മനുഷ്യന്റെ പാപാവസ്ഥക്ക് ഒരു പോംവഴിയുണ്ടോ?
ചിസാക്കോ യുവപ്രായക്കാരായ നാലു മക്കളോടുകൂടെ തന്റെ ഭവനത്തിൽനിന്ന് 600 കിലോമീററർ അകലെയുള്ള ഒരു നഗരത്തിലെ പൊതു കക്കൂസുകൾ ശുചിയാക്കുക പതിവായിരുന്നു. അങ്ങനെ ചെയ്യവേ അവർ ഒരു ബുദ്ധമത സൂക്തം ഉരുവിട്ടിരുന്നു, അതിന്റെ അർത്ഥം അവർക്കു മനസ്സിലായിരുന്നില്ല. അത് സകല മതങ്ങളുടെയും യഥാർത്ഥ കാമ്പിൽ ഉള്ളതെന്തെന്നു കണ്ടെത്താൻ ശ്രമിക്കുന്ന ഒരു മതത്തിന്റെ ആചാരങ്ങളിലൊന്നായിരുന്നു.
“തുടർച്ചയായി ആത്മത്യാഗപരമായ നടപടികൾ സ്വീകരിച്ചിട്ടും എനിക്ക് എന്റെ വ്യക്തിത്വം മാററാൻ കഴിഞ്ഞില്ല. എന്റെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ എനിക്ക് മററുള്ളവരോടു ക്ഷമിക്കാൻ കഴിഞ്ഞിരുന്നില്ല, ഒരു ആത്മാർത്ഥമായ ആന്തരത്തോടെ സ്നേഹിക്കാനും കഴിഞ്ഞിരുന്നില്ല,” ചിസാക്കോ അനുസ്മരിക്കുന്നു.
മിക്കയാളുകൾക്കും ബൈബിളിൽ പഠിപ്പിക്കപ്പെടുന്ന വിധത്തിൽ പാപത്തെ കുറിച്ച് ധാരണയില്ലാത്ത പൗരസ്ത്യരാജ്യങ്ങളിൽപോലും, ചിസാക്കോയെപ്പോലെ അനേകർക്ക് മനഃസാക്ഷിയുടെ ദണ്ഡനമനുഭവപ്പെടുന്നുണ്ട്. (റോമർ 2:14, 15) ദയനീയമായ അവസ്ഥയിലായിരിക്കുന്ന ഒരാളോട് ദയ കാണിക്കാഞ്ഞതുനിമിത്തം അസുഖകരമായ വിചാരങ്ങളാൽ അസ്വസ്ഥത അനുഭവപ്പെടാത്തത്, അല്ലെങ്കിൽ പറയരുതാത്തതു പറഞ്ഞതുനിമിത്തം കുണ്ഠിതം തോന്നാത്തത് ആർക്കാണ്? (യാക്കോബ് 4:17) അസൂയയുടെ ഒരു വികൃതരാക്ഷസൻ ചെറുപ്പക്കാരുടെയും പ്രായമുള്ളവരുടെയും ഉള്ളിൽ പതിയിരിക്കുന്നില്ലേ?
ആളുകൾക്ക് അങ്ങനെയുള്ള അസ്വസ്ഥതോന്നലുകൾ ഉള്ളതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അവർ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അവർക്ക് തെററിന്റെ, പാപത്തിന്റെ, ഒരു ആന്തരിക ബോധമുണ്ട്. തീർച്ചയായും, ആളുകൾക്ക് പാപത്തെക്കുറിച്ചുള്ള ബൈബിളിന്റെ ഉപദേശം അറിയാമെങ്കിലും ഇല്ലെങ്കിലും എല്ലാവരും പാപപ്രവണതകളാൽ ബാധിക്കപ്പെടുന്നുണ്ട്. ഈ വിഷയംസംബന്ധിച്ച് ഒരു വിദഗ്ദ്ധൻ ഒരിക്കൽ ഇങ്ങനെ നിഗമനംചെയ്തു: “എല്ലാവരും പാപംചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”—റോമർ 3:23.
പാപത്തെ തുടച്ചുനീക്കാൻ കഴിയുമോ?
ഇന്ന്, വിശേഷിച്ച് ക്രൈസ്തവലോകത്തിൽ, അനേകമാളുകൾ തങ്ങളുടെ മനഃസാക്ഷികളിൽനിന്ന് പാപത്തിന്റെയും കുററത്തിന്റെയും വിചാരങ്ങളെ മായിച്ചുകളയാൻ തിരക്കിട്ടുശ്രമിക്കുകയാണ്. പാപത്തിന് എന്തുതന്നെ സംഭവിച്ചു? (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. കാൾ മെനിഞ്ചർ “‘പാപം’ എന്ന പദംതന്നെ മിക്കവാറും അപ്രത്യക്ഷപ്പെട്ടിരിക്കുന്നു” എന്നു പ്രസ്താവിച്ചു. എന്നിരുന്നാലും, “പാപം” എന്ന പദത്തിന്റെ ഒഴിവാക്കൽ പ്രായമുള്ള ഒരാൾ “വയസ്സൻ” എന്ന പദം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതിലധികം സഹായകമായിരിക്കുന്നില്ല. നമുക്ക് പാപപ്രവണതകൾ ഉണ്ടെന്നുള്ള വസ്തുതയെ നാം അഭിമുഖീകരിക്കണം, ആ ദാരുണാവസ്ഥയിൽനിന്ന് വിടുവിക്കപ്പെടേണ്ട ആവശ്യവുമുണ്ട്. എന്നാൽ ആരാൽ?
ക്രിസ്തീയ അപ്പോസ്തലനായ പൗലോസ്, ആഗ്രഹം മറിച്ചായിരുന്നിട്ടും പാപംചെയ്യാനുള്ള തന്റെ സ്വന്തം പ്രവണത സമ്മതിച്ച ശേഷം ആ ചോദ്യം ചോദിച്ചു: “അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” അനന്തരം പൗലോസ് ആ ചോദ്യത്തിന് ഉത്തരം പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവം യേശുവിന്റെ മറുവിലയാഗം മുഖാന്തരം പാപമോചനത്തിന് ക്രമീകരണംചെയ്തിരുന്നു.—റോമർ 7:14-25.
എന്നിരുന്നാലും, ലോകത്തിലെ 350,00,00,000 (ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ ഇരട്ടി) അക്രൈസ്തവരിൽ അനേകരും മറുവിലയുടെ ആശയം മനസ്സിലാക്കുക വളരെ പ്രയാസമാണെന്ന് കണ്ടെത്തുന്നു. ദൃഷ്ടാന്തത്തിന്, കുറേകാലം ബൈബിൾ പഠിച്ച, ജപ്പാനിൽ താമസിക്കുന്ന ഒരു മുസ്ലീമിന് മറുവിലയുടെ ഉപദേശം ഏററവും വലിയ വിലങ്ങുതടിയായിത്തീർന്നു. അനേകം പൗരസ്ത്യർക്ക് ഒരു മനുഷ്യന് എല്ലാവർക്കും വേണ്ടി മരിക്കാൻ കഴിയുമെന്നുള്ള ആശയം അസാധാരണമാണ്.
ക്രൈസ്തവലോകത്തിൽപെട്ട ചിലർപോലും ഈ അടിസ്ഥാന ഉപദേശം ഗ്രഹിക്കുക പ്രയാസമാണെന്നു കണ്ടെത്തുന്നതുകൊണ്ട് ഇതു മനസ്സിലാക്കാവുന്നതാണ്. “വീണ്ടെടുപ്പിന്റെ ദൈവശാസ്ത്രം ചില ഭാഗത്ത് വിജയപ്രദമായിട്ടില്ല, ദൈവശാസ്ത്രത്തിൽ ഒരു പ്രശ്നമായിരിക്കുന്നതിൽ തുടരുകയും ചെയ്യുന്നു” എന്ന് ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ സമ്മതിച്ചു.
ഈ ഉപദേശം സംബന്ധിച്ച കുഴച്ചിലിന്റെ വ്യാപ്തി എൻ. എച്ച് ബാർബർ എന്ന മതാത്മക എഴുത്തുകാരന്റെ വാക്കുകളിൽ നന്നായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു: “ക്രിസ്തുവിന്റെ മരണം, ഒരു ഈച്ചയുടെ ഉടലിലൂടെ ഒരു സൂചി കടത്തി അതിനു കഷ്ടപ്പാടും മരണവും വരുത്തുന്നത് തന്റെ പുത്രന്റെ ദുഷ്പ്രവൃത്തിക്കുള്ള ന്യായമായ പരിഹാരമാകുമെന്ന് ഒരു ഭൗമിക പിതാവ് കരുതുന്നതിനേക്കാളധികമായി മമനുഷ്യന്റെ പാപങ്ങൾക്കുള്ള ശിക്ഷക്കു പരിഹാരമായിരിക്കുന്നില്ല.” അന്ന് ബാർബറിനോടു ബന്ധപ്പെട്ടിരുന്ന ചാൾസ് ററി. റസ്സൽ മറുവിലയുടെ ഉപദേശത്തിനനുകൂലമായി പ്രതിവാദം നടത്തേണ്ടതിന്റെ അടിയന്തിരാവശ്യം കണ്ടു. അദ്ദേഹം ബാർബറിനോടുള്ള സഹവാസം നിർത്തുകയും 1879-ൽ ഒരു പുതിയ മാസിക പ്രസിദ്ധപ്പെടുത്താൻ തുടങ്ങുകയും ചെയ്തു, പിന്നീട് അത് നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന മാസികയായിത്തീർന്നു. വീക്ഷാഗോപുരം അതിന്റെ ആരംഭംമുതൽ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ ഒരു വക്താവായിരുന്നിട്ടുണ്ട്.
എന്നാൽ ഒരു “ക്രിസ്തീയ” പശ്ചാത്തലമില്ലാത്തവർക്ക് ഈ ഉപദേശം എന്നെങ്കിലും സ്വീകാര്യമായിരിക്കാൻ കഴിയുമോ? കണ്ടുപിടിക്കുന്നതിന്, ഒരു മനുഷ്യൻ എല്ലാവർക്കുംവേണ്ടി മരിക്കുന്നുവെന്ന ഈ ഉപദേശത്തെ നമുക്കു കുറേക്കൂടെ അടുത്തു വീക്ഷിക്കാം.