നു; നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു.”—സങ്കീർത്തനം 85:10, 11.
[അടിക്കുറിപ്പ്]
a അയാളുടെ യഥാർത്ഥ പേരല്ല.
b കൂടുതൽ വിശദാംശങ്ങൾക്കു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധപ്പെടുത്തിയ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 20-2വരെ പേജുകൾ കാണുക.