പുനരുത്ഥാനം—ആർക്ക്, എപ്പോൾ?
ബഥനിയിൽവെച്ച് ക്രി.വ. 32ൽ ആണ് അതു സംഭവിച്ചത്. അവിടെയാണ് ലാസർ തന്റെ രണ്ടു സഹോദരിമാരായ മാർത്തയോടും മറിയയോടുംകൂടെ പാർത്തിരുന്നത്. ആ സഹോദരിമാർ ലാസറിന് സുഖമില്ലെന്ന് യേശുവിന് സന്ദേശമയച്ചിരുന്നു. യേശുവിന് ലാസറിനോടും അവന്റെ സഹോദരിമാരോടും സ്നേഹമുണ്ടായിരുന്നു. അതുകൊണ്ട് അവൻ ബഥനിയിലേക്കു തിരിച്ചു. വഴിയിൽവെച്ച് യേശു തന്റെ ശിഷ്യൻമാരോട് ഇങ്ങനെ അറിയിച്ചു: “നമ്മുടെ സ്നേഹിതനായ ലാസർ വിശ്രമിക്കുകയാണ്, എന്നാൽ അവനെ ഉറക്കത്തിൽനിന്ന് ഉണർത്താൻ ഞാൻ അങ്ങോട്ടു യാത്രചെയ്യുകയാണ്.” യേശു അക്ഷരീയ ഉറക്കത്തെയാണ് ഉദ്ദേശിച്ചത് എന്ന് ശിഷ്യൻമാർ വിചാരിച്ചു. അതുകൊണ്ട് യേശു വ്യക്തമായി “ലാസർ മരിച്ചുപോയി” എന്നു പ്രസ്താവിച്ചു.—യോഹന്നാൻ 11:1-15.
സന്ദർശകർ ലാസർ മരിച്ചിട്ടു നാലു ദിവസം കഴിഞ്ഞാണ് എത്തിയത്. മറിയയും മററുള്ളവരും കരയുന്നത് യേശു കണ്ടപ്പോൾ അവൻ “കണ്ണുനീർ പൊഴിച്ചു”കൊണ്ട് തന്റെ അഗാധമായ സ്നേഹവും സഹതാപവും പ്രകടമാക്കി. (യോഹന്നാൻ 11:17, 35) ലാസറിന്റെ മൃതദേഹം ഒരു ഗുഹാകല്ലറയിൽ വെച്ചിരിക്കുകയായിരുന്നു. കല്ലറയുടെ വാതിൽ അടച്ചിരുന്ന കല്ല് നീക്കാൻ യേശു നിർദ്ദേശിച്ചു. അവൻ തന്റെ പിതാവിനോട് പ്രാർത്ഥിക്കുകയും ഉച്ചത്തിൽ “ലാസറേ, പുറത്തുവരിക!” എന്ന് വിളിച്ചുപറയുകയും ചെയ്തു. ലാസർ പുറത്തുവന്നു. ഇത് അവന്റെ സഹോദരിമാർക്ക് എന്തു സന്തോഷം കൈവരുത്തിയിരിക്കണം!—യോഹന്നാൻ 11:38-45.
ഈ സംഭവം പുനരുത്ഥാനത്തിന്റെ യഥാർത്ഥ പ്രത്യാശ പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, പൊതുവേ, യേശു സത്വരം പുനരുത്ഥാനപ്പെടുത്താനുള്ള പ്രത്യാശയില്ലാതെ നമ്മുടെ പ്രിയപ്പെട്ടവരെ തട്ടിയെടുക്കുന്ന ഒരു ഭയങ്കരശത്രുവാണ് മരണം. നമുക്കു നന്നായി അറിയാവുന്നതുപോലെ, ഈ പ്രിയപ്പെട്ടവരിൽ അനേകരും നല്ലവരും വളരെ ദയാലുക്കളുമാണ്. അതുകൊണ്ട് ഒരു പ്രകടമായ ചോദ്യം ഉദിക്കുന്നു . . .
ആളുകൾ മരിക്കേണ്ടതെന്തുകൊണ്ട്?
സൂക്ഷ്മവും വിശ്വസനീയവുമായ ഒരു ഉത്തരം നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം ഏദൻതോട്ടത്തിലെ മനുഷ്യവർഗ്ഗത്തിന്റെ തുടക്കത്തിലേക്കു പിന്തിരിഞ്ഞുനോക്കേണ്ടതുണ്ട്. ആദാമിന്റെ അനുസരണത്തെ പരീക്ഷിച്ചുകൊണ്ട്, അവിടെ ഒരു പ്രത്യേകവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്ന് ദൈവം അവനോടു കല്പിച്ചു. അവനും ഹവ്വായും ആ ഫലം തിന്നുകയാണെങ്കിൽ, അവർ “തീർച്ചയായും മരിക്കും” എന്ന് ദൈവം പറഞ്ഞു. (ഉല്പത്തി 2:17) സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ, അവർ ദൈവത്തോടു അനുസരണക്കേടു കാണിക്കുകയും ആ നിർണ്ണായകപരിശോധനയിൽ പരാജയപ്പെടുകയും ചെയ്തു. ഫലം മരണമായിരുന്നു.
ചെറുതെന്നു തോന്നുന്ന ഒരു കുററകൃത്യത്തിന് ഇങ്ങനെയുള്ള ഒരു ശിക്ഷയെന്തുകൊണ്ട്? അവരുടെ പ്രവർത്തനം ചെറുതായിരുന്നു, എന്നാൽ കുററകൃത്യം മാരകമായി ഗുരുതരമായിരുന്നു—പൂർണ്ണമനുഷ്യരായിരുന്ന ആദാമിന്റെയും ഹവ്വായുടെയും സ്രഷ്ടാവിനോടുള്ള അവരുടെ മത്സരം. അവർ മേലാൽ പൂർണ്ണരായിരുന്നില്ല. ദൈവം മരണശിക്ഷക്കു വിധിച്ചു. എന്നിരുന്നാലും, ആദാമിന്റെ സന്തതികൾക്കുവേണ്ടി ആ നീതിയുള്ള വിധിയിൽ മാററംവരുത്താൻ ദൈവം ക്രമീകരണംചെയ്തിട്ടുണ്ട്. എങ്ങനെ? “ക്രിസ്തുയേശു . . . എല്ലാവർക്കും വേണ്ടി ഒരു അനരൂപമറുവിലയായി തന്നെത്താൻ കൊടുത്തു”വെന്ന് പൗലോസ് എഴുതി.—1 തിമൊഥെയോസ് 2:5, 6; റോമർ 5:17.
മരിച്ചവരുടെ അവസ്ഥയെന്താണ്?
ലാസർ നാലു ദിവസമായി മരിച്ചവനായിരുന്നു. നിങ്ങൾ മരിച്ചിട്ട് നാലു ദിവസം ഒരു ആത്മമണ്ഡലത്തിൽ യഥാർത്ഥമായി ജീവിക്കുകയായിരുന്നെങ്കിൽ പിന്നീട് ഉയർപ്പിക്കപ്പെട്ടാൽ നിങ്ങൾ അതിനെക്കുറിച്ച് മററുള്ളവരോടു പറയാൻ ആഗ്രഹിക്കുകയില്ലേ? എന്നാൽ മറെറാരു മണ്ഡലത്തിൽ ജീവിച്ചിരുന്നതായി ലാസർ യാതൊന്നും പറഞ്ഞില്ല. “മരിച്ചവരെസംബന്ധിച്ചാണെങ്കിൽ, അവർക്കു യാതൊന്നിനെക്കുറിച്ചും ബോധമില്ല” എന്നു ബൈബിൾ പറയുന്നു.—സഭാപ്രസംഗി 9:5; സങ്കീർത്തനം 146:3, 4.
അതിന്റെ അർത്ഥസൂചനകൾ പരിചിന്തിക്കുക. ദശലക്ഷക്കണക്കിനാളുകൾ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിക്കുന്നു, ആ വാക്ക് ബൈബിളിൽ കാണപ്പെടുന്നില്ലെങ്കിലും. ഒരു അഗ്നിനരകമുണ്ടെന്ന് അനേകർകൂടെ വിശ്വസിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഒരു ശത്രുവിനെപ്പോലും നിത്യമായി തീയിൽ പൊള്ളിക്കുകയില്ല. നിങ്ങൾ അത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ വിസമ്മതിക്കുമെങ്കിൽ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് വ്യക്തികളെ ഒരു അഗ്നിനരകത്തിൽ കഷ്ടപ്പെടുത്തിക്കൊണ്ട് അങ്ങനെ ചെയ്യുമോ? എന്നാൽ ദയവായി മേൽപ്രസ്താവിച്ച ബൈബിളിലെ ആശ്വാസകരമായ ഉറപ്പ്—മരിച്ചവർക്ക് “യാതൊന്നിനെക്കുറിച്ചും ബോധമില്ല” എന്നത്—പരിചിന്തിക്കുക.
തിരുവെഴുത്തുകളനുസരിച്ച് ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ വാഴാനുള്ളവരുടെ സംഖ്യ താരതമ്യേന ചെറുതാണ്. യേശു അവരെ ഒരു “ചെറിയ ആട്ടിൻകൂട്ടം” എന്നു വർണ്ണിച്ചു. (ലൂക്കോസ് 12:32) “സീയോൻ മലയിൽ കുഞ്ഞാടും [യേശുക്രിസ്തു] . . . അവനോടുകൂടെ ഭൂമിയിൽനിന്നു വിലക്കുവാങ്ങപ്പെട്ടിരിക്കുന്ന നൂററിനാൽപത്തിനാലായിരം പേരും നിൽക്കുന്നത്” അപ്പോസ്തലനായ യോഹന്നാൻ കണ്ടു. (വെളിപ്പാട് 14:1-3) അപ്പോൾ, ഇതിന്റെ അർത്ഥം അങ്ങനെയുള്ളവർ മനുഷ്യരായിരുന്നുവെന്നും അവർ മരിച്ചിട്ട് സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ജീവിക്കാൻ പിന്നീട് ഉയർപ്പിക്കപ്പെട്ടവരായിരുന്നുവെന്നുമാണ്.
നിങ്ങൾക്ക് ഊഹിക്കാൻകഴിയുന്നതുപോലെ, ശുദ്ധീകരണസ്ഥലമില്ല, തീയെരിയുന്ന ഒരു നരകവുമില്ല, മരിച്ചവർക്ക് സ്വർഗ്ഗത്തിലേക്ക് ഉയർപ്പിക്കപ്പെടാൻ കഴിയുമെന്നുള്ള പ്രത്യാശയുണ്ട്, എന്നിങ്ങനെയുള്ള ബൈബിൾസത്യങ്ങൾ ഗ്രഹിച്ചതിനാൽ ആളുകൾ സഹായിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, സ്വർഗ്ഗത്തിലേക്ക് ഉയർപ്പിക്കപ്പെടുന്നവർ ഇത്ര ചുരുക്കമാണെങ്കിൽ, മററുള്ളവർക്ക് എന്തു പ്രത്യാശയാണുള്ളത്?
ഭൗമികപുനരുത്ഥാനം
സ്വർഗ്ഗത്തിലേക്ക് പുനരുത്ഥാനംപ്രാപിക്കുന്നതിനുള്ള വഴി തുറന്നത് അഥവാ ഉത്ഘാടനംചെയ്തത് യേശുക്രിസ്തു ആയിരുന്നു. (എബ്രായർ 9:24; 10:19, 20) തത്ഫലമായി, യേശു മരിക്കുകയും സ്വർഗ്ഗീയജീവനിലേക്കുള്ള വഴിതുറക്കുകയും ചെയ്തതിനുമുമ്പ് യോഹന്നാൻ സ്നാപകൻ കൊലചെയ്യപ്പെട്ടതുകൊണ്ട് അവൻ സ്വർഗ്ഗീയപുനരുത്ഥാനത്തിൽ പങ്കെടുക്കുകയില്ല. യേശു ഇങ്ങനെ പറഞ്ഞു: “യോഹന്നാൻ സ്നാപകനെക്കാൾ വലിയ ഒരുവൻ എഴുന്നേൽപ്പിക്കപ്പെട്ടിട്ടില്ല; എന്നാൽ സ്വർഗ്ഗരാജ്യത്തിൽ ചെറിയവനായ ഒരാൾ അവനെക്കാൾ വലിയവനാണ്.” (മത്തായി 11:11) ഈ വിശ്വസ്തമനുഷ്യനും അവനെപ്പോലെ മരിച്ചുപോയിരിക്കുന്ന മററുള്ളവർക്കും എന്തു പ്രതിഫലമാണ് ദൈവം വെച്ചുനീട്ടുന്നത്?
നിങ്ങളുടെ ബൈബിൾ ലൂക്കോസ് 23-ാം അദ്ധ്യായത്തിലേക്കു മറിച്ച് 39ഉം 43ഉം വാക്യങ്ങൾ വായിക്കുക. യേശുവിന്റെ വശത്ത് സ്തംഭത്തിൽ തൂക്കിക്കൊല്ലപ്പെട്ട ദുഷ്പ്രവൃത്തിക്കാരിലൊരാൾ ഇങ്ങനെ പറഞ്ഞു: “യേശുവേ, നീ നിന്റെ രാജ്യത്തിലേക്കു വരുമ്പോൾ എന്നെ ഓർക്കേണമേ.” അവൻ പറുദീസയിലുണ്ടായിരിക്കുമെന്ന് യേശു അവന് ഉറപ്പുകൊടുത്തു. അതു സ്വർഗ്ഗമല്ല, പിന്നെയോ അത് ഒന്നാമത്തെ പറുദീസാ ആയിരുന്നതുപോലെ, ഒരു ഭൗമികപറുദീസായാണ്.
പുനരുത്ഥാനം—ആശ്വാസത്തിന്റെ ഒരു ഉറവ്
സാധുതയുള്ള ആ ബൈബിൾ പ്രത്യാശ വളരെ ആശ്വാസജനകമായിരിക്കണം, നമുക്ക് അതു പ്രതീക്ഷിക്കാൻ കാരണവുമുണ്ടല്ലോ. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവ സ്നേഹമാകുന്നു. (1 യോഹന്നാൻ 4:8) ലജ്ജാകരമായ ഒരു മരണത്തിനു വിധേയനാകാൻ അവൻ തന്റെ പുത്രനെ അനുവദിച്ചപ്പോൾ ദൈവം യഥാർത്ഥത്തിൽ സ്നേഹമെന്ന തന്റെ അത്ഭുതഗുണം പ്രകടമാക്കുകയായിരുന്നു. കുറേകാലം മുമ്പ് യേശു ഇങ്ങനെ പറഞ്ഞിരുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തക്കവണ്ണം ദൈവം [മനുഷ്യവർഗ്ഗ] ലോകത്തെ അത്രയധികം സ്നേഹിച്ചു.”—യോഹന്നാൻ 3:16.
വിശ്വസിക്കുന്ന മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ജീവനെ ഒരു മറുവിലയായി കൊടുത്തതിൽ യേശുവും അസാധാരണ സ്നേഹം പ്രകടമാക്കി. അവൻതന്നെ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടുന്നതിനല്ല, ശുശ്രൂഷിക്കുന്നതിനും അനേകർക്കു പകരമായി തന്റെ ദേഹിയെ ഒരു മറുവിലയായി കൊടുക്കുന്നതിനുമാണ്.”—മത്തായി 20:28.
ഒരു ഭയങ്കരമായ അപകടത്തിൽ തന്റെ പല പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട, ആദ്യലേഖനത്തിൽ പറഞ്ഞ കാരലൻ പിന്നീട് മരവിച്ചുപോയിരുന്നു. എന്നാൽ മരിച്ച പ്രിയപ്പെട്ടവർ ദുരിതമനുഭവിക്കുകയല്ലെന്ന് അറിഞ്ഞതിനാൽ അവൾ ആശ്വസിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തെ നേരിടാൻ കൂടുതലായി അവളെ എന്തു സഹായിച്ചു? അവളുടെ ആത്മീയ സഹോദരങ്ങളായിരുന്ന യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയ സ്നേഹവും യഥാർത്ഥ അനുശോചനവും വളരെ സഹായകമെന്നു തെളിഞ്ഞു.—സങ്കീർത്തനം 34:18.
യഹോവയോടുള്ള പ്രാർത്ഥനയും വളരെയധികം സഹായിച്ചു. അനേകം രാത്രികളിൽ അവൾ എഴുന്നേററ് ഇതെല്ലാം ഒരു ദുസ്വപ്നമാണെന്ന് വിചാരിക്കുമായിരുന്നു, എന്നാൽ യാഥാർത്ഥ്യം അവളെ പ്രഹരിക്കുമായിരുന്നു. യഹോവയോടുള്ള പ്രാർത്ഥന അവളെ പ്രശാന്തയാക്കുമായിരുന്നു, അവൾ പൗലോസ് പറഞ്ഞതിനെ കുറേക്കൂടെ ആഴമായി വിലമതിച്ചു: “യാതൊന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടരുത്, എന്നാൽ എല്ലാററിലും നന്ദിപ്രകടനത്തോടൊപ്പം പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക; സകല ചിന്തയെക്കാളും മികച്ച ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മാനസികശക്തികളെയും ക്രിസ്തുയേശു മുഖേന കാക്കും.”—ഫിലിപ്പിയർ 4:6, 7.
പുനരുത്ഥാനപ്രത്യാശ എത്ര ആശ്വാസപ്രദമാണെന്നുള്ളതിന് ഷേർലി മറെറാരു ദുഷ്ടാന്തം പ്രദാനംചെയ്യുന്നു. അവളുടെ ഇളയ പുത്രനായ റിക്കാർഡോ തന്റെ നെഞ്ചിൽ ഭാരമുള്ള ഒരു സിമൻറ് സ്ലാബ് വീണ് ഹൃദയം പൊട്ടി തത്ക്ഷണം മരിച്ചു. 1986 ജനുവരിയിലെ ഈ ദുരന്തത്തിനുശേഷം “അത് ഒരു പേടിസ്വപ്നം പോലെയായിരുന്നു” എന്ന് ഷേർലി സുഹൃത്തുക്കളോടു പറഞ്ഞു. “ദൈവം ജീവനുള്ളവരെയും മരിച്ചവരെയും ന്യായംവിധിക്കു”മെന്നുള്ള വാക്കുകൾ അവൾ കത്തോലിക്കാസഭയിൽവെച്ച് കേട്ടിട്ടുണ്ടായിരുന്നു. ‘ദൈവം ജീവനുള്ളവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ പോകുകയാണെങ്കിൽ, അപ്പോൾ മരണശേഷം ആളുകൾ എവിടെ പോകുന്നുവെന്ന് ഒരുവന് എങ്ങനെ അറിയാൻ കഴിയും? അവർ സ്വർഗ്ഗത്തിലാണെങ്കിൽ പിന്നീട് ന്യായംവിധിക്കാൻ അവരെ പുനരുത്ഥാനപ്പെടുത്തുന്നതെന്തിന്? കൂടാതെ, അവർ സ്വർഗ്ഗത്തിൽ ജീവനോടിരിക്കുന്നുവെങ്കിൽ അവരെ എങ്ങനെ പുനരുത്ഥാനപ്പെടത്തുൻ കഴിയും?’ എന്നിങ്ങനെ ഷേർലി ചിന്തിച്ചുതുടങ്ങി. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചല്ലാതെ ജീവനുള്ളവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല.
ഷെർലിയുടെ ഭർത്താവിന് ബൈബിൾ പരിചിതമായിരുന്നതിനാൽ ഈ പ്രശ്നത്തെക്കുറിച്ച് അവൾ ഭർത്താവിനോടു ചോദിച്ചു. ഈ വിഷയം സംബന്ധിച്ചു ബൈബിൾ പറയുന്നതു കുറെയൊക്കെ മനസ്സിലാക്കിയതിൽപിന്നെ ഷേർലി ഒരിക്കലും പള്ളിയിൽ പോയിട്ടില്ല. യഹോവയുടെ സാക്ഷികളിലൊരാളായ അവളുടെ ബന്ധു 1986 മാർച്ചിൽ ഷേർലിയും അവളുടെ ഭർത്താവുമായി ബൈബിൾ അദ്ധ്യയനം നടത്തിത്തുടങ്ങി. അധികം താമസിയാതെ അവർ സ്നാപനമേററു. അവൾ ഇപ്പോൾ ഇങ്ങനെ നിഗമനംചെയ്യുന്നു: “സത്യം അറിയുന്നത്, പുനരുത്ഥാനത്തെക്കുറിച്ച് അറിയുന്നത്, യഹോവ എത്ര അത്ഭുതവാനായ വ്യക്തിയാണെന്ന് അറിയുന്നത്, വളരെ അതിശയകരമാണ്.”
പുനരുത്ഥാനം—എപ്പോൾ?
ദർശനത്തിൽ, “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നുമായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം സിംഹാസനത്തിനു മുമ്പാകെയും കുഞ്ഞാടിനുമുമ്പാകെയും നിൽക്കുന്നത്” അപ്പോസ്തലനായ യോഹന്നാൻ കാണുകയുണ്ടായി. (വെളിപ്പാട് 7:9) ആ മഹാപുരുഷാരം ‘ദൈവസിംഹാസനത്തിനു മുമ്പാകെ നിൽക്കുന്നത്’ അവർ ഭൂമിയിൽ ജീവിക്കാനുള്ളവരാണെന്നുള്ള വസ്തുതയോടു ചേർച്ചയിലാണ്. (യെശയ്യാവ് 66:1) അവരിൽ ചിലർ ഇപ്പോൾ മരിക്കുന്നുവെങ്കിൽ അവർ എപ്പോൾ പുനരുത്ഥാനം പ്രാപിക്കും? ബൈബിൾ ഒരു തീയതി നൽകുന്നില്ല. എന്നാൽ അത് ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങൾക്കനുസൃതമായി ജീവിക്കാൻ മനസ്സില്ലാത്ത എല്ലാവരെയും അവൻ ഭൂമിയിൽനിന്നു നീക്കംചെയ്യുന്ന അടുത്തുവരുന്ന യുദ്ധത്തിനു ശേഷമായിരിക്കും. (2 തെസ്സലോനീക്യർ 1:6-9) അത് ന്യായവിധി ദിവസത്തിനും ഒരു ഭൗമികപുനരുത്ഥാനത്തിനു യോഗ്യരെന്നു ദൈവം വീക്ഷിക്കുന്ന എല്ലാവരുടെയും പുനരുത്ഥാനത്തിനും വഴിതുറക്കും. (യോഹന്നാൻ 5:28, 29; പ്രവൃത്തി 24:15) ബൈബിൾപ്രവചനത്തിന്റെ നിവൃത്തി ഈ ആവേശകരവും അത്ഭുതകരവുമായ വികാസങ്ങൾ താമസിയാതെ ഉണ്ടാകുമെന്ന് തെളിയിക്കുന്നു!—വെളിപ്പാട് 16:14-16.
യേശുവിന്റെ ശിഷ്യൻമാർ ഒരിക്കൽ അവനോട് “നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളമെന്തായിരിക്കും?” എന്നു ചോദിച്ചു. മറുപടിയായി യേശു യുദ്ധങ്ങളെയും ഭക്ഷ്യക്ഷാമങ്ങളെയും പകർച്ചവ്യാധികളെയും രാജ്യസുവാർത്തയുടെ ഭൂവ്യാപകമായ പ്രസംഗത്തെയും കുറിച്ചു പറഞ്ഞു.—മത്തായി 24:3-14; ലൂക്കോസ് 21:7-11.
ഈ ശ്രദ്ധേയമായ പ്രവചനം 1914 മുതൽ നിവൃത്തിയായിക്കൊണ്ടിരിക്കുകയാണ്, അന്ന് ഒന്നാം ലോകമഹായുദ്ധം തുടങ്ങി. അത് ദശലക്ഷങ്ങളെ കൊല്ലുകയും അനേകം രാജ്യങ്ങളിൽ ക്ഷാമവും ഭക്ഷ്യദൗർലഭ്യവും വരുത്തിക്കൂട്ടുകയുംചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുശേഷവും ലോകാവസ്ഥ വളരെയധികം മോശമായിരുന്നു.
പകർച്ചവ്യാധിയെസംബന്ധിച്ച് അനേകർ വിചാരിക്കുന്നത് ഏററവും കടുത്ത ദൃഷ്ടാന്തം എയ്ഡ്സ് ആണെന്നാണ്. “ഈ പകർച്ചവ്യാധി വളരെ വിപുലവ്യാപകവും മാരകവുമായതുകൊണ്ട് വിദഗ്ദ്ധൻമാർ അതിനെ പതിനാലാം നൂററാണ്ടിൽ യൂറോപ്പിലെ ജനസംഖ്യയുടെ നാലിലൊന്നിനെ കൊന്നൊടുക്കിയ ബ്ലാക്ക് ഡെത്ത് എന്നു വിളിക്കപ്പെട്ട പ്ലേഗിനോടാണ് ഉപമിക്കുന്നത്.”—റീഡേഴസ ഡയജസററ, ജൂൺ 1987.
അങ്ങനെയുള്ള ഇപ്പോഴത്തെ ഘോരസംഭവങ്ങളുടെ വീക്ഷണത്തിൽ, പുനരുത്ഥാനം എത്ര അത്ഭുതകരമായ സംഭവമായിരിക്കും! കാരലന്റെയും ഷേർലിയുടെയും കുടംബങ്ങളെപ്പോലെ മരണത്താൽ തകർന്നുപോയ കുടുംബങ്ങളുടെ പുനഃസമാഗമം അടക്കാനാവാത്ത സന്തോഷത്തിന്റെ ഒരു സമയമായിരിക്കും! വ്യക്തമായും, നമ്മിൽ ഓരോരുത്തർക്കും ബുദ്ധിപൂർവകമായ ഗതി നമ്മുടെ ജീവിതത്തെ ദൈവേഷ്ടത്തിന് അനുയോജ്യമായി ക്രമീകരിക്കുന്നതും അങ്ങനെ പുനരുത്ഥാനം നടക്കുമ്പോൾ ഹാജരുണ്ടായിരിക്കാൻ യോഗ്യത നേടുന്നതുമാണ്. (w89 10⁄15)
[7-ാം പേജിലെ ചിത്രം]
ഒരു വൃക്ഷം വെട്ടിയിട്ടാലും വീണ്ടും പൊട്ടി കിളിർക്കുന്നതുപോലെ തന്റെ ഓർമ്മയിലുള്ളവരെ മരിച്ചവരിൽനിന്ന് ഉയർപ്പിക്കാൻ ദൈവത്തിനു കഴിയും.—ഇയ്യോബ് 14:7-9, 14, 15