നിങ്ങൾ പാപത്തെ എങ്ങനെ വീക്ഷിക്കുന്നു?
“അവൾ എന്തുകൊണ്ടാണു പ്രാർത്ഥനയിൽ നിരന്തരം ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി ക്ഷമ ചോദിക്കുന്നത്?” എന്നു യഹോവയുടെ സാക്ഷികളിലൊരാളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു വീട്ടുകാരി പരാതിപ്പെട്ടു. “ഞാൻ ഒരു കുററവാളി ആയിരിക്കുന്നതുപോലെ അതു തോന്നിപ്പിക്കുന്നു.” ഈ സ്ത്രീയെപ്പോലെ, ഇന്ന് അനേകർ ശിക്ഷാർഹമായ ഒരു കുററംചെയ്തിട്ടില്ലെങ്കിൽ അവരുടെ പാപം സംബന്ധിച്ചു ബോധവാൻമാരല്ല.
യഹൂദ-ക്രിസ്തീയ മതങ്ങളിൽ പഠിപ്പിക്കുന്നതുപോലെ, അവകാശപ്പെടുത്തിയ പാപം സംബന്ധിച്ച് ആളുകൾക്കു പരമ്പരാഗതമായ ധാരണയില്ലാത്ത പൗരസ്ത്യദേശങ്ങളിൽ ഇതു വിശേഷാൽ സത്യമാണ്. (ഉല്പത്തി 3:1-5, 16-19; റോമർ 5:12) ഉദാഹരണത്തിന്, ഷിന്റോമതക്കാർ, പാപം കടലാസോ ചണമോ അഗ്രത്തിലുള്ള, പുരോഹിതന്റെ അംശവടിയുടെ ഒരു ചുഴററലിനാൽ എളുപ്പത്തിൽ തുടച്ചുനീക്കാവുന്ന അഴുക്കായിരിക്കുന്നതായി വിചാരിക്കുന്നു. ഈ പ്രക്രിയയിൽ, ചെയ്തിട്ടുള്ള കുററം സംബന്ധിച്ച് അനുതാപം ആവശ്യപ്പെടുന്നില്ല. എന്തുകൊണ്ട്? “ദുഷ്ടപ്രവർത്തനങ്ങളെ മാത്രമല്ല അനിയന്ത്രിതമായ പ്രകൃതിവിപത്തുകളെയും ററ്സുമീ [പാപം] എന്നു വിളിച്ചിരിക്കുന്ന”തായി കൊഡോൻഷാ എൻസൈക്ലോപീഡിയ ഓഫ് ജപ്പാൻ വിശദീകരിക്കുന്നു. മനുഷ്യരുടെ ഉത്തരവാദിത്വത്തിൽപ്പെടാത്ത പ്രകൃതിവിപത്തുകളെ, ററ്സുമീയെ, ശുദ്ധീകരണ ചടങ്ങുകൾ ഉൻമൂലനം ചെയ്യുന്ന പാപങ്ങളെന്നു പരിഗണിക്കുന്നു.
ഇത് ഏതു പാപവും, മനഃപൂർവ്വം ചെയ്യുന്ന ദുഷ്ടപ്രവൃത്തികൾപോലും, (നിയമാനുസൃതമായി ശിക്ഷിക്കപ്പെടാവുന്ന കുററങ്ങൾ ഒഴികെ) ശുദ്ധീകരണ ചടങ്ങുകളിലൂടെ മായിച്ചുകളയാമെന്ന ചിന്തയിലേക്കു നയിച്ചു. “ജപ്പാനിലെ രാഷ്ട്രീയശുദ്ധീകരണത്തിന്റെ ചടങ്ങ്” എന്ന തലക്കെട്ടിൻകീഴിൽ ദി ന്യൂയോർക്ക് ടൈംസ് അത്തരമൊരു വീക്ഷണത്തെ പരാമർശിക്കുകയും അപവാദത്തിൽ ഉൾപ്പെട്ടിട്ടുള്ള ജപ്പാനിലെ രാഷ്ട്രീയക്കാരെ സമ്മതിദായകർ വീണ്ടും തെരഞ്ഞെടുക്കുമ്പോൾ തങ്ങൾ “ശുദ്ധിയുള്ളവരാണെന്നു” അവർ പരിഗണിക്കുന്നുവെന്നു വിശദീകരിക്കുകയും ചെയ്തു. അതിനാൽ യഥാർത്ഥത്തിലുള്ള തിരുത്തൽ വരുത്തിയിട്ടില്ല. സമാനമായ അപവാദങ്ങൾ വീണ്ടും ഉണ്ടായേക്കും.
പുനർജ്ജൻമത്തിലും കർമ്മഫലസിദ്ധാന്തത്തിലും വിശ്വസിക്കുന്ന ബുദ്ധമതക്കാർക്കു വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്. “കർമ്മ സിദ്ധാന്തം അനുസരിച്ചു” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദീകരിക്കുന്നു, “നല്ല നടത്ത ഹൃദ്യവും സന്തോഷകരവുമായ ഫലങ്ങൾ കൈവരുത്തുകയും സമാനമായ പ്രവൃത്തികൾ ചെയ്യാനുള്ള ഒരു പ്രവണത ഉളവാക്കുകയും ചെയ്യുമ്പോൾ മോശമായ പ്രവൃത്തികൾ ദുഷ്ഫലം കൈവരുത്തുകയും ആവർത്തിച്ചു ദുഷ്പ്രവൃത്തികൾ ചെയ്യാനുള്ള ഒരു പ്രവണത ഉളവാക്കുകയും ചെയ്യുന്നു.” മററു വാക്കുകളിൽ, പാപപൂർണ്ണമായ നടത്ത മോശമായ ഫലം ഉല്പാദിപ്പിക്കുന്നു. കർമ്മഫലത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ പുനർജ്ജൻമ പഠിപ്പിക്കലിനോടു അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ചില കർമ്മങ്ങൾ, ഏതു ജീവിതത്തിൽ പ്രവൃത്തിചെയ്തുവോ ആ ജീവിതത്തിനുശേഷം അനേകവർഷങ്ങൾ കഴിഞ്ഞുള്ള ഭാവി ജീവിതത്തിൽ ഫലങ്ങൾ ഉളവാക്കുമെന്നു പറയുന്നുണ്ടല്ലോ.
ഈ പഠിപ്പിക്കൽ ഇതിന്റെ വിശ്വാസികളെ എങ്ങനെയാണു ബാധിക്കുന്നത്? കർമ്മഫലത്തിൽ ആത്മാർത്ഥമായി വിശ്വസിച്ച ബുദ്ധമതക്കാരിയായ ഒരു സ്ത്രീ പറഞ്ഞു: “ജൻമനായുള്ളതും എന്നാൽ ഞാൻ അറിയാഞ്ഞതുമായ എന്തിനെങ്കിലുംവേണ്ടി കഷ്ടം അനുഭവിക്കുന്നതിൽ അർത്ഥമില്ലെന്നു ഞാൻ വിചാരിച്ചു. അത് എന്റെ വിധിയായി ഞാൻ സ്വീകരിക്കേണ്ടിയിരുന്നു. മന്ത്രങ്ങൾ ജപിക്കുന്നതും ഒരു നല്ല ജീവിതം നയിക്കാൻ കഠിനമായി ശ്രമിക്കുന്നതും എന്റെ പ്രശ്നങ്ങൾ പരിഹരിച്ചില്ല. ഞാൻ ദുഷ്പ്രകൃതക്കാരിയും അസംതൃപ്തയും എല്ലായ്പോഴും പരാതിപ്പെടുന്നവളും ആയിത്തീർന്നു.” ദുഷ്പെരുമാററത്തിന്റെ ഫലങ്ങളെക്കുറിച്ചുള്ള ബുദ്ധമതപഠിപ്പിക്കൽ അവളിൽ വിലയില്ലായ്മയുടെ ഒരു തോന്നലുളവാക്കി.
മറെറാരു പൗരസ്ത്യമതമായ കൺഫ്യുഷ്യനിസം മനുഷ്യതിൻമയോടു വ്യത്യസ്തമായ ഒരു രീതിയിൽ ഇടപെടാൻ പഠിപ്പിച്ചു. മഹാൻമാരായ മൂന്നു കൺഫ്യുഷ്യൻ തത്ത്വശാസ്ത്രജ്ഞൻമാരിലൊരാളായ ഷുൻഡ്സൂ പറയുന്നതനുസരിച്ചു മനുഷ്യപ്രകൃതി തിൻമയും സ്വാർത്ഥപ്രവണതയുള്ളതാണ്. പാപപ്രവണതകളുള്ള മനുഷ്യരുടെയിടയിൽ സാമൂഹികക്രമം നിലനിർത്താൻ ഔചിത്യത്തെയും മര്യാദയെയും കാര്യങ്ങളുടെ ക്രമത്തെയും അർത്ഥമാക്കുന്ന ലീയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മറെറാരു കൺഫ്യുഷ്യൻ തത്ത്വശാസ്ത്രജ്ഞനായ മെംഗ്-ട്സു മനുഷപ്രകൃതം സംബന്ധിച്ചു വിപരീതമായ ഒരു വീക്ഷണം പ്രകടിപ്പിക്കുന്നെങ്കിലും സാമൂഹിക തിൻമകളുടെ അസ്തിത്വത്തെ തിരിച്ചറിയുകയും മനുഷ്യപ്രകൃതം നല്ലതാണെന്നുള്ള വിശ്വാസത്തോടെ, പരിഹാരത്തിനുവേണ്ടി സ്വയം മെച്ചപ്പെടുന്നതിൽ ആശ്രയിക്കയും ചെയ്തു. ഏതുവിധത്തിലായാലും കൺഫ്യുഷ്യൻ തത്ത്വശാസ്ത്രജ്ഞൻമാർ ലോകത്തിലെ പാപത്തിനെതിരെ പോരാടുന്നതിൽ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പ്രാധാന്യം പഠിപ്പിച്ചു. അവരുടെ പഠിപ്പിക്കൽ ലീയുടെ ആവശ്യം സമ്മതിക്കുന്നുവെങ്കിലും പാപവും ദുഷ്ടതയും സംബന്ധിച്ചുള്ള അവരുടെ ധാരണ വളരെ അവ്യക്തമാണ്.—സങ്കീർത്തനം 14:3; 51:5.
പാശ്ചാത്യലോകത്തു പാപത്തിന്റെ മങ്ങലേററുകൊണ്ടിരിക്കുന്ന സങ്കല്പനം
പാശ്ചാത്യദേശങ്ങളിൽ പാപം സംബന്ധിച്ചുള്ള വീക്ഷണങ്ങൾ പരമ്പരാഗതമായി വ്യക്തമായിരുന്നിട്ടുണ്ട്. പാപം നിലനിൽക്കുന്നുവെന്നും അത് ഉപേക്ഷിക്കേണ്ടതാണെന്നും മിക്കയാളുകളും സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും, പാപത്തോടുള്ള പാശ്ചാത്യമനോഭാവം മാറിക്കൊണ്ടിരിക്കുന്നു. മനഃസാക്ഷിയുടെ ശബ്ദത്തെ ഒഴിവാക്കേണ്ട ഒന്നായ “കുററബോധ”മെന്നു മുദ്രയടിച്ചുകൊണ്ട് അനേകരും പാപം സംബന്ധിച്ച എല്ലാ ബോധത്തെയും തള്ളിക്കളയുന്നു. പീയുസ് XII-ാമൻ പാപ്പാ നാല്പതിലധികം വർഷം മുമ്പ് ഇങ്ങനെ വിലപിച്ചു: “പാപത്തെ സംബന്ധിച്ച എല്ലാ ബോധവും നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് ഈ നൂററാണ്ടിന്റെ പാപം.” കത്തോലിക്കാ വാരികയായ ലാ പേലറനിൽ പ്രസിദ്ധീകരിച്ച ഒരു സർവ്വേ അനുസരിച്ച്, അധികപങ്കും റോമൻ കത്തോലിക്കരാണെന്ന് അവകാശപ്പെടുന്ന ഫ്രാൻസിലെ ജനസംഖ്യയുടെ വിസ്മയാവഹമായ 90 ശതമാനം മേലാൽ പാപത്തിൽ വിശ്വസിക്കുന്നില്ല.
തീർച്ചയായും, കിഴക്കും പടിഞ്ഞാറും, മിക്കവരും ഇപ്പോൾ പാപത്തിന്റെ ഒരു തിരിച്ചറിവിനാൽ അലോസരപ്പെടാതെ സുഖാവഹമായ ആത്മസംതൃപ്തിയോടെ ജീവിക്കുന്നതായി കാണുന്നു. എന്നിരുന്നാലും, പാപം അസ്തിത്വത്തിൽ ഇല്ലായെന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ? നമുക്കു സുരക്ഷിതമായി അതിനെ അവഗണിക്കാൻ കഴിയുമോ? പാപം എന്നെങ്കിലും അപ്രത്യക്ഷമാകുമോ?